Thursday, August 25, 2011

fb - ഇനി ടാഗിങ് ഒരു ശല്യമേയല്ല!!


ഫെയ്‌സ്ബുക്ക് ഒരു രാജ്യമാണെങ്കില്‍ അവിടെ ഏറ്റവും ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്‌നം ടാഗിങ് ആയിരിക്കും. നമ്മള്‍ സുഹൃത്താക്കിയ ആര്‍ക്കും നമ്മുടെ പോലും അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ നമ്മുടെ ചുമരില്‍ (wall) ഒട്ടിച്ചുവെക്കാവുന്ന വിദ്യയാണിത്, അനുവാദമില്ലാതെ നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറി എന്തും എഴുതിവെക്കാവുന്നതുപോലെ. ഫെയ്‌സ്ബുക്കിലെ അനധികൃത കച്ചവടക്കാര്‍ മുതല്‍ പൂവാലന്മാര്‍ വരെ ടാഗ്ങ് പരിപാടി വേണ്ടപോലെ ഉപയോഗിച്ചു. പോരാത്തതിന് സ്പാം മെസേജുകളും വൈറസുകള്‍ വരെ ഈ വഴി പടര്‍ന്നു. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ വീഴ്ച!. ക്രമേണ മിക്കവരും ടാഗിങിനെ വെറുത്തുതുടങ്ങി.
   ഏറെ നാള്‍ നീണ്ട ചര്‍ച്ചയില്‍ പലരും പല ചൊട്ടുവിദ്യകളും കണ്ടെത്തിയെങ്കിലും ഒന്നും പൂര്‍ണമായും വിജയിച്ചില്ല. ഒടുവില്‍ ടാഗിങിനെ വെറുക്കുന്നവരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരിക്കുന്നു. എഫ്ബി പുതുതായി രംഗത്തിറക്കുന്ന 'പ്രൈവസി സെറ്റിങ്‌സി' ലെ മുഖ്യ ആകര്‍ഷകവും ഇതാണ്.
   ടാഗ് ചെയ്യുന്നതുമാത്രമല്ല ചുമരില്‍ ആര്‍ക്ക് പോസ്റ്റിടണമെങ്കിലും ഇനി നമ്മുടെ അനുവാദം വേണ്ടിവരും. ഇതിനു പുറമേ പ്രൊഫൈലിലെ ജന്മസ്ഥലം, ജോലി സ്ഥലം തുടങ്ങിയവ ഓരോന്നും പ്രത്യേകമായി ആരൊക്കെ കാണണമെന്നും നമുക്ക് നിശ്ചയിക്കാം. അതായത് പബ്ലിക്, ഫ്രണ്ട്‌സ്, കസ്റ്റം തുടങ്ങി നിലവില്‍ പല സെറ്റിങ്‌സിലും ഉള്ളതുപോലെ തന്നെ. പ്രൊഫൈല്‍ എഡിറ്റുചെയ്യുന്ന പേജില്‍ ചെന്നാല്‍ ഓരോ ഓപ്ഷനു നേരെയും ഈ സംവിധാനങ്ങളടങ്ങിയ ഡ്രോപ് ഡൗണ്‍ മെനു കാണാം. അങ്ങനെ പുതിയ 'പ്രൊഫൈല്‍ കണ്‍ട്രോളി'ല്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്.
  അനധികൃത ടാഗിങിനെ തടയാനുള്ള മാര്‍ഗ്ഗം ഹോംപേജില്‍ വലത്ത് മുകളിലുള്ള പ്രൈവസ് സെറ്റിങ്‌സില്‍ നിന്നു ലഭിക്കും. പ്രൊഫൈല്‍ റിവ്യൂഎന്ന സംവിധാനം ഓണ്‍ ചെയ്താല്‍ നമ്മുടെ 'വാളില്‍' മറ്റുള്ളവരുടെ ഓരോ പോസ്റ്റിനും നമുക്ക് അനുമതി അനുമതി കൊടുക്കാനുള്ള സൗകര്യം ലഭിക്കും. ഹോംപേജില്‍ വാള്‍ എന്ന ലിങ്കിനു താഴെ പെന്റിംഗ് പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അനുമതി കാത്തു കിടക്കുന്ന പോസ്റ്റുകള്‍ കാണാം. ഇവ പോസ്റ്റു ചെയ്യാന്‍ അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇനി അനുമതി കൊടുത്താലും നമ്മുടെ ചുമരില്‍ ചെന്ന് അവ ഡിലീറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. കൂടുതല്‍ www.facebook.com/about/control ല്‍ ലഭിക്കും.

മൊഴിമാറ്റമോ... അക്കാര്യം ട്രാന്‍സ്മിറ്റിക്കു വിടൂ !


