Saturday, April 16, 2011

ഗുഗിള്‍ ഡോക്‌സ് ഇനി വിരല്‍തുമ്പില്‍


ആപ്പിള്‍ ഐപാഡിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വേറുകളുപയോഗിക്കുന്ന ഫോണുകളിലേക്കും ടാബ് ലറ്റ് പി സി കളിലേക്കും ഗൂഗിള്‍ ഡോക്‌സ് എത്തുന്നു. ആപ്പിളിന്റെ ലോകത്തേക്ക് ഇന്റര്‍നെറ്റുവഴിയുള്ള ഗൂഗിളിന്റെ യാത്രയെന്നു മാത്രം വിശേഷിപ്പിച്ചാല്‍ അല്പം കുറഞ്ഞുപോകും. ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ ഡോക്‌സിന്റെ പുതിയ പതിപ്പ് നെറ്റിലെത്തുമെന്നാണ് ഗൂഗിള്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റ് ഡേവ് ഗിര്‍വോഡ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന്ത്. യൂറോപ്പില്‍ ഈയിടെ നടന്ന ക്ലൗഡ് കംപ്യൂട്ടിഗ് ഇവന്റില്‍ ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ പതിപ്പ് രംഗത്തെത്തുന്നതോടെ വേഡിലും സ്‌പ്രെഡ്ഷീറ്റിലുമൊക്കെ തയ്യാറാക്കുന്ന ഡോക്യുമെന്റുകള്‍ പാംടോപ്പ് ഗാഡ്ജറ്റുകളില്‍ തയ്യാറാക്കാമെന്നതുകൊണ്ടുതന്നെ ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നതാവും.
  മൈക്രോസോഫ്റ്റ് തുടങ്ങിവെച്ച ഓഫീസ് സംസ്‌കാരത്തെ നെറ്റിലേക്ക് പറിച്ചു നടുകയും ഏറെക്കുറേ പൊതു സ്വത്താക്കുകയും ചെയ്ത ഗൂഗിളിന്റെ പുതിയ കാല്‍വെയ്പിന് പലകാരണങ്ങള്‍ കൊണ്ടും പ്രാധാന്യമുണ്ട്.  ഐപാഡ് ഉപയോക്താക്കള്‍ ഏറെ നാള്‍ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇതെങ്കില്‍ ആപ്പിളിന് പുതുതായി രംഗത്തുവന്ന സാംസങ് ഗ്യാലക്‌സിയെ ചെറുക്കാനുള്ള മുഖ്യ ആയുധമാണിത്. ആപ്പിളില്‍ ഗൂഗിളിന് അല്പം മേധാവിത്വം കിട്ടുമെന്നതും ഒപ്പം തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന് കൂടുതല്‍ മൈലേജും ലഭിക്കും.
    തീര്‍ന്നില്ല കൈവെള്ളയിലൊതുങ്ങുന്ന സുപ്രധാന ബ്രാന്റുകളിലേക്ക് ഡോക്‌സ് എത്തുന്നതോടെ .doc, .rtf തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ കൂടുതല്‍ ജനകീയമാകുകയും ചെയ്യും. ഒരിക്കല്‍ ആഗോളഭീമന്റെ കുത്തകസ്വത്തായിരുന്നവക്ക് കിട്ടിയ തീര്‍ത്തും ജനാധിപത്യപരമായ അംഗീകാരം.

ഇനി വെബ്‌സൈറ്റുകളും സംഗീതം



രക്തത്തില്‍ സംഗീതമില്ലാത്തവരും ചില സന്ദര്‍ഭങ്ങളെ മെലോഡിയസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഇഷ്ടപ്പെട്ടവ എന്തായാലും സംഗീതമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടാകും. എന്തും സംഗീതമായി കേള്‍ക്കുക എന്നത് അല്പം വഴിവിട്ട ചിന്തയാണെങ്കിലും സൈബര്‍ ലോകത്ത് അതിനുമുണ്ട് ഉത്തരം. ഓരോ വെബ്‌സൈറ്റിനേയും സംഗീതമാക്കി മാറ്റുന്ന വളരെ ലളിതമായ മറ്റൊരു വെബ്‌സൈറ്റ്.

