Thursday, June 16, 2011

E mail Overload അറിയാനും വഴിയുണ്ട്


ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ ഇല്ലെന്നോ ആള്‍ ബിസിയാണെന്നോ ഡയല്‍ ചെയത് നിമിഷങ്ങള്‍ക്കകം അറിയാം. എന്നാല്‍ ഇ മെയിലിലോ?. അഡ്രസ് തെറ്റിയാലോ മറ്റു സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലോ മാത്രമേ ഇമെയില്‍ അയച്ചയാള്‍ക്ക് മറുപടി ലഭിക്കൂ. സെല്‍ഫോണ്‍ സേവനം പോലെയല്ലെങ്കിലും, വേണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ ഇമെയിലുകള്‍ കെട്ടിക്കിടക്കുകയാണോ ഇടക്കിടെ തുറന്നു നോക്കുന്നുണ്ടോ എന്നൊക്കെ മറ്റുള്ളവര്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. തല്‍ക്കാലം സേവനം ജിമെയിലില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
    Courteous.ly എന്ന ലിങ്കിലേക്കൊന്നു പോയാല്‍ മതി. ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായ സംവിധാനമാണിത്. ഈ വെബ്‌സൈറ്റില്‍ ചെന്ന് നമ്മുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നമ്മുടെ ഇമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ അനുവാദം ചോദിക്കും. നമുടെ ഇമെയിലിനു വേണ്ടിമാത്രമുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടും.  http://courteous.ly/6FqGQQ ഇതുപോലെ ഒരെണ്ണം.
  ഇടക്കിടെ നമ്മുടെ ഇന്‍ബോക്‌സിലെ മെയിലുകളുടെ ഗതി മനസ്സിലാക്കി courteous.ly വിരവങ്ങള്‍ നല്‍കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നു മാത്രം. ലിങ്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല നമ്മുടേതാണ്.
  അതിനും സംവിധാനമുണ്ട്. നമ്മുടെ ഇമെയില്‍ സിഗ്നേച്ചറിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ ഓട്ടോ റിപ്ലൈ സെറ്റിങ്‌സില്‍ ഈ ലിങ്ക് നല്‍കുകയോ ആവാം. മറുപടി പ്രതീക്ഷിച്ചിരിക്കുന്നയാള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്ത് നമ്മുടെ ഇമെയിലിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കാം. തുറന്നു നോക്കാതെ കിടക്കുന്ന ഇമെയിലുകളെ മനസ്സിലാക്കി ലോഡ്, ലൈറ്റ്, ഹൈ എന്നിങ്ങനെയുള്ള വിവരങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ക്ക് courteous.ly സന്ദര്‍ശിച്ചു നോക്കൂ.

facebook ചാറ്റില്‍ ഇനി ശല്യക്കാരില്ല !



