Wednesday, October 19, 2011

BO.LT വെബ് പേജുകള്‍ സൂക്ഷിക്കാനൊരിടം


നെറ്റില്‍ അത്യാവശ്യമെന്നു തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്തു വെക്കുകയോ ആണ് പതിവ്. ടെക്‌സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഇമെയിലിലേക്ക് ഫോര്‍വേഡു ചെയ്യുകയോ അല്ലെങ്കില്‍ പേജ് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്‌സ്റ്റ് ഫയലായി സൂക്ഷിച്ചു വെക്കുകയോ ചെയ്യാം. എന്നാല്‍ വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തു ചെയ്യും.
   വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍ bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍ ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചു വെക്കുന്ന സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ എഡിറ്റു ചെയ്ത് വീണ്ടും സൂക്ഷിച്ചു വെക്കാം.
   bo.lt എന്ന വെബ്‌സൈറ്റു തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്നു മനസ്സിലാകും. വലതു ഭാഗത്തു മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍ സൂക്ഷിച്ചു വെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. ദാ techchillies.bo.lt ഇതു പോലെ.
   താല്‍ക്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍ കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it എന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും. ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍ ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ നേരിട്ടുള്ള ലിങ്കിനു പകരം bo.tl ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍ ചെയ്യുക.
  നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ അടുക്കി വെച്ചിട്ടുണ്ടാകും. അതിന്റെ വലതു ഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍ ക്ലിക്കു ചെയ്താല്‍ എഡിറ്റു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റു ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത ചിത്രങ്ങളോ ടെക്‌സ്‌റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചു വെക്കാം. ഏതെങ്കിലും പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റു ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇനിയുമുണ്ട് ഒരു പാട് പ്രത്യേകതകള്‍. കൂടുതലറിയാന്‍ bo.tl ന്റെ ഹോംപേജില്‍ എല്ലാം വിശദമാക്കുന്ന വീഡിയോ കാണൂ...

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

ഗൂഗിള്‍ ഡോക്‌സ് FAX


ഇന്റര്‍നെറ്റിന്റെ കാലത്ത് ഫാക്‌സ് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. ചോദ്യത്തിനു പിന്നില്‍ ഇമെയില്‍ വന്നതോടെ ഫാക്‌സിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെ ഫാക്‌സ് അയക്കാമെന്നോ ആവാം ഉദ്ദേശിച്ചത്. എന്തൊക്കെയായാലും സ്വന്തമായി ഫാക്‌സ് മെഷീന്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ ഒരു ഫാക്‌സ് മെഷീന്‍ സെറ്റു ചെയ്യാനും ലോകത്തെവിടെ വേണമെങ്കിലും ഫാക്‌സയക്കാനും നിരവധി സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണ്. ഇന്ന് ഇത്തരം സേവനങ്ങള്‍ ഗൂഗിള്‍ ഡോക്‌സുമായി ചേര്‍ന്ന് വന്‍ വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
   www.interfax.net  എന്ന വെബ്‌സൈറ്റുപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ ഗൂഗിള്‍ ഡോക്‌സിനെ ഒരു സൂപ്പര്‍ ഫാക്‌സ് മെഷീനാക്കി മാറ്റാം, സ്വന്തമായി ഒരു ടെലഫോണ്‍ ലൈന്‍ പോലുമോ ഇല്ലാതെ. കൈയില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടായാല്‍ മതി. ഇന്റര്‍ഫാക്‌സിന്റെ സൈറ്റില്‍ ഗൂഗിള്‍ ഡോക്‌സ് അക്കൗണ്ടുപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ ഗൂഗിള്‍ ഡോക്‌സിലെ ഡോക്യുമെന്റുകളോ സ്‌പ്രെഡ് ഷീറ്റോ ലോകത്തെ ഏത് ഫാക്‌സ് നമ്പറിലേക്കും അയക്കാന്‍ കഴിയും. ഒരുപാടു ഫാക്‌സ് നമ്പറുകളിലേക്ക് ഒരുമിച്ചയക്കുകയും ചെയ്യാം.
   അതുപോലെ ഗൂഗിള്‍ ഡോക്യുമെന്റായി ഫാക്‌സുകള്‍ സ്വീകരിക്കാനും കഴിയും. ഫാക്‌സുകള്‍ തനിയെ പിഡിഎഫ് ഫയലുകളായി പ്രത്യേക ഫോള്‍ഡറില്‍ ഗൂഗിള്‍ ഡോക്‌സിലെത്തും. വായിച്ചാലും വായിച്ചില്ലെങ്കിലും ഒരു രേഖയായി അതവിടെ കിടന്നുകൊള്ളും.
   പറയത്തക്ക വലിയ കാശൊന്നും ചിലവാകില്ല ഇന്റര്‍ഫാക്‌സിന്. പത്തുഡോളറിന്റെ ബേസിക് പാക്കേജാണെങ്കില്‍ അമേരിക്കക്ക് ഒരു പേജിന് ഏതാണ്ട് ഏഴുരൂപയേ വരൂ. ബ്രിട്ടണിലേക്കാണെങ്കില്‍ പന്തൊമ്പതു രൂപ. വലിയ പാക്കേജുകളെടുത്താല്‍ ചിലവും കുറയും. ഇന്ത്യയില്‍ തന്നെയാണെങ്കില്‍ ചിലവ് കുറച്ചു കൂടും- ചുരുങ്ങിയത് പേജിന് 28 രൂപ.
  സമാനമായ സേവനം നല്‍കുന്ന ഗിന്‍സഫാക്‌സും (www.ginzafax.com) നിരവധി പേരുപയോഗിക്കുന്നുണ്ട്.