  കോഡ്ഓര്‍ഗണ്‍ (www.codeorgan.com)) എന്ന ഈ വെബ്‌സൈറ്റില്‍ നമുക്ക് ഇഷ്ടമുള്ള അഡ്രസ് രേഖപ്പെടുത്തി പ്ലേ ചെയ്താല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ വെബ്‌സൈറ്റ് സംഗീതരൂപത്തില്‍ നമ്മുടെ വിരല്‍തുമ്പിലെത്തിയിരിക്കും. ഇനി പ്ലേ ബട്ടണില്‍ ക്ലിക്കു ചെയ്യുകയേ വേണ്ടൂ. ഓരോ വെബ് സൈറ്റും നമുക്ക് ആസ്വദിക്കാം. ഡ്രം ബീറ്റ്‌സിന്റെ താളത്തില്‍ കീബോര്‍ഡിന്റെ മധുരസ്വരത്തിന്റെ മെമ്പൊടിയോടെ.
   ലളിതമായ ഒരു ഫഌഷ് പ്രോഗ്രാമാണ് കോഡ് ഓര്‍ഗണിന്റെ കാതല്‍. നമ്മള്‍ നല്‍കുന്ന വെബ്‌സൈറ്റിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കണ്ടെത്തി അവയില്‍ മ്യൂസിക് സ്‌കെയിലിന് യോജിക്കാത്ത അക്ഷരങ്ങള്‍ ഒഴിവാക്കുകയാണ് ഈ പ്രോഗ്രാം ആദ്യം ചെയ്യുക. അനുയോജ്യമായവയെ അടുക്കിവച്ച് അപഗ്രഥിച്ച് ഡ്രം ബീറ്റുകളായി മൊഴിമാറ്റം ചെയ്യുകയാണ് അടുത്ത ജോലി. സംഗീതം റെഡിയായിക്കഴിഞ്ഞാല്‍ പ്ലേ ചെയ്യാനുള്ള ബട്ടന്‍ ആക്ടീവ് ആകും. ഇനി ഓരോ വെബ്‌സൈറ്റും മെലഡിയായി ആസ്വദിക്കാം.
  മാത്രമല്ല, ഫെയ്‌സ്ബുക്കോ ട്വിറ്ററോ മറ്റേതെങ്കിലും നെറ്റ്വര്‍ക്കിംഗ് സൈറ്റ് വഴിയോ വെബ്‌സൈറ്റും സംഗീതവും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാം.

മുളകൊണ്ടൊരു നോട്ട്ബുക്ക്


ഇ വെയ്സ്റ്റിനെതിരെ ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാതാവിന് എന്തെല്ലാം ചെയ്യാം. അടഡട ന്റെ പുതിയ ബാംബൂ സീരീസ് നോട്ട്ബുക്കുകളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി കാര്യം മനസ്സിലാകും. ഡ43ഷര  എന്നാണ് മോഡലിന്റെ പേര്. പെട്ടെന്നു കണ്ടാല്‍ മുളയുപയോഗിച്ചുണ്ടാക്കിയ മെലിഞ്ഞ പെട്ടിപോലിരിക്കും. തുറന്നുനോക്കിയാല്‍ അലൂമിനിയം നിറത്തിലുള്ള കീപാഡും സ്‌ക്രീനുമൊഴികെ എല്ലാം സ്‌മോക്കി ബ്രൗണ്‍ നിറത്തിലുള്ള ട്രീറ്റു ചെയ്ത മുള കൊണ്ടുണ്ടാക്കിയത്. ടച്ച്പാഡിനും അതേ ഫിനിഷ്. പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കാന്‍ ഇനിയെന്തുവേണം...
  പ്രകൃതിയെ സംരക്ഷിക്കുകയെന്ന സംയുക്തമായ പ്രവര്‍ത്തനമാണ് നമ്മളെ യോജിപ്പിച്ചു നിര്‍ത്തുന്നത് എന്നാണ് അസുസിന്റെ പരസ്യ വാചകം. സത്യത്തില്‍ അസുസ് ബാംബൂ സീരീസ് രണ്ടു വര്‍ഷം മുമ്പ് പുറത്തിറക്കിയതാണ്. ഭംഗിയും കരുത്തുമില്ലാത്തതുതന്നെയായിരുന്നു അത് വിപണിയില്‍ നിന്ന് പുറത്താകാനുണ്ടായ കാരണമെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.
  4 ഇഞ്ച് നോട്ട്പാഡില്‍ പ്രൊസസര്‍ Intel® Core™2 Duo (2.4GHz) ആണ്.4GB SD-RAM  റാമും 500 ഏആ ഹാര്‍ഡ് ഡിസ്‌കുമുണ്ട്. ഒപ്പം Wi-Fi, 2.0 megapixel camera,  USB 3.0 ports എന്നീ സംവിധാനങ്ങളും ലഭിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം Windows 7 Home Premium.  പോര്‍ട്ടബിള്‍ മൗസും ബാഗുമുള്‍പ്പടെ വില അറുപത്തിരണ്ടായിരത്തോളം.