അമ്പതു സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാല്‍ അമ്പതും അമ്പതു സ്വഭാവങ്ങളുള്ളവരായിരിക്കും. എല്ലാവരേയും ഒന്നിച്ചു കൈകാര്യം ചെയ്യുന്നയാള്‍ ഉത്തമ സൃഹൃത്താവും. എന്നാല്‍ ഫെയ്‌സ്ബുക്കിലെ നൂറുകണക്കിന് സുഹൃത്തുക്കളോട് എങ്ങിനെയൊക്കെ ഇടപഴകണം എന്നത് പലര്‍ക്കും ഒരു തലവേദനയാണ്.
  ഫെയ്‌സ്ബുക്ക് ചാറ്റാണ് അതില്‍ മുഖ്യ വിഷയം. ലാപ്‌ടോപ്പിന്റേയോ സെല്‍ഫോണിന്റേയോ സ്വകാര്യതയിലിരുന്ന് സംസാരിക്കുമ്പോള്‍ പലരും മറുഭാഗത്തിരിക്കുന്നവരുടെ മാനസികാവസ്ഥയോ സാഹചര്യമോ മനസ്സിലാക്കാറില്ല. അതുകൊണ്ടു തന്നെ ചിലരെ നമുക്ക് ശല്യക്കാരായി കണക്കാക്കേണ്ടിയും വരും.  ഒന്നോ രണ്ടോ ശല്യക്കാരെ പേടിച്ച് ഫെയ്‌സ്ബുക്ക് ചാറ്റു തന്നെ ഉപേക്ഷിച്ച് പോയവരു നിരവധി. ആയിരത്തിലേറെ സുഹൃത്തുക്കളുള്ളവര്‍ക്ക് തലവേദന അല്‍പ്പം കൂടും. യാഹൂ, ഗൂഗിള്‍ടോക്ക് തുടങ്ങിയ ചാറ്റ് മെസഞ്ചറുകളില്‍ ഓരോരുത്തരേയും നമുക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. ഫെയ്‌സ്ബുക്കില്‍ അതുണ്ടോ എന്നാണ് സൗഹൃക്കൂട്ടായ്മകളില്‍ ഈയിടെ കേട്ട പ്രസക്തമായ ചോദ്യം. അല്പമൊന്നു മിനക്കെട്ടാല്‍ ഫെയ്‌സ്ബുക്കില്‍ ആരോട് സംസാരിക്കണം ആരെയൊക്കെ ഒഴിവാക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ആരുമറിയാതെ!.
   ഇതിനകം തന്നെ പലരും പരീക്ഷിച്ചുവരുന്ന തന്ത്രമാണിത്. സംഗതി വളരെ ലളിതം. നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ഫ്രണ്ട്‌സ് എന്ന പേജിലെത്തുക. അവിടെ സുഹൃത്തുക്കളെ അക്ഷരമാല ക്രമത്തില്‍ കണ്ടെത്താം. മുകളില്‍ വലതു ഭാഗത്തായി 'ക്രിയേറ്റ് ലിസ്റ്റ്' എന്നു കാണാം. ഇവിടെ ക്ലിക്കു ചെയ്താല്‍ ഓരോരുത്തരേയും പ്രാധാന്യമനുസരിച്ച് പല ഗ്രൂപ്പുകളായി തരം തിരിക്കാം. ഗ്രൂപ്പുകള്‍ക്ക് ഓരോ പേരും നല്‍കാം. അടുത്ത സുഹൃത്തുക്കള്‍, അത്ര അടുപ്പമില്ലാത്തവര്‍, ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍, അങ്ങനെ. ഇനി വേണമെങ്കില്‍ ചാറ്റു ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്നൊരു ഗ്രൂപ്പുകൂടിയുണ്ടാക്കിക്കോളൂ. (ഗ്രൂപ്പുകളായി തിരിക്കുന്നത് ചാറ്റ് ബ്ലോക്കു ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് കരുതരുത്)
  ചാറ്റ് ലിസ്റ്റിലും ഇതേ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കും സുഹൃത്തുക്കളെ കാണുക. ഇവിടെ ഓരോ ഗ്രൂപ്പിന്റേ പേരിനു നേരെ വലതുഭാഗത്തുള്ള പച്ചയും വെള്ളയും കലര്‍ന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ഇവര്‍ ഓണ്‍ലൈനായിരിക്കണമോ ഓഫ്‌ലൈനായിരിക്കണമോ എന്നു നമുക്ക് തീരുമാനിക്കാം. ഓഫ് ലൈനാക്കിയാല്‍ ആ ഗ്രൂപ്പിലുള്ളവര്‍ ചാറ്റ് ലിസ്റ്റിലുള്ളവര്‍ അപ്രത്യക്ഷരാകും. ഇനി രണ്ടോ മൂന്നോ പേരോട് മാത്രമേ സംസാരിക്കാന്‍ താത്പര്യമുള്ളുവെങ്കില്‍ അവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കി ചാറ്റ് ലിസ്റ്റില്‍ അതുമാത്രം ഓണ്‍ലൈനും ബാക്കിയെല്ലാം ഓഫ് ലൈനുമാക്കിയാല്‍ മതി.

