Thursday, May 26, 2011

ഇനി എഴുതി സൂക്ഷിക്കാം ഡിജിറ്റലായി


ഒരു കാര്യം സ്വന്തം കൈപ്പടയിലെഴുതി നല്‍കുമ്പോള്‍ നമ്മുടെ മനസ്സ് അതേപടി പറിച്ചു നല്‍കുകയാണ് എന്നു പറയാറുണ്ട്. സ്വന്തം കൈയക്ഷരത്തിന് ഒരാളുടെ മാനസികാവസ്ഥയേയും സ്വഭാവത്തേയുമൊക്കെ ഉള്‍ക്കൊള്ളിക്കാനുള്ള കഴിവുണ്ട്. കംപോസ് ചെയ്യുന്നതിനേക്കാള്‍ കൈയെഴുത്തിന് മാനസികമായ അടുപ്പം വെച്ചു പുലര്‍ത്താമെന്നതുകൊണ്ടാണ് പലരും എഴുത്തുകള്‍ കൈകൊണ്ടെഴുതി ഇ മെയില്‍ ചെയ്യുന്നതു തന്നെ.  വിവര സാങ്കേതികതവിദ്യയുടെ കാലത്ത് 'എഴുത്തി' നെ എങ്ങിനെ സംരക്ഷിക്കാം. അവയെല്ലാം സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാം എന്ന് വളരെ ലളിതമായ ഉത്തരം. കാലത്തിനനുസരിച്ച മറ്റൊന്നു കൂടിയുണ്ട്. എഴുതിയ വാക്കുകള്‍ അതേപടി സൂക്ഷിച്ചുവെക്കുന്ന ഒരു പേന. എഴുതിയതു മാത്രമല്ല നമ്മള്‍ പറഞ്ഞ കാര്യങ്ങളും എക്കോ സ്മാര്‍ട്ട് പെന്‍ എന്ന ഈ അത്ഭുത പേന ശേഖരിച്ചു വെക്കും.
   പേനയല്ല കൊച്ചു കമ്പ്യൂട്ടര്‍ തന്നെയാണിത്. ഒരു നിബ്ബ്, മെമ്മറി സ്‌റ്റോറേജ്, ബില്‍റ്റ് ഇന്‍ സ്പീക്കര്‍, മൈക്രോഫോണ്‍, എല്‍ ഇ ഡി ഡിസ്‌പ്ലേ, ഓഡിയോ ജാക്ക്, യു എസ് ബി കണക്ടര്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പേനകൊണ്ട് എഴുതുമ്പോള്‍ തന്നെ അക്ഷരങ്ങള്‍ അതേപടി മെമ്മറിയില്‍ സൂക്ഷിക്കും. ഒപ്പം അപ്പോഴുള്ള ശബ്ദവും. അതേ പ്രതലത്തില്‍ തൊട്ടാല്‍ അപ്പോള്‍ റെക്കോര്‍ഡു ചെയ്തതൊക്കെ വീണ്ടും കേള്‍ക്കാം. അതായത് ഒരു മീറ്റിങ്ങിലോ ക്ലാസിലോ ആണെങ്കില്‍ ആള്‍ ഉപകാരിയാണെന്നര്‍ത്ഥം.
  യു എസ് ബി വഴി കംപ്യൂട്ടറുമായി കണക്ട് ചെയ്ത് എഴുത്തും ശബ്ദവുമൊക്കെ ബാക് അപ് ചെയ്യാം. നോട്ടുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെടുക്കാം. ഫെയ്‌സ്ബുക്കിലൂടെയോ ഗൂഗിള്‍ നോട്‌സിലൂടെയോ എവര്‍നോട്ടിലൂടെയോ കൈയെഴുത്തു പ്രതി അതേപോലെ കൂട്ടുകാര്‍ക്ക് കൈമാറാം. പറയാനാണെങ്കില്‍ ഒരുപാടുണ്ട്. www.livescribe.com ല്‍ ചെന്നാല്‍ കൂടുതല്‍ വിരങ്ങളറിയാം.
  രണ്ട് ജി ബിയുള്ള എക്കോ സ്മാര്‍ട്ട് പേനയുടെ വില 99 ഡോളറാണ്. നാലു ജി ബി പേനക്ക് നൂറ്റമ്പതും എട്ടു ജിബി പേനക്ക് ഇരുനൂറ്റമ്പതും ഡോളറാണ് വില.