ട്വിറ്റര്‍ വാര്‍ത്താപത്രങ്ങള്‍


ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ചെറു സന്ദേശങ്ങളാണ് നെറ്റിലെ എസ് എം എസ് സങ്കേതമായ ട്വിറ്ററിനെ ഇത്ര പെട്ടെന്ന് ജനകീയമാക്കിയത്. വ്യക്തികള്‍ക്കുപുറമേ ആകാശത്തിനു കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളും ട്വിറ്ററില്‍ സജീവമായതോടെ പ്രസക്തമായവ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടു തുടങ്ങിയെന്ന് ചിലരെങ്കിലും പരാതി പറഞ്ഞുതുടങ്ങി. നമ്മള്‍ പലപ്പോഴും വ്യക്തികളുടെ സന്ദേശങ്ങളൊഴികെ മറ്റൊന്നും പരിശോധിക്കാതെയായി. അതുകൊണ്ടുതന്നെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ട്വീറ്റുകള്‍ക്കിടയില്‍ നിന്ന് പ്രസക്തമായ സന്ദേശങ്ങള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റിലെന്നപോലെ അടുക്കിപ്പെറുക്കിവെച്ചു നല്‍കുന്ന ട്വിറ്റര്‍ടൈംസും, പേപ്പര്‍ ലിയുമൊക്കെ വന്‍ഹിറ്റുകളായി മാറാന്‍ അധികസമയമെടുത്തില്ല.
   ഒരു ന്യൂസ് വെബ്‌സൈറ്റിനോടു കിടപിടിക്കുന്നതാണ് ട്വിറ്റര്‍ടൈംസ് (www..twittertim.es) എന്നു പറയാം. വെബ്‌സൈറ്റ് ലിങ്കുകളും മറ്റും പ്രചരിക്കുന്ന റീട്വീറ്റുകള്‍ പരിശോധിച്ച് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്തി അവ മുന്‍ഗണനാക്രമത്തില്‍ നല്‍കുന്ന രീതിയാണ് ട്വിറ്റര്‍ടൈംസിന്റേത്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ളവയെ പ്രധാന തലക്കെട്ടിലും അല്ലാത്തവയെ തൊട്ടുപിന്നാലെയും ചിത്രം സഹിതം അടുക്കിപ്പെറുക്കി നല്‍കുന്നതുകൊണ്ടുതന്നെ കെട്ടിലും മട്ടിലും ഒരു വാര്‍ത്താ വെബ്‌സൈറ്റിന്റെ രൂപമാണ് ഇതിന്. ട്വിറ്റര്‍ അക്കൗണ്ടുള്ള ആര്‍ക്കും അതേ യൂസര്‍നെയിമും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ട്വിറ്റര്‍ ടൈംസ് ഉപയോഗിച്ചു തുടങ്ങാം. നിലവിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളിലെയും മറ്റും ട്വീറ്റുകളായി വരുന്ന ലിങ്കുകള്‍ കണ്ടുപിടിച്ച്് നല്‍കാനും നമ്മുടെ അഡ്രസ്സില്‍ മാത്രം വരുന്നവ തിരഞ്ഞുപിടിച്ചു നല്‍കാനുമൊക്കെയുള്ള സൗകര്യവും ഇതിലുണ്ട്.
   വാര്‍ത്തകള്‍, ബിസിനസ്, വിനോദം, സാങ്കേതികം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി ട്വീറ്റുകളെ ലിസ്റ്റ് ചെയ്യുന്ന സംവിധാനമാണ് പേപ്പര്‍ ലി (www.paper.li) എന്ന വെബ്‌സൈറ്റ്. ട്വിറ്ററില്‍ മാത്രമല്ല ഫെയ്‌സ്ബുക്കിലേയും മെസേജുകള്‍ അടിസ്ഥാനമാക്കി പേപ്പര്‍ ലിയില്‍ നമ്മുടേതായ വാര്‍ത്താപേജുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യവുമുണ്ട്.
   പ്രചാരത്തിന്റെ അടിസ്ഥാനത്തില്‍ ട്വീറ്റുകളെ തിരഞ്ഞെടുക്കുന്ന ട്വിറ്റര്‍വാര്‍ത്താപത്രങ്ങളില്‍ ട്വീറ്റുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് എത്രത്തോളം പ്രചരിക്കുന്നുണ്ട് എന്നത് അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ പ്രാധാന്യമുള്ളവയേക്കാള്‍ പ്രചാരത്തിലുള്ള ട്വീറ്റുകള്‍ക്കായിരിക്കും പ്രാധാന്യം. ഓരോരുത്തരും ഫോളോ ചെയ്യുന്നവരുടെ നിലവാരമനുസരിച്ച് അവരവരുടെ ട്വിറ്റര്‍ന്യൂസ്‌പേപ്പറുക്രമം മാറുകയും ചെയ്യും.