ലോകം മുഴുവന്‍ ഒരു ഗ്രാമമാണെങ്കില്‍, എല്ലാ ഭാഷയും എല്ലാവര്‍ക്കും അറിയാമെങ്കില്‍ ജീവിതം എത്ര സുന്ദരമായേനേയെന്ന് ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ടൂള്‍ പുറത്തിറങ്ങിയയുടന്‍ ആരാധകരിലൊരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു transmiti യെ കണ്ടപ്പോള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്റെ പിന്തുണയോടുകൂടി ഇന്റര്‍നെറ്റിലോ പുറത്തോ ഉള്ള മൊഴിമാറ്റങ്ങള്‍ക്ക് സഹായിക്കുന്ന കുഞ്ഞു സോഫ്റ്റവേറാണ് ഇത്. കാശുവേണ്ട, ഗൂഗിളിന്റെ പാത പിന്‍തുടര്‍ന്ന പൂര്‍ണമായും സൗജന്യമായ ഒന്ന്.
   www.transmiti.org ല്‍ ചെന്നാല്‍ മുക്കാല്‍ മെഗാബൈറ്റ് മാത്രമുള്ള ട്രാന്‍സ്മിറ്റി ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. ഡബിള്‍ക്ലിക്ക് ചെയ്താല്‍ താഴെ സിസ്റ്റം ട്രേയില്‍ വന്നു കിടന്നുകൊള്ളും, തലമുടി രണ്ടായി പകുത്ത് പിങ്കു നിറത്തിലുള്ള റിബണ്‍ കെട്ടിയ സുന്ദരിക്കുട്ടിയുടെ രൂപത്തില്‍. ഈ ഐക്കണില്‍ ക്ലിക്കുചെയ്ത് സെറ്റിങ്‌സില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.
  കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ സെലക്ടുചെയ്യാന്‍ കഴിയുന്ന എല്ലായിടത്തും ട്രാന്‍സ്മിറ്റിയുടെ സേവനം ലഭ്യമാണ്. വേഡിലോ എക്‌സലിലോ നോട്പാഡിലോ ടൈപ്പിറ്റിലോ എവിടെയായാലും മൊഴിമാറ്റം വരുത്തേണ്ട ഭാഗം സെലക്ട് ചെയ്ത ശേഷം കീബോഡില്‍ വിന്‍ഡോസ് കീ അമര്‍ത്തിയാല്‍ ഒരു ചെറിയ വിന്‍ഡോയില്‍ മൊഴിമാറ്റിയ ഭാഗം പ്രത്യക്ഷപ്പെടും. വിന്‍ഡോസ് കീക്കു പകരം F1 മുതല്‍ F12 വരെയോ മെനു കീയോ സെറ്റിങ്‌സില്‍ ചെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
  ഇംഗ്ലീഷിലേക്കു മാത്രമല്ല ഹിന്ദിയിലോ ജര്‍മ്മന്‍ ഫ്രഞ്ച്... ഗൂഗിള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടക്കും, തിരിച്ചും. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഈയിടെ ഉള്‍പ്പെടുത്തിയ തമിഴും തെലുങ്കും ബംഗാളിയുമടക്കുമുള്ള ഭാഷകളൊന്നും തല്‍ക്കാലം ട്രാന്‍സ്മിറ്റയില്‍ ലഭിക്കില്ല. പുതിയ പതിപ്പു വരുന്നതു വരെ അതിന് കാത്തിരിക്കേണ്ടിവരും. ട്രാന്‍സ്മിറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സേവനം സജ്ജമാക്കിവെക്കാന്‍ മറക്കരുത്.

പ്രീകര്‍സര്‍ ഏത് സ്‌ക്രീനും 'ടച്ച് സ്‌ക്രീന്‍'