ഓപ്പറ 11.1


   കാണാന്‍ ഏറെ സുന്ദരനാണ് ഓപ്പറ 11.1 ബ്രൗസര്‍. ഇളം നീലനിറത്തിലുള്ള തീമും ഗൂഗിളിന്റെ സെര്‍ച്ച് സംവിധാനത്തിന്റെ പിന്‍ബലവുമാണ് ക്രോമിന്റെ പ്രത്യേകതയെങ്കില്‍ കാഴ്ചയില്‍ കറുപ്പിന്റെ ഏഴഴക് മാത്രമല്ല മറ്റു ചില കാര്യങ്ങളിലും ഓപ്പറ മറ്റുള്ളവരെയെല്ലാം കവച്ചു വെക്കും. കുറഞ്ഞ സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനിലും ഇമേജുകള്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്യാവുന്ന ടര്‍ബോ മോഡാണ് അതില്‍ എടുത്തു പറയേണ്ടത്.
    ബ്രോഡ് ബാന്റിന്റെ കാലമാണെങ്കിലും പലപ്പോഴും നെറ്റിന്റെ സ്പീഡ് വില്ലനായി പ്രത്യക്ഷപ്പെടാറുണ്ട്. സെല്‍ഫോണിലൂടെ നെറ്റ് ഉപയോഗിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. നമ്മള്‍ ഒരു വെബ്‌സൈറ്റ്  ആവശ്യപ്പെട്ടാല്‍ അവയുടെ സെര്‍വറുമായി ബന്ധം സ്ഥാപിച്ച ശേഷം ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ നേരിട്ട് നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണിച്ചു തരികയാണ് സാധാരണ വെബ് ബ്രൗസറുകളുടെ രീതി. എന്നാല്‍ ഓപ്പറ 11.1 അങ്ങനെയല്ല. ഇമേജുകളെ ഓപ്പറ 11.1 അവരുടെ സെര്‍വറില്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യും. പിന്നീട് കംപ്രസ് ചെയ്ത്  ഇമേജുകളുടേയും മറ്റും വലിപ്പം കുറച്ച ശേഷമാണ് നമ്മുടെ കംപ്യൂട്ടറിലെത്തിക്കുന്നത്.
   ക്രോമിനെ ലക്ഷ്യം വച്ച് ഗൂഗിള്‍ തയ്യാറാക്കിയ പുതിയ ഇമേജ് ഫോര്‍മാറ്റാണ് വെബ്പി(.webp). ജെ പി ജി യേയും ജിഫിനേയും അപേക്ഷിച്ച് വളരെ ചെറിയ വലിപ്പവും അതേസമയം ഉയര്‍ന്ന വ്യക്തതയുമാണ് വെബ്പി യുടെ പ്രത്യേകത. വെബ്പി അടിസ്ഥാനമാക്കിയാണ് ഓപ്പറ 11.1 ന്റെ ടര്‍ബോ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ജെ പി ജി ഫോര്‍മാറ്റിലും മറ്റുമുള്ള ചിത്രങ്ങള്‍ അവയുടെ വ്യക്തതക്ക് കോട്ടം തട്ടാതെ വെബ്പിയിലേക്ക് മാറ്റി നമ്മുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ഓപ്പറയുടെ പുതിയ പതിപ്പ്. മറ്റു വെബ്‌സൈറ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കണക്ഷന്‍ വേഗതകുറവുകൊണ്ടും ബാന്റ വിഡ്ഡ്ത് പ്രശ്‌നങ്ങള്‍ കൊണ്ടുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ മടികാണിക്കുന്ന വെബ്‌സൈറ്റുകള്‍ ഓപ്പറ 11.1 ല്‍ വളരെ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