പിഡിഎഫ് ഫയലുകള്‍ക്ക് ഇനി ക്രോം മാത്രം മതി


സാധാരണ വെബ്‌പേജുകളോളം എളുപ്പത്തില്‍ തുറന്നു കാണാനാവില്ല വെബ്ബിലെ പിഡിഎഫ് പേജുകള്‍. ഫോണ്ടു പ്രശ്‌നമില്ല , ലേ ഔട്ടില്‍ കടുകിട മാറ്റം പോലുമുണ്ടാകില്ല തുടങ്ങി നിരവധി ഗുണങ്ങളുണ്ടെങ്കിലും ചില ബ്രൗസറുകളില്‍ പലപ്പോഴും എടുത്താല്‍ പൊങ്ങാത്തവയാണ് പിഡി എഫ് എന്ന് നമുക്ക് പലപ്പോഴും തോന്നിയിട്ടുണ്ടാകും. പ്രത്യേകിച്ച് അല്പം ഭാരക്കൂടുതലുള്ള ഫയലുകളാണെങ്കില്‍. ഇവക്കെല്ലാം പരിഹാരമായി ഒടുവില്‍ ഗുഗിളിന്റെ ക്രോം രംഗത്തെത്തിയിരിക്കുന്നു. ക്രോമിന്റെ ബീറ്റാപതിപ്പിലാണ് പി ഡി എഫിനു വേണ്ടി പുതിയ പ്ലഗ് ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
   നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറുള്‍പ്പടെയുള്ള മറ്റെല്ലാ ബ്രൗസറുകളിലും പിഡിഎഫ് ഫയല്‍ തുറന്നു കാണാന്‍ അക്രോബാറ്റോ സമാനമായ ഏതെങ്കിലും റീഡറുകളുടെയോ സഹായം വേണം. റീഡറുകളുടെ ഗുണനിലവാരം പോലിരിക്കും വെബ്ബിലെ പി ഡി എഫ് തുറന്നു വരാനെടുക്കുന്ന സമയവും കാര്യക്ഷമതയും. ക്രോം ബ്രൗസറില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പി ഡി എഫ് വ്യൂവറാണ് പുറത്തുനിന്നു മറ്റാരുടേയും സഹായമില്ലാതെ പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. ഇത് ബീറ്റാ(link: http://www.google.com/intl/en/landing/chrome/beta/)  പതിപ്പില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. സാധാരണ വെബ്‌പേജുകള്‍ തുറന്നു കാണുമ്പോലെ തന്നെ ഇതിലൂടെ പിഡിഎഫ് പേജുകളും കൈകാര്യം ചെയ്യാം.
  ഒപ്പം മറ്റൊന്നുകൂടിയുണ്ട്.  പിഡിഎഫ് ഫയലുകളിലൂടെ മാല്‍വേറുകളായും മറ്റുമുള്ള ആക്രമണങ്ങളെ ചെറുക്കാനേര്‍പ്പെടുത്തിയ സാന്റ്‌ബോക്‌സ് എന്ന സുരക്ഷാ സംവിധാനം കൂടി ഉള്‍പ്പെടുത്തിയതായി ഗൂഗിള്‍ സോഫ്റ്റവേര്‍ എന്‍ജിനീയര്‍ ജോണ്‍ അബ്ദ് എസ് മാലിക് ബ്ലോഗിലൂടെ വെളിപ്പെടുത്തി. ആഗോളതലത്തില്‍ വളരെ വേഗം വളര്‍ന്നു വരുന്ന ബ്രൗസറായ ക്രോം ഈ പദ്ധതിയുമായി രംഗത്തെത്തിയതോടെ ശരിക്കും ബുദ്ധിമുട്ടുക അഡോബിയുടെ അക്രോബാറ്റ് പ്രസ്ഥാനമായിരിക്കും. അതുകൊണ്ടു തന്നെ അഡോബിക്കിട്ട് പണി കൊടുക്കാനല്ല, വെബ് നാവിഗേഷന്‍ കുടുതല്‍ മെച്ചപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്‌ളാഷിനെച്ചൊല്ലി


