Thursday, April 28, 2011

ഫ്രൈഡേ ആപ്, നിത്യജീവിതത്തിന്റെ ലോഗ്ബുക്ക്


കോള്‍രജിസ്റ്റര്‍ പരിശോധിച്ചാല്‍ കുറച്ചു ദിവലത്തെ ഫോണ്‍കോളുകളുടെ കണക്കെടുക്കാം. എസ് എം എസ് സംഭരണി നിറയുന്നതുവരെ അതും ശേഖരിക്കാം. ഫോണ്‍ കോളും, ഇ മെയിലും, എസ് എം എസും, സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, കേട്ട പാട്ടുകളും ... സെല്‍ഫോണില്‍ നമ്മള്‍ ചെയ്തതെന്നും ഒരു കുടക്കീഴില്‍ ക്രമമായി അടുക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍? അതിനെ ഫ്രൈഡേ ആപ് എന്നു വിളിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുവേണ്ടി മാത്രമുള്ള സോഫ്‌റ്റ്വേറാണിത്.
   ഫ്രൈഡേ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മതിയാകും. നാം നില്‍ക്കുന്ന സ്ഥലവും ഊരും പേരും കാണിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അങ്ങേര്‍ ജോലി തുടങ്ങിക്കോള്ളും.  നമ്മള്‍ സെല്‍ഫോണില്‍ ചെയ്യുന്ന എന്തിന്റേയും ചരിത്രം രേഖപ്പെടുത്തിവെക്കും, ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ.
   ഒരു ചിത്രം ക്ലിക്കു ചെയ്യുന്നതും നമ്മള്‍ ആരോട് എന്തൊക്കെ പറഞ്ഞു, ഏത് പാട്ടുകള്‍ കേട്ടു തുടങ്ങി നമ്മുടെ ഓരോ ദിവസത്തേയും ജീവിതം കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ലോഗ്ബുക്ക് എന്ന നിലയിലാണ് ഫ്രൈഡേ ആപ്പിനെ നോക്കിക്കാണേണ്ടത്. നമ്മുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയത്തെല്ലാം ഫ്രൈഡേ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും, ഒരു പേഴ്‌സണല്‍ സെക്രട്ടറിയുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ടാകും.
   വിവരങ്ങള്‍ നെറ്റിലല്ല നമ്മുടെ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക എന്നതുകൊണ്ട് സുരക്ഷ ഒരു പ്രശ്‌നമല്ല. ആരെങ്കിലും കൈമാറി ഉപയോഗിച്ചാല്‍ തന്നെ പാസ്സ്‌വേുണ്ടെങ്കിലേ വിവരങ്ങളറിയാനാകൂ.    ഫ്രൈഡേ ശേഖരിച്ച വിവരങ്ങള്‍ സമയം വെച്ചും ആളുടെ പേരുവെച്ചും മറ്റ് കീവേഡുകള്‍ വെച്ചുമൊക്കെ തിരഞ്ഞു കണ്ടുപിടിക്കാം. ഫ്രൈഡേ ആപ് വേണ്ടവര്‍ friday-app.com ലൊന്നു സന്ദര്‍ശിച്ചാല്‍ മതി.