Tuesday, May 10, 2011

മൈ ഫാം - കളിയുംകാര്യവും


ഫെയ്‌സ്ബുക്കില്‍ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും 'സമ്പന്ന'ന്മാരായ നിരവധി പേരുണ്ട് നമ്മുക്കു ചുറ്റും. ഫാംവില്ലെ എന്ന നാശം പിടിച്ച ഗെയിമിനേക്കുറിച്ച് വിലപിച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാക്കളാവാനും പലരും ശ്രമിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടറിനു മുന്നില്‍ കൃഷി ചെയ്യുന്ന നേരം കൊണ്ട് നാലു വാഴത്തൈ നട്ടു വെള്ളമൊഴിച്ചാല്‍ ... എന്നു വഴക്കു പറയാന്‍ വരട്ടെ. www.my-farm.org.uk എന്ന വെബ്‌സൈറ്റിലൊന്നു പോയി നോക്കിയിട്ടാവാം.
   ലോകത്തിന്റെ ഏതങ്കിലും മൂലയിലെ സെര്‍വറിലുള്ള വര്‍ച്വല്‍ കൃഷിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഫാംവില്ലെയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് 'മൈഫാം' തുടങ്ങിയതെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കും അത്രമാത്രം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ വിംപോല്‍ എസ്‌റ്റേറ്റില്‍ 2500 ഏക്കറുള്ള യഥാര്‍ത്ഥ ഫാമില്‍ കൃഷിയിറക്കാനുള്ള അവസരമാണ് മൈ ഫാം നല്‍കുന്നത്. ആട് കോഴി മുതല്‍ മരങ്ങള്‍വരെയുണ്ട് ഇവിടെ. നാഷണല്‍ ട്രസ്റ്റ് നടത്തുന്ന ഫാമില്‍ റിച്ചാര്‍ഡ് മോറിസ് എന്ന മാനേജരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ പാരമ്പര്യമുള്ള ഫാമാണ് ഇത്.
  ഫാം വില്ലെ പോലെ സൗജന്യമല്ല ഇവിടത്തെ കൃഷി. വെറുതെ കണ്ണില്‍ കണ്ടവരെയൊക്കെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുവരാനും പറ്റില്ല.  മൈഫാമില്‍ കൃഷിയിറക്കാന്‍ മുപ്പതു പൗണ്ട് കൈയില്‍ വേണം, അതും ഒരു വര്‍ഷത്തേക്ക്. ആദ്യത്തെ പതിനായിരം പേരെ മാത്രം കൃഷിയിടത്തില്‍ ഇടപെടാന്‍ അനുവദിക്കും. മൈഫാമിന്റെ വെബ്‌സൈറ്റില്‍ കയറി ആദ്യം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് ഈ വെബ്‌സൈറ്റുവഴിയാണ് നമ്മള്‍ ഫാമിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത്. മുപ്പതു പൗണ്ട് കൊടുത്താല്‍ മുപ്പത്തിയെട്ടു പൗണ്ട് വരുന്ന ഫാമിലി ടിക്കറ്റ് തരും, ഫാം സന്ദര്‍ശിക്കാന്‍. തല്‍ക്കാലം അത്രയേയുള്ളൂ.
  കൃഷിയേക്കുറിച്ചുമൊക്കെയുള്ള വിപുലമായ ചര്‍ച്ചാവേദിയാണ് മൈഫാമിന്റെ കാതല്‍. അംഗങ്ങള്‍ വോട്ടിങിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മാനേജരുടെ നേതൃത്വത്തില്‍ ഫാമില്‍ കാര്യങ്ങള്‍ നടക്കും. മെയ്മാസം 26 മുതല്‍ അഗംങ്ങള്‍ വെബ്‌സൈറ്റുവഴി നടത്തുന്ന വോട്ടെടുപ്പിലൂടെ പ്രധാന തീരുമാനങ്ങളെടുക്കും. മാസത്തില്‍ ഒരിക്കലെങ്കിലും നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഫാമിന്റെ സുതാര്യമായ ഭരണം മുന്നോട്ടു പോകും. ഇപ്പോള്‍ പച്ചപ്പുല്ലും തണുത്ത കാറ്റുമുള്ള ഫാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
  വെര്‍ച്വല്‍ ലോകത്തേതുപോലെ യഥാര്‍ത്ഥ ലോകത്തുനടത്തുന്ന കൃഷി സൂപ്പര്‍ഹിറ്റാകുമോ എന്നു ചോദിച്ചാല്‍ റിച്ചാര്‍ഡ് മോറിസിന് ഒരു ഉത്തരമേ തരാനുള്ളൂ. കൃഷിക്ക് അതെ എന്നോ അല്ല എന്നോ വ്യക്തമായ ഉത്തരം തരാനാകില്ല, എപ്പോഴും കൃഷി എന്നാല്‍ വിട്ടുവീഴ്ചയാണ്. എന്നുവെച്ചാല്‍ വിശാലമനസ്സും ശുഭാപ്തിവിശ്വാസവുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മൈഫാമിലെത്താം. വെറുതെ ഗെയിം കളിച്ച് കളയുന്ന ബുദ്ധി ക്രിയാത്മകമാക്കാം.
  മൈഫാം എന്ന സങ്കല്പത്തിനു പിന്നില്‍ മറ്റൊരു കച്ചവട ബുദ്ധിയുമുണ്ട്. ലോകത്തെ പലരുടേയും ബുദ്ധിയുപയോഗിച്ച് വിക്കിപ്പീഡിയ ഭൂലോകബുദ്ധിമാനായതുപോലെയൊരെണ്ണം. വിവിധ രാജ്യത്തുനിന്നും വിവിധ സംസ്‌കാരത്തിന്റെ (കാര്‍ഷിക എന്നുകൂടി കൂട്ടിവായിക്കണം) പ്രതിനിധികളായ പതിനായിരം പേരാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് പകരം പതിനായിരം പേരുടെ തലയാണ് 2500 ഏക്കര്‍ ഫാമിന്റ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നര്‍്ത്ഥം. എന്നു വെച്ചാല്‍ മൈഫാം സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പ്.  മൈഫാമിലെ പ്രാരംഭചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

