Thursday, June 16, 2011

facebook ചാറ്റില്‍ ഇനി ശല്യക്കാരില്ല !



അമ്പതു സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നാല്‍ അമ്പതും അമ്പതു സ്വഭാവങ്ങളുള്ളവരായിരിക്കും. എല്ലാവരേയും ഒന്നിച്ചു കൈകാര്യം ചെയ്യുന്നയാള്‍ ഉത്തമ സൃഹൃത്താവും. എന്നാല്‍ ഫെയ്‌സ്ബുക്കിലെ നൂറുകണക്കിന് സുഹൃത്തുക്കളോട് എങ്ങിനെയൊക്കെ ഇടപഴകണം എന്നത് പലര്‍ക്കും ഒരു തലവേദനയാണ്.
  ഫെയ്‌സ്ബുക്ക് ചാറ്റാണ് അതില്‍ മുഖ്യ വിഷയം. ലാപ്‌ടോപ്പിന്റേയോ സെല്‍ഫോണിന്റേയോ സ്വകാര്യതയിലിരുന്ന് സംസാരിക്കുമ്പോള്‍ പലരും മറുഭാഗത്തിരിക്കുന്നവരുടെ മാനസികാവസ്ഥയോ സാഹചര്യമോ മനസ്സിലാക്കാറില്ല. അതുകൊണ്ടു തന്നെ ചിലരെ നമുക്ക് ശല്യക്കാരായി കണക്കാക്കേണ്ടിയും വരും.  ഒന്നോ രണ്ടോ ശല്യക്കാരെ പേടിച്ച് ഫെയ്‌സ്ബുക്ക് ചാറ്റു തന്നെ ഉപേക്ഷിച്ച് പോയവരു നിരവധി. ആയിരത്തിലേറെ സുഹൃത്തുക്കളുള്ളവര്‍ക്ക് തലവേദന അല്‍പ്പം കൂടും. യാഹൂ, ഗൂഗിള്‍ടോക്ക് തുടങ്ങിയ ചാറ്റ് മെസഞ്ചറുകളില്‍ ഓരോരുത്തരേയും നമുക്ക് വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. ഫെയ്‌സ്ബുക്കില്‍ അതുണ്ടോ എന്നാണ് സൗഹൃക്കൂട്ടായ്മകളില്‍ ഈയിടെ കേട്ട പ്രസക്തമായ ചോദ്യം. അല്പമൊന്നു മിനക്കെട്ടാല്‍ ഫെയ്‌സ്ബുക്കില്‍ ആരോട് സംസാരിക്കണം ആരെയൊക്കെ ഒഴിവാക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ആരുമറിയാതെ!.
   ഇതിനകം തന്നെ പലരും പരീക്ഷിച്ചുവരുന്ന തന്ത്രമാണിത്. സംഗതി വളരെ ലളിതം. നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ഫ്രണ്ട്‌സ് എന്ന പേജിലെത്തുക. അവിടെ സുഹൃത്തുക്കളെ അക്ഷരമാല ക്രമത്തില്‍ കണ്ടെത്താം. മുകളില്‍ വലതു ഭാഗത്തായി 'ക്രിയേറ്റ് ലിസ്റ്റ്' എന്നു കാണാം. ഇവിടെ ക്ലിക്കു ചെയ്താല്‍ ഓരോരുത്തരേയും പ്രാധാന്യമനുസരിച്ച് പല ഗ്രൂപ്പുകളായി തരം തിരിക്കാം. ഗ്രൂപ്പുകള്‍ക്ക് ഓരോ പേരും നല്‍കാം. അടുത്ത സുഹൃത്തുക്കള്‍, അത്ര അടുപ്പമില്ലാത്തവര്‍, ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍, അങ്ങനെ. ഇനി വേണമെങ്കില്‍ ചാറ്റു ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ എന്നൊരു ഗ്രൂപ്പുകൂടിയുണ്ടാക്കിക്കോളൂ. (ഗ്രൂപ്പുകളായി തിരിക്കുന്നത് ചാറ്റ് ബ്ലോക്കു ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് കരുതരുത്)
  ചാറ്റ് ലിസ്റ്റിലും ഇതേ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കും സുഹൃത്തുക്കളെ കാണുക. ഇവിടെ ഓരോ ഗ്രൂപ്പിന്റേ പേരിനു നേരെ വലതുഭാഗത്തുള്ള പച്ചയും വെള്ളയും കലര്‍ന്ന ബട്ടണില്‍ ക്ലിക്കു ചെയ്താല്‍ ഇവര്‍ ഓണ്‍ലൈനായിരിക്കണമോ ഓഫ്‌ലൈനായിരിക്കണമോ എന്നു നമുക്ക് തീരുമാനിക്കാം. ഓഫ് ലൈനാക്കിയാല്‍ ആ ഗ്രൂപ്പിലുള്ളവര്‍ ചാറ്റ് ലിസ്റ്റിലുള്ളവര്‍ അപ്രത്യക്ഷരാകും. ഇനി രണ്ടോ മൂന്നോ പേരോട് മാത്രമേ സംസാരിക്കാന്‍ താത്പര്യമുള്ളുവെങ്കില്‍ അവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കി ചാറ്റ് ലിസ്റ്റില്‍ അതുമാത്രം ഓണ്‍ലൈനും ബാക്കിയെല്ലാം ഓഫ് ലൈനുമാക്കിയാല്‍ മതി.

No comments:

Post a Comment