Thursday, April 21, 2011

THE YOUTH ICON


വിവര സാങ്കേതിക വിദ്യയുടെയുടെ അടിമകളെന്ന് മുദ്രകുത്തിയ യുവാക്കള്‍ അതേ മാധ്യമങ്ങളുപയോഗിച്ചു നടത്തിയ ജനകീയപ്രക്ഷോഭം വിജയിച്ചത് ടുണീഷ്യയിലും ഈജിപ്തിലും പിന്നെ പല അറബ് രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. വിദ്യാഭ്യാസ സംവിധാനവും ജോലി സാഹചര്യങ്ങളും മാറിയപ്പോള്‍ പ്രക്ഷോഭങ്ങളുടെ രീതിയും മാറി. ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണുള്‍പ്പടെയുള്ള നൂതന മാധ്യമങ്ങളിലൂടെയുമുള്ള സാങ്കല്പിക(virtual) രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രചാരം ലഭിച്ചത് അങ്ങിനെയാണ്.  ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അന്നാ ഹസാരെയെന്ന 72 കാരന്റെ അഴിമതി വിരുദ്ധ സമരത്തിന് യുവജനങ്ങള്‍ പിന്തുണ നല്‍കിയതും ഫെയ്‌സ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലെ മറ്റ് പൊതുവേദികളിലൂടെയുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും ലഭിച്ച വന്‍ പിന്തുണയിലൂടെ ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറുകയായിരുന്നു ലോക്്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ അന്നാ ഹസാരെ നടത്തിയ സമരം. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഹസാരെ സംഘടിപ്പിച്ച സമരം ഏറെക്കുറേ അറബ് യുവജനങ്ങള്‍ കാണിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്.
   സന്നദ്ദ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ആശയ പ്രചാരണം നടത്തുന്നതും ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ്‌സൈറ്റുകളിലൂടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമൊക്കെ പരാതി അയക്കുകയും ചെയ്യുന്ന പാശ്ചാത്യ രീതിക്ക് ഈയടുത്ത കാലത്ത് ഇന്ത്യയിലും വന്‍ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അവ ഒരു ചടങ്ങുമാത്രമായി ഒതുങ്ങുകയായിരുന്നു പതിവ്. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുമുള്ള സാങ്കല്പിക (virtual) രാഷ്ട്രീയ പ്രവര്‍ത്തനം പൊതു മണ്ഡലത്തിലേക്ക് ഇറങ്ങി വന്നതും സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു എന്നതാണ് ഹസാരെ സമരത്തിന്റെ പ്രത്യേകത.

    ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരം സംഘടിപ്പിച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സമരം പിന്‍വലിച്ച് ഒരാഴ്ചകഴിഞ്ഞപ്പോഴും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളമായി. കണക്കു കൂട്ടി നോക്കിയാല്‍ ഈജിപ്തില്‍ പോലീസ് തല്ലിക്കൊന്ന ഖലീല്‍ മുഹമ്മദ് സയീദിനെ അനുസ്മരിച്ച് 'വി  ഓള്‍ ആര്‍ ഖലീല്‍ സയിദ്'  എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനേക്കാള്‍ വളര്‍ച്ച. മുപ്പതിനായിരത്തോളം പേരുള്ള നിരവധി സമാന ഗ്രൂപ്പുകളും ഫെയ്‌സ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടു. avaaz.org എന്ന പ്രചാരണ വെബ്‌സൈറ്റിലെ പരാതി പേജില്‍ ഒറ്റദിവസം കൊണ്ട് ഒപ്പിട്ടത് അഞ്ചു ലക്ഷം പേരാണ്. ഇതിനകം അത് ആറര ലക്ഷം കടന്നു. causes.com ല്‍ ഹസാരെക്കു ലഭിച്ച പിന്തുണ ഇതുവരെ 1.8 ലക്ഷം ആണ്. ജന്‍ലോക്പാല്‍, അന്നാ ഹസാരെ തുടങ്ങിയ ഹാഷ് ടാഗുകള്‍ പരിശോധിച്ചാല്‍ ട്വിറ്ററിലും വന്‍ ജനപിന്തുണ കാണാം. ഇമെയില്‍ പ്രചാരണവും വളരെ സജീവമായിരുന്നു. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്റെ (indiaagainstcorruption.org) വെബ്‌സൈറ്റില്‍ ഇതുവരെ ഹസാരെക്ക് പിന്തുണ നല്‍കിയത് 10,36, 600ല്‍ പരം പേരാണ്.
  വീട്ടിലിരുന്നു ട്രെയിന്‍ടിക്കറ്റ് ബുക്കു ചെയ്യുന്നതുപോലെ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ 'like' ബട്ടണ്‍ ക്ലിക്കു ചെയ്തു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് ഇതിനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കളിയാക്കിയത്. എന്നാല്‍ ഹസാരെ സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി കൈവിട്ടു പോയി. പതിവുപോലെ വാക്പയറ്റുകൊണ്ട് ഗോഷ്ടി കാണിക്കുന്ന ദൃശ്യമാധ്യമങ്ങളെ വരെ ഏറെ പിന്നിലാക്കി ഹസാരെ സമരം ഇന്റര്‍നെറ്റില്‍ കൊഴുത്തു. ഒടുവില്‍ ഫെയ്‌സ്ബുക്കിലും മറ്റും കത്തി നില്‍ക്കുന്നവരെ വിളിച്ചുവരുത്തി ക്യാമറക്കുമുന്നിലിരുത്തി സംസാരിപ്പിക്കേണ്ടി വന്നു അവര്‍ക്ക്.
   ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റു പൊതുവേദികളിലുമൊക്കെ സജീവമായത് ടെക്കികളും മാനേജ്‌മെന്റ് തലത്തിലുമൊക്കെ വലിയ പദവികള്‍ കൈയാളുന്ന യുവാക്കളും യുവതികളുമായിരുന്നു. ഒട്ടും രാഷ്ട്രീയ ബോധമില്ലെന്ന് നേതാക്കള്‍ പുഛിച്ചു തള്ളിയ യുവജനങ്ങളെ അവസാനം അഗീകരിക്കേണ്ടിവന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. ലോക്പാല്‍ പാനലില്‍ നിന്ന് ശരദ് പവാറിനെക്കൊണ്ട് രാജി വെപ്പിച്ചതും ചില്ലു കൂടാരത്തിലിരുന്ന താരങ്ങള്‍വരെ ജന്തര്‍മന്തറിലേക്ക് പിന്തുണയുമായി എത്തിയതും വെറും രാഷ്ട്രീയക്കാരെ വന്ന വഴി പറഞ്ഞയച്ചുതുമൊക്കെ ചരിത്രം.
  ഫെയ്‌സ്ബുക്ക് വഴി സംഘടിച്ചവര്‍ ചേര്‍ന്ന് ഡല്‍ഹിക്കു പുറമേ മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ്, തുടങ്ങിയ വന്‍ നഗരങ്ങളിലുള്‍പ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ റാലി നടത്തി. മെഴുകുതിരികള്‍ തെളിച്ചും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന റാലികളുടെ ചിത്രങ്ങളും വീഡിയയോയും റിപ്പോര്‍ട്ടുകളും അന്നാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്തു. യൂട്യൂബില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ രണ്ടായിരത്തില്‍ പരം വീഡിയോ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
   അന്നാ ഹസാരെയേയും അഴിമതി വിരുദ്ധ സമരത്തേയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തേയും പിന്തുണക്കുന്നു എന്ന് എഴുതിവച്ച നിരവധി ബാഡ്ജുകള്‍ ഫെയ്‌സ്ബുക്കിലെ സ്വന്തം ഫോട്ടോക്കൊപ്പം പതിച്ച് നിരവധി പേര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. അന്നാഹസാരെയെ പിന്തുണക്കുന്നു എന്നെഴുതിയ ടീഷര്‍ട്ടുകളില്‍ വന്‍നഗരങ്ങളില്‍ ചൂടപ്പം പോലെ വി്റ്റുപോയി. രണ്ടു പതിറ്റാണ്ടു മുമ്പ് ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിഞ്ഞ പ്രതിഷേധ വാക്യങ്ങളേക്കാള്‍ തീക്ഷണമായിരുന്നു പലപ്പോഴും പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ട മുദ്രാവാക്യങ്ങള്‍.
   ഇന്റര്‍നെറ്റിലെ പൊതുവേദികളിലുയര്‍ന്ന ജനകീയ വികാരം ഓണ്‍ലൈന്‍ ഗെയിമുകളിലും കണ്ടു. വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി 2 ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പ്രതിപാദിച്ച് അഴിമതിയില്ലാത്ത ഭരണകൂടം കെട്ടിപ്പടുക്കുക എന്ന സങ്കല്പമാണ് 'യെസ് പ്രൈം മിനിസ്റ്റര്‍ 'എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ കാതല്‍. ഇബിബോ(ibibo.com) പുറത്തിറക്കിയ ഈ ഗെയിമിനു പുറമേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി, സ്വിസ് ബാങ്ക് സ്‌കാം, ബില്‍ഡ് എ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് സ്‌നാപ്പ്സ്റ്റര്‍ തുടങ്ങി നിരവധി ഗെയിമുകളും ഹിറ്റായി. രാഷ്ട്രീയക്കാര്‍ക്കും പട്ടാളക്കാര്‍ക്കും കൈക്കൂലി നല്‍കി ഫഌറ്റു വാങ്ങുന്നതാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി എന്ന ഗെയിം. ഭരണാധിപരോട് പ്രതീകാതാമകമായി പ്രതിഷേധിച്ച് ഒടുവില്‍ അന്നാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഗെയിമുകള്‍ അവസാനിക്കുന്നത്.  ഏപ്രില്‍ ആദ്യം റിലീസ് ചെയ്ത യെസ് പ്രൈം മിനിസ്റ്റര്‍ എന്ന ഗെയിം ഉപയോഗിച്ച ഒന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മാത്രം ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുവേദികളിലെത്തിയത് എന്നാണ് കണക്ക്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും ഭരണകൂടത്തോടും അവര്‍ നടത്തുന്ന അഴിമതികളോടുള്ള പൊതു ജനപ്രതിഷേധം പ്രകടിപ്പിക്കുന്ന ഇത്തരം ഗെയിമുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെകൂടി ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയത്.
   തികഞ്ഞ ഗാന്ധിയനായ അന്നാ ഹസാരെയെ 'യുത്ത് ഐക്കണാ'യി സ്വീകരിക്കാന്‍ മടിയില്ലെന്ന് യുവാക്കള്‍ തെളിയിച്ചു. മറ്റു രാജ്യങ്ങളിലേതുപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ ചെറുത്തുനില്‍പ്പല്ലെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ നിരത്തിലറങ്ങാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു അന്നാ ഹസാരെ സമരത്തിനു ലഭിച്ച വന്‍ യുവജന പിന്തുണ.