Thursday, May 5, 2011

പട്ടാള ബ്ലോഗിംങിന് ഇത് നല്ലകാലം


ലോകസാഹിത്യ ഭുപടത്തില്‍ പട്ടാളക്കാരന്റെ സ്ഥാനം എന്താണ്? കേന്ദ്ര കഥാപാത്രവും പലപ്പോഴും ഹാസ്യകഥാപാത്രവുമൊക്കെയായി മാറുന്ന പട്ടാളക്കാരന്റെ യഥാര്‍ത്ഥ ജീവിതം പലരീതിയില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. വീട്ടുകാരില്‍ നിന്നും അകന്ന് കഴിയുന്ന, അതേസമയം സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം നന്നായി അപഗ്രഥിക്കുന്ന പട്ടാളക്കാരുടെ ചിന്തകള്‍ സാഹിത്യരംഗത്തുമാത്രമല്ല ഇലക്ട്രോണിക് മാധ്യമ രംഗത്തും തുടക്കം മുതലേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
   വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നു കാണുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കൂണു പോലെ മുളച്ചു പൊന്തുന്നതിനും മുമ്പ് ആശയ ആവിഷ്‌കരണത്തിന്റെ ജനാധിപത്യ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ബ്ലോഗുകളുടെ നല്ല കാലത്ത് മിലിട്ടറി ബ്ലോഗിംങിന് ഏറെ വായനക്കാരുണ്ടായിരുന്നു. ഇന്നുമുണ്ട്. വിക്കിലീക്‌സിനു മുമ്പ് ഇറാഖിലേയും അഫ്ഗാനിസ്താനിലേയും യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തു വന്നത് പട്ടാളക്കാരുടേയും അവരുടെ ബന്ധുക്കളുടേയുമൊക്കെ ബ്ലോഗ് പോസ്റ്റുകളിലൂടെയായിരുന്നു.
  അതുതന്നെയാണ് പട്ടാളക്കാരുടെ ആശയ പ്രകാശനത്തിന് തിരിച്ചടിയായതും. 2007 ല്‍ വന്‍ഹിറ്റായ അമേരിക്കന്‍ പട്ടാള ബ്ലോഗെഴുത്തുകാര്‍ക്ക് പലര്‍ക്കും തലപ്പത്തുനിന്ന് പിടിമുറുക്കിയതുമൂലം എഴുത്തു തന്നെ നിര്‍ത്തേണ്ടിവന്നു. എങ്കിലും അവര്‍ക്ക് അംഗീകാരം കിട്ടിയില്ലെന്നു പറയാനാകില്ല. പട്ടാളവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരെപോലും അതിശയിപ്പിച്ച് ആ വര്‍ഷം ഒരു കൂട്ടം ബ്ലോഗര്‍മാര്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വൈറ്റ് ഹൗസില്‍ വിരുന്നു നല്‍കിയിരുന്നു. പിന്നീട് ബ്ലോഗിനെ നിഷ്പ്രഭമാക്കി ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെയെത്തി. പട്ടാളക്കാരുടെ ഫെയ്‌സ്ബുക്കിലെ കടന്നു കയറ്റം അവസാനിപ്പിക്കാന്‍ മില്‍ബുക്ക് എന്ന പേരില്‍ അമേരിക്ക തന്നെ സമാനമായ മറ്റൊരു വേദി തുടങ്ങി.
  കാലക്രമേണ മങ്ങിപ്പോയ പട്ടാള ബ്ലോഗെഴുത്തുകള്‍ക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍. പട്ടാളക്കാരുടെ ബ്ലോഗ് പോസ്റ്റുകള്‍ അടുക്കിപ്പെറുക്കി നല്‍കാനായി www.milblogging.com എന്ന പേരില്‍ നേരത്തേ ഒരു അഗ്രഗേറ്റര്‍ തുടങ്ങിയിരുന്നു.  മില്‍ബ്ലോഗിംഗ് സംഘടിപ്പിച്ച ആറാമത് പ്രതിവര്‍ഷ കോണ്‍ഫറന്‍സില്‍ പട്ടാളബ്ലോഗിംങിനെ മുന്‍നിരയിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞത് രണ്ടു തവണ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പദവിയലങ്കരിച്ച ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് ആണ്. റംസ്‌ഫെല്‍ഡ് മാത്രമല്ല കോണ്‍ഫറന്‍സിലെത്തിയവരില്‍  ഉന്നത സ്ഥാനമലങ്കരിച്ച പലരും പട്ടാളബ്ലോഗുകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രതിജ്ഞ ചെയ്തു
   വിക്കിലീക്‌സിനു ശേഷം പട്ടാള ബ്ലോഗുകള്‍ക്കുണ്ടായ ഉയിര്‍ത്തെഴുനേല്‍പ്പ് മില്‍ബ്ലോഗിങ് അടക്കമുള്ള വിവിധ അഗ്രഗേറ്ററുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുഖ്യധാരാ പോര്‍ട്ടലുകളും മറ്റും ഇത്തരം ബ്ലോഗുകള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കുന്നുണ്ട്. എല്ലാ രാജ്യത്തു നിന്നുള്ള പട്ടാള എഴുത്തുകള്‍ക്കും മില്‍ബ്ലോഗിങ് പ്രാധാന്യം നല്‍കുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. ഇത്തരം ബ്ലോഗുകളെ ആധികാരികമായെടുത്തുകൊണ്ട് പത്രമാധ്യമങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും പട്ടാള ബ്ലോഗിങിന്റെ നല്ല കാലത്തേയാണ് കാണിക്കുന്നത്. പെന്‍ഷനായ പട്ടാളക്കാരുടെ എഴുത്തുകള്‍ പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകാറുമുണ്ട്. എന്തൊക്കെയായാലും  ആഗോളതലത്തില്‍ പട്ടാള ബ്ലോഗിങിന് പരിഗണന ലഭിക്കുന്നത് മാധ്യമ രംഗത്തു തന്നെ പല വിപ്ലവങ്ങള്‍ക്കും വഴി തെളിയിച്ചേക്കാം.

