Thursday, April 28, 2011

ഫ്രൈഡേ ആപ്, നിത്യജീവിതത്തിന്റെ ലോഗ്ബുക്ക്


കോള്‍രജിസ്റ്റര്‍ പരിശോധിച്ചാല്‍ കുറച്ചു ദിവലത്തെ ഫോണ്‍കോളുകളുടെ കണക്കെടുക്കാം. എസ് എം എസ് സംഭരണി നിറയുന്നതുവരെ അതും ശേഖരിക്കാം. ഫോണ്‍ കോളും, ഇ മെയിലും, എസ് എം എസും, സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, കേട്ട പാട്ടുകളും ... സെല്‍ഫോണില്‍ നമ്മള്‍ ചെയ്തതെന്നും ഒരു കുടക്കീഴില്‍ ക്രമമായി അടുക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍? അതിനെ ഫ്രൈഡേ ആപ് എന്നു വിളിക്കാം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുവേണ്ടി മാത്രമുള്ള സോഫ്‌റ്റ്വേറാണിത്.
   ഫ്രൈഡേ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മതിയാകും. നാം നില്‍ക്കുന്ന സ്ഥലവും ഊരും പേരും കാണിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അങ്ങേര്‍ ജോലി തുടങ്ങിക്കോള്ളും.  നമ്മള്‍ സെല്‍ഫോണില്‍ ചെയ്യുന്ന എന്തിന്റേയും ചരിത്രം രേഖപ്പെടുത്തിവെക്കും, ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ.
   ഒരു ചിത്രം ക്ലിക്കു ചെയ്യുന്നതും നമ്മള്‍ ആരോട് എന്തൊക്കെ പറഞ്ഞു, ഏത് പാട്ടുകള്‍ കേട്ടു തുടങ്ങി നമ്മുടെ ഓരോ ദിവസത്തേയും ജീവിതം കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന ഒരു ലോഗ്ബുക്ക് എന്ന നിലയിലാണ് ഫ്രൈഡേ ആപ്പിനെ നോക്കിക്കാണേണ്ടത്. നമ്മുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയത്തെല്ലാം ഫ്രൈഡേ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും, ഒരു പേഴ്‌സണല്‍ സെക്രട്ടറിയുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ടാകും.
   വിവരങ്ങള്‍ നെറ്റിലല്ല നമ്മുടെ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക എന്നതുകൊണ്ട് സുരക്ഷ ഒരു പ്രശ്‌നമല്ല. ആരെങ്കിലും കൈമാറി ഉപയോഗിച്ചാല്‍ തന്നെ പാസ്സ്‌വേുണ്ടെങ്കിലേ വിവരങ്ങളറിയാനാകൂ.    ഫ്രൈഡേ ശേഖരിച്ച വിവരങ്ങള്‍ സമയം വെച്ചും ആളുടെ പേരുവെച്ചും മറ്റ് കീവേഡുകള്‍ വെച്ചുമൊക്കെ തിരഞ്ഞു കണ്ടുപിടിക്കാം. ഫ്രൈഡേ ആപ് വേണ്ടവര്‍ friday-app.com ലൊന്നു സന്ദര്‍ശിച്ചാല്‍ മതി.

Thursday, April 21, 2011

THE YOUTH ICON


വിവര സാങ്കേതിക വിദ്യയുടെയുടെ അടിമകളെന്ന് മുദ്രകുത്തിയ യുവാക്കള്‍ അതേ മാധ്യമങ്ങളുപയോഗിച്ചു നടത്തിയ ജനകീയപ്രക്ഷോഭം വിജയിച്ചത് ടുണീഷ്യയിലും ഈജിപ്തിലും പിന്നെ പല അറബ് രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. വിദ്യാഭ്യാസ സംവിധാനവും ജോലി സാഹചര്യങ്ങളും മാറിയപ്പോള്‍ പ്രക്ഷോഭങ്ങളുടെ രീതിയും മാറി. ഇന്റര്‍നെറ്റിലൂടെയും സെല്‍ഫോണുള്‍പ്പടെയുള്ള നൂതന മാധ്യമങ്ങളിലൂടെയുമുള്ള സാങ്കല്പിക(virtual) രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രചാരം ലഭിച്ചത് അങ്ങിനെയാണ്.  ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അന്നാ ഹസാരെയെന്ന 72 കാരന്റെ അഴിമതി വിരുദ്ധ സമരത്തിന് യുവജനങ്ങള്‍ പിന്തുണ നല്‍കിയതും ഫെയ്‌സ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലെ മറ്റ് പൊതുവേദികളിലൂടെയുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും ലഭിച്ച വന്‍ പിന്തുണയിലൂടെ ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറുകയായിരുന്നു ലോക്്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ അന്നാ ഹസാരെ നടത്തിയ സമരം. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ഹസാരെ സംഘടിപ്പിച്ച സമരം ഏറെക്കുറേ അറബ് യുവജനങ്ങള്‍ കാണിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്.
   സന്നദ്ദ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ആശയ പ്രചാരണം നടത്തുന്നതും ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ്‌സൈറ്റുകളിലൂടെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമൊക്കെ പരാതി അയക്കുകയും ചെയ്യുന്ന പാശ്ചാത്യ രീതിക്ക് ഈയടുത്ത കാലത്ത് ഇന്ത്യയിലും വന്‍ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ അവ ഒരു ചടങ്ങുമാത്രമായി ഒതുങ്ങുകയായിരുന്നു പതിവ്. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയുമുള്ള സാങ്കല്പിക (virtual) രാഷ്ട്രീയ പ്രവര്‍ത്തനം പൊതു മണ്ഡലത്തിലേക്ക് ഇറങ്ങി വന്നതും സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു എന്നതാണ് ഹസാരെ സമരത്തിന്റെ പ്രത്യേകത.

    ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരം സംഘടിപ്പിച്ച ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സമരം പിന്‍വലിച്ച് ഒരാഴ്ചകഴിഞ്ഞപ്പോഴും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളമായി. കണക്കു കൂട്ടി നോക്കിയാല്‍ ഈജിപ്തില്‍ പോലീസ് തല്ലിക്കൊന്ന ഖലീല്‍ മുഹമ്മദ് സയീദിനെ അനുസ്മരിച്ച് 'വി  ഓള്‍ ആര്‍ ഖലീല്‍ സയിദ്'  എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിനേക്കാള്‍ വളര്‍ച്ച. മുപ്പതിനായിരത്തോളം പേരുള്ള നിരവധി സമാന ഗ്രൂപ്പുകളും ഫെയ്‌സ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടു. avaaz.org എന്ന പ്രചാരണ വെബ്‌സൈറ്റിലെ പരാതി പേജില്‍ ഒറ്റദിവസം കൊണ്ട് ഒപ്പിട്ടത് അഞ്ചു ലക്ഷം പേരാണ്. ഇതിനകം അത് ആറര ലക്ഷം കടന്നു. causes.com ല്‍ ഹസാരെക്കു ലഭിച്ച പിന്തുണ ഇതുവരെ 1.8 ലക്ഷം ആണ്. ജന്‍ലോക്പാല്‍, അന്നാ ഹസാരെ തുടങ്ങിയ ഹാഷ് ടാഗുകള്‍ പരിശോധിച്ചാല്‍ ട്വിറ്ററിലും വന്‍ ജനപിന്തുണ കാണാം. ഇമെയില്‍ പ്രചാരണവും വളരെ സജീവമായിരുന്നു. ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്റെ (indiaagainstcorruption.org) വെബ്‌സൈറ്റില്‍ ഇതുവരെ ഹസാരെക്ക് പിന്തുണ നല്‍കിയത് 10,36, 600ല്‍ പരം പേരാണ്.
  വീട്ടിലിരുന്നു ട്രെയിന്‍ടിക്കറ്റ് ബുക്കു ചെയ്യുന്നതുപോലെ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ 'like' ബട്ടണ്‍ ക്ലിക്കു ചെയ്തു നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നാണ് ഇതിനെ രാഷ്ട്രീയപ്രവര്‍ത്തകര്‍ കളിയാക്കിയത്. എന്നാല്‍ ഹസാരെ സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതി കൈവിട്ടു പോയി. പതിവുപോലെ വാക്പയറ്റുകൊണ്ട് ഗോഷ്ടി കാണിക്കുന്ന ദൃശ്യമാധ്യമങ്ങളെ വരെ ഏറെ പിന്നിലാക്കി ഹസാരെ സമരം ഇന്റര്‍നെറ്റില്‍ കൊഴുത്തു. ഒടുവില്‍ ഫെയ്‌സ്ബുക്കിലും മറ്റും കത്തി നില്‍ക്കുന്നവരെ വിളിച്ചുവരുത്തി ക്യാമറക്കുമുന്നിലിരുത്തി സംസാരിപ്പിക്കേണ്ടി വന്നു അവര്‍ക്ക്.
   ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റു പൊതുവേദികളിലുമൊക്കെ സജീവമായത് ടെക്കികളും മാനേജ്‌മെന്റ് തലത്തിലുമൊക്കെ വലിയ പദവികള്‍ കൈയാളുന്ന യുവാക്കളും യുവതികളുമായിരുന്നു. ഒട്ടും രാഷ്ട്രീയ ബോധമില്ലെന്ന് നേതാക്കള്‍ പുഛിച്ചു തള്ളിയ യുവജനങ്ങളെ അവസാനം അഗീകരിക്കേണ്ടിവന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും. ലോക്പാല്‍ പാനലില്‍ നിന്ന് ശരദ് പവാറിനെക്കൊണ്ട് രാജി വെപ്പിച്ചതും ചില്ലു കൂടാരത്തിലിരുന്ന താരങ്ങള്‍വരെ ജന്തര്‍മന്തറിലേക്ക് പിന്തുണയുമായി എത്തിയതും വെറും രാഷ്ട്രീയക്കാരെ വന്ന വഴി പറഞ്ഞയച്ചുതുമൊക്കെ ചരിത്രം.
  ഫെയ്‌സ്ബുക്ക് വഴി സംഘടിച്ചവര്‍ ചേര്‍ന്ന് ഡല്‍ഹിക്കു പുറമേ മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, ഹൈദരാബാദ്, തുടങ്ങിയ വന്‍ നഗരങ്ങളിലുള്‍പ്പടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ റാലി നടത്തി. മെഴുകുതിരികള്‍ തെളിച്ചും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന റാലികളുടെ ചിത്രങ്ങളും വീഡിയയോയും റിപ്പോര്‍ട്ടുകളും അന്നാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച ഫെയ്‌സ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്തു. യൂട്യൂബില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ രണ്ടായിരത്തില്‍ പരം വീഡിയോ ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
   അന്നാ ഹസാരെയേയും അഴിമതി വിരുദ്ധ സമരത്തേയും ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തേയും പിന്തുണക്കുന്നു എന്ന് എഴുതിവച്ച നിരവധി ബാഡ്ജുകള്‍ ഫെയ്‌സ്ബുക്കിലെ സ്വന്തം ഫോട്ടോക്കൊപ്പം പതിച്ച് നിരവധി പേര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. അന്നാഹസാരെയെ പിന്തുണക്കുന്നു എന്നെഴുതിയ ടീഷര്‍ട്ടുകളില്‍ വന്‍നഗരങ്ങളില്‍ ചൂടപ്പം പോലെ വി്റ്റുപോയി. രണ്ടു പതിറ്റാണ്ടു മുമ്പ് ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പതിഞ്ഞ പ്രതിഷേധ വാക്യങ്ങളേക്കാള്‍ തീക്ഷണമായിരുന്നു പലപ്പോഴും പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ട മുദ്രാവാക്യങ്ങള്‍.
   ഇന്റര്‍നെറ്റിലെ പൊതുവേദികളിലുയര്‍ന്ന ജനകീയ വികാരം ഓണ്‍ലൈന്‍ ഗെയിമുകളിലും കണ്ടു. വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി 2 ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പ്രതിപാദിച്ച് അഴിമതിയില്ലാത്ത ഭരണകൂടം കെട്ടിപ്പടുക്കുക എന്ന സങ്കല്പമാണ് 'യെസ് പ്രൈം മിനിസ്റ്റര്‍ 'എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ കാതല്‍. ഇബിബോ(ibibo.com) പുറത്തിറക്കിയ ഈ ഗെയിമിനു പുറമേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി, സ്വിസ് ബാങ്ക് സ്‌കാം, ബില്‍ഡ് എ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് സ്‌നാപ്പ്സ്റ്റര്‍ തുടങ്ങി നിരവധി ഗെയിമുകളും ഹിറ്റായി. രാഷ്ട്രീയക്കാര്‍ക്കും പട്ടാളക്കാര്‍ക്കും കൈക്കൂലി നല്‍കി ഫഌറ്റു വാങ്ങുന്നതാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി എന്ന ഗെയിം. ഭരണാധിപരോട് പ്രതീകാതാമകമായി പ്രതിഷേധിച്ച് ഒടുവില്‍ അന്നാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഗെയിമുകള്‍ അവസാനിക്കുന്നത്.  ഏപ്രില്‍ ആദ്യം റിലീസ് ചെയ്ത യെസ് പ്രൈം മിനിസ്റ്റര്‍ എന്ന ഗെയിം ഉപയോഗിച്ച ഒന്നര ലക്ഷത്തോളം പേരാണ് ഒരു ദിവസം മാത്രം ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുവേദികളിലെത്തിയത് എന്നാണ് കണക്ക്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും ഭരണകൂടത്തോടും അവര്‍ നടത്തുന്ന അഴിമതികളോടുള്ള പൊതു ജനപ്രതിഷേധം പ്രകടിപ്പിക്കുന്ന ഇത്തരം ഗെയിമുകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെകൂടി ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയത്.
   തികഞ്ഞ ഗാന്ധിയനായ അന്നാ ഹസാരെയെ 'യുത്ത് ഐക്കണാ'യി സ്വീകരിക്കാന്‍ മടിയില്ലെന്ന് യുവാക്കള്‍ തെളിയിച്ചു. മറ്റു രാജ്യങ്ങളിലേതുപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രമായ ചെറുത്തുനില്‍പ്പല്ലെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ നിരത്തിലറങ്ങാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു അന്നാ ഹസാരെ സമരത്തിനു ലഭിച്ച വന്‍ യുവജന പിന്തുണ.

Sunday, April 17, 2011

ഫൂളാക്കാനിറങ്ങി ഏപ്രില്‍ ഫൂളായത് ഗൂഗിള്‍


ചന്ദ്രനില്‍ തുടങ്ങാന്‍ പോകുന്ന 'ലുനാക്‌സ്' എന്ന ഗവേഷണ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചും, ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനുള്ള ബുദ്ധികൂര്‍മ്മത വര്‍ദ്ധിപ്പിക്കാന്‍ 'ഗുഗിള്‍ ഗര്‍പ്പ'് എന്ന സ്മാര്‍ട്ട് ഡ്രിങ്ക് അവതരിപ്പിച്ചും, ഇ മെയിലുകള്‍ പെട്ടിയിലാക്കി വീട്ടിലെത്തിക്കുന്ന 'ജിമെയില്‍ പേപ്പര്‍' അവതരിപ്പിച്ചും ഗൂഗിള്‍ നമ്മളെ എത്രയോ തവണ ഏപ്രില്‍ ഫൂളാക്കിയതാണ്. 2007 ല്‍ അവതരിപ്പിച്ച ടോയ്‌ലറ്റിലെ മാലിന്യക്കുഴിലിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന TISP (Toilet Internet Service Provider) പോലെ തലതിരിഞ്ഞ ഏര്‍പ്പാടായിരുന്നു ഇത്തവണത്തെ ജി മെയില്‍ മോഷന്‍. മൗസും കീബോഡുമില്ലാതെ ശരീര ചലനങ്ങള്‍ കൊണ്ട് ജിമെയില്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഗൂഗിള്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ ഗൂഗിളിനെ തിരിച്ച് ഫൂളാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ നാട്ടില്‍ തന്നെയുള്ള ഒരു കൂട്ടം ഗവേഷകര്‍. അതും അതേ ദിവസം, ഏപ്രില്‍ ഒന്നിനു തന്നെ.
  ശരീരചലനങ്ങള്‍ കമ്പ്യൂട്ടറിലെ ക്യാമറ തിരിച്ചറിഞ്ഞ് ഇ മെയില്‍ സെന്റു ചെയ്യാനും മറുപടി അയക്കാനും ഫോര്‍വേഡ് ചെയ്യാനും അറ്റാച്ച് ചെയ്യാനുമൊക്കെ ജിമെയിലിനു നിര്‍ദ്ദേശം നല്‍കുന്ന സംവിധാനമാണ് ജി മെയില്‍ മോഷന്‍ എന്നാണ് വീഡിയോയിലൂടെയും ഗ്രാഫിക്‌സിലൂടെയും ഗൂഗിള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചത്. ഈ കെണിയില്‍ വീണ് പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഏപ്രില്‍ ഫൂള്‍ എന്നു പറഞ്ഞ് ഗൂഗിള്‍ നമ്മളെയൊക്കെ കളിയാക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ ഈ കളി കണ്ട് 'മനസ്സില്‍ ഒരു ലെഡ്ഡു പൊട്ടിയ' തെക്കന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ 'ഹാക്കര്‍മാരാണ്' ഗൂഗിള്‍ മോഷന്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തത്.
    FAAST (Flexible Action and Articulated Skeleton Toolkit) എന്ന പേരില്‍ ഇവര്‍ മനുഷ്യന്റെ ശരീര ചലനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമായ എക്‌സ്‌ബോകസിന്റെ അനുബന്ധ ഉപകരണമായ കൈനെറ്റ് ഉപയോഗിച്ചാണ് ഈ പ്രോഗ്രാം ചലനങ്ങള്‍ മനസ്സിലാക്കി സോഫ്റ്റ്‌വേറിന് നിര്‍ദ്ദേശം നല്‍കുന്നത്. ഈ പ്രോഗ്രാം അടിസ്ഥാനമാക്കി മറ്റ് ചില സോഫ്റ്റ്‌വേറുകള്‍ കൂടി ഉള്‍പെടുത്തി ജിമെയില്‍ ആംഗ്യചലനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് കാണിച്ചുകൊടുക്കുകയായിരുന്നു ഈ ഗവേഷകര്‍. ജി മെയില്‍ മോഷന്റെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കുമെന്ന് ഗൂഗിള്‍ വിശദീകരിച്ചതുപോലെ യഥാര്‍ത്ഥത്തില്‍ ജിമെയില്‍ നിയന്ത്രിക്കുന്നതിന്റെ വീഡിയോ പുറത്തിറക്കിയാണ് ഇവര്‍ ഗൂഗിളിനെ ഫൂളാക്കിയത്. ഈ വീഡിയോ യൂട്യൂബിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.
    SLOOW (Software Library Optimizing Obligatory Waving) എന്നാണ് ഈ പ്രോഗ്രാമിന് അവര്‍ പേരു നല്‍കിയത്.  ഗൂഗിളിന് ഐഡിയ മാത്രമേ അവതരിപ്പിക്കാനായുള്ളൂ എങ്കില്‍ മൈക്രോസോഫ്റ്റ് കൈനെറ്റ് ഉപയോഗിച്ച് അത് പ്രവര്‍ത്തിച്ചു കാണിച്ചുതരാമെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോക്കൊപ്പം എഴുതിവെക്കുകയും ചെയ്തു.

Saturday, April 16, 2011

അഞ്ചു ജി ബി വേണോ !!! തുറക്കൂ ആമസോണ്‍ ക്ലൗഡ് ഡ്രൈവ് ...


ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ...  ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജി ബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങും ഡൗണ്‍ലോഡിങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം ഫോട്ടോകളും ഇരുപതു മിനുട്ട് ഹൈഡെഫനിഷന്‍ വീഡിയോയും സൂക്ഷിക്കാനുള്ള സ്ഥലമാണ് ആമസോണ്‍ നല്‍കുന്നത്.
   ആമസോണ്‍ ക്ലൗഡ് ഡ്രൈവ്, വെബിനു വേണ്ടിയും ആന്‍ഡ്രോയ്ഡിനു വേണ്ടിയുമുള്ള ക്ലൗഡ് പ്ലെയറുകള്‍ എന്നിങ്ങനെ മൂന്നു കുഞ്ഞുങ്ങളെയാണ് ഈയിടെ ആമസോണ്‍ പുറത്തിറക്കിയത്.  ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ മ്യൂസിക് ഫയലുകള്‍ സൂക്ഷിക്കുകയും അവ ഓണ്‍ലൈനായി തന്നെ ആസ്വദിക്കുകയും ചെയ്യാവുന്ന ക്ലൗഡ് പ്ലെയര്‍ തല്‍ക്കാലം അമേരിക്കയില്‍ മാത്രമേ ലഭിക്കു. ആരെങ്കിലും ആമസോണ്‍ വഴി സൗജന്യമായി ഒരു എം പി ത്രീ ആല്‍ബം വാങ്ങിയാല്‍ ഇരുപതു ജി ബി ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇരുപതു ജി ബി കാശുകൊടുത്തു വാങ്ങുകയാണെങ്കില്‍ വര്‍ഷത്തേക്ക് ഇരുപതു ഡോളര്‍ കൊടുക്കണം. ആയിരം ജി ബിക്ക് ആയിരം ഡോളറാണ് ഈടാക്കുന്നത്. 50, 100,200,500 ജിബിയായും ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ നിന്നു സ്ഥലം ലഭിക്കും.
  www.amazon.com/clouddrive ല്‍ ചെന്ന് ലളിതമായ രജിസ്‌ട്രേഷനിലൂടെ ക്ലൗഡ് ഡ്രൈവ് ഉപയോഗിച്ചു തുടങ്ങാം. കംപ്യൂട്ടറിലെ മൈഡോക്യുമെന്റ്‌സിന് സമാനമായി മ്യൂസിക്, പിക്‌ചേഴ്‌സ്, വീഡിയോസ് തുടങ്ങിയ ഫോള്‍ഡറുകളില്‍ നമുക്കു വേണ്ട ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. വേണമെങ്കില്‍ സ്വന്തമായി ഫോള്‍ഡറുകളുണ്ടാക്കുകയുമാവാം.
  രണ്ട് ജി ബി (2048mb) വരെ വലിപ്പമുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെന്നതാണ് ആമസോണ്‍ ക്ലൗഡ് ഡ്രൈവിന്റെ പ്രത്യേകത. ഗൂഗിള്‍ ഡോകില്‍ സൗജന്യമായി കാല്‍ ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ പറ്റൂ. ഫോര്‍ഷെയേഡില്‍ (www.4shared.com) രണ്ട് ജി ബി വരെയുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെങ്കിലും കാത്തിരുന്നു കണ്ണു കഴക്കണം. പോരാത്തതിന് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ രണ്ടു മൂന്നു വിന്‍ഡോകള്‍ തുറന്ന് അവരുടെ സൗകര്യത്തിന് 'കൗണ്‍ഡൗണ്‍' നോക്കിയിരിക്കുകയും വേണം. ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ ഒറ്റ ക്ലിക്കിന് ഫയലുകള്‍ കമ്പ്യൂട്ടറിന്റെ 'മേശപ്പുറത്തെ' ത്തും. പോരെ...

ഡ്രോപ്‌ബോക്‌സ് - നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്


കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് വംശനാശം വംശനാശം
 സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്'  ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും.  മറ്റുള്ളവരെപോലെ കാശു കൊടുക്കാതെ സ്വന്തമായി രണ്ടു ജി ബി സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലേയോ വീട്ടിലേയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍ നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ ഡ്രോപ്‌ബോക്‌സിലെ 'അലമാര'യില്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിംഗ് സര്‍വ്വീസാണ് ഡ്രോപ്പ് ബോക്‌സ് എന്ന് ചുരുക്കം.
     ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍ നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജിബി സൗജന്യ സേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജിബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി ബി യും കിട്ടും.
   ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതാതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനു പകരം ഡ്രോപ്‌ബോക്‌സ് അതാതു സമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.
  അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇ മെയില്‍ അഡ്രസ്സും പാസ്സ്വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.
   വീട്ടിലേയും ഓഫീസിലേയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സിഡിയിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യട്ടറിലേയും നെറ്റിലേയും മൊബൈലിലേയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിംഗ് (Synchronize) മാജിക്കാണ് ഇത്.
  സാധാരണ ഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയ ഒരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുമുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1  (blog.perry-wolf.de/dropbox-shell-tools-now-in-english) എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതു ഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.
   സൗജന്യമായി കിട്ടുന്ന രണ്ടു ജിബി ചുരുങ്ങിയത് മൂന്നു ജിബിയായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നുമാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ് ബോക്‌സ് കണക്ടു ചെയ്താല്‍ 128 എം ബി സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകും ചെയ്താല്‍ അത്രയും കൂടി കിട്ടും. പോരെ !!!

ഹവാരിയ - ദുരന്തങ്ങള്‍ക്കുവേണ്ടി തത്സമയം


മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രീന്‍ലാന്‍ഡ് ദ്വീപിലോ ആരും ചെന്നെത്താത്ത ആമസോണ്‍ വനങ്ങളിലോ ഇങ്ങ് മഹാരാഷ്ട്രയിലോ എവിടെ എന്ത് ദുരന്തമുണ്ടായാലും ഉടന്‍ നമുക്കു മുന്നിലെത്തിക്കുന്ന ഒരു വെബ്‌സൈറ്റുണ്ട്. ഉപഗ്രഹചിത്രത്തിനു മുകളില്‍ ഭൂകമ്പമാണോ പകര്‍ച്ചാവ്യാധിയാണോ പ്രളയമാണോ എന്താണുണ്ടായതെന്നു അടയാളപ്പെടുത്തി കൃത്യമായി പറഞ്ഞു തരുന്ന ഒരു കിടിലന്‍ വെബ്‌സൈറ്റ്. RSOE ഹവാരിയ എന്നറിയപ്പെടുന്ന ഈ സംവിധാനം www.hisz.rsoe.hu എന്ന അഡ്രസ്സില്‍ ലഭിക്കും.  ഓര്‍ത്തിരിക്കാന്‍ ഒരു പത്തു തവണയെങ്കിലും ചൊല്ലിപ്പഠിക്കേണ്ടിവരുമെങ്കിലും ആള്‍ വലിയ ഉപകാരിയാണ്.
   ലോകത്തിലെ എല്ലായിടത്തുമുള്ള ദുരന്തങ്ങളറിയണോ അതോ യൂറോപ്പിലേയോ ഏഷ്യയിലേയോ ഓസ്‌ട്രേലിയയിലേയോ മാത്രം മതിയോ എന്നു നമുക്ക് ഹോംപേജില്‍ നിന്നു തീരുമാനിക്കാം. മാപ്പിനു മേലെ അടയാളപ്പെടുത്തിയ വിവിധ നിറങ്ങളിലുള്ള ചിഹ്നങ്ങളില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി, എവിടെ എപ്പോള്‍ എന്ത് ദുരന്തമാണുണ്ടായതെന്ന് ഉടന്‍ തെളിഞ്ഞു വരും. ഇനി കൂടുതലറിയണമെങ്കില്‍ 'details' ലേക്കു പോയാല്‍ മതി. സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും, സംഭവസ്ഥലത്തുനിന്നുള്ള പുതിയ വിവരങ്ങളും, ചിത്രങ്ങളും, വീഡിയോ റിപ്പോര്‍ട്ടുകളും, രാജ്യത്തേക്കുറിച്ചും ജനതയേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും റെഡി. വേണമെങ്കില്‍ ദുരന്തം എവിടെയാണെന്ന് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി കാണിച്ചു തരുകയും ചെയ്യും. ഒരു സാധാരണക്കാരന് ഇത്രയും പോരെ?. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കാര്യങ്ങള്‍ കൃത്യമായി സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ കൊണ്ടെത്തിക്കാനും, ഇ മെയില്‍ അലേര്‍ട്ടും, ആര്‍ എസ് എസ് ഫീഡുമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വേറെയുമുണ്ട്.
   ഹംഗറിയാണ് ഹവാരിയയുടെ ജന്മദേശം. ഹംഗേറിയന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ഡിസ്ട്രസ്സ് സിഗ്നലിങ് ആന്റ് ഇന്‍ഫോ കമ്മ്യൂണിക്കേഷന്റെ (RSOE) പല സേവനങ്ങളില്‍ ഒന്നു മാത്രമാണിത്. അതിനു കീഴിലുള്ള എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് (EDIS ) ഹവാരിയ തയ്യാറാക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റ്് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമ
ുഖ സന്നദ്ധ സംഘടനയാണ് RSOE. പ്രകൃതിയേയും മനുഷ്യനേയും കാലാവസ്ഥയേയും ബാധിക്കുന്ന ദുരന്തങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് ഹംഗേറിയന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗമുള്‍പ്പെടേയുള്ള ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളേയും പൊതു ജനങ്ങളേയും അറിയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ എഴുനൂറോളം വാര്‍ത്താ വിതരണ സംവിധാനങ്ങളും ജി പി എസ് പോലുള്ള സേവനങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡികളൊന്നും വാങ്ങാതെ ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിന്റെ പരിശ്രമമാണ് ഇത്തരമൊരു സംവിധാനത്തിനു പിന്നില്‍.
ഓഫ് ടോക്ക് : ഇങ്ങ് കേരളത്തില്‍ ശബരിമല ദുരന്തത്തിനു പിന്നാലെ  ഈ പ്രദേശത്തിന്റെ ഒന്നാം തരം ത്രിമാന സാറ്റലൈറ്റ് ചിത്രം നല്‍കാമെന്നും പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാമെന്നും ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ സര്‍ക്കാരിന് വാഗ്ദാനം നല്‍കി. - ആരും കമാന്ന് മിണ്ടിയില്ല

ഡെക്‌സ്‌ടോപ്പിന് ക്ലിയറായ ഒരു ലോക്ക് !!!


 കുറച്ചു നേരത്തേക്ക് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു മാറിനില്‍ക്കുമ്പോള്‍ മറ്റൊരാളുടെ ക്ലിക്ക് ഡെസ്‌ക്ടോപ്പില്‍ വീഴാതിരിക്കാന്‍ നമ്മള്‍ എന്തു ചെയ്യും ?. ലോഗ് ഓഫ് ചെയ്യും എന്നായിരിക്കും എല്ലാവരും തരുന്ന ഉത്തരം. നമ്പര്‍ ലോക്കിട്ട് ബ്രീഫ് കെയ്‌സ് പൂട്ടിവെക്കുന്നതിനു തുല്യമാണ് പാസ്‌വേഡിട്ട് ലോഗ് ഓഫ് ചെയ്യുന്ന പരിപാടി. കാര്യമായി വല്ലതും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ കംപ്യൂട്ടറിനെ മറ്റെന്തെങ്കിലും ജോലി ഏല്‍പ്പിച്ചു മാറി നില്‍ക്കുമ്പോഴോ ഡെസ്‌ക് ടോപ്പ് കണ്ടു കൊണ്ടു തന്നെ നമുക്ക് കംപ്യൂട്ടറിനെ താല്‍ക്കാലികമായി പൂട്ടിയിടാന്‍ ഒരു വിദ്യയുണ്ട്. ക്ലിയര്‍ ലോക്ക് എന്ന വളരെ ലളിതമായ സോഫ്റ്റ് വേര്‍. പേരു പോലെ തന്നെ ഡൈസ്‌ക് ടോപ്പ് ക്ലിയറായി കണ്ടുകൊണ്ടു ലോക്കു ചെയ്യുന്ന പരിപാടിയാണിത്.
   www.snapfiles.com/get/clearlock.html എന്ന ലിങ്കില്‍ പോയാല്‍ കഷ്ടിച്ച് ഒരു എംബി മാത്രം വലിപ്പമുള്ള ക്ലിയര്‍ ലോക്ക് ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്ന ഉപയോഗിക്കുകയും ചെയ്യാം. ക്ലിയര്‍ ലോക്ക് എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പാസ്‌വേഡ് ചോദിക്കും. രണ്ടിടത്ത് പാസ്സ്അവേഡ് നല്‍കിയാല്‍ ഒരു കൂറ്റന്‍ ഇരുമ്പു വാതില്‍ അടക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഡെസ്‌ക്ടോപ്പ്  അകത്തുള്ളതെല്ലാം കാണുന്ന ഒരു നേര്‍മ്മയുള്ള ആവരണം കൊണ്ടു മൂടും. ഒപ്പം പാസ്സ്‌വേഡുനല്‍കി ഡെസ്‌ക്ടോപ്പ് തുറക്കാനുള്ള ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓരോ തവണ ഡെസ്‌ക്ടോപ്പ് ലോക്ക് ചെയ്യേണ്ടപ്പോഴൊക്കെ ക്ലിയര്‍ലോക്കില്‍ ക്ലിക്കു ചെയ്താല്‍ മാത്രം മതി..
  പാസ്സ്‌വേഡു മറന്നാല്‍ നമ്മുടെ വിലപ്പെട്ട സമയത്തില്‍ അഞ്ചുമിനിട്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തെറ്റായ പാസ്സ്‌വേഡ് ടൈപ്പു ചെയ്താല്‍ മൂന്നുതവണ മാത്രമേ ക്ലിയര്‍ലോക്ക് ക്ഷമിക്കൂ. മൂന്നാമത്തെ തവണയും നല്‍കുന്ന പാസ്സ്വേഡ് തെറ്റാണെങ്കില്‍ ആള്‍ അഞ്ചു മിനിട്ടു നേരം പരിഭവിക്കും, അതിനു ശേഷമേ വീണ്ടും പാസ്സ്‌വേഡു നല്‍കാന്‍ സമ്മതിക്കൂ. ഇനി നിലവിലുള്ള പാസ്സ്‌വേഡ് മാറ്റണമെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നമ്മള്‍ പാസ്സ്‌വേഡ് സെറ്റു ചെയ്താല്‍ ക്ലിയര്‍ലോക്ക് ഐക്കണിനു സമീപം പ്രത്യക്ഷപ്പെടുന്ന ClearLock.ini ഫയല്‍ ഡിലീറ്റു ചെയ്തു കളഞ്ഞാല്‍ മതി. ക്ലിയര്‍ ലോക്ക് ഐക്കണെടുത്ത് ഡെസ്‌ക്‌ടോപ്പിലിട്ടാല്‍ നമുക്കെപ്പോഴും ഉപയോഗിക്കാനും സൗകര്യമായിരിക്കും.

സ്പാം മെയില്‍ ഭീമനെ കാണ്മാനില്ല


കളിപ്പാട്ടം മുതല്‍ വയാഗ്രവരെ കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളുമായി ഇന്‍ ബോക്‌സ് നിറക്കുന്ന ശല്യക്കാരന്‍ ഇ മെയിലുകള്‍ (spam) നമുക്കും ഇമെയില്‍ ദാതാക്കള്‍ക്കും ഒരു പോലെ തലവേദനയാണ്. ബോട്ട്‌നെറ്റ് എന്നറിയപ്പെടുന്ന സ്പാം സന്ദേശ ശൃംഘലകളെ കണ്ടുപിടിക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയത് ഈയിടെയാണ്. നീണ്ട അഞ്ചുവര്‍ഷങ്ങളായി പിടിതരാതെ ഇന്റര്‍നെറ്റിലാകെ പടര്‍ന്നുകയറിയ  റസ്റ്റോക്ക് (Rustock) എന്ന സ്പാം മെയില്‍ ശൃംഘല ഈയിടെ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തി. മൊത്തം സ്പാമുകളുടെ ഏതാണ്ട് അറുപതു ശതമാനം, അതായത് പ്രതിദിനം ഏതാണ്ട്് മൂവായിരം കോടി സ്പാം സന്ദേശങ്ങള്‍ പുറത്തുവിടുന്ന ശൃംഘലയായ റസ്റ്റോക്കിനെ തകര്‍ക്കാനുള്ള നീക്കം ഫലം കണ്ടു തുടങ്ങിയതോടെയാണ് ഈ പിന്‍വലിയല്‍.
    'ട്രോജന്‍ കുതിരകളേ' യും മാല്‍വേറുകളും ഉപയോഗിച്ച് കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ചു കയറിയാണ് ഇത്തരം ബോട്ട്‌നെറ്റുകള്‍ പ്രവര്‍ത്തിക്കുക. മാല്‍വേറുകള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചു കഴിഞ്ഞ് ഉപയോക്താക്കളേയും ആന്റി മാല്‍വേര്‍ സോഫ്റ്റ്‌വേറുകളേയും കബളിപ്പിക്കാന്‍ ദിവസങ്ങളോളം പതുങ്ങിയിരുന്ന ശേഷമാണ് ഇവ സ്പാം മെയിലുകള്‍ അയക്കാന്‍ തുടങ്ങുക. ഇന്റര്‍നെറ്റുവഴി കേന്ദ്രസ്ഥാനത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറക്ക് നിരവധി സന്ദേശങ്ങള്‍ ഒരേ സമയം അയക്കാന്‍ തുടങ്ങും. വാണിജ്യ താത്പര്യങ്ങള്‍ മുതല്‍ കമ്പ്യൂട്ടറുകളേയും നെറ്റ്‌വര്‍ക്കുകളേയും തകരാറിലാക്കുന്ന അതിക്രമങ്ങള്‍ വരെ ഇത്തരം ബോട്ട്‌നെറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്.
  2006 ആദ്യം മുതലാണ് റസ്റ്റോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം 24 ലക്ഷത്തോളം കമ്പ്യൂട്ടറുകളെ റസ്റ്റോക്ക് തങ്ങളുടെ 'അടിമകളാ' ക്കിയതായാണ് റിപ്പോര്‍ട്ട്. റസ്‌റ്റോക്ക് നെറ്റിലെ ഏറ്റവും വലിയ ബോട്ട്‌നെറ്റാണെന്ന് പറയാനാകില്ല, എങ്കിലും കഴിഞ്ഞ വര്‍ഷം പകുതിയോടെ മൊത്തം സ്പാമുകളുടെ ഭൂരിഭാഗവും ഈ ശൃംഘലവഴിയാണ് പുറത്തുവിടുന്നതെന്ന് കണ്ടെത്തി.
  ഈ കണ്ടെത്തലോടെയാണ് റസ്‌റ്റോക്കിനെ ലക്ഷ്യംവെച്ച് ആക്രമണം നടത്താന്‍ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നെറ്റ് പോലീസ് തീരുമാനമെടുത്തത്. ഈ ദൗത്യത്തിന് ഓപ്പറേഷന്‍ ബി 107 എന്ന് പേരുമിട്ടു. അമേരിക്കയിലും പുറത്തുമായി മാല്‍വേറുകളെ നിയന്ത്രിക്കുന്ന എട്ടോളം സെര്‍വറുകള്‍ ഇവര്‍ കണ്ടുപിടിച്ച് അവയുമായുള്ള ബന്ധം തകര്‍ത്തു. ഇതോടെ റസ്‌റ്റോക്കിന്റെ പ്രവര്‍ത്തനം താറുമാറായി. അപകടം മണത്തതിനേത്തുടര്‍ന്നാണ് റസ്റ്റോക്ക് പ്രവര്‍ത്തനം അവസാനിച്ച് പിന്‍വാങ്ങിയതെന്നാണ് നിഗമനം.
  ഇന്റര്‍നെറ്റില്‍ ഇത്രയും വലിയ തലവേദനയുണ്ടാക്കിയ സ്പാം ശൃംഘലയെ നിയന്ത്രിച്ചിരുന്നത് രണ്ടോ മൂന്നോ ചെറുപ്പക്കാരാണെന്നാണ് ഒടുവില്‍ പുറത്തുവന്നവിവരം. ഇവര്‍ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തത്് മൈക്രോസോഫ്്റ്റിന്റെ ഹോട്ട്‌മെയിലിനേയും.

സോഹോ വ്യൂവര്‍ - docx നെ അത്രക്ക് വെറുക്കണോ?