Sunday, April 17, 2011

ഫൂളാക്കാനിറങ്ങി ഏപ്രില്‍ ഫൂളായത് ഗൂഗിള്‍


ചന്ദ്രനില്‍ തുടങ്ങാന്‍ പോകുന്ന 'ലുനാക്‌സ്' എന്ന ഗവേഷണ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചും, ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനുള്ള ബുദ്ധികൂര്‍മ്മത വര്‍ദ്ധിപ്പിക്കാന്‍ 'ഗുഗിള്‍ ഗര്‍പ്പ'് എന്ന സ്മാര്‍ട്ട് ഡ്രിങ്ക് അവതരിപ്പിച്ചും, ഇ മെയിലുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തിക്കുന്ന 'ജിമെയില്‍ പേപ്പര്‍' അവതരിപ്പിച്ചും ഗൂഗിള്‍ നമ്മളെ എത്രയോ തവണ ഏപ്രില്‍ ഫൂളാക്കിയതാണ്. 2007 ല്‍ അവതരിപ്പിച്ച ടോയ്‌ലറ്റിലെ മാലിന്യക്കുഴിലിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന TISP (Toilet Internet Service Provider) പോലെ തലതിരിഞ്ഞ ഏര്‍പ്പാടായിരുന്നു ഇത്തവണത്തെ ജി മെയില്‍ മോഷന്‍. മൗസും കീബോഡുമില്ലാതെ ശരീര ചലനങ്ങള്‍ കൊണ്ട് ജിമെയില്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഗൂഗിള്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ ഗൂഗിളിനെ തിരിച്ച് ഫൂളാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ നാട്ടില്‍ തന്നെയുള്ള ഒരു കൂട്ടം ഗവേഷകര്‍. അതും അതേ ദിവസം, ഏപ്രില്‍ ഒന്നിനു തന്നെ.
  ശരീരചലനങ്ങള്‍ കമ്പ്യൂട്ടറിലെ ക്യാമറ തിരിച്ചറിഞ്ഞ് ഇ മെയില്‍ സെന്റു ചെയ്യാനും മറുപടി അയക്കാനും ഫോര്‍വേഡ് ചെയ്യാനും അറ്റാച്ച് ചെയ്യാനുമൊക്കെ ജിമെയിലിനു നിര്‍ദ്ദേശം നല്‍കുന്ന സംവിധാനമാണ് ജി മെയില്‍ മോഷന്‍ എന്നാണ് വീഡിയോയിലൂടെയും ഗ്രാഫിക്‌സിലൂടെയും ഗൂഗിള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. ഈ കെണിയില്‍ വീണ് പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഏപ്രില്‍ ഫൂള്‍ എന്നു പറഞ്ഞ് ഗൂഗിള്‍ നമ്മളെയൊക്കെ കളിയാക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ ഈ കളി കണ്ട് 'മനസ്സില്‍ ഒരു ലെഡ്ഡു പൊട്ടിയ' തെക്കന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ 'ഹാക്കര്‍മാരാണ്' ഗൂഗിള്‍ മോഷന്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തത്.
    FAAST (Flexible Action and Articulated Skeleton Toolkit) എന്ന പേരില്‍ ഇവര്‍ മനുഷ്യന്റെ ശരീര ചലനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമായ എക്‌സ്‌ബോകസിന്റെ അനുബന്ധ ഉപകരണമായ കൈനെറ്റ് ഉപയോഗിച്ചാണ് ഈ പ്രോഗ്രാം ചലനങ്ങള്‍ മനസ്സിലാക്കി സോഫ്റ്റ്‌വേറിന് നിര്‍ദ്ദേശം നല്‍കുന്നത്. ഈ പ്രോഗ്രാം അടിസ്ഥാനമാക്കി മറ്റ് ചില സോഫ്റ്റ്‌വേറുകള്‍ കൂടി ഉള്‍പെടുത്തി ജിമെയില്‍ ആംഗ്യചലനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് കാണിച്ചുകൊടുക്കുകയായിരുന്നു ഈ ഗവേഷകര്‍. ജി മെയില്‍ മോഷന്റെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കുമെന്ന് ഗൂഗിള്‍ വിശദീകരിച്ചതുപോലെ യഥാര്‍ത്ഥത്തില്‍ ജിമെയില്‍ നിയന്ത്രിക്കുന്നതിന്റെ വീഡിയോ പുറത്തിറക്കിയാണ് ഇവര്‍ ഗൂഗിളിനെ ഫൂളാക്കിയത്. ഈ വീഡിയോ യൂട്യൂബിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.
    SLOOW (Software Library Optimizing Obligatory Waving) എന്നാണ് ഈ പ്രോഗ്രാമിന് അവര്‍ പേരു നല്‍കിയത്.  ഗൂഗിളിന് ഐഡിയ മാത്രമേ അവതരിപ്പിക്കാനായുള്ളൂ എങ്കില്‍ മൈക്രോസോഫ്റ്റ് കൈനെറ്റ് ഉപയോഗിച്ച് അത് പ്രവര്‍ത്തിച്ചു കാണിച്ചുതരാമെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോക്കൊപ്പം എഴുതിവെക്കുകയും ചെയ്തു.