Thursday, April 28, 2011

ഫ്രൈഡേ ആപ്, നിത്യജീവിതത്തിന്റെ ലോഗ്ബുക്ക്


കോള്‍രജിസ്റ്റര്‍ പരിശോധിച്ചാല്‍ കുറച്ചു ദിവലത്തെ ഫോണ്‍കോളുകളുടെ കണക്കെടുക്കാം. എസ് എം എസ് സംഭരണി നിറയുന്നതുവരെ അതും ശേഖരിക്കാം. ഫോണ്‍ കോളും, ഇ മെയിലും, എസ് എം എസും, സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, കേട്ട പാട്ടുകളും ... സെല്‍ഫോണില്‍ നമ്മള്‍ ചെയ്തതെന്നും ഒരു കുടക്കീഴില്‍ ക്രമമായി അടുക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍? അതിനെ ഫ്രൈഡേ ആപ് എന്നു വിളിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുവേണ്ടി മാത്രമുള്ള സോഫ്‌റ്റ്വേറാണിത്.
   ഫ്രൈഡേ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മതിയാകും. നാം നില്‍ക്കുന്ന സ്ഥലവും ഊരും പേരും കാണിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അങ്ങേര്‍ ജോലി തുടങ്ങിക്കോള്ളും.  നമ്മള്‍ സെല്‍ഫോണില്‍ ചെയ്യുന്ന എന്തിന്റേയും ചരിത്രം രേഖപ്പെടുത്തിവെക്കും, ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ.
   ഒരു ചിത്രം ക്ലിക്കു ചെയ്യുന്നതും നമ്മള്‍ ആരോട് എന്തൊക്കെ പറഞ്ഞു, ഏത് പാട്ടുകള്‍ കേട്ടു തുടങ്ങി നമ്മുടെ ഓരോ ദിവസത്തേയും ജീവിതം കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ലോഗ്ബുക്ക് എന്ന നിലയിലാണ് ഫ്രൈഡേ ആപ്പിനെ നോക്കിക്കാണേണ്ടത്. നമ്മുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയത്തെല്ലാം ഫ്രൈഡേ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും, ഒരു പേഴ്‌സണല്‍ സെക്രട്ടറിയുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ടാകും.
   വിവരങ്ങള്‍ നെറ്റിലല്ല നമ്മുടെ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക എന്നതുകൊണ്ട് സുരക്ഷ ഒരു പ്രശ്‌നമല്ല. ആരെങ്കിലും കൈമാറി ഉപയോഗിച്ചാല്‍ തന്നെ പാസ്സ്‌വേുണ്ടെങ്കിലേ വിവരങ്ങളറിയാനാകൂ.    ഫ്രൈഡേ ശേഖരിച്ച വിവരങ്ങള്‍ സമയം വെച്ചും ആളുടെ പേരുവെച്ചും മറ്റ് കീവേഡുകള്‍ വെച്ചുമൊക്കെ തിരഞ്ഞു കണ്ടുപിടിക്കാം. ഫ്രൈഡേ ആപ് വേണ്ടവര്‍ friday-app.com ലൊന്നു സന്ദര്‍ശിച്ചാല്‍ മതി.

Thursday, April 21, 2011

THE YOUTH ICON


വിവര സാങ്കേതിക വിദ്യയുടെയുടെ അടിമകളെന്ന് മുദ്രകുത്തിയ യുവാക്കള്‍ അതേ മാധ്യമങ്ങളുപയോഗിച്ചു നടത്തിയ ജനകീയപ്രക്ഷോഭം വിജയിച്ചത് ടുണീഷ്യയിലും ഈജിപ്തിലും പിന്നെ പല അറബ് രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. വിദ്യാഭ്യാസ സംവിധാനവും ജോലി സാഹചര്യങ്ങളും മാറിയപ്പോള്‍ പ്രക്ഷോഭങ്ങളുടെ രീതിയും മാറി. ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണുള്‍പ്പടെയുള്ള നൂതന മാധ്യമങ്ങളിലൂടെയുമുള്ള സാങ്കല്പിക(virtual) രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രചാരം ലഭിച്ചത് അങ്ങിനെയാണ്.  ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അന്നാ ഹസാരെയെന്ന 72 കാരന്റെ അഴിമതി വിരുദ്ധ സമരത്തിന് യുവജനങ്ങള്‍ പിന്തുണ നല്‍കിയതും ഫെയ്‌സ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലെ മറ്റ് പൊതുവേദികളിലൂടെയുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും ലഭിച്ച വന്‍ പിന്തുണയിലൂടെ ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറുകയായിരുന്നു ലോക്്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ അന്നാ ഹസാരെ നടത്തിയ സമരം. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഹസാരെ സംഘടിപ്പിച്ച സമരം ഏറെക്കുറേ അറബ് യുവജനങ്ങള്‍ കാണിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്.
   സന്നദ്ദ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ആശയ പ്രചാരണം നടത്തുന്നതും ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ്‌സൈറ്റുകളിലൂടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമൊക്കെ പരാതി അയക്കുകയും ചെയ്യുന്ന പാശ്ചാത്യ രീതിക്ക് ഈയടുത്ത കാലത്ത് ഇന്ത്യയിലും വന്‍ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അവ ഒരു ചടങ്ങുമാത്രമായി ഒതുങ്ങുകയായിരുന്നു പതിവ്. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുമുള്ള സാങ്കല്പിക (virtual) രാഷ്ട്രീയ പ്രവര്‍ത്തനം പൊതു മണ്ഡലത്തിലേക്ക് ഇറങ്ങി വന്നതും സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു എന്നതാണ് ഹസാരെ സമരത്തിന്റെ പ്രത്യേകത.

    ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരം സംഘടിപ്പിച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സമരം പിന്‍വലിച്ച് ഒരാഴ്ചകഴിഞ്ഞപ്പോഴും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളമായി. കണക്കു കൂട്ടി നോക്കിയാല്‍ ഈജിപ്തില്‍ പോലീസ് തല്ലിക്കൊന്ന ഖലീല്‍ മുഹമ്മദ് സയീദിനെ അനുസ്മരിച്ച് 'വി  ഓള്‍ ആര്‍ ഖലീല്‍ സയിദ്'  എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനേക്കാള്‍ വളര്‍ച്ച. മുപ്പതിനായിരത്തോളം പേരുള്ള നിരവധി സമാന ഗ്രൂപ്പുകളും ഫെയ്‌സ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടു. avaaz.org എന്ന പ്രചാരണ വെബ്‌സൈറ്റിലെ പരാതി പേജില്‍ ഒറ്റദിവസം കൊണ്ട് ഒപ്പിട്ടത് അഞ്ചു ലക്ഷം പേരാണ്. ഇതിനകം അത് ആറര ലക്ഷം കടന്നു. causes.com ല്‍ ഹസാരെക്കു ലഭിച്ച പിന്തുണ ഇതുവരെ 1.8 ലക്ഷം ആണ്. ജന്‍ലോക്പാല്‍, അന്നാ ഹസാരെ തുടങ്ങിയ ഹാഷ് ടാഗുകള്‍ പരിശോധിച്ചാല്‍ ട്വിറ്ററിലും വന്‍ ജനപിന്തുണ കാണാം. ഇമെയില്‍ പ്രചാരണവും വളരെ സജീവമായിരുന്നു. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്റെ (indiaagainstcorruption.org) വെബ്‌സൈറ്റില്‍ ഇതുവരെ ഹസാരെക്ക് പിന്തുണ നല്‍കിയത് 10,36, 600ല്‍ പരം പേരാണ്.
  വീട്ടിലിരുന്നു ട്രെയിന്‍ടിക്കറ്റ് ബുക്കു ചെയ്യുന്നതുപോലെ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ 'like' ബട്ടണ്‍ ക്ലിക്കു ചെയ്തു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് ഇതിനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കളിയാക്കിയത്. എന്നാല്‍ ഹസാരെ സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി കൈവിട്ടു പോയി. പതിവുപോലെ വാക്പയറ്റുകൊണ്ട് ഗോഷ്ടി കാണിക്കുന്ന ദൃശ്യമാധ്യമങ്ങളെ വരെ ഏറെ പിന്നിലാക്കി ഹസാരെ സമരം ഇന്റര്‍നെറ്റില്‍ കൊഴുത്തു. ഒടുവില്‍ ഫെയ്‌സ്ബുക്കിലും മറ്റും കത്തി നില്‍ക്കുന്നവരെ വിളിച്ചുവരുത്തി ക്യാമറക്കുമുന്നിലിരുത്തി സംസാരിപ്പിക്കേണ്ടി വന്നു അവര്‍ക്ക്.
   ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റു പൊതുവേദികളിലുമൊക്കെ സജീവമായത് ടെക്കികളും മാനേജ്‌മെന്റ് തലത്തിലുമൊക്കെ വലിയ പദവികള്‍ കൈയാളുന്ന യുവാക്കളും യുവതികളുമായിരുന്നു. ഒട്ടും രാഷ്ട്രീയ ബോധമില്ലെന്ന് നേതാക്കള്‍ പുഛിച്ചു തള്ളിയ യുവജനങ്ങളെ അവസാനം അഗീകരിക്കേണ്ടിവന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. ലോക്പാല്‍ പാനലില്‍ നിന്ന് ശരദ് പവാറിനെക്കൊണ്ട് രാജി വെപ്പിച്ചതും ചില്ലു കൂടാരത്തിലിരുന്ന താരങ്ങള്‍വരെ ജന്തര്‍മന്തറിലേക്ക് പിന്തുണയുമായി എത്തിയതും വെറും രാഷ്ട്രീയക്കാരെ വന്ന വഴി പറഞ്ഞയച്ചുതുമൊക്കെ ചരിത്രം.
  ഫെയ്‌സ്ബുക്ക് വഴി സംഘടിച്ചവര്‍ ചേര്‍ന്ന് ഡല്‍ഹിക്കു പുറമേ മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ്, തുടങ്ങിയ വന്‍ നഗരങ്ങളിലുള്‍പ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ റാലി നടത്തി. മെഴുകുതിരികള്‍ തെളിച്ചും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന റാലികളുടെ ചിത്രങ്ങളും വീഡിയയോയും റിപ്പോര്‍ട്ടുകളും അന്നാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്തു. യൂട്യൂബില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ രണ്ടായിരത്തില്‍ പരം വീഡിയോ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