ലോകം കമ്പ്യൂട്ടറില്‍ വാക്കുകളെഴുതി ശീലിച്ചത് മൈക്രോസോഫ്റ്റിന്റെ വേഡിലൂടെയാണ്. എം എസ് വേഡ് മൈക്രോസോഫ്റ്റിന്റെ കുത്തകയാണെങ്കിലും പൈറസി എന്ന ജനകീയപ്രസ്ഥാനത്തിലൂടെ വേഡ് ഡോക്യുമെന്റുകള്‍ പൊതു സ്വത്തായി മാറി എന്ന് ചരിത്രം. വേഡ് പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ docx എന്ന നാലക്ഷരം ഒരു വില്ലനായി കടന്നുവന്നു. പഴയ ജനപ്രിയ പതിപ്പുകളില്‍ തുറക്കാനാകാത്ത .docx ഡോക്യുമെന്റുകളെ നമ്മളെന്തുചെയ്യും.
   ഡോക്‌സ് കണ്‍വേര്‍ട്ടറുകളുടെ കുത്തൊഴുക്കില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നുണ്ട്. സോഹോ വ്യൂവര്‍ എന്നാണ് പേര്. www.viewer.zoho.com എന്ന വെബ്‌സൈറ്റില്‍ പോയാല്‍ സൗജന്യമായി .docx ഫയലുകള്‍ വായിക്കാനും സാധാരണ .doc ഫയലുകളോ .rtf ഫയലുകളോ ടെക്‌സ്റ്റ് ഫയലുകളോ ഒക്കെയായി മാറ്റാനും കഴിയും. സേവനം തീര്‍ത്തും സൗജന്യം.
   ഡോക്‌സ് ഫയലുകള്‍ മാത്രമല്ല .pdf, .csv തുടങ്ങിയ നിരവധി ഫയലുകള്‍ അതാത് സോഫ്റ്റ് വേറുകള്‍ കൈയിലില്ലെങ്കില്‍ സോഹോ വ്യൂവറുപയോഗിച്ച് ഓണ്‍ലൈനായി വായിക്കാം. ഇനി ഈ ഫയലുകള്‍ വെബ്‌പേജിലാണുള്ളതെങ്കില്‍ ആ അഡ്രസ് രേഖപ്പെടുത്തി ഫയലുകള്‍ വായിക്കാനും സൗകര്യമുണ്ട്. സൗജന്യമായി സോഹോയില്‍ (www.zoho.com) ഒരു അക്കൗണ്ടെടുത്താല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതും കൈമാറുന്നതും ഉള്‍പ്പടെ ഔദ്യോഗികാവശ്യങ്ങള്‍ക്കും അനൗദ്യോഗികാവശ്യങ്ങള്‍ക്കും സഹായകമായ നിരവധി സേവനങ്ങള്‍ ലഭിക്കും.
   പഴയ ജനപ്രിയ പതിപ്പുകളില്‍ നമ്മള്‍ ഡോക്യുമെന്റുകള്‍ സേവ് ചെയ്തിരുന്നത് മിക്കവാറും .doc എന്ന വിഭാഗം ഫയലുകളായിട്ടായിരുന്നു. ഇവ പുതിയ പതിപ്പുകളിലും സാധാരണ വേഡ് വ്യൂവറുകളിലൂം വായിക്കാം. എന്നാല്‍ എം എസ് 2007 മുതലിങ്ങോട്ടുള്ള പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നും ആവശ്യപ്പെട്ടില്ലെങ്കില്‍ .docx  ഫയലുകളായാണ് അവ സേവ് ആവുക. നമ്മുടെ കൈയില്‍ വേഡിന്റെ പഴയ ജനകീയ പതിപ്പാണുള്ളതെങ്കില്‍ .docx ഫയലുകള്‍ നോക്കിയിരിക്കാനേ കഴിയൂ. സാധാരണ ഉപയോക്താവിന് കടുകട്ടിയാണെങ്കിലും മൈക്രോസോഫ്റ്റിനെ ശപിച്ചു കൊണ്ട് പുത്തന്‍ പതിപ്പ് പലരും ഉപയോഗിച്ചു തുടങ്ങിയത് അങ്ങിനെയാണ്. ഒരു പാട് പുതിയ സൗകര്യങ്ങളുള്ള പുതിയ വേഡിനെ കണ്ണും ചിമ്മി ഒഴിവാക്കാനുമാകില്ല. docx ഡോക്യുമെന്റുകള്‍ നിലവില്‍ ഗൂഗിള്‍ ഡോക്യുമെന്റില്‍ അപ് ലോഡ് ചെയ്തു വായിക്കാമെന്നതടക്കം നിരവധി കുറുക്കുവഴികള്‍ ഉപയോക്താക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്.

'സുമാത്ര'യില്‍ പി ഡി എഫും ഇനി ലൈറ്റ് വെയിറ്റ്


പബ്ലിഷിംഗ് രംഗത്ത് അക്ഷരങ്ങളും ചിത്രങ്ങളുമടങ്ങിയ ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യാന്‍ പതിനേഴു വര്‍ഷം മുമ്പ് അഡോബി സിസ്റ്റംസ് കണ്ടുപിടിച്ചതാണ് പി ഡി എഫ് എന്ന  പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്. സമാനമായ മറ്റു ഫയലുകളെ അപേക്ഷിച്ച് വലിപ്പക്കൂടുതലുള്ളതുകൊണ്ടുതന്നെ പേരുപോലെ അത്ര പോര്‍ട്ടബിള്‍ ഒന്നുമായിരുന്നില്ല പി ഡി എഫ് ആദ്യകാലത്ത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അഡോബിന്റെ പി ഡി എഫ് റീഡറുപയോഗിച്ചുള്ള കൈകാര്യവും അല്പം ബുദ്ധിമുട്ടുമായിന്നു. ഒരു ഇമേജ് ഫയല്‍ തുറന്നുവരുന്ന അതേ വേഗത്തില്‍ പി ഡി എഫ് ഫയല്‍ കൈകാര്യം ചെയ്യുകയെന്ന സ്വപ്‌നം സഫലമാക്കാന്‍ പലരും കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയതും അതുകൊണ്ടാണ്. അത്തരമൊരു പരിശ്രമമാണ് സുമാത്ര എന്ന സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ കണ്ടുപിടുത്തത്തിലെത്തിയത്.
 ഇത്തരം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകള്‍ നിരവധിയുണ്ടെങ്കിലും ലൈറ്റ് വെയിറ്റ് പി ഡി എഫ് റീഡര്‍ എന്നാണ് സുമാത്രയെ സൈബര്‍ ലോകത്ത് അറിയപ്പെടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫയല്‍ തുറക്കാമെന്നതുമാത്രമല്ല ഒരു യു എസ് ബി ഡ്രൈവില്‍ 'കൊണ്ടുനടന്ന്' ഉപയോഗിക്കുകയുമാവാം. പി ഡി എഫ് ഡോക്യുമെന്റുകളുടെ കാര്യത്തില്‍ അഡോബിയുടെ കുത്തക തകര്‍ത്തതിന്റെ അവസാനത്തെ ഉദാഹരണമാണ് സുമാത്ര.
  2006 ല്‍ ക്രിസ്റ്റോഫ് കൊവാല്‍സിക് എന്നയാളാണ് സുമാത്രയുടെ ആദ്യ പതിപ്പായ സുമാത്ര 0.1 ആദ്യമായി നിര്‍മ്മിച്ചത്. ആദ്യകാലത്തു നേരിട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച പുതിയ പതിപ്പ് -  സുമാത്ര 1.0 ഇറങ്ങിയത് 2009 നവംബറിലാണ്. ക്രിസ്റ്റോഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എവിടെയും കൊണ്ടുനടക്കാവുന്ന രീതിയിലുള്ള ഒറ്റഫയല്‍ മാത്രമുള്ള 'ഭാരം കുറഞ്ഞ'  സോഫ്റ്റ് വെയറാണ് ഇത്. അഡോബിയുടെ റീഡറിനെ അപേക്ഷിച്ച് റീഡര്‍ ക്ലോസ് ചെയ്യാതെ തന്നെ ഫയലില്‍ മാറ്റങ്ങള്‍ വരുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. 'R' എന്ന കീ അമര്‍ത്തിയാല്‍ റിഫ്രഷ് ചെയ്ത് മാ
റ്റം വരുത്തിയ ഫയല്‍ കാണുകയുമാകാം.
  ഫയലുകള്‍ പ്രിന്റ് ചെയ്യുന്ന കാര്യത്തിലായിരുന്നു സുമാത്രയുടെ ആദ്യപതിപ്പുകള്‍ പ്രശ്‌നം നേരിട്ടത്. മെമ്മറികൂടുതല്‍ ആവശ്യമുള്ളതുകൊണ്ടു തന്നെആദ്യ കാലത്ത് ഫയലുകള്‍ പ്രിന്റ് എടുക്കാന്‍ താമസം നേരിട്ടു. ഹൈപ്പര്‍ ലിങ്കുകളും ആദ്യ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അവയെല്ലാം പരിഹരിച്ചതാണ് പുതിയ പതിപ്പ്.
 നിലവില്‍ എല്ലാവരും ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡറുമായി തട്ടിച്ചു നോക്കുമ്പോള്‍ നിരവധി ഗുണങ്ങളുണ്ട് സുമാത്രക്ക്. 1.2 എം ബി യാണ് സുമാത്രയുടെ സെറ്റ് അപ് ഫയലിന്റെ വലിപ്പം, എന്നല്‍ അഡോബിക്ക് ചുരുങ്ങിയത് 26 എം.ബി എങ്കിലും വേണം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ സുമാത്ര 1.2 എം ബി സ്ഥലം മാത്രം എടുക്കുമ്പോള്‍ അഡോബിയുടെ റീഡര്‍ ചുരുങ്ങിയത് 35 എം ബി എങ്കിലും സ്ഥലം ഉപയോഗിക്കും. തീര്‍ന്നില്ല, കണ്ണു ചിമ്മുന്നതിനു മുമ്പേ സുമാത്ര തുറന്നുവരുമ്പോള്‍ അഡോബിയുടെ അക്രോബാറ്റ് റീഡര്‍ തുറന്നു വരുന്നതും കാത്തിരിക്കണം. അപ്‌ഡേഷന്‍ ഇന്‍ഫര്‍മേഷനടക്കമുള്ളവ ഇടക്കു കയറിവരികയും ചെയ്യും. വെബ് സൈറ്റിലെ പി ഡി എഫ് തുറക്കാനാണെങ്കില്‍ തലവേദന ഇതിലും കൂടും. സുമാത്രക്ക് ആരാധകരുടെ വന്‍ പിന്‍തുണ ലഭിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണോ !!!
  1993 ല്‍ പി ഡി എഫ് രംഗത്തിറക്കുമ്പോള്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗിന് അനുയോജ്യമാണെന്ന നിലയില്‍ അഡോബിയുടെ കുത്തകയായിരുന്നു അത്. പി ഡി എഫ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ വേണ്ട അക്രോബാറ്റ് ഡിസ്റ്റിലര്‍, ഫയല്‍ തുറന്നുകാണാനാവശ്യമായ അക്രോബാറ്റ് റീഡര്‍ എല്ലാം പണം കൊടുത്ത് വാങ്ങേണ്ടിയിരുന്നു. അഡോബ് റീഡര്‍ സൗജന്യമായി നല്‍കിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ഇപ്പോള്‍ പി ഡി എഫ് ഫോര്‍മാറ്റിലേക്കും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യാവുന്ന നിരവധി പ്രോഗ്രാമുകള്‍ സൗജന്യമായി ലഭ്യമാണ്.
  പബ്ലിഷിംഗ് രംഗത്ത് മാത്രമല്ല ഇ ബുക്കുകകളായും കാറ്റലോഗുകളായും മറ്റും പി ഡി എഫിന്റെ ഉപയോഗം ഇന്റര്‍നെറ്റിലും ഒഴിച്ചു കൂടാത്തതാണ്. ഈ സാഹചര്യത്തിലാണ് സുമാത്ര പോലുള്ള ലൈറ്റ് വെയിറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
കൊവാല്‍സിക്കിന്റെ വെബ്‌സൈറ്റില്‍ നിന്നോ (www.blog.kowalczyk.info) ഡൗണ്‍ലോഡ് ഡോട്ട് കോം പോലുള്ളവയില്‍ നിന്നോ സുമാത്ര സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

നിട്രോ പി ഡി എഫ് റീഡര്‍ ലളിതം മനോഹരം..


പേരുപോലെ പോര്‍ട്ടബിള്‍ ആണ് പോര്‍ട്ടബിള്‍ ഡോക്യമെന്റ് ഫോര്‍മാറ്റ്. പിഡിഎഫ്. എന്നാണ് വിളിപ്പേര്. എന്നാല്‍ അഡോബിയുടെ ഡിസ്റ്റിലറിനെ കൂട്ടുപിടിച്ചുള്ള പി ഡി എഫ് ഫയല്‍ നിര്‍മ്മാണവും അക്രോബാറ്റ് റീഡറിലൂടെ തുറന്നു നോക്കുന്നതും സാധാരണ കംപ്യൂട്ടര്‍ ഉപയോക്താവിന് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അക്രോബാറ്റ് ബദല്‍ സോഫ്റ്റ് വേറുകള്‍ക്ക് ഈയിടെയായി പ്രചാരം കൂടിവരുന്നതും അതുകൊണ്ടാണ്. പി ഡി എഫിനെ നമുക്ക് മൈക്രോസോഫ്റ്റ് വേഡുപോലെ ലളിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ? നിട്രോ പി ഡി എഫ് റീഡര്‍(nitro reader) ഒരു വലിയ പ്രസ്ഥാനമായി മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്.
   ഒറ്റനോട്ടത്തില്‍ ഭാരംകുറഞ്ഞ ഒരു പിഡിഎഫ് റീഡറാണിത്. കാണാനും സുന്ദരം. ഇളം നീല പശ്ചാത്തലത്തില്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഇന്റര്‍ഫേസുകള്‍. ഗ്രാഫിക്‌സിന്റെ ആര്‍ഭാടമൊന്നും കാണില്ല. പേരില്‍ റീഡര്‍ മാത്രമേയുള്ളൂവെങ്കിലും നല്ല ഒരു പി ഡി എഫ് പ്രിന്റര്‍ കൂടിയാണ് അത്. ഒരു വെടിക്ക് രണ്ട് പക്ഷി.  
   എളുപ്പമാണ് നിട്രോ ഉപയോഗിക്കാന്‍. ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അധിക നേരം കാത്തിരിക്കേണ്ട ആവശ്യമില്ല. സൂം ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഫുള്‍സ്‌ക്രീനാക്കി മാറ്റാനും ആവശ്യമുള്ള ഭാഗങ്ങള്‍ നിറം മാറ്റി ഹൈലൈറ്റ് ചെയ്യാനും നമുക്ക് വേണ്ട കമന്റുകള്‍ പേജില്‍ കുറിച്ചുവെക്കാനുമൊക്കെ എളുപ്പം സാധിക്കും. ഒരു റീഡര്‍ എന്ന നിലയില്‍ നിട്രോയുടെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ഇവയൊക്കെയാണ്.
   നിട്രോ സൂപ്പര്‍ഹിറ്റായത് ലളിതമായ പി ഡി എഫ് നിര്‍മ്മാണ രീതി കൊണ്ടാണ്.  ഒരു വേഡ് ഫയല്‍ പിഡിഎഫ് ആക്കി മാറ്റണമെങ്കില്‍ പ്രിന്റര്‍ സെറ്റിംഗ്‌സില്‍ പോയി ഡിസ്റ്റിലറോ മറ്റേതെങ്കിലും പ്രിന്ററോ സെലക്ട് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യമില്ല. ഡെസ്‌ക് ടോപ്പിലെ ഐക്കണിലേക്ക് നമുക്ക് പി ഡി എഫ് ആക്കേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മാത്രം മതി. ഒരേസമയം നിരവധി ഫയലുകള്‍ പിഡിഎഫ് ആയി മാറ്റുകയും ചെയ്യാം. ഇമേജുകളും വെബ്ഫയലുകളുമടക്കം ഏതുഫയലും നമുക്ക് ഇങ്ങനെ പിഡിഎഫ് ആക്കി മാറ്റാനാകും.
   ഇനി പി ഡി എഫ് ഡോക്യുമെന്റ് പൊളിച്ച് ടെക്സ്റ്റ് വീണ്ടെടുക്കണമെങ്കില്‍ അതിനും ലളിതമായ വിദ്യയുണ്ട്. മുകളില്‍ എക്‌സ്ട്രാക്ട് ടെക്സ്റ്റ് ഇമേജ് കൊടുത്താല്‍ ടെക്സ്റ്റ് ഒരു നോട്ട്പാഡില്‍ ലഭിക്കും. ഇമേജും ഇങ്ങനെ പൊളിച്ചെടുക്കാം.ഇതൊക്കെ എടുത്തുപറയേണ്ട കാര്യങ്ങള്‍ മാത്രം. പി ഡി എഫ് നിര്‍മ്മിക്കുമ്പോള്‍ സ്വന്തമായി ഒരു 'സിഗ്നേച്ചര്‍' ഉപയോഗിക്കുന്നതടക്കം നിരവധി ഗുണഗണങ്ങള്‍ ഇനിയും കണ്ടെടുക്കാനാകും.
  നിട്രോ റീഡര്‍ അവരുടെ ഒദ്യോഗിക വെബ്‌സൈറ്റായ www.nitroreader.com ല്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.  

യൂട്യൂബ് കീബോഡിലും നിയന്ത്രിക്കാം


വീഡിയോ ആല്‍ബങ്ങളും സിനിമാഗാനങ്ങളുമൊക്കെ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കംപ്യൂട്ടറില്‍ കോപ്പി ചെയ്ത് സൂക്ഷിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞു. ഇപ്പോള്‍ പാട്ടോ സിനിമാ രംഗങ്ങളോ ഇനിയിപ്പോ സിനിമ തന്നെയോ യൂട്യൂബില്‍ സുലഭം. കാലം മാറിയെങ്കിലും യൂട്യൂബ് വീഡിയോയുടെ കോലം മാറിക്കൊണ്ടിരിക്കുന്നേയുള്ളൂ. വിന്‍ഡോസ് മീഡിയാ പ്ലെയറിലോ പവര്‍ ഡി വി ഡി യിലോ, വി എല്‍ സി പ്ലെയറേിലോ ഒക്കെ നമുക്കിഷ്ടം പോലെ വേഗത കുറച്ചും കൂട്ടിയുമൊക്കെ വീഡിയോ കണ്ടിരുന്ന സുഖം യൂട്യൂബ് തന്നിരുന്നില്ല. എന്നാലും ഓസിനു കിട്ടുന്നതല്ലേ എന്നു കരുതി നമ്മളങ്ങു ക്ഷമിച്ചു. ആ ക്ഷമയുടെ അതിരുവിടുന്നതിനു മുമ്പേ ഗൂഗിള്‍ ചില സവിശേഷതകള്‍ ഉള്‍പ്പെടുത്തി യൂട്യൂബ് ഒന്നുകൂടി പരിഷ്‌കരിച്ചു. 
   യൂട്യൂബ് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തുടങ്ങിയ സ്ഥലത്തെത്തണമെങ്കില്‍ മൗസുപയോഗിച്ച് സീക്കിംഗ് ബാര്‍ പിടിച്ചു വലിക്കേണ്ടിയിരുന്നു. അഹങ്കാരിയായ ബ്രൗസറാണെങ്കില്‍ കാത്തിരുന്നു മുഷിഞ്ഞതു തന്നെ. എന്നാല്‍ ഇപ്പോള്‍ കീബോഡില്‍ '0' അമര്‍ത്തിയാല്‍ തുടങ്ങിയ സ്ഥലത്തെത്താം. ഇനിയിപ്പോള്‍ വീഡിയോയുടെ പത്തുശതമാനത്തിനു ശേഷം കണ്ടാല്‍ മതിയെങ്കില്‍ '1' അമര്‍ത്തിയാല്‍ മതി. '2' ന് ഇരുപതു ശതമാനം, '3' ന് മുപ്പതു ശതമാനം, '4' ന് നാല്‍പ്പത് എന്നിങ്ങനെ കീബോഡ് ഷോട്ട് കട്ടുകള്‍ ഉപയോഗിക്കുകയുമാകാം. കൂടാതെ ഇടത്, വലത് 'ആരോ' കീകള്‍ ഉപയോഗിച്ച് വീഡിയോ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും കഴിയും.
   വീഡിയോ 2x, 1.5x, .1/2x, 1/4x  എന്നിങ്ങനെ വേഗത്തിലോ 'സ്ലോ മോഷനിലോ' കാണണമെങ്കില്‍ അതിന് പുതിയ ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയിട്ടുണ്ട്. യൂട്യൂബ് പ്ലെയറിന്റെ താഴെ വലതുഭാഗത്ത് ക്ലിക്കുചെയ്ത് ഈ സംവിധാനം ഉപയോഗിക്കാം. എല്ലാ വീഡിയോകള്‍ക്കും ഇല്ലെന്നു മാത്രം. 