Saturday, April 16, 2011

അഞ്ചു ജി ബി വേണോ !!! തുറക്കൂ ആമസോണ്‍ ക്ലൗഡ് ഡ്രൈവ് ...


ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ...  ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജി ബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങും ഡൗണ്‍ലോഡിങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം ഫോട്ടോകളും ഇരുപതു മിനുട്ട് ഹൈഡെഫനിഷന്‍ വീഡിയോയും സൂക്ഷിക്കാനുള്ള സ്ഥലമാണ് ആമസോണ്‍ നല്‍കുന്നത്.
   ആമസോണ്‍ ക്ലൗഡ് ഡ്രൈവ്, വെബിനു വേണ്ടിയും ആന്‍ഡ്രോയ്ഡിനു വേണ്ടിയുമുള്ള ക്ലൗഡ് പ്ലെയറുകള്‍ എന്നിങ്ങനെ മൂന്നു കുഞ്ഞുങ്ങളെയാണ് ഈയിടെ ആമസോണ്‍ പുറത്തിറക്കിയത്.  ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ മ്യൂസിക് ഫയലുകള്‍ സൂക്ഷിക്കുകയും അവ ഓണ്‍ലൈനായി തന്നെ ആസ്വദിക്കുകയും ചെയ്യാവുന്ന ക്ലൗഡ് പ്ലെയര്‍ തല്‍ക്കാലം അമേരിക്കയില്‍ മാത്രമേ ലഭിക്കു. ആരെങ്കിലും ആമസോണ്‍ വഴി സൗജന്യമായി ഒരു എം പി ത്രീ ആല്‍ബം വാങ്ങിയാല്‍ ഇരുപതു ജി ബി ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇരുപതു ജി ബി കാശുകൊടുത്തു വാങ്ങുകയാണെങ്കില്‍ വര്‍ഷത്തേക്ക് ഇരുപതു ഡോളര്‍ കൊടുക്കണം. ആയിരം ജി ബിക്ക് ആയിരം ഡോളറാണ് ഈടാക്കുന്നത്. 50, 100,200,500 ജിബിയായും ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ നിന്നു സ്ഥലം ലഭിക്കും.
  www.amazon.com/clouddrive ല്‍ ചെന്ന് ലളിതമായ രജിസ്‌ട്രേഷനിലൂടെ ക്ലൗഡ് ഡ്രൈവ് ഉപയോഗിച്ചു തുടങ്ങാം. കംപ്യൂട്ടറിലെ മൈഡോക്യുമെന്റ്‌സിന് സമാനമായി മ്യൂസിക്, പിക്‌ചേഴ്‌സ്, വീഡിയോസ് തുടങ്ങിയ ഫോള്‍ഡറുകളില്‍ നമുക്കു വേണ്ട ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. വേണമെങ്കില്‍ സ്വന്തമായി ഫോള്‍ഡറുകളുണ്ടാക്കുകയുമാവാം.
  രണ്ട് ജി ബി (2048mb) വരെ വലിപ്പമുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെന്നതാണ് ആമസോണ്‍ ക്ലൗഡ് ഡ്രൈവിന്റെ പ്രത്യേകത. ഗൂഗിള്‍ ഡോകില്‍ സൗജന്യമായി കാല്‍ ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ പറ്റൂ. ഫോര്‍ഷെയേഡില്‍ (www.4shared.com) രണ്ട് ജി ബി വരെയുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെങ്കിലും കാത്തിരുന്നു കണ്ണു കഴക്കണം. പോരാത്തതിന് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ രണ്ടു മൂന്നു വിന്‍ഡോകള്‍ തുറന്ന് അവരുടെ സൗകര്യത്തിന് 'കൗണ്‍ഡൗണ്‍' നോക്കിയിരിക്കുകയും വേണം. ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ ഒറ്റ ക്ലിക്കിന് ഫയലുകള്‍ കമ്പ്യൂട്ടറിന്റെ 'മേശപ്പുറത്തെ' ത്തും. പോരെ...