   അന്നാ ഹസാരെയേയും അഴിമതി വിരുദ്ധ സമരത്തേയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തേയും പിന്തുണക്കുന്നു എന്ന് എഴുതിവച്ച നിരവധി ബാഡ്ജുകള്‍ ഫെയ്‌സ്ബുക്കിലെ സ്വന്തം ഫോട്ടോക്കൊപ്പം പതിച്ച് നിരവധി പേര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. അന്നാഹസാരെയെ പിന്തുണക്കുന്നു എന്നെഴുതിയ ടീഷര്‍ട്ടുകളില്‍ വന്‍നഗരങ്ങളില്‍ ചൂടപ്പം പോലെ വി്റ്റുപോയി. രണ്ടു പതിറ്റാണ്ടു മുമ്പ് ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിഞ്ഞ പ്രതിഷേധ വാക്യങ്ങളേക്കാള്‍ തീക്ഷണമായിരുന്നു പലപ്പോഴും പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ട മുദ്രാവാക്യങ്ങള്‍.
   ഇന്റര്‍നെറ്റിലെ പൊതുവേദികളിലുയര്‍ന്ന ജനകീയ വികാരം ഓണ്‍ലൈന്‍ ഗെയിമുകളിലും കണ്ടു. വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി 2 ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പ്രതിപാദിച്ച് അഴിമതിയില്ലാത്ത ഭരണകൂടം കെട്ടിപ്പടുക്കുക എന്ന സങ്കല്പമാണ് 'യെസ് പ്രൈം മിനിസ്റ്റര്‍ 'എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ കാതല്‍. ഇബിബോ(ibibo.com) പുറത്തിറക്കിയ ഈ ഗെയിമിനു പുറമേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി, സ്വിസ് ബാങ്ക് സ്‌കാം, ബില്‍ഡ് എ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് സ്‌നാപ്പ്സ്റ്റര്‍ തുടങ്ങി നിരവധി ഗെയിമുകളും ഹിറ്റായി. രാഷ്ട്രീയക്കാര്‍ക്കും പട്ടാളക്കാര്‍ക്കും കൈക്കൂലി നല്‍കി ഫഌറ്റു വാങ്ങുന്നതാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി എന്ന ഗെയിം. ഭരണാധിപരോട് പ്രതീകാതാമകമായി പ്രതിഷേധിച്ച് ഒടുവില്‍ അന്നാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഗെയിമുകള്‍ അവസാനിക്കുന്നത്.  ഏപ്രില്‍ ആദ്യം റിലീസ് ചെയ്ത യെസ് പ്രൈം മിനിസ്റ്റര്‍ എന്ന ഗെയിം ഉപയോഗിച്ച ഒന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മാത്രം ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുവേദികളിലെത്തിയത് എന്നാണ് കണക്ക്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും ഭരണകൂടത്തോടും അവര്‍ നടത്തുന്ന അഴിമതികളോടുള്ള പൊതു ജനപ്രതിഷേധം പ്രകടിപ്പിക്കുന്ന ഇത്തരം ഗെയിമുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെകൂടി ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയത്.
   തികഞ്ഞ ഗാന്ധിയനായ അന്നാ ഹസാരെയെ 'യുത്ത് ഐക്കണാ'യി സ്വീകരിക്കാന്‍ മടിയില്ലെന്ന് യുവാക്കള്‍ തെളിയിച്ചു. മറ്റു രാജ്യങ്ങളിലേതുപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ ചെറുത്തുനില്‍പ്പല്ലെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ നിരത്തിലറങ്ങാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു അന്നാ ഹസാരെ സമരത്തിനു ലഭിച്ച വന്‍ യുവജന പിന്തുണ.