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്‌ളൈറ്റുകളും ലൈവ്


ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാങ്ങളെയെല്ലാം ലൈവായി നമുക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞാലോ?. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാള്‍ക്ക് അത് വലിയ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ പോലും വയ്യെന്ന്് നമ്മള്‍ പറഞ്ഞുതുടങ്ങിയ പുതിയ കാലത്ത് ഗുഗിള്‍ മാപ്പ് തുടര്‍ച്ചയായി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
  ആകാശത്തുകൂടെ സഞ്ചരിക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ഇത്തവണ ആംസ്റ്റര്‍ഡാമുകാരാണ്. മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും അനുകരിച്ചേക്കാവുന്ന പുതിയ മാതൃക. സംഗതിയെന്താണെന്ന് നേരിട്ടു കണ്ടുമനസ്സിലാക്കണമെങ്കില്‍ www.casper.frontier.nl എന്ന വെബ്‌സൈറ്റ് തുറന്നു നോക്കിയാല്‍ മതി.
   ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടുന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്‌സൈറ്റ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് ഇവിടെ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്തു നിന്നു കാണുന്നതു പോലെ. 'ഇവക്ക് മുകളില്‍ ക്ലിക്കു ചെയ്താല്‍ ഫ്‌ളൈറ്റ് നമ്പര്‍, അതിന്റെ വേഗത, എത്ര ഉയരത്തിലാണ് പറക്കുന്നത്, ദിശ തുടങ്ങിയ വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. ഇടതുവശത്തു കാണുന്ന ബോക്‌സില്‍ വിമാനത്തിന്റെ ചിത്രവും തെളിയും.
  ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട്് അന്വേഷണവിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഈ വെബ് സൈറ്റ്  നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി എന്നു ചുരുക്കം.
 തീര്‍ന്നില്ല കഴിഞ്ഞദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ് സംവിധാനവുമുണ്ട് ഇതില്‍. ദിവസവും സമയവും തിരഞ്ഞെടുത്താല്‍ ആ സമയത്ത് ഏതൊക്കെ ഫ്‌ളൈറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം. ലോകം മുഴുവന്‍ ഈ സേവനം ലഭ്യമാകുന്നത് എന്നാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

രക്ഷാപ്രവര്‍ത്തനത്തിന് ഒരു റോബോട്ട് powerd by microsofr XBOX 360


ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ ജീവികളെ മുതല്‍ വിവിധയിനം റോബോട്ടുകളെ വരെ ഉപയോഗിക്കാമെന്നത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചതും അത്തരമൊരു റോബോട്ടാണ്. ചില 'കുട്ടിക്കളി'കളാണ് ഈ റോബോട്ടിന് അടിസ്ഥാനം എന്നാല്‍ അതൊരു കുട്ടിക്കളിയല്ല താനും.
   ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടുകള്‍ക്ക് വേണ്ടി പണം വാരിക്കോരി ചിലവാക്കേണ്ടിയിരുന്നു മുമ്പ്. എന്നാല്‍ പുതിയ റോബോട്ട് പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ സൂപ്പര്‍ ഹിറ്റ് വീഡിയോ ഗെയിമായ എക്‌സ്‌ബോക്‌സിനു വേണ്ടി തയ്യാറാക്കിയ കൈനെക്ട് എന്ന അനുബന്ധ ഉപകരണമുപയോഗിച്ചാണ്. എക്‌സ്‌ബോക്‌സ് 360 യെ നിയന്ത്രിക്കുന്ന വെബ്ക്യാം പോലുള്ള ഉപകരണമാണ് എക്‌സ്‌ബോക്‌സ് കൈനെക്ട് (KINECT).
   ആര്‍ ജി ബി ക്യാമറയും, ഡെപ്ത് സെന്‍സറും, ത്രീഡി സ്്കാനറും മൈക്രോഫോണുമൊക്കെയുള്ള കൈനെക്ട് ഉപയോഗിച്ചാണ് ബ്രിട്ടണിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റോബോട്ടിനെ നിര്‍മ്മിച്ചത്. വാര്‍വിക് മൊബൈല്‍ റോബോട്ടിക്‌സ് (WMR) എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. ഡബ്ല്യു എം ആര്‍ റെസ്‌ക്യു റോബോട്ട് എന്നാണ് ഈ കൊച്ചു റോബോട്ട് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ റോബോകപ്പ് റെസ്‌ക്യു ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു ഈ
റെസ്‌ക്യു റോബോട്ട്.
   റോബോട്ടിനെ ഇറക്കിവിട്ട് ആളുകളുടെ സ്ഥാനം മനസ്സിലാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാം. റോബോട്ട് അയക്കുന്ന ത്രീഡി ചിത്രങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടുമൊരു അപകട സാധ്യത ഇല്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നാണ്  ഡബ്ല്യു എം ആര്‍ പദ്ധതിയുടെ എന്‍ജിനീയര്‍ പീറ്റര്‍ ക്രുക്ക് അഭിപ്രായപ്പെട്ടത്. കൈനക്ട് ഉപയോഗിച്ച് റോബോട്ടിനെ നിര്‍മ്മിക്കുമ്പോള്‍ സമാനമായ മറ്റ് റോബോട്ടുകളേക്കാള്‍ രണ്ടായിരം പൗണ്ട് ലാഭിക്കാമെന്നാണ് കണക്ക്.
  എക്‌സ്‌ബോക്‌സ് കണ്‍സോളിലല്ലാതെ കൈനെക്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. കമ്പ്യൂട്ടറുകളിലും അനുബന്ധ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ അതിനു വേണ്ടി പ്രത്യേക ഡ്രൈവര്‍ തന്നെ തയ്യാറാക്കിയാണ് ഗവേഷകര്‍ ഈ പ്രശ്‌നം പരിഹരിച്ചത്. വ്യാവസായിക തലത്തില്‍ ഇവ പുറത്തിറക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈയില്‍ നിന്നും അനുമതി വാങ്ങേണ്ടതുമുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഈ റോബോട്ടിനെ വിപണിയിലെത്തിക്കാന്‍ ഇനി കുറച്ചു നാള്‍ കൂടി കാത്തിരുന്നാല്‍ മതിയാകുമെന്നാണ് ക്രൂക്ക് പറയുന്നത്.

E Democracy - കിഴക്കന്‍ ടിമൂര്‍ മാതൃക


രാജ്യത്തെ സമ്പദ് വ്യവസ്ഥ എത്രത്തോളം സുതാര്യമാണ്. ബജറ്റു കാലത്തുമാത്രമുള്ള ചര്‍ച്ചകള്‍ക്കപ്പുറം ആരും സ്വന്തം നാട്ടിലെ ഖജനാവിന്റെ കണക്കെടുക്കാറില്ല. ജനാധിപത്യം ഏറെ കൊട്ടിഘോഷിക്കുന്ന ഇന്ത്യയില്‍ പോലും. എന്നാല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പത്തു വര്‍ഷം കൊണ്ട് കിഴക്കന്‍ ടിമൂര്‍ ഖജനാവിലെ കണക്കുകള്‍ ഇന്റര്‍നെറ്റുവഴി തുറന്നു വെച്ചു. ഫ്രീ ബാലന്‍സ് എന്ന കനേഡിയന്‍ ഐ ടി കമ്പനിയുടെ സഹായത്തോടെ. കൂടുതലറിയാന്‍  www.transparency.gov.tl/public/index - ഇവിടെയൊന്നും ചെന്നു നോക്കിയാല്‍ മതി.
  സര്‍ക്കാരിന്റെ വരവു ചിലവുകള്‍ പൊതുജനങ്ങള്‍ അറിയുക മാത്രമല്ല അവരുടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ഇത്. അതുകൊണ്ടു തന്നെയാണ് അമേരിക്കയിലും ഇറാഖിലും യുഗാണ്ടയിലുമൊക്കെ ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കി വിജയിച്ച ഫ്രീ ബാലന്‍സിനെ തന്നെ ഈ ചുമതലയേല്‍പ്പിച്ചത്. ഓരോ പദ്ധതിക്കും പണം എങ്ങിനെ ചിലവഴിച്ചും, പണം ഏതുവഴി വന്നു തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഭരണ സംവിധാനത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളിയാകാം എന്നതുമാത്രമല്ല നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. കഴിഞ്ഞ പത്തു വര്‍ഷത്തെ വരവു ചിലവു കണക്കുകളും ഇതുവഴി ലഭിക്കുകയും ചെയ്യും. എല്ലാം പിഡിഎഫ്, വേഡ്, എക്‌സല്‍, എച്ച്ടിഎംഎല്‍ ഡോക്യുമെന്റുകളായി ഡൗണ്‍ലോഡ് ചെയ്യാം.
   കിഴക്കന്‍ ടിമൂര്‍ മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും സ്വന്തം വെബ്‌സൈറ്റുകളിലൂടെയും ജനങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്ന സര്‍ക്കാരുകള്‍ വേറെയുമുണ്ട്. ട്വിറ്ററും ഫെയ്‌സ്ബുക്കുമുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പൊതുജനങ്ങളുമായി സംവദിക്കുന്ന കോമണ്‍വെല്‍ത്ത് ഓഫ് വിര്‍ജീനിയയുടെ പോര്‍ട്ടല്‍ (www.virginia.gov/cmsporta-l3) നേരത്തേ തന്നെ ഹിറ്റായതാണ്. ഫെയ്‌സ്ബുക്കും ട്വിറ്ററും വഴി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച ജപ്പാന്‍ സര്‍ക്കാരിന്റെ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം പൊതുജനങ്ങളുമായി നവമാധ്യമസംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

കണ്‍ഫെഷന്‍ ; ഐഫോണ്‍ വഴി കുംബസാരക്കൂട്ടിലേക്ക്


വിശ്വാസികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പോപ്പ്് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞത് കഴിഞ്ഞമാസമാണ്. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ ഒരു സോഫ്റ്റ് വേര്‍ ഡെവലപ്പിംഗ് കമ്പനി അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. പാപങ്ങള്‍ കണ്ടെത്തി വിശ്വാസികളെ കുംബസാരക്കൂട്ടിലേക്ക് നയിക്കുന്ന 'കണ്‍ഫെഷന്‍' എന്ന സോഫ്റ്റ്‌വേര്‍ ഐഫോണ്‍ വിപണിയിലെത്തിയത്് അങ്ങിനെയാണ്. പശ്ചാത്തപിക്കാനുള്ള സമ്പൂര്‍ണ്ണസഹായിയെന്നാണ് അമേരിക്കിലേയും ബ്രിട്ടണിലേയും ചര്‍ച്ചുകള്‍ ഈ ആപ്ലിക്കേഷനെ വിശേഷിപ്പിച്ചത്.    പാപങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യാവലിയാണ് 'കണ്‍ഫെഷന്റെ' അടിസ്ഥാനം. പ്രായം, സ്ത്രീയാണോ പുരുഷനാണോ, വിവാഹിതനാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ ആപ്ലിക്കേഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുക. കണ്‍ഫെഷന്റെ നിര്‍ദ്ദേശമനുസരിച്ച് പാപമോചനത്തിനായി പുരോഹിതനെ സമീപിക്കാം.
  ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ കത്തോലിക്കരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് 'കണ്‍ഫെഷന്‍' നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ പാട്രിക് ലീനെന്‍ പറയുന്നു. അമേരിക്കയിലെ പ്രമുഖ ബിഷപ്പുമാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ സോഫ്റ്റ് വേര്‍ നിര്‍മ്മിച്ചത്. ഇംഗ്ലണ്ടിലെ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സും ഈ ഐഫോണ്‍ ആപ്ലിക്കേഷന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഐ ട്യൂണ്‍സ് വഴി രണ്ടു ഡോളറിന് കണ്‍ഫെഷന്‍ ആപ്രിക്കേഷന്‍ ലഭിക്കും.
  2007 ല്‍ വത്തിക്കാന്‍ യൂട്യൂബ് ചാനലും പിന്നീട് ഫെയ്‌സ്ബുക്കില്‍ പോപ്പിന്റെ വെര്‍ച്വല്‍ പോസ്റ്റ് കാര്‍ഡും ആരംഭിച്ചതിനു ശേഷം വിശ്വാസവുമായി ബന്ധപ്പെട്ട മറ്റൊരു സാങ്കേതിക വിപ്ലവം എന്നാണ് കണ്‍ഫെഷനെ വിശേഷിപ്പിക്കുന്നത്.

യൂട്യൂബിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍


യൂട്യൂബില്‍ ദിനം പ്രതി കാക്കത്തൊള്ളായിരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയില്‍ സൂപ്പര്‍ ഹിറ്റുകള്‍ എങ്ങിനെ കണ്ടെത്തും. യൂട്യൂബ് യൂട്യൂബായി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലളിതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി ഗൂഗിളെത്തിയത്.    ഗൂഗിള്‍ ട്രെന്റ്‌സ് ഡാഷ്‌ബോഡെന്നാല്‍ മ്യൂസിക് അമേച്ചര്‍ ഭേദമില്ലാതെ പുതിയ സ്പന്ദനങ്ങളറിയാനുള്ള സ്ഥലമാണ്. www.youtube.com/trendsdashboard  ലെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
 ഒരു പാട്ട് ജനപ്രിയമാകുന്നത് അവ ഏറ്റുപാടാന്‍ തുടങ്ങുമ്പോഴാണ്. വീഡിയോ ആണെങ്കില്‍ വീണ്ടും വീണ്ടും കാണുമ്പോഴും മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുമ്പോഴുമാണ്. അത്തരം വീഡിയോകള്‍ തിരഞ്ഞെടുത്ത് ലിസ്റ്റു ചെയ്യുകയാണ് ട്രെന്റ്ഡാഷ്‌ബോഡ് ചെയ്യുന്നത്്.    ഇവിടെ രണ്ടു തരത്തിലാണ് യൂട്യൂബ് വീഡിയോകളുടെ ജനപ്രിയത അളക്കുന്നത്. ഒന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത വീഡിയോകള്‍ -  Most Shared വീഡിയോ എന്ന് ഇംഗ്ലീഷില്‍ പറയും. രണ്ട്, കഴിഞ്ഞ ഇരുപത്തിയെട്ടു ദിവസത്തിനുള്ളില്‍ യൂട്യൂബിലെത്തിയവയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോകള്‍ - അതായത് Most Viewed വീഡിയോകള്‍. ഇവയിലേതു വേണമെന്ന് നമുക്ക് പേജിന്റെ വലതുഭാഗത്തുള്ള ബട്ടണിലൂടെ തിരഞ്ഞെടുക്കാം. തീര്‍ന്നില്ല, ഓരോ പ്രായപരിധിയിലുള്ളവര്‍ക്ക്് ഇഷ്ടപ്പെട്ട വീഡിയോകള്‍ കണ്ടെടുക്കാനും സ്തീകളും, പുരുഷന്മാരും, എല്ലാവരും കണ്ടവ എന്നിങ്ങനെ തിരഞ്ഞടെുക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്.
   www. youtube.com/charts ല്‍ ചെന്നാല്‍  കൂടുതല്‍ പേര്‍ കണ്ട വീഡിയോകള്‍ ചാര്‍ട്ടുകളായി ലഭിക്കും. ഷെയര്‍ ചെയ്തവക്കും കൂടുതല്‍ കണ്ടവക്കും പുറമെ പറഞ്ഞവക്കുപുറമെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോകള്‍, കൂടുതല്‍ പേര്‍ കണ്ട ഹൈഡെഫനിഷന്‍ വീഡിയോകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വീഡിയോകളും ലഭിക്കും. എന്റര്‍ടെയിന്‍മെന്റ്, ഫിലിം/ അനിമേഷന്‍, എജ്യുക്കേഷണല്‍, കോമഡി തുടങ്ങി വിവിധ കാറ്റഗറികളിലും സൂപ്പര്‍ ഹിറ്റായ വീഡിയോകള്‍ നമുക്ക് ഈ പേജില്‍ ലഭിക്കും. ഇനി ഈ കാറ്റഗറികള്‍ RSS FEED ആയി ലഭിക്കാന്‍  www.youtube.com/rssls ഉം സഹായിക്കും.

ബ്ലോഗെഴുത്തുകാരുടെ മാനസിക നിലയറിയാന്‍ സോഫ്റ്റ്‌വേര്‍


കൈയക്ഷരം നോക്കി ഒരാളുടെ സ്വഭാവം നിര്‍ണ്ണയിക്കാമെന്ന്് പൊതുവേ പറയാറുണ്ട്. എന്നാല്‍ കൈയെഴുത്തില്ലാത്ത വെബ് മീഡിയയില്‍ എഴുത്തു നോക്കി ഒരാളുടെ സ്വഭാവം എങ്ങനെ നിര്‍ണ്ണയിക്കാനാകും?  ഒടുവില്‍ അതിനും വഴി കണ്ടെത്തി. ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകളും നിറവും ഇമോട്ടിക്കുകളും പരിശോധിച്ച് ആളുടെ സ്വഭാവം കണ്ടെത്തുന്ന ഒരു സോഫ്റ്റ വെയര്‍.  ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ യൈര്‍ ന്യൂമാനാണ് വാക്കുകള്‍ തൂക്കി നോക്കി ആളെ മനസ്സിലാക്കുന്ന സോഫ്റ്റ് വെയറിന്റെ പിതാവ്. ഇങ്ങനെ ബ്ലോഗ് പോസ്റ്റുകള്‍ പരിശോധിച്ച് അയാള്‍ ഡിപ്രഷന്‍ അനുഭവിക്കുന്നയാളാണെന്നും, ആത്മഹത്യാപ്രേരണയുള്ളയാളാണെന്നും കണ്ടെത്താനാകുമെന്നാണ് ന്യൂമാന്‍ അവകാശപ്പെടുന്നത്.
   മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മൂന്നു ലക്ഷത്തോളം ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റുകളിലാണ് അദ്ദേഹം തന്റെ പരീക്ഷണം ആരംഭിച്ചത്. തന്റെ പ്രോഗ്രാം ഉപയോഗിച്ച് ഇവയില്‍ നിന്നും ഡിപ്രഷന്‍ ബാധിച്ചവരുടെ നൂറ് പോസ്റ്റുകളും തീരെ ഡിപ്രഷന്‍ ബാധിക്കാത്തവരുടെ നൂറ് പോസ്റ്റുകളും തിരഞ്ഞെടുത്തു. ഇവ പരിശോധിച്ച ക്ലിനിക്കള്‍ സൈക്കോളജിസ്റ്റുകളുടെ പാനല്‍ സോഫ്റ്റ്‌വേര്‍ കണ്ടെത്തിയതില്‍ 78 ശതമാനവും ശരിവെക്കുകയും ചെയ്തു. ഇതോടെ പരീക്ഷവുമായി ന്യൂമാന്‍ മുന്നോട്ടു പോകുകയായിരുന്നു.
   'ഡിപ്രഷന്‍' എന്നോ 'സൂയിസൈഡ്' എന്നോ നേരിട്ടുപയോഗിച്ചിട്ടില്ലെങ്കിലും വാക്കുകളുടെ സ്വഭാവവും അവയുടെ ചേരുവയും നോക്കി ആളുടെ മാനസിക നില കണ്ടെത്താനാകുമെന്നാണ് ന്യൂമാന്‍ അവകാശപ്പെടുന്നത്. സൈക്കോളജിസ്റ്റുകള്‍ക്ക് സാഹചര്യങ്ങള്‍ പഠിക്കുമ്പോഴുണ്ടാകുന്ന 'ഉള്‍വിളി' തന്നെയാണ് തന്റെ സോഫ്റ്റ്‌വേറിന്റയും അടിസ്ഥാനമെന്നാണ് ന്യൂമാന്റെ വാദം. അതായത് ഒരു തരം 'വെബ് ഇന്റലിജന്‍സ്'
  ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളില്‍ പലപ്പോഴും അവ തുടക്കത്തിലേ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്‌നം. ഈ സോഫ്‌റ്റ്വേറിലൂടെ ബ്ലോഗര്‍മാര്‍ക്കും മറ്റും തങ്ങളുടെ എഴുത്ത് അളന്നു നോക്കി തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ വേണമെങ്കില്‍ ചികിത്സയുമായി മുന്നോട്ടു പോകാം. ചികിത്സാരംഗത്ത് ഉപയോഗിക്കാമെന്നതിനു പുറമേ ഒരു സേവനമായും താന്‍ ഇതിനെ കണക്കാക്കുന്നുവെന്ന് ന്യൂമാന്‍ പറയുന്നു.

മനുഷ്യശരീരത്തിലൂടെയൊരു യാത്ര


ലോകത്തെ നെറ്റില്‍ പുനരവതരിപ്പിച്ച ഗൂഗിള്‍ മനുഷ്യ ശരീരത്തിലൂടെയുള്ള പര്യടനമെന്ന പുത്തന്‍ ആശയവുമായി രംഗത്തെത്തിയത് ഈയിടെയാണ്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം 3D രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ ബോഡി ബ്രൗസര്‍. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്റ്റ് വേറിന്റെ പിന്തുണയില്ലാതെ മനുഷ്യ ശരീരത്തിന്റെ 3D രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാം www.bodybrowser.googlelabs.com എന്ന അഡ്രസ്സില്‍ ചെന്നാല്‍.
    സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം 3D രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളുടെയും അവയുടെ സ്ഥാനങ്ങളും  ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. ഗൂഗിള്‍ ബോഡി ബ്രൗസര്‍ ലഭിക്കാന്‍ WebGL സംവിധാനമുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകളിലേതെങ്കിലും വേണം. നിലവില്‍ ഗൂഗിള്‍ ക്രോം9 ബീറ്റ, ഫയര്‍ഫോക്‌സ് 4 ബീറ്റ തുടങ്ങിയ ബ്രൗസറുകളില്‍ WebGL ലഭ്യമാണ്.
 വെര്‍ച്വല്‍ ലോകത്തിലെ ഗുഗിളിന്റെ ഇതര സോഫ്റ്റ് വേറുകള്‍ പോലെ ലളിതമായ നാവിഗേഷന്‍ സംവിധാനമായതുകൊണ്ടുതന്നെ മനുഷ്യ ശരീരത്തിനുവേണ്ടിയുള്ള 'ഗൂഗിള്‍ എര്‍ത്ത്' എന്നാണ് ആരാധകര്‍ ഇതിനെ വിളിക്കുന്നത്.