ഡ്രോപ്‌ബോക്‌സ് - നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്


കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് വംശനാശം വംശനാശം
 സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്'  ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും.  മറ്റുള്ളവരെപോലെ കാശു കൊടുക്കാതെ സ്വന്തമായി രണ്ടു ജി ബി സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലേയോ വീട്ടിലേയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍ നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ ഡ്രോപ്‌ബോക്‌സിലെ 'അലമാര'യില്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിംഗ് സര്‍വ്വീസാണ് ഡ്രോപ്പ് ബോക്‌സ് എന്ന് ചുരുക്കം.
     ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍ നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജിബി സൗജന്യ സേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജിബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി ബി യും കിട്ടും.
   ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതാതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനു പകരം ഡ്രോപ്‌ബോക്‌സ് അതാതു സമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.
  അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇ മെയില്‍ അഡ്രസ്സും പാസ്സ്വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.
   വീട്ടിലേയും ഓഫീസിലേയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സിഡിയിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യട്ടറിലേയും നെറ്റിലേയും മൊബൈലിലേയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിംഗ് (Synchronize) മാജിക്കാണ് ഇത്.
  സാധാരണ ഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയ ഒരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുമുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1  (blog.perry-wolf.de/dropbox-shell-tools-now-in-english) എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതു ഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.
   സൗജന്യമായി കിട്ടുന്ന രണ്ടു ജിബി ചുരുങ്ങിയത് മൂന്നു ജിബിയായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നുമാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ് ബോക്‌സ് കണക്ടു ചെയ്താല്‍ 128 എം ബി സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകും ചെയ്താല്‍ അത്രയും കൂടി കിട്ടും. പോരെ !!!