വെബ് പേജുകളിലെ വീഡിയോ ചിത്രങ്ങള്‍ ജനകീയമാക്കിയത് അഡോബിന്റെ ഫഌഷാണ്. അതിന് കാരണമുണ്ട് അക്ഷരങ്ങളും ചിത്രങ്ങളും മാത്രമുണ്ടായിരുന്ന വെബ്‌സൈറ്റുകളുടെ ആദ്യ പതിപ്പില്‍ വീഡിയോ എങ്ങിനെ നല്‍കുമെന്നതായിരുന്നു പ്രശ്‌നം. നിരവധി വീഡിയോ ആപ്ലിക്കേഷനുകള്‍ പലരും നിര്‍മ്മിച്ചു പുറത്തിറക്കി. എന്നാല്‍ ഇന്ററാക്ടീവ് വീഡിയോകള്‍ നല്‍കാന്‍ സംവിധാനമൊരുക്കിയ അഡോബ് ഫഌഷാണ് ഡവലപ്പര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത്. വീഡിയോ മാത്രമല്ല, ഇന്ററാക്ടീവ് വെബ്‌സൈറ്റുകള്‍ക്കും മള്‍ട്ടി മീഡിയ കണ്ടന്റിനുമൊക്കെ ഫഌഷ് അവിഭാജ്യ ഘടകമായി. പിന്നീട് ഫഌഷിന്റെ കാലമായിരുന്നു. യൂട്യൂബ് തുടങ്ങിവച്ച സ്ട്രീമിംഗ് വീഡിയോ ബാങ്കുകള്‍ ജനകീയമായതോടെ ഇന്റര്‍നെറ്റില്‍ ശരിക്കുമൊരു രാജാവായി ഫഌഷ് വാണു എന്നത് ചരിത്രം.
    ഈ രാജകീയ പട്ടം തന്നെയാണ് പിന്നീട് പ്രശ്‌നമായത്. പ്രശ്‌നം തുടങ്ങിയതാവട്ടെ കമ്പ്യൂട്ടറുകളിലെ മഹാരാജാവായ ആപ്പിളുമായും. ഐ ഫോണും ഐപാഡും രംഗത്തിറങ്ങിയ കാലത്ത് വീഡ
ിയോ കാണാന്‍ ഫഌഷിന്റെ സഹായം വേണ്ടെന്ന് ആപ്പിള്‍ തീരുമാനിച്ചു. ഫഌഷ് ഉപയോഗിച്ചുള്ള സ്റ്റാറ്റിക്ക് വെബ് പേജാണെങ്കില്‍ പോലും ബാറ്ററി ചാര്‍ജ്ജ് ചോര്‍ന്നു പോകാന്‍ അതുകാരണമാരുന്നുവെന്നാണ് ആപ്പിളിന്റെ സി ഇ ഒ സ്റ്റീവ് ജോബ്‌സ് കണ്ടെത്തിയ ആദ്യത്തെ കാരണം. ഇക്കാര്യം അദ്ദേഹം പ്രമുഖ ടെക്‌നോളജി മാഗസിനുകളില്‍ തുറന്നെഴുതുകയും ചെയ്തു. ഫഌഷ് ഉപയോഗിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫഌഷ് മാത്രമല്ല ചലിക്കുന്ന ചിത്രങ്ങളുള്ള ഏത് വെബ് പേജ് തുറന്നിരിക്കുമ്പോളും സാധാരണത്തേതിലും കൂടുതല്‍ ബാറ്ററി ചിലവാകുന്നുവെന്ന് പറഞ്ഞ് ഫഌഷ് പ്രേമികള്‍ രംഗത്തുവന്നെങ്കിലും ആപ്പിള്‍ പിന്നോട്ടടിച്ചില്ല.