പലപ്പോഴും പഞ്ചേന്ദ്രിയങ്ങള്‍ക്കും തലച്ചോറിനുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉപകരണമാണ് കമ്പ്യൂട്ടറെന്ന് ആരും സമ്മതിക്കും. പ്രണവ് മിസ്ട്രി എന്ന ഗുജറാത്തുകാരന്റെ 'സിക്‌സ്ത് സെന്‍സി'നേക്കുറിച്ച് അറിയാത്തവര്‍ പോലും. കമ്പ്യൂട്ടറിനോട് 'ആറാമിന്ദ്രിയ'ത്തിലൂടെ സംസാരിക്കാന്‍ പ്രണവ് നേരത്തേ കണ്ടുപിടിച്ച വിദ്യയാണ് സിക്‌സ്ത് സെന്‍സ്. നമ്മുടെ ആംഗ്യങ്ങളും ചലനങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന പാക്കേജാണിത്. പ്രണവിന്റെ പുതിയ 'പ്രീകര്‍സര്‍' എന്ന വെര്‍ച്വല്‍ ടച്‌സ്‌ക്രീന്‍ പ്രോഗ്രാം ഐ ടി മേഖലയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
   സാധാരണ മോണിട്ടറിനെ ടച്ച് സ്‌ക്രീനാക്കാനുള്ള, കേട്ടാല്‍ വളരെ ലളിതമെന്നു തോന്നുന്ന, വിദ്യയാണ് പ്രീകര്‍സര്‍. മൗസിനു പകരം അതേ പ്രവര്‍ത്തനങ്ങളെ രണ്ട് ക്യാമറകളുപയോഗിച്ച് നിയന്ത്രിച്ച് സാധാരണ മോണിറ്ററിന് ടച്ച് സ്‌ക്രീന്‍ പദവി നല്‍കുകയാണ് ഈ പ്രോഗ്രാം. സാധാരണ രണ്ട് തലത്തിലാണ് മൗസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേത് കര്‍സറിനെ സ്‌ക്രീനിലെ യഥാസ്ഥാനത്തെത്തിക്കുകയും രണ്ടാമത്തേത് ക്ലിക്കു ചെയ്യുകയും. ഇതേ വിദ്യയെ രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകളിലൂടെ ആവിഷ്‌കരിക്കുകയാണ് പ്രീകര്‍സര്‍.
  രണ്ടു ഭാഗത്തും സ്ഥാപിച്ച ഇന്‍ഫ്രാറെഡ് ക്യാമറകളില്‍ നിന്നും വരുന്ന രശ്മികള്‍ സ്‌ക്രീനിനു മുന്നില്‍ അദൃശ്യമായ മറ്റൊരു സ്‌ക്രീന്‍ തീര്‍ക്കും. നമ്മള്‍ കൈവിരലുകോണ്ട് സ്‌ക്രീനിനു മുന്നില്‍ ചലിപ്പിക്കുമ്പോള്‍ അതിനെ അനുബന്ധ പ്രോഗ്രാം കര്‍സറിന്റെ ചലനമായും സ്‌ക്രീനിനു മുകളില്‍ തൊടുമ്പോള്‍ അതിനെ ക്ലിക്കായും പരിഭാഷപ്പെടുത്തും. ഇതോടെ ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ നമുക്ക് ഏത് മോണിട്ടറും ഉപയോഗിക്കാം. വലിയ സ്‌ക്രീനില്‍ പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷനുകള്‍ നടത്തുമ്പോഴൊക്കെ ഇത്തരം വെര്‍ച്വല്‍ ടച് സ്‌ക്രീനുകള്‍ ഉപകാരിയായേക്കും. അതു തന്നെയാണ് പ്രണവിന്റെ കണ്ടുപിടിത്തത്തിന് പ്രധാന്യം നല്‍കുന്നതും.
  മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷകനാണ് പ്രണവ് മിസ്ട്രി. മീഡിയ ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എം.ഐ.ടിയില്‍ നിന്നു തന്നെ മാസ്റ്റര്‍ ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡിസൈനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ പ്രണവ് മൈക്രോസോഫ്റ്റില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വരുന്നു മോസില്ലയുടെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം


ഇന്റര്‍നെറ്റിലെ കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഓപ്പണ്‍ സോഴ്‌സ് വെബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനെ പിന്തുണക്കുക എന്നത്. അതേ സ്വഭാവമുള്ള ഗൂഗിളിന്റെ ക്രോം വന്നപ്പോഴും മോസില്ല സൂപ്പര്‍ ഹിറ്റായി നിലനിന്നു. മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വേണ്ടി പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി മോസില്ലയെത്തുന്നുവെന്നതാണ് സാങ്കേതിക ലോകത്തെ ചൂടുള്ള വാര്‍ത്ത.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം. അതുകൊണ്ടുതന്നെ ഏതാണ്ടൊക്കെ ഗുഗിളിന്റെതന്നെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം പോലിരിക്കുകയും ചെയ്യും. പ്രധാനമായും മൊബൈല്‍/സ്മാര്‍ട് ഫോണ്‍ വിപണിയെ ലക്ഷ്യമിട്ടാണ് മോസില്ലയുടെ പുതിയ നീക്കം.
  ഫയര്‍ഫോക്‌സിന്റെ ഗീകോ(geko) ലേ ഔട്ട് എന്‍ജിനാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പിന്തുണ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സോഴ്‌സ് നിര്‍മ്മാണ ദൗത്യത്തിന് 'ബുട്ട് ടു ഗീക്കോ' എന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ഓടുന്ന മോസില്ല ഫോണ്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
   ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നതിനാല്‍ ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ക്ഷാമം നേരിടേണ്ടിവരില്ല. അതിനിടെ ക്രോമിന് ഒരു വെല്ലുവിളിയാണ് മോസില്ലയുടെ പദ്ധതിയെന്ന വാദത്തേയും അവര്‍ ഖണ്ഡിച്ചു കഴിഞ്ഞു. നിലവില്‍ വെബ് ബ്രൗസറുകളുടെ കാര്യത്തില്‍ മോസില്ലയും ക്രോമും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാകും ഭാവിയിലും എന്നാണ് ഔദ്യോഗിക ചര്‍ച്ചകളില്‍ വന്ന മറുപടി