ഹവാരിയ - ദുരന്തങ്ങള്‍ക്കുവേണ്ടി തത്സമയം


മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രീന്‍ലാന്‍ഡ് ദ്വീപിലോ ആരും ചെന്നെത്താത്ത ആമസോണ്‍ വനങ്ങളിലോ ഇങ്ങ് മഹാരാഷ്ട്രയിലോ എവിടെ എന്ത് ദുരന്തമുണ്ടായാലും ഉടന്‍ നമുക്കു മുന്നിലെത്തിക്കുന്ന ഒരു വെബ്‌സൈറ്റുണ്ട്. ഉപഗ്രഹചിത്രത്തിനു മുകളില്‍ ഭൂകമ്പമാണോ പകര്‍ച്ചാവ്യാധിയാണോ പ്രളയമാണോ എന്താണുണ്ടായതെന്നു അടയാളപ്പെടുത്തി കൃത്യമായി പറഞ്ഞു തരുന്ന ഒരു കിടിലന്‍ വെബ്‌സൈറ്റ്. RSOE ഹവാരിയ എന്നറിയപ്പെടുന്ന ഈ സംവിധാനം www.hisz.rsoe.hu എന്ന അഡ്രസ്സില്‍ ലഭിക്കും.  ഓര്‍ത്തിരിക്കാന്‍ ഒരു പത്തു തവണയെങ്കിലും ചൊല്ലിപ്പഠിക്കേണ്ടിവരുമെങ്കിലും ആള്‍ വലിയ ഉപകാരിയാണ്.
   ലോകത്തിലെ എല്ലായിടത്തുമുള്ള ദുരന്തങ്ങളറിയണോ അതോ യൂറോപ്പിലേയോ ഏഷ്യയിലേയോ ഓസ്‌ട്രേലിയയിലേയോ മാത്രം മതിയോ എന്നു നമുക്ക് ഹോംപേജില്‍ നിന്നു തീരുമാനിക്കാം. മാപ്പിനു മേലെ അടയാളപ്പെടുത്തിയ വിവിധ നിറങ്ങളിലുള്ള ചിഹ്നങ്ങളില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി, എവിടെ എപ്പോള്‍ എന്ത് ദുരന്തമാണുണ്ടായതെന്ന് ഉടന്‍ തെളിഞ്ഞു വരും. ഇനി കൂടുതലറിയണമെങ്കില്‍ 'details' ലേക്കു പോയാല്‍ മതി. സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും, സംഭവസ്ഥലത്തുനിന്നുള്ള പുതിയ വിവരങ്ങളും, ചിത്രങ്ങളും, വീഡിയോ റിപ്പോര്‍ട്ടുകളും, രാജ്യത്തേക്കുറിച്ചും ജനതയേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും റെഡി. വേണമെങ്കില്‍ ദുരന്തം എവിടെയാണെന്ന് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി കാണിച്ചു തരുകയും ചെയ്യും. ഒരു സാധാരണക്കാരന് ഇത്രയും പോരെ?. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കാര്യങ്ങള്‍ കൃത്യമായി സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ കൊണ്ടെത്തിക്കാനും, ഇ മെയില്‍ അലേര്‍ട്ടും, ആര്‍ എസ് എസ് ഫീഡുമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വേറെയുമുണ്ട്.
   ഹംഗറിയാണ് ഹവാരിയയുടെ ജന്മദേശം. ഹംഗേറിയന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ഡിസ്ട്രസ്സ് സിഗ്നലിങ് ആന്റ് ഇന്‍ഫോ കമ്മ്യൂണിക്കേഷന്റെ (RSOE) പല സേവനങ്ങളില്‍ ഒന്നു മാത്രമാണിത്. അതിനു കീഴിലുള്ള എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് (EDIS ) ഹവാരിയ തയ്യാറാക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റ്് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമ
ുഖ സന്നദ്ധ സംഘടനയാണ് RSOE. പ്രകൃതിയേയും മനുഷ്യനേയും കാലാവസ്ഥയേയും ബാധിക്കുന്ന ദുരന്തങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് ഹംഗേറിയന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗമുള്‍പ്പെടേയുള്ള ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളേയും പൊതു ജനങ്ങളേയും അറിയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ എഴുനൂറോളം വാര്‍ത്താ വിതരണ സംവിധാനങ്ങളും ജി പി എസ് പോലുള്ള സേവനങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡികളൊന്നും വാങ്ങാതെ ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിന്റെ പരിശ്രമമാണ് ഇത്തരമൊരു സംവിധാനത്തിനു പിന്നില്‍.
ഓഫ് ടോക്ക് : ഇങ്ങ് കേരളത്തില്‍ ശബരിമല ദുരന്തത്തിനു പിന്നാലെ  ഈ പ്രദേശത്തിന്റെ ഒന്നാം തരം ത്രിമാന സാറ്റലൈറ്റ് ചിത്രം നല്‍കാമെന്നും പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാമെന്നും ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ സര്‍ക്കാരിന് വാഗ്ദാനം നല്‍കി. - ആരും കമാന്ന് മിണ്ടിയില്ല

ഡെക്‌സ്‌ടോപ്പിന് ക്ലിയറായ ഒരു ലോക്ക് !!!