Friday, June 10, 2011

യൂട്യൂബില്‍ ഇന്ത്യന്‍ സിനിമകളുടെ പൂക്കാലം




 ടെലിവിഷന്‍ ചാനലിലെന്ന പോലെ മുഴുനീള സിനിമകള്‍ യൂട്യൂബിലും കാണാനുള്ള സൗകര്യം വന്നിട്ട് അധികനാളായില്ല. എന്നാല്‍ ഒരു ജനപ്രിയ സിനിമാ ചാനലാകാനുള്ള തയ്യാറെടുപ്പിലാണ് യൂട്യൂബിന്റെ ഇന്ത്യന്‍ എഡിഷന്‍. പണം കൊടുത്തും അല്ലാതെയും വിവിധ ഭാഷകളിലെ സിനിമകള്‍ കാണാനുള്ള സൗകര്യവുമായി യൂട്യൂബ് മൂവീസ്(youtube.com/movies) എത്തിയിട്ട് അധികനാളായില്ല. ലോകത്തെ വിവിധ ഭാഷകളിലെ സിനിമകള്‍ക്കു പുറമേ ഹിന്ദി തമിഴ് തെലുങ്ക് ബംഗാളി സിനിമകളും ഇവിടെയുണ്ട്. പിന്നാലെ ഇന്ത്യക്കാര്‍ക്കു വേണ്ടി മാസത്തിലൊരു ബ്ലോക്ബസ്റ്റര്‍ സിനിമ എന്ന വാഗ്ദാനവുമായാണ് യൂട്യൂബ് ബോക്‌സ് ഓഫീസ് (youtube.com/boxoffice) എന്ന പുതിയ ചാനല്‍ രംഗത്തെത്തിയത്.
  ഹിറ്റ് ചിത്രങ്ങള്‍ ഹൈഡെഫനിഷന്‍ ഗുണനിലവാരത്തിലാണ് ബോക്‌സ് ഓഫീസ് വഴി ലഭിക്കുക. പ്രവേശനം തീര്‍ത്തും സൗജന്യം. അലമ്പില്ലാത്ത ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫഌഷ് പ്ലെയറും മാത്രമേ യൂട്യൂബ് ആവശ്യപ്പെടുന്നള്ളൂ. സാധാരണ ഡിവിഡി കള്‍ കാണും പോലെ അല്ലലില്ലാതെ കാണാമെന്ന ധാരണ വേണ്ട. പത്തു മിനുട്ടു കൂടുമ്പോള്‍ പരസ്യം വരും. അതായത് ഓണക്കാലത്തെ സിനിമകള്‍ കാണുന്നതു പോലെ ഒരു സാധാരണ ഇന്ത്യന്‍ സിനിമക്കിടക്ക് പത്ത് പന്ത്രണ്ട് തവണയെങ്കിലും പരസ്യം നമ്മളെ ശല്യം ചെയ്യും. പതിനഞ്ച് സെക്കന്‍ഡ് മാത്രമേ പരസ്യമുണ്ടാവൂ എന്നതാണ് ആശ്വാസം. അത് ഓടിച്ചു കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ അതു കണ്ടേ തീരൂ. പരസ്യവരുമാനം സിനിമാ നിര്‍മ്മാതാക്കള്‍ക്കു കൂടി കൊടുക്കാനുള്ളതാണെന്ന് യൂട്യൂബ് വ്യക്തമാക്കിക്കഴിഞ്ഞു.
  കമ്പ്യൂട്ടര്‍ ഉരുപ്പടി നിര്‍മ്മാതാക്കളായ ഇന്റലാണ് യൂട്യൂബ് ബോക്‌സ് ഓഫീസിന്റെ പ്രായോജകര്‍. സിനിമകള്‍ ഒരു മാസം കഴിഞ്ഞാലും അവിടെ തന്നെയുണ്ടാകും. അതായത് യൂട്യൂബ് മൂവീസ് പോലെ സിനിമകളുടെ ആര്‍ക്കേവ് ആയി മാറും ബോക്‌സ് ഓഫീസ് എന്നു ചുരുക്കം.