നിറങ്ങളില്‍ സുന്ദരി നീല


പ്രകൃതിയില്‍ ഏറ്റവും ഇഷ്ടമുള്ള നിറമേതാണെന്നു ചോദിച്ചാല്‍ ആളുടെ സ്വഭാവവും വീക്ഷണവുമനുസരിച്ച് പലതാവും ഉത്തരം.  ടെലിവിഷന്റേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയുമെന്ന പോലെ ഇന്റര്‍നെറ്റിലും ചില നിറങ്ങളോടാണ് ഉപയോക്താക്കള്‍ക്ക് താത്പര്യം കൂടുതല്‍. മാധ്യമങ്ങളില്‍ ഇവയേതാണെന്നറിയാന്‍ പരസ്യങ്ങളിലും ജനപ്രിയ പരിപാടികളിലുമൊന്ന് കണ്ണോടിച്ചാല്‍ മതി. ഇതര മാധ്യമങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇന്റര്‍നെറ്റ്. അതിന്  കാരണവുമുണ്ട്.
   ടെലിവിഷനേക്കാള്‍ കുറച്ചുകൂടി അടുത്തു കാണുന്ന മാധ്യമമാണ് കംപ്യൂട്ടര്‍ പത്രങ്ങള്‍ പോലെ. ടെലിവിഷന്‍ പോലെ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മാധ്യമവുമാണ്. ചില നിറങ്ങള്‍ ഹിറ്റായതിനു പിന്നില്‍ ഈ പ്രത്യേകതകളൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ട്. അച്ചടി മാധ്യമങ്ങളിലെ ഹിറ്റ് നിറങ്ങള്‍ ചുവപ്പ്, മഞ്ഞ, കറുപ്പ്, വെള്ള, എന്നിവയും അവയുടെ വകഭേദങ്ങളുമാണ് എന്നാണ് വിദഗ്ധാഭിപ്രായം. ടെലിവിഷനില്‍ ചുവപ്പും നീലയുമാണ്. സ്ഥലകാലവ്യത്യാസങ്ങളനുസരിച്ച് ചില്ലറ ചില മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഇന്റര്‍നെറ്റില്‍ നീലയാണ് സൂപ്പര്‍ ഹിറ്റ്. തൊട്ടുപിന്നാലെ ചുവപ്പും. ഈയിടെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന നൂറ് വെബ്‌സൈറ്റുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലെത്തിയത്.
  മറ്റു നിറങ്ങളേക്കാള്‍ അറുപത്തിയഞ്ചു ശതമാനം കൂടുതല്‍ നേരം നീലനിറം നമ്മളുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുമെന്നാണ് കണ്ടെത്തല്‍. പ്രകൃതിയിലെ പച്ച നിറത്തേപ്പോലെ കംപ്യൂട്ടര്‍ സ്‌ക്രീനിലെ നീലനിറം നമ്മുടെ തലച്ചോറിന് തണുപ്പേകുന്നു. വിന്‍ഡോസിന്റെ അടിസ്ഥാന നിറം മുതല്‍ ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റേയുമൊക്കെ ലോഗോയും പശ്ചാത്തലവും ശ്രദ്ധിച്ചാല്‍ നീലയുടെ ഗാംഭീര്യം അറിയാം.
   ഇന്റര്‍നെറ്റിലെ പരസ്യനിര്‍മ്മാതാക്കളും ഡിസൈനര്‍മാരും നിറം തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരെക്കൂടി (colour blindness) കണക്കിലെടുത്തായിരിക്കും അത്. ചുവപ്പും പച്ചയും നീലയും മാത്രമായോ അവ കൂട്ടിച്ചേര്‍ത്തോ ഉപയോഗിച്ചാല്‍ ഇവര്‍ക്ക് കാണാന്‍ ബുദ്ധിമുട്ടു നേരിടും. ഇവര്‍ ഒരു വെബ്‌സൈറ്റിനെ എങ്ങിനെ കാണുന്നു എന്നറിയാന്‍ colorfilter.wickline.org എന്ന വെബ്‌സൈറ്റ് സഹായിക്കും.
  ഫലപ്രദമായി നിറങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ colorblender.com, colorcomos.com തുടങ്ങിയ വെബ് സൈറ്റുകളുണ്ട്. degraeve.com/color-palette, www.krazydad.com/colrpickr ... നിറങ്ങളില്‍ പരീക്ഷണം നടത്താന്‍ ഇതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമാണ്.
  അമ്പതുകോടി പേര്‍ സന്ദര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് എത്ര തവണ പരിഷ്‌കരിച്ചാലും നീലനിറത്തെ ഉപേക്ഷിക്കാത്തതിന്റെ രഹസ്യം ഈയിടെ 'ന്യൂയോര്‍ക്കര്‍' ആണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് പച്ച, ചുവപ്പ് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലത്രേ. അതുകൊണ്ടുതന്നെ തനിക്കേറ്റവും ഇഷ്ടം നീലയോടാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സൂക്കന്‍ബര്‍ഗിന്റെ ഇഷ്ടം ലോകത്തിന്റെ ഇഷ്ടമായി എന്നത് ചരിത്രം.

യൂട്യൂബില്‍ അഞ്ച് ഡോളറിന് സിനിമ


ഇന്റര്‍നെറ്റിലെ വീഡിയോ എന്നാല്‍ യൂട്യൂബ് ആണ്. അല്ല എന്നു സ്ഥാപിക്കാന്‍ സമാനമായ നിരവധി സൗജന്യ വീഡിയോ സംവിധാനങ്ങള്‍ രംഗത്തുവന്നെങ്കിലും അവര്‍ക്കൊക്കെ പത്തി മടക്കേണ്ടിവന്നു എന്നത് ചരിത്രം. വെറും വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റ് എന്നതിലുപരി ഒരു ഇന്റര്‍നെറ്റ് ചാനല്‍ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞ യൂട്യൂബില്‍ റിലീസ് ചെയ്ത സിനിമകള്‍ പണം കൊടുത്തു കാണാനുള്ള സംവിധാനം കൂടി ആരംഭിക്കുന്നു. തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുകയെങ്കിലും പിന്നീട് ലോകത്താകമാനം ലഭ്യമാകും.
    ഒരു സിനിമ കാണാന്‍ അഞ്ച് ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇടക്ക് ഗൂഗിളിന്റെ പരസ്യങ്ങളുമുണ്ടാകുമെന്നു മാത്രം. ഡിവിഡി റിലീസ് കഴിഞ്ഞതോ ആമസോണ്‍ വഴിയോ ആപ്പിള്‍ ഐ ട്യൂണ്‍ സര്‍വീസ് വഴി ലഭ്യമായതോ ആയ സിനിമകള്‍ ഇങ്ങനെ ലഭിക്കും. സിനിമകള്‍ക്കായി കഴിഞ്ഞ കുറച്ചു നാളായി ഹോളിവുഡ് സ്റ്റുഡിയോകളുമായി ചര്‍ച്ചയിലായിരുന്നു ഗൂഗിള്‍ സംഘം. യൂട്യൂബ് കൊണ്ട് ജീവിക്കുന്ന നിരവധിവീഡിയോ വെബ്‌സൈറ്റുകള്‍ക്കും യൂട്യൂബിന്റെ പുതിയ കാല്‍വെപ്പ് ഗുണകരമാകും.
  ഈയടുത്ത കാലത്ത് യൂട്യൂബ് ആരംഭിച്ച സൗജന്യമായി സിനിമകള്‍ക്കുവേണ്ടിയുള്ള ചാനല്‍ (www.youtube.com/movies.) വന്‍ വിജയമായിരുന്നു. നാനൂറോളം ഹോളിവുഡ് ബോളിവുഡ് സിനിമകള്‍ ഇപ്പോള്‍ തന്നെ യൂട്യൂബിലുണ്ട്് എം ജി എം. ലയണ്‍സ് ഗേറ്റ്, സോണി പിക്‌ചേഴ്‌സ്, ബ്ലിംങ്ക് ബോക്‌സ് എന്നീ കമ്പനികളുമായി സൗജന്യ സിനിമകള്‍ക്കു വേണ്ടിയുള്ള കരാര്‍ ഗൂഗിള്‍ നേരത്തേ ഒപ്പിടുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആവശ്യക്കാര്‍ക്ക് കാശുകൊടുത്താല്‍ ഹൈഡെഫനിഷന്‍ ഗുണനിലവാരമുള്ള സിനിമകള്‍ ലഭ്യമാക്കുന്ന സംവിധാനത്തിനും ആലോചനയുണ്ട്.
    യൂട്യൂബിനു വേണ്ടി മാത്രം നിര്‍മ്മിച്ചിറക്കിയ സിനിമകളും മ്യൂസിക് വീഡിയോകളും നിരവധിയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പടെയുള്ളവര്‍ യൂട്യൂബിനു വേണ്ടി പ്രത്യേക അഭിമുഖം നല്‍കിയത് നേരത്തേ വാര്‍ത്തയായിരുന്നു.

ടീംവ്യൂവര്‍ എന്ന ഡെസ്‌ക് ടോപ്പ് റിമോട്ട്


സൈബര്‍ലോകത്തുള്ള മറ്റ് ഏതെങ്കിലുമൊരു കമ്പ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് നിയന്ത്രിക്കാന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ കിട്ടിയാലെന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങളുണ്ടാകും. ഗൗരവമായ കോണ്‍ഫറന്‍സുകള്‍ക്കിടയിലോ സുഹൃത്തുക്കളുടെ കമ്പ്യൂട്ടറുകളില്‍ എന്തെങ്കിലും പിശകു തീര്‍ത്തുകൊടുക്കണമെന്നു തോന്നുമ്പോഴോ അല്ലെങ്കില്‍ ഓഫീസില്‍ നിന്നും വീട്ടിലെ കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കിലെ ഒരു ഫയല്‍ കണ്ടുപിടിക്കേണ്ടിവരുമ്പോഴോ ഒക്കെ ആവാം അത്. സൗജന്യമായി ഒരു റിമോട്ട്് എന്ന സങ്കല്പമാണ് ടീം വ്യൂവര്‍ (teamviewer) എന്ന സോഫ്റ്റ് വെയര്‍ യാഥാര്‍ത്ഥ്യമാക്കിയത്. പേരുപോലെ തന്നെ ഒരു 'ടീം' വര്‍ക്കിലൂടെ ഉപയോഗിക്കാവുന്നവ. വിന്‍ഡോസോ മാക്കോ സെല്‍ഫോണോ എന്ന വ്യത്യാസമില്ലാതെ ടീംവ്യൂവറുപയോഗിച്ച് ഒരാള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏതു കമ്പ്യൂട്ടറിലെയും ഡെസ്‌ക് ടോപ്പ് കാണുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യാം. അതിന് ടീംവ്യൂവര്‍ മറ്റു കമ്പ്യൂട്ടറുകളിലും വേണമെന്നുമാത്രം.
    ടീംവ്യൂവറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.teamviewer.com) പോയാല്‍ സൗജന്യമായി ഈ സോഫ്റ്റ് വെയര്‍ ലഭിക്കും. റിമോട്ട്് കമ്പ്യൂട്ടറിലെ ടീംവ്യൂവര്‍ സോഫ്റ്റ് വെയര്‍ നല്‍കുന്ന പാര്‍ട്ണര്‍ ഐ ഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ നമൂക്ക് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാം. രണ്ടു കമ്പ്യൂട്ടറും തമ്മില്‍ ബന്ധിപ്പിക്കണമെങ്കില്‍ രണ്ടു പേര്‍ ഇടപെടണമെന്നുള്ളതുകൊണ്ടും പാസ്സ്‌വേര്‍ഡ്് നെറ്റ് വര്‍ക്കിലൂടെയല്ല കൈമാറുന്നതെന്നുകൊണ്ടും സ്വകാര്യവിവരങ്ങള്‍ ചോരുമെന്ന പേടി വേണ്ട. ഒരിക്കല്‍ കണക്ഷന്‍ വിഛേദിച്ചാല്‍ വീണ്ടും പാര്‍ട്ണര്‍ ഐഡിയും പാസ്സ്വേര്‍ഡും സംഘടിപ്പിക്കുകയും വേണം.
  ഫയര്‍വാളുകളൊന്നും ടീംവ്യൂവറിനെ തടയില്ല. സാധാരണ റിമോട്ട് സപ്പോര്‍ട്ട് നല്‍കുന്നതും മീറ്റിംഗുകള്‍ക്കും പ്രസന്റേഷനുകള്‍ക്കും ഉപയോഗിക്കുന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമൊക്കെ ഉപയോഗിക്കാവുന്നതുമായി നിരവധി സംവിധാനങ്ങള്‍ ടീംവ്യൂവര്‍ ഫുള്‍വേര്‍ഷന്‍ പാക്കിലൂടെ ലഭിക്കും. 2005 ല്‍ ജര്‍മ്മനിയിയില്‍ തുടക്കമിട്ട ടീവ്യൂവര്‍ ഇന്ന് അമ്പത് രാജ്യങ്ങളിലായി 60 മില്യണ്‍ പേര്‍ ഉപയോഗിക്കുന്നുവെന്നത് ഒരു ചെറിയ കാര്യമല്ല.

സെയ്ഫ് ഹൗസ് തീര്‍ത്തും പേഴ്‌സണല്‍


കമ്പ്യൂട്ടര്‍ പേഴ്‌സണലായാലും അല്ലെങ്കിലും സ്വന്തമായി പാസ് വേഡുവെച്ച് പൂട്ടിവെക്കാവുന്ന ഒരിടം അത്യാവശ്യമാണ്. വിന്‍സിപ്പിലോ വിന്‍ റാറിലോ പാസ് വേഡുപയോഗിച്ച് ഫയലുകള്‍ സുരക്ഷിതമാക്കുന്നതുപോലെ ലളിതമായ ഒന്ന്. വീട്ടിലെ അലമാരപോലെ കമ്പ്യൂട്ടറില്‍ സെയ്ഫായി സാധനങ്ങള്‍ സൂക്ഷിക്കാവുന്ന സെയ്ഫ് ഹൗസ് എന്ന സോഫ്റ്റ് വേറിനെ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. നിരവധി രൂപഭാവങ്ങളില്‍ സമാനമായ സോഫ്റ്റ് വേറുകള്‍ നേരത്തേ രംഗത്തുണ്ടായിരുന്നെങ്കിലും പല കാര്യങ്ങളില്‍ അവയില്‍ പതലും നമ്മള്‍ സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളോട് നിരന്തരം കലഹിച്ചു നിന്നു. ചിലത് പത്തിരുപതു തവണ ഉപയോഗിക്കുമ്പോഴേക്കും പണം ആവശ്യപ്പെടും, ഒപ്പം പൂട്ടിക്കെട്ടിക്കളയുമെന്ന ഭീഷണിയും, അല്ലെങ്കില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രം കാണിച്ച് കൊതിപ്പിച്ചു നിര്‍ത്തും. ഇത്തരം തലവേദനകളൊന്നുമില്ല സെയ്ഫ് ഹൗസിന്.
   സെയ്ഫ് ഹൗസിന്റെ വെബ്‌സൈറ്റിലോ (safehousesoftware.com) ഡൗണ്‍ലോഡ് ഡോട്ട് കോമിലോ(download.cnet.com) ചെന്നാല്‍ ഈ സോഫ്റ്റ് വേര്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്യാം.വലിപ്പം വെറും 1.15 mb. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ വോള്യം എന്ന ഓപ്ഷന്‍ വഴി നമുക്ക് ഹാഡ് ഡിസ്‌കിലോ പെന്‍ഡ്രൈവിലോ എത്ര സെയ്ഫുകള്‍ വേണമെങ്കിലും ഉണ്ടാക്കാം. അവ കൈമാറാം. ഫയലുകള്‍ ഇതിലേക്ക് വെറുതെ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. സെയ്ഫുകള്‍ ഓരോ തവണയും തുറക്കുമ്പോള്‍ പാസ്സ് വേഡ് നല്‍കേണ്ടിവരും. ഓരോ ഫയലുകളും പുറത്തേക്ക് കോപ്പി ചെയ്യാതെ തന്നെ തുറന്നു കാണുകയുമാകാം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ 'ഫോട്ടോഷോപ്പു'കള്‍


ഫോട്ടോ എടുത്ത് ഫിലിംഡവലപ്പ് ചെയ്ത് പ്രിന്റെടുത്ത്് ആല്‍ബത്തിലാക്കി ഇടക്കിടക്ക് ഒരു കുഞ്ഞിനെ പരിചരിക്കുന്നതുപോലെ കൊണ്ടുനടന്നകാലത്തെ പൊളിച്ചെഴുതിയത് അഡോബി ഫോട്ടോഷോപ്പാണ്. ഡിജിറ്റല്‍ ക്യാമറയും ഫോട്ടോഷോപ്പും ചേര്‍ന്ന് ഫോട്ടോഗ്രഫിയിലെ നിഗൂഡത ഇല്ലാതാക്കി എന്നു പറയാം. ഫോട്ടോഗ്രഫി ജനകീയമായ പുതിയ കാലത്ത് ഫോട്ടോ കൈകാര്യം ചെയ്യുന്ന എന്തുസാധനവും ഫോട്ടോഷോപ്പാണ്. ഓണ്‍ലൈനില്‍ ഫോട്ടോ സൂക്ഷിക്കുകയും എഡിറ്റു ചെയ്യുകയും കാമാറുകയും ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകള്‍ ഇന്ന് നിരവധിയുണ്ട്.
   ഫോട്ടോഷോപ്പിന്റെ പരിമിത ഓണ്‍ലൈന്‍ പതിപ്പായ ഫോട്ടോഷോപ്പ് ഡോട്ട് കോം (www.photoshop.com) എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് എഡിറ്റു ചെയ്യുകയും സൂക്ഷിക്കുകയും വേണമെങ്കില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാവുന്ന സംവിധാനം നിലവില്‍ വന്നിട്ട് കുറച്ചു നാളായി. രണ്ട് ജിബി സ്ഥലവും പരിമിതമെങ്കിലും ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എഡിറ്റിംഗ് സംവിധാനങ്ങളും ലഭ്യമാക്കുന്ന ഫോട്ടോഷോപ്പ് എക്‌സ്പ്രസ്സ് (ംംം.ുവീീേവെീു.രീാ) എന്ന പരിഷ്‌കരിച്ച പതിപ്പിന് ആരാധകര്‍ നിരവധിയാണ്. ഒരു ആല്‍ബത്തിന്റേയും അതേ സമയം ഫോട്ടോ എഡിറ്റിംഗ് സോഫ്‌റ്റ്വെയറിന്റേയും ആവശ്യങ്ങള്‍ ഒരേ സമയം സാധിച്ച തരുന്നവയാണ് ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകളെന്ന് ചുരുക്കിപ്പറയാം.
   ഗൂഗിളിന്റെ  ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് സംവിധാനമായ പിക്കാസ ഫോട്ടോ എഡിറ്റു ചെയ്യാനും ക്രോഡീകരിക്കാനും അതേപേരില്‍ ഒരു സോഫ്റ്റ് വെയര്‍ തന്നെയുണ്ടാക്കി ഇന്റര്‍നൈറ്റിനും പേഴ്‌സണല്‍ കമ്പ്യൂട്ടറിനും ഒരു പോലെ ഉപയോഗപ്രദമാക്കി.  കംപ്യൂട്ടറില്‍ പിക്കാസ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോട്ടോമാനേജ്‌മെന്റ് വളരെ ലളിതം ഒപ്പം എഡിറ്റിംഗും. എന്നാല്‍ എതിര്‍കക്ഷിയായ യാഹൂവിന്റെ ഫ്‌ലിക്കര്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ എഡിറ്റിംഗിനായി നല്‍കുന്നതിനു പകരം പിക്‌നിക് (ംംം.ുശരിശസ.രീാ)് എന്ന ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് സംവിധാനത്തെ കൂട്ടുപിടിക്കുകയായിരുന്നു. അതായത് ഒരു പരസ്പര സഹകരണ പ്രസ്ഥാനം. അക്കൗണ്ടുപോലും എടുക്കാതെ ആര്‍ക്കും ഫോട്ടോ എഡിറ്റ് ചെയ്യാവുന്ന സംവിധാനമാണ് പിക്‌നിക്. ഫ്‌ലിക്കറില്‍ നമ്മള്‍ അപേ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ അവിടെവച്ചു തന്നെ പിക്‌നികിന്റെ സഹായത്തോടെ എഡിറ്റു ചെയ്യാനാകും. എന്നാല്‍ ഈ സഹകരണ പ്രസ്ഥാനം എത്രകാലം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. കാരണം ഇക്കഴിഞ്ഞ ദിവസംപിക്‌നിക് എന്ന കമ്പനി തന്നെ ഗൂഗിള്‍ വിലക്കു വാങ്ങി. ഫ്‌ലിക്കറിന്റെ രീതി പിന്തുടര്‍ന്ന് പിക്കാസയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഉദ്ദേശ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്‌ലിക്കറില്‍ പിക്‌നിക് ഇപ്പോള്‍ ലഭ്യമാണ്.
  ഓണ്‍ലൈന്‍ ഫോട്ടോ ലൈബ്രറികളായ പിക്കാസയിലേയോ ഫ്‌ലിക്കറിലേയോ ഫോട്ടോ ബക്കറ്റിലേയോ, ഫെയ്‌സ്ബുക്കിലേയോ മറ്റേതെങ്കിലും വെബ്‌സൈറ്റിലേയോ ഫോട്ടോകള്‍ സ്വീകരിച്ച് എഡിറ്റു ചെയ്യാനുള്ള സംവിധാനമായ സ്പ്ലാഷപ്പും (ംംം.ുെഹമവൌു.രീാ) ജനപ്രീതിയാര്‍ജ്ജിച്ചുകഴിഞ്ഞു. അഡോബി ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ രൂപമെന്ന് തെറ്റിദ്ധരിക്കാവുന്നത്രയും സാമ്യമുള്ളതാണ് സ്പ്ലാഷപ്പ്.
  ഉപയോഗം പലരീതിയിലാണെങ്കിലും ഇതുപോലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് യുഗത്തിന് അനുയോജ്യമായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വയെറുകള്‍ നിരവധിയാണ്. ചിത്രത്തിന്റെ വലിപ്പത്തിലും നിറത്തിലും തെളിച്ചത്തിലുമെല്ലാം മാറ്റം വരുത്തുകയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ അടിസ്ഥാന ദൗത്യമെങ്കിലും അവ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് പലരീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം. വ്യാപകമായി ഉപയോഗിക്കുന്ന ചില ഫോട്ടോ എഡിറ്റിംഗ് സൈറ്റുകള്‍ താഴ..

www.aviary.com
www.nipshot.com
www.flauntr.com
www.drpic.com
www.pixenate.com
www.fotoflexer.com
www.phixr.com

ഗൂഗിള്‍ എര്‍ത്തില്‍ മരങ്ങളും !!!


മരങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെന്താണ് കാര്യം. പുതിയ ഗുഗിള്‍ എര്‍ത്ത് ഉപയോഗിച്ചാല്‍ ആ കാര്യം മനസ്സിലാകും. ലോകത്തെ അതേപോലെ ഇന്റര്‍നെറ്റില്‍ പുനരവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത ഗുഗിള്‍ എര്‍ത്ത് പുതിയ അത്ഭുതങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യം ലോകത്തിന്റെ മൊത്തത്തിലുള്ള ചിത്രവും പിന്നീട് പാതയോരങ്ങളും സൃഷ്ടിച്ച ഗൂഗിള്‍ ഇത്തവണ അതാതു സ്ഥലങ്ങളിലെ മരങ്ങളെ അതേപോലെ ത്രീഡി ചിത്രങ്ങളായി പുനസൃഷ്ടിച്ചിരിക്കുന്നു. അതോടെ ഇത്രയും കാലം കെട്ടിടങ്ങളുടേയും പാതകളുടേയും അരികത്ത് വെറുതെ നിന്ന മരങ്ങള്‍ക്കും ഗൂഗിള്‍ എര്‍ത്ത് മോക്ഷം നല്‍കി.നമ്മള്‍ നടന്നുപോകുന്ന വഴി കാണുന്ന മരങ്ങള്‍ അതേപോലെ ഇനി ഗുഗിള്‍ എര്‍ത്തിലും കണ്ടെടുക്കാമെന്നു സാരം.
   ഭൂമിയിലുള്ള ഏതാണ്ട് എട്ടുകോടി മരങ്ങളുമായാണ് ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ ആറാം പതിപ്പിന്റെ വരവ്.  ആതന്‍സ്, ബെര്‍ലിന്‍, ഷിക്കാഗോ. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ എന്നിവിടങ്ങളിലെ മരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് തല്‍ക്കാലം അതിനുള്ള ഭാഗ്യമില്ല. ആമസോണ്‍ കണ്‍സര്‍വേഷന്‍ ടീമിന്റേയും ഗ്രീന്‍ബെല്‍റ്റ് മൂവ്‌മെന്റിന്റെയും കോണിബയോ തുടങ്ങിയ സംഘടനകളുടേയും സഹായത്തോടെയാണ് ഗുഗിള്‍ ഈ പദ്ധതി തയ്യാറാക്കിയത്.  
 യാത്രക്കുള്ള മുന്നൊരുക്കങ്ങളിലും ഏതെങ്കിലും ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാനുമൊക്കെ ഇന്ന് നിരവധിപേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ എര്‍ത്തിന്റെ 6.0 പതിപ്പില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂമുഴുവനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതൊ ഒരു ലോകത്തുനിന്ന് ഭൂമിയിലെ ഒരു നഗരത്തിലെത്തി സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണുന്ന പ്രതീതിയായിരുന്നു സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു പോന്നത്. അതേ അമാനുഷിക അനുഭവം പുതിയ പതിപ്പില്‍ അവതരിക്കുന്നതോടെ ഗുഗിള്‍ എര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സ്‌ക്രീനിന്റെ വലത്തു ഭാഗത്തുനിന്നും പെഗ്മാന്‍(LINK : http://google-latlong.blogspot.com/2008/11/happier-travels-through-street-view.html) എടുത്ത് നീലനിറത്തില്‍ ഹൈലൈറ്റ് ചെയ്ത സ്ട്രീറ്റിലെവിടെയെങ്കിലും വച്ചാല്‍ മതി നമ്മള്‍ പറക്കും തളികയിലെന്ന പോലെ അവിടെയെത്തിച്ചേരും. പിന്നീട് മൗസ് പോയിന്ററും സ്‌ക്രോള്‍ വീലുമുപയോഗിച്ച് നഗരപ്രദക്ഷിണമാകാം.
   ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട് ഈ പതിപ്പില്‍.1945 ലെ ലണ്ടന്‍ നഗരമോ ന്യൂയോര്‍ക്കോ ആസ്വദിക്കണമെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്‌കെയിലില്‍ ആവശ്യമുള്ള വര്‍ഷം തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ അന്നത്തെ ചിത്രം ലഭിക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.
   ഇന്റര്‍നെറ്റ് ചരിത്രത്തിലെ മഹാത്ഭുതമായ ഗൂഗിള്‍ എര്‍ത്തിന് ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ജീവിതത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട്. നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ഒരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിച്ച ഗൂഗിള്‍ പരിസ്ഥിതിക്കുകൂടി പ്രാധാന്യം നല്‍കി അതിനെ യാഥാര്‍ത്ഥ ലോകത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ 'അരയാലും ആല്‍ത്തറയുമായി', ഇനി പുഴകളും കാട്ടരുവികളുമൊക്കെ വരാനായി കാത്തിരിക്കാം.

'സിറ്റുവേഷന'നുസരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ വേറുമായി നോക്കിയ


ഉറങ്ങിക്കിടക്കുമ്പോളും ഓഫീസിലോ ക്ലാസിലോ ഇരിക്കുമ്പോഴും കുഞ്ഞുങ്ങളുറങ്ങുമ്പോഴുമൊക്കെ സെല്‍ഫോണ്‍ തനിയെ സൈലന്റ് മോഡിലായിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. അതിനുള്ള സംവിധാനങ്ങള്‍ ഓരോ പുതിയ ഫോണ്‍ വാങ്ങുമ്പോളും സെറ്റിംഗ്‌സില്‍ പോയി പരതി നോക്കിയിട്ടുമുണ്ടാകും. അത്തരക്കാര്‍ക്ക് നോക്കിയ പുതിയ സോഫ്റ്റ് വേര്‍ രംഗത്തിറക്കിയിട്ടുണ്ട്. നോക്കിയ സിറ്റുവേഷന്‍സ് എന്ന അനുസരണയുള്ള സോഫ്റ്റ് വേര്‍. പേരുപോലെ തന്നെ സിറ്റുവേഷനനുസരിച്ച് പ്രതികരിക്കുന്ന വിവേകശാലിയായ ഒന്ന്.
   നോക്കിയ സിറ്റുവേഷന്‍സ് എല്ലാം മനസ്സിലാക്കി തനിയെ പ്രവര്‍ത്തിക്കുമെന്നല്ല പറഞ്ഞു വരുന്നത്. ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ പറഞ്ഞു കൊടുക്കണം. ഇതിനെ നന്നായി പരിശീലിപ്പിച്ചാല്‍ മൊബൈല്‍ നമുക്ക് ഒരു ശല്യമേ അല്ലാതാകും.
   സാധാരണയായി നമ്മള്‍ ഏതൊക്കെ സമയത്ത് എവിടെയൊക്കെയാണെന്ന് നേരത്തെ അറിയുമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാണ്. രാത്രി പതിനൊന്നിനു ശേഷം ഫോണ്‍ സൈലന്റാവണം, രാവിലെ ഒമ്പതുമുതല്‍ ഒമ്പതര വരെ ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂ ടൂത്ത് ഓണ്‍ ചെയ്യണം, നാളെ വൈകിട്ട് രണ്ടുമണിക്കൂര്‍ ട്രെയിനിലായിരിക്കുമ്പോള്‍ റിംഗ്‌ടോണ്‍ വോള്യം കൂട്ടി വെക്കണമെന്നൊക്കെ പറഞ്ഞാല്‍ കൃത്യസമയമാകുമ്പോള്‍ ഈ സോഫ്റ്റ് വേര്‍ അനുസരണയോടെ ചെയ്‌തോളും. മിസ്സ്ഡ് കോള
ുകള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി എസ് എം എസ് അയക്കാനും ഇടക്കിടെ തീമോ വാള്‍പേപ്പറോ മാറ്റണമെങ്കിളും ഇതില്‍ സൗകര്യമുണ്ട്.
  നമുക്ക് സെല്‍ഫോണ്‍ ആവശ്യമില്ലാത്ത സമയത്ത് കാലേക്കൂട്ടി സ്ലീപ്പിംഗ് മോഡിലിട്ടാല്‍ ബാറ്ററി ലാഭിക്കാം. സ്ലീപ്പിംഗ്, ഇന്‍ എ മീറ്റിംഗ്, വാച്ചിംഗ് ടിവി, പ്ലേയിംഗ് വിത്ത് കിഡ്‌സ് തുടങ്ങിയ മോഡുകള്‍ നോക്കിയ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇവ നമ്മുടെ സൗകര്യത്തിനനുസരിച്ച് എഡിറ്റു ചെയ്ത് ഉപയോഗിക്കുകയുമാകാം.
   നോക്കിയ ഈ വിദ്യ നേരത്തേ തന്നെ കൊണ്ടുവന്നിരുന്നു നോക്കിയ എന്‍ 97 ല്‍. നോക്കിയ ബോട്‌സ് എന്നായിരുന്നു പേര്്. എന്നാല്‍ നോക്കിയ സിറ്റുവേഷന്‍സ  N97/97 മിനി, സിംബിയന്‍ 3 , എസ്60 , നോക്കിയ ഇ600, നോക്കിയ 5228, നോക്കിയ 5230, നോക്കിയ 5230 ന്യൂറോണ്‍, നോക്കിയ 5235 മ്യൂസിക് എഡിഷന്‍,നോക്കിയ 5250, നോക്കിയ5530 എക്‌സ്പ്രസ്സ് മ്യൂസിക്, നോക്കിയ800 എക്‌സ്പ്രസ് മ്യൂസിക് ,നോക്കിയ ത600 തുടങ്ങിയവയിലും പ്രവര്‍ത്തിക്കും.

സൈറ്റില്‍ വരികള്‍ അടയാളപ്പെടുത്താം ഇങ്ങനെ...


ഭൂമിയും ആകാശവും വരെ സൃഷ്ടിച്ച വെര്‍ച്വല്‍ ലോകത്ത് ഒരു പാട് വൈകിയെത്തിയ ഒരു ചെറിയ ഉപകരണമുണ്ട്.  ലളിതമായ ഒരു ഹൈലൈറ്റര്‍ പേന. ടെക്‌സ്റ്റ് ബുക്കുകളിലും മറ്റും ഫഌറസന്റ് നിറത്തില്‍ വരികള്‍ അടയാളപ്പെടുത്തിവെക്കാനുപയോഗിക്കുന്ന അതേ പേനയുടെ ഇന്റര്‍നെറ്റ് രൂപം. www.awesomehighlighter.com എന്ന വെബ്‌സൈറ്റാണ് ഈ സംവിധാനമൊരുക്കുന്നത്. ഇവിടെയെത്തിയാല്‍ വെബ്‌പേജില്‍ വരികള്‍ highlight ചെയ്യാനും വേണമെങ്കില്‍ മാര്‍ജിനിലോ വരിക്കിടയിലോ കുറിപ്പുകളെഴുതാനും കഴിയും. മാത്രമല്ല ഇവ സുഹൃത്തുക്കള്‍ക്ക് Email ചെയ്യുകയോ facebook,  twitter തുടങ്ങിയ കൂട്ടായ്മകളില്‍പബ്ലിഷ് ചെയ്യുകയുമാവാം. ലിങ്കുകള്‍ നമുക്കു തന്നെ സൂക്ഷിച്ചുവെക്കുകയുമാകാം.
   ഓവ്‌സംഹൈലൈറ്ററില്‍ നമുക്ക് വേണ്ട വെബ്‌സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്തു കൊടുത്ത് highlight page എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ബ്രൗസറില്‍ സാധാരണ പോലെ  വെബ്‌സൈറ്റ് തുറന്നു വരും. മുകളില്‍ കൂടുതലായി ഒരു ടൂള്‍ബാര്‍ ഉണ്ടാകുമെന്നു മാത്രം. കര്‍സറിനു പകരം മഞ്ഞ നിറത്തിലുള്ള മാര്‍ക്കര്‍ പേനയായിരിക്കുമുണ്ടാകുക. ഇതുപയോഗിച്ച് വേണ്ട ഭാഗം സെലക്ടുചെയ്താല്‍ ഈ ഭാഗം ഫഌറസന്റ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തു കാണാം. ചിത്രവും വീഡിയോയുമൊക്കെ ഇങ്ങനെ ഹൈലൈറ്റ് ചെയ്യാം. നാലു നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
   മുകളില്‍ വലതുഭാഗത്തായി കാണുന്ന add note എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ കുറിപ്പുകളെഴുതാം. done എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്റെ ലിങ്കും ഇമെയില്‍ ചെയ്യാനും സൗഹൃദക്കൂട്ടായ്മകളില്‍ പബ്ലിഷ് ചെയ്യാനുമൊക്കെയുള്ള സൗകര്യവും ലഭിക്കും.
   webKlipper (www . webklipper.com),  BounceApp (www . bounceapp.com) എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും സമാനമായ സേവനം ലഭ്യമാണ്.

ജിമെയില്‍ നിറഞ്ഞോ? വഴിയുണ്ട്...


സാധാരണ ഇ മെയില്‍ ഒരു ജിബി പോലും സ്ഥലം തരാതിരുന്ന കാലത്ത് ജിമെയില്‍ എന്തിനാണ് ഇത്രയും സ്‌റ്റോറേജ് നല്‍കുന്നതെന്ന് ചോദിച്ചവരുണ്ട്. ഡയല്‍ അപില്‍ നിന്ന് ബ്രോഡ്ബാന്റിലേക്കും ത്രീജിയിലേക്കുമുള്ള യാത്രക്കിടെ പഴയ ഇമെയില്‍ കാലം മറന്നവരും നിരവധി. ആറുകൊല്ലം മുമ്പ് ജിമെയില്‍ ബീറ്റാ പതിപ്പുവന്നപ്പോള്‍ ആരുടെയൊക്കെയോ കൈയും കാലും പിടിച്ച് ഒരു റിക്വസ്റ്റ് അയപ്പിച്ച് ജി മെയില്‍ അക്കൗണ്ട് നേടിയെടുത്ത് ഞെളിഞ്ഞു നടന്നവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശനം സ്റ്റോറേജ് സ്‌പേസ് തന്നെയാണ്. ജിമെയില്‍ വാരികോരി തന്നെ ഏഴര ജി ബി യോളം വരുന്ന സ്‌പേസ് തീര്‍ന്നവരും തീരാറായവരും ഇന്ന് മിനക്കെട്ടിരുന്ന് ഫോര്‍വേഡ് മെസേജുകളെല്ലാം ഡിലീ്‌റ് ചെയ്തു കൊണ്ടിരിക്കുകയാണ്. പലരും മെയില്‍ തിരിച്ചടിക്കുമ്പോഴാണ് സ്ഥലം തീര്‍ന്ന കാര്യം അറിയുന്നതുതന്നെ.
   മിനക്കെട്ടിരുന്ന്് ഡിലീറ്റ് ചെയ്യുന്നതവര്‍ക്ക് ഒരു സഹായി രംഗത്തെത്തിയിട്ടുണ്ട്. ഫൈന്റ് ബഗ് മെയില്‍ എന്നാണ് പേര്. www.findbigmail.com
എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ ജിമെയില്‍ ക്ലീന്‍ ചെയ്യാന്‍ സഹായം ലഭിക്കും. പുറത്തിറങ്ങി കുറഞ്ഞകാലം കൊണ്ടു തന്നെ സൂപ്പര്‍ ഹിറ്റാണ് ഈ സംവിധാനം.
  സേവനം തീര്‍ത്തും സൗജന്യമാണ്. എന്നുവെച്ച് രണ്ടോ മൂന്നോ ഡോളര്‍ സംഭാവന ഇമെയില്‍ വഴി ആവശ്യപ്പെട്ടാല്‍ കൊടുക്കേണ്ടെന്നല്ല. വെബ്‌സൈറ്റില്‍ പ്രത്യേകം അക്കൊണ്ട് എടുക്കേണ്ട ആവശ്യമില്ല.
  ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ സഹായിക്കുമെന്ന വാഗ്ദാനത്തിനു തൊട്ടുതാഴെ ജിമെയില്‍ അക്കൗണ്ട് രേഖപ്പെടുത്തുക. തൊട്ടടുത്ത ബട്ടണില്‍ ക്ലിക് ചെയ്താല്‍ ഉടനെ ഫൈന്റ് ബിഗ് മെയിലിനെ വിശ്വാസമുണ്ടെങ്കില്‍ സ്വീകരിക്കാമെന്ന ഗൂഗിളിന്റെ അറിയിപ്പു തെളിഞ്ഞുവരും. അതിനിടെ ജിമെയില്‍ സൈന്‍ ഇന്‍ അല്ലെങ്കില്‍ ആ പണി കൂടി ചെയ്യേണ്ടിവരും. ഇനി നമുക്ക് സ്വന്തം റിസ്‌കില്‍ grand accsse നല്‍കാം(വിശ്വാസമുണ്ടെങ്കില്‍ മാത്രം എന്നു കൂടി ചേര്‍ത്തു വായിക്കുക). അടുത്ത ഘ
ട്ടത്തില്‍ തന്നെ പുള്ളി പണി തുടങ്ങിക്കോളും. ഇന്‍ബോക്‌സിന്റെ വലിപ്പത്തിനനുസരിച്ച് ഒരു മണിക്കൂര്‍ വരെയാണ് സമയം പറയുന്നത്. ഉടന്‍ തന്നെ ഇന്‍ബോക്‌സില്‍ അറിയിപ്പും ലഭിക്കും.
  ഇന്‍ബോക്‌സിലെയും സെന്റ് ഐറ്റംസിലേയുമൊക്കെ ഇ മെയിലുകളെ വലിപ്പത്തിനനുസരിച്ച് നാലു ഫോള്‍ഡറുകളിലായി അടുക്കിപ്പെറുക്കിത്തരുകയാണ് ഫൈന്റ് ബിഗ് മെയില്‍ ചെയ്യുന്നത്. ഏറ്റവും വലിയ മെയിലുകള്‍ 20 എണ്ണമായിരിക്കും ആദ്യത്തെ ഫോള്‍ഡറില്‍. 2എംബി, 500കെബി, 100കെബി എന്നിങ്ങനെ തരംതിരിച്ച് മറ്റുള്ള ഫോള്‍ഡറില്‍ നിറക്കും. ഇവ കൃത്യമായി 'ലേബല്‍' ആയി കാണിക്കുകയും ചെയ്യും.
  ഇനി വേണ്ടവ മാത്രം നിര്‍ത്തി ബാക്കിയുള്ളവ ഡിലീറ്റ് ചെയ്യാം. പാവം കുഞ്ഞു കുഞ്ഞുമെയിലുകളെ ജീവിക്കാനനുവദിച്ച് ഭീകരമെയിലുകളെ എളുപ്പം തട്ടിക്കളയാനുള്ള സൗകര്യമാണ് ഫൈന്റ് ബിഗ്മെയില്‍ നല്‍കുന്നത്. ഒരു കാര്യം കൂടി. തല്‍ക്കാലം ജിമെയിലിനുമാത്രമേ ഈ സൗകര്യം ലഭിക്കൂകയുള്ളൂ