 കുറച്ചു നേരത്തേക്ക് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു മാറിനില്‍ക്കുമ്പോള്‍ മറ്റൊരാളുടെ ക്ലിക്ക് ഡെസ്‌ക്ടോപ്പില്‍ വീഴാതിരിക്കാന്‍ നമ്മള്‍ എന്തു ചെയ്യും ?. ലോഗ് ഓഫ് ചെയ്യും എന്നായിരിക്കും എല്ലാവരും തരുന്ന ഉത്തരം. നമ്പര്‍ ലോക്കിട്ട് ബ്രീഫ് കെയ്‌സ് പൂട്ടിവെക്കുന്നതിനു തുല്യമാണ് പാസ്‌വേഡിട്ട് ലോഗ് ഓഫ് ചെയ്യുന്ന പരിപാടി. കാര്യമായി വല്ലതും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ കംപ്യൂട്ടറിനെ മറ്റെന്തെങ്കിലും ജോലി ഏല്‍പ്പിച്ചു മാറി നില്‍ക്കുമ്പോഴോ ഡെസ്‌ക് ടോപ്പ് കണ്ടു കൊണ്ടു തന്നെ നമുക്ക് കംപ്യൂട്ടറിനെ താല്‍ക്കാലികമായി പൂട്ടിയിടാന്‍ ഒരു വിദ്യയുണ്ട്. ക്ലിയര്‍ ലോക്ക് എന്ന വളരെ ലളിതമായ സോഫ്റ്റ് വേര്‍. പേരു പോലെ തന്നെ ഡൈസ്‌ക് ടോപ്പ് ക്ലിയറായി കണ്ടുകൊണ്ടു ലോക്കു ചെയ്യുന്ന പരിപാടിയാണിത്.
   www.snapfiles.com/get/clearlock.html എന്ന ലിങ്കില്‍ പോയാല്‍ കഷ്ടിച്ച് ഒരു എംബി മാത്രം വലിപ്പമുള്ള ക്ലിയര്‍ ലോക്ക് ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്ന ഉപയോഗിക്കുകയും ചെയ്യാം. ക്ലിയര്‍ ലോക്ക് എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പാസ്‌വേഡ് ചോദിക്കും. രണ്ടിടത്ത് പാസ്സ്അവേഡ് നല്‍കിയാല്‍ ഒരു കൂറ്റന്‍ ഇരുമ്പു വാതില്‍ അടക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഡെസ്‌ക്ടോപ്പ്  അകത്തുള്ളതെല്ലാം കാണുന്ന ഒരു നേര്‍മ്മയുള്ള ആവരണം കൊണ്ടു മൂടും. ഒപ്പം പാസ്സ്‌വേഡുനല്‍കി ഡെസ്‌ക്ടോപ്പ് തുറക്കാനുള്ള ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓരോ തവണ ഡെസ്‌ക്ടോപ്പ് ലോക്ക് ചെയ്യേണ്ടപ്പോഴൊക്കെ ക്ലിയര്‍ലോക്കില്‍ ക്ലിക്കു ചെയ്താല്‍ മാത്രം മതി..
  പാസ്സ്‌വേഡു മറന്നാല്‍ നമ്മുടെ വിലപ്പെട്ട സമയത്തില്‍ അഞ്ചുമിനിട്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തെറ്റായ പാസ്സ്‌വേഡ് ടൈപ്പു ചെയ്താല്‍ മൂന്നുതവണ മാത്രമേ ക്ലിയര്‍ലോക്ക് ക്ഷമിക്കൂ. മൂന്നാമത്തെ തവണയും നല്‍കുന്ന പാസ്സ്വേഡ് തെറ്റാണെങ്കില്‍ ആള്‍ അഞ്ചു മിനിട്ടു നേരം പരിഭവിക്കും, അതിനു ശേഷമേ വീണ്ടും പാസ്സ്‌വേഡു നല്‍കാന്‍ സമ്മതിക്കൂ. ഇനി നിലവിലുള്ള പാസ്സ്‌വേഡ് മാറ്റണമെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നമ്മള്‍ പാസ്സ്‌വേഡ് സെറ്റു ചെയ്താല്‍ ക്ലിയര്‍ലോക്ക് ഐക്കണിനു സമീപം പ്രത്യക്ഷപ്പെടുന്ന ClearLock.ini ഫയല്‍ ഡിലീറ്റു ചെയ്തു കളഞ്ഞാല്‍ മതി. ക്ലിയര്‍ ലോക്ക് ഐക്കണെടുത്ത് ഡെസ്‌ക്‌ടോപ്പിലിട്ടാല്‍ നമുക്കെപ്പോഴും ഉപയോഗിക്കാനും സൗകര്യമായിരിക്കും.