Saturday, April 16, 2011

'സുമാത്ര'യില്‍ പി ഡി എഫും ഇനി ലൈറ്റ് വെയിറ്റ്


പബ്ലിഷിംഗ് രംഗത്ത് അക്ഷരങ്ങളും ചിത്രങ്ങളുമടങ്ങിയ ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യാന്‍ പതിനേഴു വര്‍ഷം മുമ്പ് അഡോബി സിസ്റ്റംസ് കണ്ടുപിടിച്ചതാണ് പി ഡി എഫ് എന്ന  പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്. സമാനമായ മറ്റു ഫയലുകളെ അപേക്ഷിച്ച് വലിപ്പക്കൂടുതലുള്ളതുകൊണ്ടുതന്നെ പേരുപോലെ അത്ര പോര്‍ട്ടബിള്‍ ഒന്നുമായിരുന്നില്ല പി ഡി എഫ് ആദ്യകാലത്ത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അഡോബിന്റെ പി ഡി എഫ് റീഡറുപയോഗിച്ചുള്ള കൈകാര്യവും അല്പം ബുദ്ധിമുട്ടുമായിന്നു. ഒരു ഇമേജ് ഫയല്‍ തുറന്നുവരുന്ന അതേ വേഗത്തില്‍ പി ഡി എഫ് ഫയല്‍ കൈകാര്യം ചെയ്യുകയെന്ന സ്വപ്‌നം സഫലമാക്കാന്‍ പലരും കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയതും അതുകൊണ്ടാണ്. അത്തരമൊരു പരിശ്രമമാണ് സുമാത്ര എന്ന സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ കണ്ടുപിടുത്തത്തിലെത്തിയത്.
 ഇത്തരം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമുകള്‍ നിരവധിയുണ്ടെങ്കിലും ലൈറ്റ് വെയിറ്റ് പി ഡി എഫ് റീഡര്‍ എന്നാണ് സുമാത്രയെ സൈബര്‍ ലോകത്ത് അറിയപ്പെടുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫയല്‍ തുറക്കാമെന്നതുമാത്രമല്ല ഒരു യു എസ് ബി ഡ്രൈവില്‍ 'കൊണ്ടുനടന്ന്' ഉപയോഗിക്കുകയുമാവാം. പി ഡി എഫ് ഡോക്യുമെന്റുകളുടെ കാര്യത്തില്‍ അഡോബിയുടെ കുത്തക തകര്‍ത്തതിന്റെ അവസാനത്തെ ഉദാഹരണമാണ് സുമാത്ര.
  2006 ല്‍ ക്രിസ്റ്റോഫ് കൊവാല്‍സിക് എന്നയാളാണ് സുമാത്രയുടെ ആദ്യ പതിപ്പായ സുമാത്ര 0.1 ആദ്യമായി നിര്‍മ്മിച്ചത്. ആദ്യകാലത്തു നേരിട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച പുതിയ പതിപ്പ് -  സുമാത്ര 1.0 ഇറങ്ങിയത് 2009 നവംബറിലാണ്. ക്രിസ്റ്റോഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എവിടെയും കൊണ്ടുനടക്കാവുന്ന രീതിയിലുള്ള ഒറ്റഫയല്‍ മാത്രമുള്ള 'ഭാരം കുറഞ്ഞ'  സോഫ്റ്റ് വെയറാണ് ഇത്. അഡോബിയുടെ റീഡറിനെ അപേക്ഷിച്ച് റീഡര്‍ ക്ലോസ് ചെയ്യാതെ തന്നെ ഫയലില്‍ മാറ്റങ്ങള്‍ വരുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. 'R' എന്ന കീ അമര്‍ത്തിയാല്‍ റിഫ്രഷ് ചെയ്ത് മാ
റ്റം വരുത്തിയ ഫയല്‍ കാണുകയുമാകാം.