Sunday, June 5, 2011

ഡങ്കി ട്രെന്റ്‌സ് നിത്യജീവിതത്തില്‍ ഗൂഗിളിന്റെ കൈയൊപ്പ്


എങ്ങനെ തിരയാമെന്നു മാത്രമല്ല ഇന്റര്‍നെറ്റ് സെര്‍ച്ച്് സംവിധാനവും നിത്യജീവിതവും എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാമെന്നും ഗൂഗിളിനെ ആരും പഠിപ്പിക്കേണ്ട. ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ കോറിലേറ്റ് (google correlate) അത്തരമൊരു പരീക്ഷണ ശാലയാണ്. ദരിദ്ര രാജ്യങ്ങളെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുള്ള ഡങ്കിപ്പനിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ കോറിലേറ്റ് സേവനങ്ങളിലെ ഏറ്റവും പുതിയത്.  ഓണ്‍ലൈന്‍ മാപ്പില്‍ രാജ്യങ്ങളിലെ ഡങ്കിപ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റു കൊണ്ടിരിക്കുന്ന സംവിധാനമാണ് ഡങ്കി ട്രെന്റ്‌സ് . www.google.org/denguetrends ല്‍ പോയാല്‍ എല്ലാം നേരിട്ടുകാണാം.
   ഇന്ത്യ, ബൊളീവിയ, ബ്രസീല്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡങ്കി ട്രെന്റ്‌സ് പനി പടര്‍ന്നു പിടിക്കുന്നതിന്റ നിലവാരം ഗ്രാഫില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. മുന്‍വര്‍ഷങ്ങളിലെ നിലവാരവുമായി തട്ടിച്ചുനോക്കുകയുമാകാം. അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടേയും ലോകാരോഗ്യ സംഘടനയുടേയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഡങ്കി ട്രെന്റ്‌സ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തട്ടിപ്പാകാന്‍ വഴിയില്ല. ബോസ്റ്റണ്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിന്റേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ സംവിധാനം തയ്യാറാക്കിയത്. 2009 ലും ഗൂഗിള്‍ ഡങ്കി ട്രെന്റ്‌സ് പോലൊരെണ്ണം  പരീക്ഷിച്ചിരുന്നു.
  ഡങ്കി ഏറ്റവും മാരകമായ മേഖല, ഉയര്‍ന്നതും മധ്യത്തിലുള്ളതും താഴ്ന്നതും ഏറ്റവും താഴ്ന്നതുമെന്നിങ്ങനെയാണ് രാജ്യങ്ങളെ ഗൂഗിള്‍ തരം തിരിക്കുക. ഓരോ ദിവസത്തേയും ഡങ്കി റിപ്പോര്‍ട്ടുകള്‍ കണക്കാക്കി അവയുടെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയും ഇന്തോനേഷ്യയും ഡങ്കിപ്പനി ഭീഷണി കുറവുള്ള രാജ്യങ്ങളാണ്. ബ്രസീലാണ് ഏറ്റവുംകൂടുതല്‍ പനികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യം. 
  പ്രതിവര്‍ഷം പത്തുകോടി ജനങ്ങളെ ബാധിക്കുന്ന പകര്‍ച്ചാവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും അതാത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന പരസ്പരാശ്രയ സംവിധാനമായി ഇതിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ കോറിലേറ്റില്‍ ഇതുപോലെ കൂടുതല്‍ സന്നദ്ദ സേവനങ്ങള്‍ പ്രതീക്ഷിക്കാം.