നെറ്റില്‍ ചാനലുകളും ലൈവ്


ഡി ടി എച്ച് എന്ന സങ്കല്പത്തെ ഇന്റര്‍നെറ്റിലേക്ക് പറിച്ചു നട്ടാല്‍ എങ്ങിനെയിരിക്കും. മുണ്ടു ടിവിയുടെ (www.mundu.tv) വെബ്‌സൈറ്റില്‍ പോയാല്‍ ഇതിനുള്ള ഉത്തരം കിട്ടും. ഇന്‍ര്‍നെറ്റുവഴി ടെലിവിഷന്‍ ചാനലുകള്‍ കാണാവുന്ന സംവിധാനമാണ് മുണ്ടു ടിവി ഒരുക്കിയിരിക്കുന്നത്. ചാനലുകള്‍ ലഭിക്കാന്‍ നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കേണ്ട സോഫ്റ്റ് വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിന്റെ മോഡലിനും അനുസരിച്ച സോഫ്‌റ്റ്വേര്‍ ലഭ്യമാണ്. ടെലിവിഷന്‍ കാണുമ്പോള്‍ നമ്മളുപയോഗിക്കുന്ന സാധാരണ ഇന്റര്‍ഫേസുകളടങ്ങിയ ലളിതമായ സോഫ്റ്റ് വെയറാണിത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സൈഡില്‍ ഒരു ചെറിയ വിന്‍ഡോ തുറന്നിട്ടോ ഫുള്‍സ്‌ക്രീനില്‍ ടി വി കാണുന്നതുപോലെയോ ചാനലുകള്‍ കണ്ടാസ്വദിക്കാം. മുണ്ടു ടി വി ജൂലായ് അവസാനത്തോടെ ഔദ്യോഗികമായി രംഗത്തിറങ്ങും.
   സോഫ്റ്റ് വെയര്‍ സൗജന്യമാണെങ്കിലും ചാനലുകള്‍ കിട്ടാന്‍ കാശുകൊടുക്കണം. റണ്ട് പാക്കേജുകളാണ് ഇവര്‍ നിലവില്‍ ലഭ്യമാക്കുന്നത്. പ്രതിമാസം 49 രൂപക്ക് ഏതെങ്കിലും നാലു ചാനലുകള്‍ കാണാം, അല്ലെങ്കില്‍ 120 രൂപകൊടുത്താല്‍ ലഭ്യമായ എല്ലാ ചാനലുകളും കിട്ടും. എന്‍ ഡി ടി വി, ടൈംസ് നൗ, സി എന്‍ ബി സി, ഹെഡ്‌ലൈന്‍സ് ടുഡേ ഉള്‍പ്പടെയുള്ള പ്രമുഖ ചാനലുകളുകള്‍ ഇപ്പോള്‍ ലഭ്യമാണ്.  സി എന്‍ ബി സിയും എന്‍ ഡി ടി വിയും നമ്മുടെ ഇന്ത്യാ വിഷനും വരെ നേരിട്ട് ലൈവായി സ്ട്രീമിംഗ് വീഡിയോ നല്‍കുന്നുണ്ട്. മുണ്ടു ടി വി സാങ്കേതിക വിദ്യ ഒരു പുതുമ അല്ലെങ്കിലും കേബിള്‍ ടി വി പോലെ, ഡി ടി എച്ച് പോലെ പണം കൊടുത്ത് ലൈവായി ടെലിവിഷന്‍ ചാനലുകള്‍ നല്‍കുന്ന സംവിധാനം ഇന്ത്യയില്‍ ഇതുവരെ ക്ലിക്കായിട്ടില്ല.

കാര്‍സാങ്കേതികതയിലേക്ക് മൈക്രോസോഫ്റ്റും


കാറിന്റെ മുന്‍സീറ്റുകളെ കോക്പിറ്റ് എന്നു വിളിച്ചപ്പോള്‍ ചിരിച്ചവരുണ്ട്. മുന്‍നിര കാറുകളെ മാത്രമല്ല സാധാരണക്കാരന്റെ വാഹനങ്ങളേയും മൈക്രോ ചിപ് സാങ്കേതിക വിദ്യ മാറ്റി മറിക്കുന്നതിനു മുമ്പായിരുന്നു അത്. ഫോര്‍ഡും ബി എം ഡബ്ല്യുവും മാത്രമല്ല ചെറുകാറുകള്‍ പോലും ഇന്ന്  ആഢംഭര സൗകര്യങ്ങള്‍ക്കെല്ലാം സാങ്കേതിക രൂപം നല്‍കുന്ന തിരക്കിലാണ്. ഒടുവില്‍ മൈക്രോസോഫ്റ്റും ഈ മേഖലയിലേക്ക് സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. ഏറ്റവും അവസാനമായി അവര്‍ ഹ്യുണ്ടായിയുമായി സഹകരിച്ച് ഓട്ടോമോട്ടീവ് ഐ ടി ഇന്നവേറ്റീവ് സെന്റര്‍ എന്ന പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തു കഴിഞ്ഞു.
   സ്മാര്‍ട്ട് ഫോണും സ്റ്റീരിയോ സംവിധാനവുമായി ബന്ധപ്പെടുത്തുന്ന ഒരു വോയ്‌സ് കണ്‍ട്രോള്‍ സംവിധാനമാണ് മൈക്രോസോഫ്റ്റ് ഹ്യുണ്ടായ് ദ്വന്ത്വം ആദ്യമായി വിപണിയിലിറക്കാന്‍ പോകുന്നത്. ഇത് പിന്നീട് ഇന്ററാക്ടീവ് സംവിധാനങ്ങളുള്ള വിപുലമായ മള്‍ട്ടിമീഡിയാ സംവിധാനമായി വികസിപ്പിക്കാനാണ് പദ്ധതി. 'കോക്ക്പിറ്റിനെ' ക്രമേണ വിവിധ സോഫ്റ്റ് വെയറുകളുപയോഗിക്കാവുന്ന ഒരു കൊച്ചു കംപ്യൂട്ടറാക്കുകയാണ് മൈക്രോസോഫ്റ്റിന്റെ സ്വപ്നം. ബി എം ഡബ്ല്യു പോലുള്ള വന്‍കിട കമ്പനികള്‍ ഇപ്പോള്‍ തന്നെ കാറുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്നുണ്ടെന്ന കാര്യം ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
    മൈക്രോസോഫ്റ്റിന്റ സഹായത്തോടെ ഫോര്‍ഡ് നേരത്തേ തന്നെ സിങ്ക് എന്ന ഓഡിയോ സംവിധാനം പുറത്തിറക്കിയിരുന്നു. ഐഫോണ്‍ മുതല്‍ സാധാരണ മൊബൈല്‍ ഫോണ്‍ വരെ കണക്ടു ചെയ്യുകയും ഒപ്പം നമ്മുടെ ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തീര്‍ത്തും പുതുമയുള്ള ഒന്ന്. ഫോര്‍ഡിന്റെ എന്‍ട്രി ലെവല്‍ സെഡാന്‍ കാറുകളില്‍ പോലും നല്‍കാന്‍ തുടങ്ങിയതോടെ അമേരിക്കയില്‍ പുതുതലമുറക്കിടിയില്‍ ഇവ
 ഒരു പാട് ഹിറ്റാകുകയും ചെയ്തു. ഇവയുമായി മത്സരിക്കുകയാണ് ഓട്ടോമോട്ടീവ് ഐ ടി ഇന്നവേറ്റീവ് സെന്ററിന്റെ ലക്ഷ്യമെന്നത് വ്യക്തം. ഒപ്പം പണത്തോക്കാലുപരി ഡിസൈനിലും ടെക്‌നോളജിയിലും ശ്രദ്ധിച്ച് അമേരിക്കന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഹ്യുണ്ടായിക്ക് ഇത് ഗുണകരമാകുമെന്നും ഉറപ്പ്.

കൊതുകിനെ കളി പഠിപ്പിക്കാന്‍ സോഫ്‌റ്റ്വെയര്‍ !!!


കാണ്ടാമൃഗത്തിന്റെയും കരടിയുടേയുമൊക്കെ രക്തത്തിന്റെ ഗന്ധം കൃത്രിമമായി സൃഷ്ടിച്ച് കൊതുകിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തിയവരുടെ തലയില്‍ ഹൈടെക് ബുദ്ധിയുദിച്ചാല്‍ എങ്ങിനെയിരിക്കും? 'മിമിക്രി' യിലൂടെ കൊതുകിനെ വഴിതിരിച്ചുവിടുന്ന സോഫ്‌റ്റ്വെയര്‍ രൂപമെടുത്തത് അങ്ങിനെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തായ്‌ലന്റുകാരന്റെ തലയിലുദിച്ച ഈ ആശയത്തിന് ഐഫോണിന്റെ കാലത്ത് നിരവധി വഭേദങ്ങളുണ്ടായി എന്നത് സ്വാഭാവികം. ആന്റിമോസ്, ആന്റിമോസ്‌ക്വിറ്റോ പ്ലസ്, ഇന്‍സെക്ട് റിപ്പെല്ലര്‍, തുടങ്ങി കമ്പ്യൂട്ടറിലും സെല്‍ഫോണിലുമൊക്കെ ഉപയോഗിക്കാവുന്ന നിരവധി സോഫ്‌റ്റ്വെയറുകള്‍ സൗജന്യമായും തുഛമായ വിലക്കും ഇന്ന് നെറ്റില്‍ ലഭ്യമാണ്.
  കൊതുകുസോഫ്‌റ്റ്വെയറിന്റെ ചരിത്രമന്വേഷിച്ചുപോയാല്‍ ചെന്നത്തുക സരന്യു പുന്യരഡനബുന്‍ബു എന്നൊരു വിരുതനായ തായ്‌ലന്റുകാരന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ 'വീരസാഹസിക' കഥകളിലായിരിക്കും. അദ്ദേഹം സൃഷ്ടിച്ച ആന്റിമോസ്(antimos) എന്ന സോഫ്‌റ്റ്വെയറാണ് ഈ ശ്രേണിയില്‍ ആദ്യത്തേതെന്നാണ് പറയപ്പെടുന്നത്. ചോരദാഹിയായ പെണ്‍കൊതുകുകളെ ആണ്‍കൊതുകുകളുടെ ശബ്ദം അനുകരിച്ച് വഴിതിരിച്ചുവിടുകയാണ് ഈ സോഫ്‌റ്റ്വെയര്‍ ചെയ്യുന്നത് എന്നാണ് ഇന്റര്‍നെറ്റിലെ ചില പൊതു ഇടങ്ങളില്‍ കണ്ടത്. വിശന്നുപൊരിയുമ്പോള്‍ പച്ചക്കറിക്കാരനായ ആണ്‍കൊതുകിരിക്കുന്ന പുല്‍ചെടിയിലോ മറ്റോ മനുഷ്യരക്തം കിട്ടില്ലെന്ന് മനസ്സിലാക്കിയ പെണ്‍കൊതുക് വേറെ വഴി നോക്കിപ്പോകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 16സവ്വ നും 20സവ്വ നും ഇടയില്‍ തരംഗദൈര്‍ഖ്യമുള്ള ശബ്ദമാണ് ഇത്തരം സോഫ്‌റ്റ്വെയറുകള്‍ പുറത്തുവിടുന്നത്. ഇത് സാധാരണ മനുഷ്യന് കേള്‍്ക്കാനാവില്ലെങ്കിലും ചില കുഞ്ഞുങ്ങള്‍ക്ക് കേള്‍ക്കാമത്രേ. സൗത്ത് കൊറിയയിലെ എസ് കെ ടെലികോം കമ്പനി നേരത്തെ മൊബൈല്‍ ഫോണ്‍ കൊതുകുസോഫ്റ്റ്‌വെയറിന് പ്രചാരം നല്‍കിത്തുടങ്ങിയിരുന്നു. ഈ തരംഗദൈര്‍ഖ്യമുള്ള ശബ്ദം എല്ലാ സെല്‍ഫോണുകളുടെയും കമ്പ്യൂട്ടറുകളുടേയും സ്പീക്കറുകള്‍ക്ക് താങ്ങാനാവില്ല എന്നൊരു മറുവാദവും നിലനില്‍ക്കുന്നുണ്ട്. കാര്യമെന്തൊക്കെയായാലും ഇന്റര്‍നെറ്റില്‍ ഇവ സൂപ്പര്‍ ഹിറ്റാണെന്ന കാര്യം ഉറപ്പാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്പ്യൂട്ടറില്‍ മാത്രമുപയോഗിക്കാവുന്ന 'ആന്റിമോസ്' തായ്ഭാഷയിലുള്ള ഏതോ വെബ്‌സൈറ്റ് തിരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു എങ്കില്‍ ഡൗണ്‍ലോഡ് .കോം പോലുള്ള വെബ്‌സൈറ്റുകളില്‍ പുതുതലമുറ കൊതുകുസോഫ്‌റ്റ്വെയറുകള്‍ സുലഭമാണ്.
 പഴയ തായ്‌ലണ്ടുകാരന്റെ മിമിക്രിവിദ്യക്കപ്പുറം പുതുതലമുറ സോഫ്‌റ്റ്വെയറുകളില്‍ ചിലത് കൊതുകുകള്‍ക്കും സമാനമായ കീടങ്ങള്‍ക്കും വേദന സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പുറപ്പെടുവിക്കു കടുംപിടുത്തക്കാരനാണെന്നും അവകാശപ്പെടുന്നു. സ്ലീപ്പ് മോഡും, പവര്‍സേവിംഗ് മോഡും സഹിതം കമ്പ്യൂട്ടറോ മൊബൈലോ ഏത് മാധ്യമമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചുള്ള ഫീച്ചറുകളാണ് പുതുതായി രംഗത്തിറങ്ങുന്ന സോഫ്‌റ്റ്വെയറുകളുടെ പരസ്യവാചകങ്ങളുടെ കാതല്‍.

മഴ നനയാം പാട്ടു കേള്‍ക്കാം


ഊണിലും ഉറങ്ങാന്‍ കിടക്കുമ്പോഴും ഐപോഡില്‍ പാട്ടാസ്വദിക്കാം. കുളിക്കുമ്പോഴോ?. സോണി ഇന്ത്യ അതിനും വഴികണ്ടെത്തിയിട്ടുണ്ട്. വാക്ക്മാന്‍ ഡബ്ല്യു&ബി സീരീസില്‍ വെള്ളം കടക്കാത്തതും വേണമെങ്കില്‍ കഴുകുകയും ചെയ്യാവുന്ന ഐപോഡുകളുമായി സോണി രംഗത്തെത്തിയിരിക്കുന്നു. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും മഴനനഞ്ഞുപോലും പാട്ട് ആസ്വദിക്കുന്ന കിറുക്കന്മാര്‍ക്കും ഇനി ഐപോഡില്‍ വെള്ളം കയറുമെന്ന ആധി വേണ്ട.
     NWZ-W250 എന്ന മോഡലിന് ഒന്നര മണിക്കൂര്‍ ചാര്‍ജ്ജു ചെയ്താല്‍ പതിനൊന്നു മണിക്കൂര്‍ പ്ലേബാക്ക് ലഭിക്കും. ഭാരം വെറും 43 ഗ്രാം മാത്രം. NWZ-B150 എന്ന രണ്ടാമത്തേ മോഡലില്‍ വണ്‍ടച്ച് ബാസ് എന്‍ഹാന്‍സറുണ്ട്. യു എസ് ബി ക്യാപ്പിലെ മെറ്റാലിക് ഫിനിഷാണ് ഇതിന്റെ ഭംഗി. 70 മിനുട്ട് ചാര്‍ജ്ജു ചെയ്താല്‍ ബാറ്ററി ലൈഫ് 18 മണിക്കൂര്‍ വരെ. യാത്രക്കിടയിലോ മറ്റോ ചാര്‍ജ്ജ് തീര്‍ന്നു പോയാല്‍ ആരെയെങ്കിലും സോപ്പടിച്ച് മൂന്നു മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ മതി, ഒന്നര മണിക്കൂര്‍വരെ സുഖമായി പാട്ടു കേള്‍ക്കാം. ഈ ക്വിക് ചാര്‍ജ്ജിംഗ് ഓപ്ഷന്‍ രണ്ടു  മോഡലിലുമുണ്ട്.
   കറുപ്പ് വെളുപ്പ് പിങ്ക് നിറങ്ങളില്‍ ലഭിക്കുന്ന NWZ-W250 ന്റെ വില 4990 രൂപ. കറുപ്പ് പിങ്ക് റെഡ് ഗോള്‍ഡണ്‍ എന്നീ കിടിലന്‍ നിറങ്ങളില്‍ ലഭിക്കുന്ന NWZ-B150 വിന് വില 2890.
  2 ജി ബി മെമ്മറിയുള്ള ഇവ രണ്ടിലും സാധാരണ പാട്ടുകള്‍(128kbps) അഞ്ഞൂറെണ്ണം വരെ സൂക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗൂഗിള്‍ മാപ്പ് 5.0


ഗൂഗിള്‍ മാപ്പ് ലോകത്തെ നമ്മുടെ മൊബൈലിലൊതുക്കിയിട്ട് അഞ്ച്  വര്‍ഷം കഴിഞ്ഞു. ഗൂഗിള്‍ മാപ്‌സിലെ നഗരങ്ങളുടേയും റോഡുകളുടേയും രൂപരേഖകള്‍ നമ്മുടെ യാത്രകളെ അത്രയേറെ സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ നെറ്റിന്റെ ലഭ്യതയും വിദൂരസ്ഥലങ്ങളില്‍ പലപ്പോഴും വേഗതയില്ലാത്തതും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ വില്ലനായിരുന്നു. ഓഫ്‌ലൈന്‍ റിലൈബലിറ്റിയും ത്രീഡി ഇന്ററാക്ഷനുമടക്കം മാറിയ കാലത്തിനു യോജിച്ച മാറ്റങ്ങളുമായാണ് ഗൂഗിള്‍ മാപ്‌സിന്റെ അഞ്ചാം പതിപ്പെത്തിയിരിക്കുന്നത്.
   പുതിയ സവിശേഷതകളില്‍ ത്രീഡി ഇന്ററാക്ഷനാണ് ഏറെ ശ്രദ്ധേയം. ഇതുവരെ ചെറിയ ചെറിയ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡു ചെയ്ത് അവ തുന്നിച്ചേര്‍ക്കുന്ന രീതിയായിരുന്നു ഗുഗിള്‍ മാപ്പ്‌സിന്. ചിത്രം ലഭിക്കാത്തപ്പോള്‍ അവിടെ േ്രഗ നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അരോചകമാകാറുമുണ്ട്. ചിത്രങ്ങള്‍ക്കു പകരം വെക്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിക്കാന്‍ തുടങ്ങിയെന്നതാണ് ഒരു പ്രധാന മാറ്റം. അതായത് പുതിയ പതിപ്പില്‍ മാപ്പിന്റെ ഒരു ഭാഗം കാണാതിരിക്കുന്ന പ്രശ്‌നമുണ്ടാകില്ലെന്നര്‍ത്ഥം. ഇനി അഥവാ നെറ്റ്വര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ചിത്രത്തിന്റെ ക്ലാരിറ്റി കുറയുകയേയുള്ളൂ. ചിത്രത്തില്‍ നിന്നും വെക്ടര്‍ ഗ്രാഫിക്‌സിലെത്തിയതോടെ ഇവ എളുപ്പത്തില്‍ ഡൗണ്‍ലോഡു ചെയ്യാനും കഴിയും.
   ഈ പ്രത്യോക വന്നതോടെ ടച്ച് സ്‌ക്രീനില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍  ഗൂഗളിനു കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. സാധാരണ മാപ്പിനെ രണ്ടു വിരലുകളുപയോഗിച്ച് സ്‌ക്രീനിനു മുകളില്‍ നിന്നു താഴേക്കു ഡ്രാഗ് ചെയ്താല്‍ ത്രീഡി ഇമേജുകളെലളിതമായി മാറ്റിയെടുക്കാം. ഇതിനു ശേഷം രണ്ടു വിരലുകളുപയോഗിച്ച് ട
ച്ച് സ്‌ക്രീനുകളില്‍ ഏത് ഭാഗത്തേക്കും  മാപ്പിനെ റൊട്ടേറ്റു ചെയ്യുകയുമാകാം. സൂം ചെയ്യാനും രണ്ടുവിരലുകള്‍ മതി.
  സ്‌ക്രീനിനു മുകളില്‍ വലതു ഭാഗത്തുള്ള കംപാസ് മോഡാണ് മറ്റൊരു പ്രത്യേകത. കംപാസ് മോഡിലേക്കു മാറ്റിയാല്‍ നമ്മള്‍ ദിശമാറുന്നതിനനുസരിച്ച് മാപ്പ് തനിയെ ദിശ നിര്‍ണയിച്ചു ചലിച്ചുകൊണ്ടിരിക്കും.
  യാത്രക്കിടെ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുന്നത് മറ്റൊരു വലിയ വെല്ലുവിളിയാണ്  എന്നാല്‍ ആവശ്യമുള്ള ഭാഗം നമുക്ക് നേരത്തെ ഡൗണ്‍ലോഡു ചെയ്ത് സൂക്ഷിക്കുകയും പിന്നീട് അവ ഉപയോഗിക്കുകയും ചെയ്യാമെന്നതാണ് ഗുഗിള്‍ മാപ്‌സ് അഞ്ചാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത.