   എന്നാല്‍ ആപ്പിളിന്റെ ആരോപണത്തിനുപിന്നില്‍ ചില സാമ്പത്തിക/ബിസിനസ് വശങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞാണ് സ്മാര്‍ട്ട് സ്‌കെച്ച് എന്ന ഫഌഷിന്റെ ആദ്യരൂപം കണ്ടുപിടിച്ച ജോനാതന്‍ ഗേ യാണ്.  മൊബൈല്‍ ഫോണില്‍ ഫഌഷിന്് അപ്രമാദിത്തം നല്‍കണമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഫഌഷ് ഉപയോഗിച്ചാല്‍ ഐ ഫോണിന്റേതായി രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ക്ക് പിന്നീടത് ബാധ്യതയാകുമെന്നതാണ് അഡോബിനെതിരെ തിരിയാന്‍ ഫഌഷിനെ പ്രേരിപ്പിച്ച ഘടകം.
   എച്ച് ടി എം എല്‍ ന്റെ അഞ്ചാമത്തെ പതിപ്പ് പുറത്തെത്തുന്നതോടെ വെബ്‌സൈറ്റുകളില്‍ അഡോബ് ഫഌഷിന്റെ കുത്തക അവസാനിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഫഌഷ് മൂവി പോലുള്ള പുറത്തുനിന്നുള്ള പ്ലഗിന്‍ ഉപയോഗിക്കാതെ വീഡിയോ കാണാനുള്ള സംവിധാനവുമായാണ് എച്ച് ടി എം എല്‍് 5 ന്റെ വരവ്. അതേസമയം സോണിയും ആപ്പിളും മൈക്രോസോഫ്റ്റും ചേര്‍ന്ന് എച്ച്. 264 എന്ന പേരില്‍ വെബ് വീഡിയോക്കായി പുതിയൊരു പ്ലാറ്റ് ഫോമും തയ്യാറാക്കുന്നുണ്ട്.
   എന്നാല്‍ ആപ്പിളിന്റെ കടുംപിടുത്തം ഗുണകരമാകുക ഗൂഗിളിനായിരിക്കും. കാരണം ഫഌഷ് മാത്രമുപയോഗിച്ച വെബ്‌സൈറ്റുകള്‍ ആപ്പിളില്‍ കാണാനാകില്ല. എന്നാല്‍ ഗൂഗിളിന്റെ പുതിയ ആന്‍്‌ഡ്രോയ്ഡ് ഫോണുകളില്‍ ഫഌഷ് ഉപയോഗിച്ചുള്ള എല്ലാ വീഡിയോകളും കാണാം. ്ചുരുക്കിപ്പറഞ്ഞാല്‍ ഫഌഷിന്റെ വിധി നിശ്ചയിക്കുക ചിലപ്പോള്‍ ഗൂഗിള്‍ ആയിരിക്കുമെന്നു സാരം.