  ഫയലുകള്‍ പ്രിന്റ് ചെയ്യുന്ന കാര്യത്തിലായിരുന്നു സുമാത്രയുടെ ആദ്യപതിപ്പുകള്‍ പ്രശ്‌നം നേരിട്ടത്. മെമ്മറികൂടുതല്‍ ആവശ്യമുള്ളതുകൊണ്ടു തന്നെആദ്യ കാലത്ത് ഫയലുകള്‍ പ്രിന്റ് എടുക്കാന്‍ താമസം നേരിട്ടു. ഹൈപ്പര്‍ ലിങ്കുകളും ആദ്യ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അവയെല്ലാം പരിഹരിച്ചതാണ് പുതിയ പതിപ്പ്.
 നിലവില്‍ എല്ലാവരും ഉപയോഗിക്കുന്ന അക്രോബാറ്റ് റീഡറുമായി തട്ടിച്ചു നോക്കുമ്പോള്‍ നിരവധി ഗുണങ്ങളുണ്ട് സുമാത്രക്ക്. 1.2 എം ബി യാണ് സുമാത്രയുടെ സെറ്റ് അപ് ഫയലിന്റെ വലിപ്പം, എന്നല്‍ അഡോബിക്ക് ചുരുങ്ങിയത് 26 എം.ബി എങ്കിലും വേണം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ സുമാത്ര 1.2 എം ബി സ്ഥലം മാത്രം എടുക്കുമ്പോള്‍ അഡോബിയുടെ റീഡര്‍ ചുരുങ്ങിയത് 35 എം ബി എങ്കിലും സ്ഥലം ഉപയോഗിക്കും. തീര്‍ന്നില്ല, കണ്ണു ചിമ്മുന്നതിനു മുമ്പേ സുമാത്ര തുറന്നുവരുമ്പോള്‍ അഡോബിയുടെ അക്രോബാറ്റ് റീഡര്‍ തുറന്നു വരുന്നതും കാത്തിരിക്കണം. അപ്‌ഡേഷന്‍ ഇന്‍ഫര്‍മേഷനടക്കമുള്ളവ ഇടക്കു കയറിവരികയും ചെയ്യും. വെബ് സൈറ്റിലെ പി ഡി എഫ് തുറക്കാനാണെങ്കില്‍ തലവേദന ഇതിലും കൂടും. സുമാത്രക്ക് ആരാധകരുടെ വന്‍ പിന്‍തുണ ലഭിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണോ !!!
  1993 ല്‍ പി ഡി എഫ് രംഗത്തിറക്കുമ്പോള്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗിന് അനുയോജ്യമാണെന്ന നിലയില്‍ അഡോബിയുടെ കുത്തകയായിരുന്നു അത്. പി ഡി എഫ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ വേണ്ട അക്രോബാറ്റ് ഡിസ്റ്റിലര്‍, ഫയല്‍ തുറന്നുകാണാനാവശ്യമായ അക്രോബാറ്റ് റീഡര്‍ എല്ലാം പണം കൊടുത്ത് വാങ്ങേണ്ടിയിരുന്നു. അഡോബ് റീഡര്‍ സൗജന്യമായി നല്‍കിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ഇപ്പോള്‍ പി ഡി എഫ് ഫോര്‍മാറ്റിലേക്കും തിരിച്ചും കണ്‍വേര്‍ട്ട് ചെയ്യാവുന്ന നിരവധി പ്രോഗ്രാമുകള്‍ സൗജന്യമായി ലഭ്യമാണ്.
  പബ്ലിഷിംഗ് രംഗത്ത് മാത്രമല്ല ഇ ബുക്കുകകളായും കാറ്റലോഗുകളായും മറ്റും പി ഡി എഫിന്റെ ഉപയോഗം ഇന്റര്‍നെറ്റിലും ഒഴിച്ചു കൂടാത്തതാണ്. ഈ സാഹചര്യത്തിലാണ് സുമാത്ര പോലുള്ള ലൈറ്റ് വെയിറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
കൊവാല്‍സിക്കിന്റെ വെബ്‌സൈറ്റില്‍ നിന്നോ (www.blog.kowalczyk.info) ഡൗണ്‍ലോഡ് ഡോട്ട് കോം പോലുള്ളവയില്‍ നിന്നോ സുമാത്ര സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

No comments:

Post a Comment