Sunday, June 5, 2011

ഡങ്കി ട്രെന്റ്‌സ് നിത്യജീവിതത്തില്‍ ഗൂഗിളിന്റെ കൈയൊപ്പ്


എങ്ങനെ തിരയാമെന്നു മാത്രമല്ല ഇന്റര്‍നെറ്റ് സെര്‍ച്ച്് സംവിധാനവും നിത്യജീവിതവും എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാമെന്നും ഗൂഗിളിനെ ആരും പഠിപ്പിക്കേണ്ട. ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ കോറിലേറ്റ് (google correlate) അത്തരമൊരു പരീക്ഷണ ശാലയാണ്. ദരിദ്ര രാജ്യങ്ങളെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുള്ള ഡങ്കിപ്പനിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ കോറിലേറ്റ് സേവനങ്ങളിലെ ഏറ്റവും പുതിയത്.  ഓണ്‍ലൈന്‍ മാപ്പില്‍ രാജ്യങ്ങളിലെ ഡങ്കിപ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റു കൊണ്ടിരിക്കുന്ന സംവിധാനമാണ് ഡങ്കി ട്രെന്റ്‌സ് . www.google.org/denguetrends ല്‍ പോയാല്‍ എല്ലാം നേരിട്ടുകാണാം.
   ഇന്ത്യ, ബൊളീവിയ, ബ്രസീല്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡങ്കി ട്രെന്റ്‌സ് പനി പടര്‍ന്നു പിടിക്കുന്നതിന്റ നിലവാരം ഗ്രാഫില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. മുന്‍വര്‍ഷങ്ങളിലെ നിലവാരവുമായി തട്ടിച്ചുനോക്കുകയുമാകാം. അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടേയും ലോകാരോഗ്യ സംഘടനയുടേയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഡങ്കി ട്രെന്റ്‌സ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തട്ടിപ്പാകാന്‍ വഴിയില്ല. ബോസ്റ്റണ്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിന്റേയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ സംവിധാനം തയ്യാറാക്കിയത്. 2009 ലും ഗൂഗിള്‍ ഡങ്കി ട്രെന്റ്‌സ് പോലൊരെണ്ണം  പരീക്ഷിച്ചിരുന്നു.
  ഡങ്കി ഏറ്റവും മാരകമായ മേഖല, ഉയര്‍ന്നതും മധ്യത്തിലുള്ളതും താഴ്ന്നതും ഏറ്റവും താഴ്ന്നതുമെന്നിങ്ങനെയാണ് രാജ്യങ്ങളെ ഗൂഗിള്‍ തരം തിരിക്കുക. ഓരോ ദിവസത്തേയും ഡങ്കി റിപ്പോര്‍ട്ടുകള്‍ കണക്കാക്കി അവയുടെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയും ഇന്തോനേഷ്യയും ഡങ്കിപ്പനി ഭീഷണി കുറവുള്ള രാജ്യങ്ങളാണ്. ബ്രസീലാണ് ഏറ്റവുംകൂടുതല്‍ പനികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യം. 
  പ്രതിവര്‍ഷം പത്തുകോടി ജനങ്ങളെ ബാധിക്കുന്ന പകര്‍ച്ചാവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും അതാത് രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന പരസ്പരാശ്രയ സംവിധാനമായി ഇതിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ കോറിലേറ്റില്‍ ഇതുപോലെ കൂടുതല്‍ സന്നദ്ദ സേവനങ്ങള്‍ പ്രതീക്ഷിക്കാം.

No comments:

Post a Comment