Friday, April 15, 2011

സെല്‍ഫോണുണ്ടോ? ഇനി മാളിനുള്ളിലും വഴി തെറ്റില്ല!!!

ഇന്റര്‍നെറ്റില്‍ ലോകത്തിന്റെ എല്ലാ ഭാഗവും അടയാളപ്പെടുത്തിയ മാപ്പുകളും ജി പി എസ് ലൊക്കേറ്ററുകളും ലഭ്യമായ പുതിയ കാലത്ത് ഒരു സ്ഥലം കണ്ടു പിടിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. തിരക്കുപിടിച്ച നഗരത്തില്‍ ഒരു മാളിലോ മറ്റോ ചെന്നു പെട്ടാല്‍ നമ്മളെന്തു ചെയ്യും. ഒരു സ്ഥലം കണ്ടെത്താന്‍ എത്രയാളോട് ചോദിക്കണം?. ഇന്റേണല്‍ മാപ്പില്‍ ഉള്‍ക്കൊള്ളിച്ച കാര്യങ്ങളേക്കാള്‍ കൂടുതല്‍ സെല്‍ഫോണ്‍ വഴി ലഭിക്കുമെന്നു വന്നാലോ ? അമേരിക്കയിലെ മൈന്റ്‌സ്മാക് എന്നകമ്പനി അതിനും ഒരു വിദ്യ കണ്ടു പിടിച്ചു. മാളുകള്‍ക്കുള്ളില്‍ ബാത്‌റൂമും എലിവേറ്ററുകളും മുതല്‍ ബേബിപൗഡര്‍ വെച്ചിരിക്കുന്ന സ്ഥലം വരെ കണ്ടെത്താന്‍ കഴിയുന്ന ഒരു ചെറിയ സോഫ്റ്റ് വേര്‍- ഫാസ്റ്റ്മാള്‍ (www.fastmall.com).
FastMall 3.0 എന്നാണ് സോഫ്റ്റ് വേറിന്റെ പുതിയ വേര്‍ഷന്റെ പേര്. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉണ്ടായാല്‍ മതി. ജി പി എസിന്റെ ആവശ്യമേ ഇല്ല. ഒരു ഷോപ്പിംഗ് മാളിനുള്ളിലുള്ള എല്ലാ സ്ഥലങ്ങളും സാധനങ്ങളും സെര്‍ച്ച് ചെയ്യാവുന്ന ലളിതമായ സംവിധാനമാണിത്. അമേരിക്ക മാത്രമല്ല, കാനഡ ബ്രിട്ടന്‍ ചൈന ഫ്രാന്‍സ് ജര്‍മ്മനി സിംഗപൂര്‍ തുടങ്ങി ഇരുപത്തി രണ്ടു രാജ്യങ്ങളില്‍ ലോകത്തെ ആദ്യത്തെ മാള്‍ സര്‍ച്ച് എന്‍ജിന്‍ എന്നറിയപ്പെടുന്ന ഫാസ്റ്റ്മാറിന്റെ സേവനം ലഭിക്കും. ഇന്ത്യയില്‍ ഇല്ല. മാളിനുള്ളില്‍ വിശ്രമ സ്ഥലം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയ ആറുമാസം ഗര്‍ഭിണിയായ ഭാര്യയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് മൈന്റ്‌സ്മാക്കിന്റെ സി ഇ ഒ സാം ജി ഫ്യൂവര്‍ സാക്ഷപ്പെടുത്തുന്നു.
ബനാന റിപ്പബ്ലിക് തുടങ്ങിയ വെബ്‌സൈറ്റുകളും സമാനമായ സേവനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍വഴി കണ്ടു മനസ്സിലാക്കിയ ശേഷം take me there എന്ന ഓപ്ഷന്‍ വഴി കട കണ്ടുപിടിക്കുക തുടങ്ങിയ റൂട്ട് മാപ്പ് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്.
ഫാസ്റ്റ് മാളിന് മാളുകള്‍ നേരിട്ട് മാപ്പ് നല്‍കുകയാണെങ്കില്‍ മിസെല്ലോ എന്ന വെബ്‌സൈറ്റ് (www.micello.com) ഒരു പടികൂടി കടന്ന് ഉപയോക്താക്കള്‍ക്ക് തന്നെ അടയാളപ്പെടുത്താവുന്ന മാപ്പ് സേവനം ലഭ്യമാക്കി - ഗൂഗിള്‍ മാപ്പു പോലെ. യൂസര്‍ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിച്ച് വന്‍ വിവര ശേഖരം നടത്താമെന്നു വന്നതോടെയാണ് മിസെല്ലോയുടേ സേവനം ഈ മേഖലയിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സേവനങ്ങള്‍ ഇന്ത്യയില്‍ ജനകീയമാകുന്നതുവരെ നമുക്കും കാത്തിരിക്കാം.