Sunday, April 17, 2011

ഫൂളാക്കാനിറങ്ങി ഏപ്രില്‍ ഫൂളായത് ഗൂഗിള്‍


ചന്ദ്രനില്‍ തുടങ്ങാന്‍ പോകുന്ന 'ലുനാക്‌സ്' എന്ന ഗവേഷണ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചും, ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനുള്ള ബുദ്ധികൂര്‍മ്മത വര്‍ദ്ധിപ്പിക്കാന്‍ 'ഗുഗിള്‍ ഗര്‍പ്പ'് എന്ന സ്മാര്‍ട്ട് ഡ്രിങ്ക് അവതരിപ്പിച്ചും, ഇ മെയിലുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തിക്കുന്ന 'ജിമെയില്‍ പേപ്പര്‍' അവതരിപ്പിച്ചും ഗൂഗിള്‍ നമ്മളെ എത്രയോ തവണ ഏപ്രില്‍ ഫൂളാക്കിയതാണ്. 2007 ല്‍ അവതരിപ്പിച്ച ടോയ്‌ലറ്റിലെ മാലിന്യക്കുഴിലിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന TISP (Toilet Internet Service Provider) പോലെ തലതിരിഞ്ഞ ഏര്‍പ്പാടായിരുന്നു ഇത്തവണത്തെ ജി മെയില്‍ മോഷന്‍. മൗസും കീബോഡുമില്ലാതെ ശരീര ചലനങ്ങള്‍ കൊണ്ട് ജിമെയില്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഗൂഗിള്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ ഗൂഗിളിനെ തിരിച്ച് ഫൂളാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ നാട്ടില്‍ തന്നെയുള്ള ഒരു കൂട്ടം ഗവേഷകര്‍. അതും അതേ ദിവസം, ഏപ്രില്‍ ഒന്നിനു തന്നെ.
  ശരീരചലനങ്ങള്‍ കമ്പ്യൂട്ടറിലെ ക്യാമറ തിരിച്ചറിഞ്ഞ് ഇ മെയില്‍ സെന്റു ചെയ്യാനും മറുപടി അയക്കാനും ഫോര്‍വേഡ് ചെയ്യാനും അറ്റാച്ച് ചെയ്യാനുമൊക്കെ ജിമെയിലിനു നിര്‍ദ്ദേശം നല്‍കുന്ന സംവിധാനമാണ് ജി മെയില്‍ മോഷന്‍ എന്നാണ് വീഡിയോയിലൂടെയും ഗ്രാഫിക്‌സിലൂടെയും ഗൂഗിള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. ഈ കെണിയില്‍ വീണ് പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഏപ്രില്‍ ഫൂള്‍ എന്നു പറഞ്ഞ് ഗൂഗിള്‍ നമ്മളെയൊക്കെ കളിയാക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ ഈ കളി കണ്ട് 'മനസ്സില്‍ ഒരു ലെഡ്ഡു പൊട്ടിയ' തെക്കന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ 'ഹാക്കര്‍മാരാണ്' ഗൂഗിള്‍ മോഷന്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തത്.
    FAAST (Flexible Action and Articulated Skeleton Toolkit) എന്ന പേരില്‍ ഇവര്‍ മനുഷ്യന്റെ ശരീര ചലനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമായ എക്‌സ്‌ബോകസിന്റെ അനുബന്ധ ഉപകരണമായ കൈനെറ്റ് ഉപയോഗിച്ചാണ് ഈ പ്രോഗ്രാം ചലനങ്ങള്‍ മനസ്സിലാക്കി സോഫ്റ്റ്‌വേറിന് നിര്‍ദ്ദേശം നല്‍കുന്നത്. ഈ പ്രോഗ്രാം അടിസ്ഥാനമാക്കി മറ്റ് ചില സോഫ്റ്റ്‌വേറുകള്‍ കൂടി ഉള്‍പെടുത്തി ജിമെയില്‍ ആംഗ്യചലനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് കാണിച്ചുകൊടുക്കുകയായിരുന്നു ഈ ഗവേഷകര്‍. ജി മെയില്‍ മോഷന്റെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കുമെന്ന് ഗൂഗിള്‍ വിശദീകരിച്ചതുപോലെ യഥാര്‍ത്ഥത്തില്‍ ജിമെയില്‍ നിയന്ത്രിക്കുന്നതിന്റെ വീഡിയോ പുറത്തിറക്കിയാണ് ഇവര്‍ ഗൂഗിളിനെ ഫൂളാക്കിയത്. ഈ വീഡിയോ യൂട്യൂബിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.
    SLOOW (Software Library Optimizing Obligatory Waving) എന്നാണ് ഈ പ്രോഗ്രാമിന് അവര്‍ പേരു നല്‍കിയത്.  ഗൂഗിളിന് ഐഡിയ മാത്രമേ അവതരിപ്പിക്കാനായുള്ളൂ എങ്കില്‍ മൈക്രോസോഫ്റ്റ് കൈനെറ്റ് ഉപയോഗിച്ച് അത് പ്രവര്‍ത്തിച്ചു കാണിച്ചുതരാമെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോക്കൊപ്പം എഴുതിവെക്കുകയും ചെയ്തു.