Friday, April 15, 2011

സെല്‍ഫോണുണ്ടോ? ഇനി മാളിനുള്ളിലും വഴി തെറ്റില്ല!!!

ഇന്റര്‍നെറ്റില്‍ ലോകത്തിന്റെ എല്ലാ ഭാഗവും അടയാളപ്പെടുത്തിയ മാപ്പുകളും ജി പി എസ് ലൊക്കേറ്ററുകളും ലഭ്യമായ പുതിയ കാലത്ത് ഒരു സ്ഥലം കണ്ടു പിടിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. തിരക്കുപിടിച്ച നഗരത്തില്‍ ഒരു മാളിലോ മറ്റോ ചെന്നു പെട്ടാല്‍ നമ്മളെന്തു ചെയ്യും. ഒരു സ്ഥലം കണ്ടെത്താന്‍ എത്രയാളോട് ചോദിക്കണം?. ഇന്റേണല്‍ മാപ്പില്‍ ഉള്‍ക്കൊള്ളിച്ച കാര്യങ്ങളേക്കാള്‍ കൂടുതല്‍ സെല്‍ഫോണ്‍ വഴി ലഭിക്കുമെന്നു വന്നാലോ ? അമേരിക്കയിലെ മൈന്റ്‌സ്മാക് എന്നകമ്പനി അതിനും ഒരു വിദ്യ കണ്ടു പിടിച്ചു. മാളുകള്‍ക്കുള്ളില്‍ ബാത്‌റൂമും എലിവേറ്ററുകളും മുതല്‍ ബേബിപൗഡര്‍ വെച്ചിരിക്കുന്ന സ്ഥലം വരെ കണ്ടെത്താന്‍ കഴിയുന്ന ഒരു ചെറിയ സോഫ്റ്റ് വേര്‍- ഫാസ്റ്റ്മാള്‍ (www.fastmall.com).
FastMall 3.0 എന്നാണ് സോഫ്റ്റ് വേറിന്റെ പുതിയ വേര്‍ഷന്റെ പേര്. സെല്‍ഫോണ്‍ നെറ്റ്വര്‍ക്ക് ഉണ്ടായാല്‍ മതി. ജി പി എസിന്റെ ആവശ്യമേ ഇല്ല. ഒരു ഷോപ്പിംഗ് മാളിനുള്ളിലുള്ള എല്ലാ സ്ഥലങ്ങളും സാധനങ്ങളും സെര്‍ച്ച് ചെയ്യാവുന്ന ലളിതമായ സംവിധാനമാണിത്. അമേരിക്ക മാത്രമല്ല, കാനഡ ബ്രിട്ടന്‍ ചൈന ഫ്രാന്‍സ് ജര്‍മ്മനി സിംഗപൂര്‍ തുടങ്ങി ഇരുപത്തി രണ്ടു രാജ്യങ്ങളില്‍ ലോകത്തെ ആദ്യത്തെ മാള്‍ സര്‍ച്ച് എന്‍ജിന്‍ എന്നറിയപ്പെടുന്ന ഫാസ്റ്റ്മാറിന്റെ സേവനം ലഭിക്കും. ഇന്ത്യയില്‍ ഇല്ല. മാളിനുള്ളില്‍ വിശ്രമ സ്ഥലം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയ ആറുമാസം ഗര്‍ഭിണിയായ ഭാര്യയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് മൈന്റ്‌സ്മാക്കിന്റെ സി ഇ ഒ സാം ജി ഫ്യൂവര്‍ സാക്ഷപ്പെടുത്തുന്നു.
ബനാന റിപ്പബ്ലിക് തുടങ്ങിയ വെബ്‌സൈറ്റുകളും സമാനമായ സേവനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍വഴി കണ്ടു മനസ്സിലാക്കിയ ശേഷം take me there എന്ന ഓപ്ഷന്‍ വഴി കട കണ്ടുപിടിക്കുക തുടങ്ങിയ റൂട്ട് മാപ്പ് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്.
ഫാസ്റ്റ് മാളിന് മാളുകള്‍ നേരിട്ട് മാപ്പ് നല്‍കുകയാണെങ്കില്‍ മിസെല്ലോ എന്ന വെബ്‌സൈറ്റ് (www.micello.com) ഒരു പടികൂടി കടന്ന് ഉപയോക്താക്കള്‍ക്ക് തന്നെ അടയാളപ്പെടുത്താവുന്ന മാപ്പ് സേവനം ലഭ്യമാക്കി - ഗൂഗിള്‍ മാപ്പു പോലെ. യൂസര്‍ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിച്ച് വന്‍ വിവര ശേഖരം നടത്താമെന്നു വന്നതോടെയാണ് മിസെല്ലോയുടേ സേവനം ഈ മേഖലയിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സേവനങ്ങള്‍ ഇന്ത്യയില്‍ ജനകീയമാകുന്നതുവരെ നമുക്കും കാത്തിരിക്കാം.

No comments:

Post a Comment