നെറ്റില്‍ ഇനി പടം വച്ച് സെര്‍ച്ചു ചെയ്യാം


ആകാശത്തിനു കീഴിലും മുകളിലുമുള്ള എല്ലാ കാര്യങ്ങളും നെറ്റില്‍തപ്പി കണ്ടെടുക്കാം. പേരറിയാത്ത ഒരാളുടെ ചിത്രമുപയോഗിച്ച് അയാളുടെ പേരും മറ്റു വിവരങ്ങളും കണ്ടെത്താനാകുമോ? മിക്കവാറുമെല്ലാ നെറ്റുജീവികളും ഒരിക്കലെങ്കിലും ചോദിച്ച ഈ ചോദ്യത്തിന് പരിഹാരവൂമായി ഒടുവില്‍ ഫെയ്‌സ്.കോം എന്ന വെബ്‌സൈറ്റ് എത്തിയിരിക്കുന്നു. ഒരുപാട് ഗുണങ്ങളും ചില്ലറ ചില തലവേദനകളും സൃഷ്ടിക്കാവുന്ന ഈ സോഫ്റ്റ് വേര്‍ പറഞ്ഞുവരുമ്പോള്‍ വലിയ സംഭവമാണ്.
    ചിത്രത്തിലെ ആളുടെ കണ്ണും മൂക്കും വായയും പിന്നെ ഇവ തമ്മിലുള്ള ദൂരവും മുഖത്തിന്റെ അടിസ്ഥാന സ്വഭാവവുമൊക്കെ അളന്ന് തിട്ടപ്പെടുത്തിയാണ് ആളെ തിരിച്ചറിയുന്നത്. ഫെയ്‌സ്ബുക്കും ഓര്‍ക്കുട്ടുമൊക്കെപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലോ ഫ്‌ലിക്കളിലോ യൂട്യൂബിലോ ദിനപത്രങ്ങളുടെ വെബ്‌സൈറ്റിലോ കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ തപ്പി ആളെ കണ്ടത്തുകയാണ് അടുത്ത പണി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്നവരെ വരെ കണ്ടുപിടിക്കുമെന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന തലവേദന. ഇതിന്റെ പേരില്‍ തന്നെ ലണ്ടനിലും മറ്റും ഇതിനെതിരെ പലരും രംഗത്തുവന്നെങ്കിലും നിയമപരമായി ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമായതോടെ എല്ലാവരും പിന്‍മാറുകയായിരുന്നു. 
   അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സുരക്ഷാ ഏജന്‍സികളുടെ അന്വേഷണത്തിലുമൊക്കെ ഈ സോഫ്‌റ്റ്വേര്‍ വന്‍ ഉപകാരിയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും അയ്യായിരം ഡവലപ്പര്‍മാരെ വച്ച് കുറേ നാളായി കമ്പനി തുടങ്ങിയ പരീക്ഷണം തൊണ്ണൂറുശതമാനവും വിജയമാണെന്നാണ് ഫെയ്‌സ് ഡോട്ട്‌കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗില്‍ ഹിര്‍ച് പറഞ്ഞത്. തകര്‍പ്പന്‍ പേരിട്ട് ഈ പുതിയ സോഫ്റ്റ് വേര്‍ ഉടന്‍ നെറ്റിലെ പൊതു സ്വത്താകുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. 

ഓഫീസ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കാം ഡോക്‌സ് ഡോട്ട്‌കോമില്‍


ഒടുവില്‍ ഗൂഗിള്‍ ഡോക്യുമെന്റ്‌സിന്റെ മൈക്രോസോഫ്റ്റ് രൂപം പുറത്തിറങ്ങി. ഇത്രയും കാലം സ്ലൈഡ് ഷെയറിലും ഗൂഗിള്‍ ഡോക്‌സിലും ഇമെയിലുകളിലുമായി ഔദ്യോഗിക - സ്വകാര്യ രേഖകള്‍ സൂക്ഷിച്ചുപോന്ന ഇ - ജീവികള്‍ക്കുവേണ്ടി പുതിയ സംവിധാനവുമായെത്തുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. ഡോക്‌സ് ഡോട്ട് കോം എന്ന സുന്ദരമായ പേരുതന്നെയാണ് ഇതിന് മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചത്.
  വേര്‍ഡ് ഡോക്യുമെന്റുകളും പവര്‍പോയിന്റ് പ്രസന്റേഷനുകളും എക്‌സല്‍ സ്‌പ്രെഡ്ഷീറ്റുകളും മാത്രമേ ഈ വെബ്‌സൈറ്റില്‍ സൂക്ഷിക്കാനാകൂ എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ലക്ഷണമൊത്ത ഒരു ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റാണ് ഡോക്‌സ് ഡോട്ട് കോം. ബീറ്റയായി പുറത്തിറക്കിയ ഡോക്‌സില്‍ പക്ഷേ ഒരു അക്കൗണ്ട് ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
 തീര്‍ത്തും സ്വകാര്യമായും പൊതുവായി ഷെയര്‍ചെയ്തും രണ്ടു രീതിയില്‍ ഇവിടെ ഫയലുകള്‍ സൂക്ഷിക്കാം. പൊതുവായി സൂക്ഷിക്കുന്ന ഫയലുകള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് വായിച്ച് കമന്റ് രേഖപ്പെടുത്താം, വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. ഒരു ഗ്രൂപ്പിനുവേണ്ടി ഷെയര്‍ചെയ്യുന്ന രീതിയിലും ഡോക്യുമെന്റുകള്‍ സൂക്ഷിക്കാം.
   ഓഫീസ് 2010 പുറത്തിറങ്ങുന്നതിനൊപ്പം ഓഫീസ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം വരുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ആപ്പ്‌സിനെ കടത്തിവെട്ടാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഇതില്‍ കൊണ്ടുവരുമെന്ന കാര്യ കണ്ടറിയണം.

ഗുഗിള്‍ ഡോക്‌സ് ഇനി വിരല്‍തുമ്പില്‍


ആപ്പിള്‍ ഐപാഡിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വേറുകളുപയോഗിക്കുന്ന ഫോണുകളിലേക്കും ടാബ് ലറ്റ് പി സി കളിലേക്കും ഗൂഗിള്‍ ഡോക്‌സ് എത്തുന്നു. ആപ്പിളിന്റെ ലോകത്തേക്ക് ഇന്റര്‍നെറ്റുവഴിയുള്ള ഗൂഗിളിന്റെ യാത്രയെന്നു മാത്രം വിശേഷിപ്പിച്ചാല്‍ അല്പം കുറഞ്ഞുപോകും. ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ ഡോക്‌സിന്റെ പുതിയ പതിപ്പ് നെറ്റിലെത്തുമെന്നാണ് ഗൂഗിള്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റ് ഡേവ് ഗിര്‍വോഡ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന്ത്. യൂറോപ്പില്‍ ഈയിടെ നടന്ന ക്ലൗഡ് കംപ്യൂട്ടിഗ് ഇവന്റില്‍ ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ പതിപ്പ് രംഗത്തെത്തുന്നതോടെ വേഡിലും സ്‌പ്രെഡ്ഷീറ്റിലുമൊക്കെ തയ്യാറാക്കുന്ന ഡോക്യുമെന്റുകള്‍ പാംടോപ്പ് ഗാഡ്ജറ്റുകളില്‍ തയ്യാറാക്കാമെന്നതുകൊണ്ടുതന്നെ ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നതാവും.
  മൈക്രോസോഫ്റ്റ് തുടങ്ങിവെച്ച ഓഫീസ് സംസ്‌കാരത്തെ നെറ്റിലേക്ക് പറിച്ചു നടുകയും ഏറെക്കുറേ പൊതു സ്വത്താക്കുകയും ചെയ്ത ഗൂഗിളിന്റെ പുതിയ കാല്‍വെയ്പിന് പലകാരണങ്ങള്‍ കൊണ്ടും പ്രാധാന്യമുണ്ട്.  ഐപാഡ് ഉപയോക്താക്കള്‍ ഏറെ നാള്‍ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇതെങ്കില്‍ ആപ്പിളിന് പുതുതായി രംഗത്തുവന്ന സാംസങ് ഗ്യാലക്‌സിയെ ചെറുക്കാനുള്ള മുഖ്യ ആയുധമാണിത്. ആപ്പിളില്‍ ഗൂഗിളിന് അല്പം മേധാവിത്വം കിട്ടുമെന്നതും ഒപ്പം തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന് കൂടുതല്‍ മൈലേജും ലഭിക്കും.
    തീര്‍ന്നില്ല കൈവെള്ളയിലൊതുങ്ങുന്ന സുപ്രധാന ബ്രാന്റുകളിലേക്ക് ഡോക്‌സ് എത്തുന്നതോടെ .doc, .rtf തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ കൂടുതല്‍ ജനകീയമാകുകയും ചെയ്യും. ഒരിക്കല്‍ ആഗോളഭീമന്റെ കുത്തകസ്വത്തായിരുന്നവക്ക് കിട്ടിയ തീര്‍ത്തും ജനാധിപത്യപരമായ അംഗീകാരം.

ഇനി വെബ്‌സൈറ്റുകളും സംഗീതം



രക്തത്തില്‍ സംഗീതമില്ലാത്തവരും ചില സന്ദര്‍ഭങ്ങളെ മെലോഡിയസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഇഷ്ടപ്പെട്ടവ എന്തായാലും സംഗീതമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടാകും. എന്തും സംഗീതമായി കേള്‍ക്കുക എന്നത് അല്പം വഴിവിട്ട ചിന്തയാണെങ്കിലും സൈബര്‍ ലോകത്ത് അതിനുമുണ്ട് ഉത്തരം. ഓരോ വെബ്‌സൈറ്റിനേയും സംഗീതമാക്കി മാറ്റുന്ന വളരെ ലളിതമായ മറ്റൊരു വെബ്‌സൈറ്റ്.

  കോഡ്ഓര്‍ഗണ്‍ (www.codeorgan.com)) എന്ന ഈ വെബ്‌സൈറ്റില്‍ നമുക്ക് ഇഷ്ടമുള്ള അഡ്രസ് രേഖപ്പെടുത്തി പ്ലേ ചെയ്താല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ വെബ്‌സൈറ്റ് സംഗീതരൂപത്തില്‍ നമ്മുടെ വിരല്‍തുമ്പിലെത്തിയിരിക്കും. ഇനി പ്ലേ ബട്ടണില്‍ ക്ലിക്കു ചെയ്യുകയേ വേണ്ടൂ. ഓരോ വെബ് സൈറ്റും നമുക്ക് ആസ്വദിക്കാം. ഡ്രം ബീറ്റ്‌സിന്റെ താളത്തില്‍ കീബോര്‍ഡിന്റെ മധുരസ്വരത്തിന്റെ മെമ്പൊടിയോടെ.
   ലളിതമായ ഒരു ഫഌഷ് പ്രോഗ്രാമാണ് കോഡ് ഓര്‍ഗണിന്റെ കാതല്‍. നമ്മള്‍ നല്‍കുന്ന വെബ്‌സൈറ്റിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കണ്ടെത്തി അവയില്‍ മ്യൂസിക് സ്‌കെയിലിന് യോജിക്കാത്ത അക്ഷരങ്ങള്‍ ഒഴിവാക്കുകയാണ് ഈ പ്രോഗ്രാം ആദ്യം ചെയ്യുക. അനുയോജ്യമായവയെ അടുക്കിവച്ച് അപഗ്രഥിച്ച് ഡ്രം ബീറ്റുകളായി മൊഴിമാറ്റം ചെയ്യുകയാണ് അടുത്ത ജോലി. സംഗീതം റെഡിയായിക്കഴിഞ്ഞാല്‍ പ്ലേ ചെയ്യാനുള്ള ബട്ടന്‍ ആക്ടീവ് ആകും. ഇനി ഓരോ വെബ്‌സൈറ്റും മെലഡിയായി ആസ്വദിക്കാം.
  മാത്രമല്ല, ഫെയ്‌സ്ബുക്കോ ട്വിറ്ററോ മറ്റേതെങ്കിലും നെറ്റ്വര്‍ക്കിംഗ് സൈറ്റ് വഴിയോ വെബ്‌സൈറ്റും സംഗീതവും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാം.

മുളകൊണ്ടൊരു നോട്ട്ബുക്ക്


ഇ വെയ്സ്റ്റിനെതിരെ ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാതാവിന് എന്തെല്ലാം ചെയ്യാം. അടഡട ന്റെ പുതിയ ബാംബൂ സീരീസ് നോട്ട്ബുക്കുകളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി കാര്യം മനസ്സിലാകും. ഡ43ഷര  എന്നാണ് മോഡലിന്റെ പേര്. പെട്ടെന്നു കണ്ടാല്‍ മുളയുപയോഗിച്ചുണ്ടാക്കിയ മെലിഞ്ഞ പെട്ടിപോലിരിക്കും. തുറന്നുനോക്കിയാല്‍ അലൂമിനിയം നിറത്തിലുള്ള കീപാഡും സ്‌ക്രീനുമൊഴികെ എല്ലാം സ്‌മോക്കി ബ്രൗണ്‍ നിറത്തിലുള്ള ട്രീറ്റു ചെയ്ത മുള കൊണ്ടുണ്ടാക്കിയത്. ടച്ച്പാഡിനും അതേ ഫിനിഷ്. പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കാന്‍ ഇനിയെന്തുവേണം...
  പ്രകൃതിയെ സംരക്ഷിക്കുകയെന്ന സംയുക്തമായ പ്രവര്‍ത്തനമാണ് നമ്മളെ യോജിപ്പിച്ചു നിര്‍ത്തുന്നത് എന്നാണ് അസുസിന്റെ പരസ്യ വാചകം. സത്യത്തില്‍ അസുസ് ബാംബൂ സീരീസ് രണ്ടു വര്‍ഷം മുമ്പ് പുറത്തിറക്കിയതാണ്. ഭംഗിയും കരുത്തുമില്ലാത്തതുതന്നെയായിരുന്നു അത് വിപണിയില്‍ നിന്ന് പുറത്താകാനുണ്ടായ കാരണമെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.
  4 ഇഞ്ച് നോട്ട്പാഡില്‍ പ്രൊസസര്‍ Intel® Core™2 Duo (2.4GHz) ആണ്.4GB SD-RAM  റാമും 500 ഏആ ഹാര്‍ഡ് ഡിസ്‌കുമുണ്ട്. ഒപ്പം Wi-Fi, 2.0 megapixel camera,  USB 3.0 ports എന്നീ സംവിധാനങ്ങളും ലഭിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം Windows 7 Home Premium.  പോര്‍ട്ടബിള്‍ മൗസും ബാഗുമുള്‍പ്പടെ വില അറുപത്തിരണ്ടായിരത്തോളം.

ട്വിറ്റര്‍ വാര്‍ത്താപത്രങ്ങള്‍


ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ചെറു സന്ദേശങ്ങളാണ് നെറ്റിലെ എസ് എം എസ് സങ്കേതമായ ട്വിറ്ററിനെ ഇത്ര പെട്ടെന്ന് ജനകീയമാക്കിയത്. വ്യക്തികള്‍ക്കുപുറമേ ആകാശത്തിനു കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളും ട്വിറ്ററില്‍ സജീവമായതോടെ പ്രസക്തമായവ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടു തുടങ്ങിയെന്ന് ചിലരെങ്കിലും പരാതി പറഞ്ഞുതുടങ്ങി. നമ്മള്‍ പലപ്പോഴും വ്യക്തികളുടെ സന്ദേശങ്ങളൊഴികെ മറ്റൊന്നും പരിശോധിക്കാതെയായി. അതുകൊണ്ടുതന്നെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ട്വീറ്റുകള്‍ക്കിടയില്‍ നിന്ന് പ്രസക്തമായ സന്ദേശങ്ങള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റിലെന്നപോലെ അടുക്കിപ്പെറുക്കിവെച്ചു നല്‍കുന്ന ട്വിറ്റര്‍ടൈംസും, പേപ്പര്‍ ലിയുമൊക്കെ വന്‍ഹിറ്റുകളായി മാറാന്‍ അധികസമയമെടുത്തില്ല.
   ഒരു ന്യൂസ് വെബ്‌സൈറ്റിനോടു കിടപിടിക്കുന്നതാണ് ട്വിറ്റര്‍ടൈംസ് (www..twittertim.es) എന്നു പറയാം. വെബ്‌സൈറ്റ് ലിങ്കുകളും മറ്റും പ്രചരിക്കുന്ന റീട്വീറ്റുകള്‍ പരിശോധിച്ച് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്തി അവ മുന്‍ഗണനാക്രമത്തില്‍ നല്‍കുന്ന രീതിയാണ് ട്വിറ്റര്‍ടൈംസിന്റേത്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ളവയെ പ്രധാന തലക്കെട്ടിലും അല്ലാത്തവയെ തൊട്ടുപിന്നാലെയും ചിത്രം സഹിതം അടുക്കിപ്പെറുക്കി നല്‍കുന്നതുകൊണ്ടുതന്നെ കെട്ടിലും മട്ടിലും ഒരു വാര്‍ത്താ വെബ്‌സൈറ്റിന്റെ രൂപമാണ് ഇതിന്. ട്വിറ്റര്‍ അക്കൗണ്ടുള്ള ആര്‍ക്കും അതേ യൂസര്‍നെയിമും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ട്വിറ്റര്‍ ടൈംസ് ഉപയോഗിച്ചു തുടങ്ങാം. നിലവിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളിലെയും മറ്റും ട്വീറ്റുകളായി വരുന്ന ലിങ്കുകള്‍ കണ്ടുപിടിച്ച്് നല്‍കാനും നമ്മുടെ അഡ്രസ്സില്‍ മാത്രം വരുന്നവ തിരഞ്ഞുപിടിച്ചു നല്‍കാനുമൊക്കെയുള്ള സൗകര്യവും ഇതിലുണ്ട്.
   വാര്‍ത്തകള്‍, ബിസിനസ്, വിനോദം, സാങ്കേതികം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി ട്വീറ്റുകളെ ലിസ്റ്റ് ചെയ്യുന്ന സംവിധാനമാണ് പേപ്പര്‍ ലി (www.paper.li) എന്ന വെബ്‌സൈറ്റ്. ട്വിറ്ററില്‍ മാത്രമല്ല ഫെയ്‌സ്ബുക്കിലേയും മെസേജുകള്‍ അടിസ്ഥാനമാക്കി പേപ്പര്‍ ലിയില്‍ നമ്മുടേതായ വാര്‍ത്താപേജുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യവുമുണ്ട്.
   പ്രചാരത്തിന്റെ അടിസ്ഥാനത്തില്‍ ട്വീറ്റുകളെ തിരഞ്ഞെടുക്കുന്ന ട്വിറ്റര്‍വാര്‍ത്താപത്രങ്ങളില്‍ ട്വീറ്റുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് എത്രത്തോളം പ്രചരിക്കുന്നുണ്ട് എന്നത് അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ പ്രാധാന്യമുള്ളവയേക്കാള്‍ പ്രചാരത്തിലുള്ള ട്വീറ്റുകള്‍ക്കായിരിക്കും പ്രാധാന്യം. ഓരോരുത്തരും ഫോളോ ചെയ്യുന്നവരുടെ നിലവാരമനുസരിച്ച് അവരവരുടെ ട്വിറ്റര്‍ന്യൂസ്‌പേപ്പറുക്രമം മാറുകയും ചെയ്യും.