Thursday, August 25, 2011

മൊഴിമാറ്റമോ... അക്കാര്യം ട്രാന്‍സ്മിറ്റിക്കു വിടൂ !


ലോകം മുഴുവന്‍ ഒരു ഗ്രാമമാണെങ്കില്‍, എല്ലാ ഭാഷയും എല്ലാവര്‍ക്കും അറിയാമെങ്കില്‍ ജീവിതം എത്ര സുന്ദരമായേനേയെന്ന് ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ടൂള്‍ പുറത്തിറങ്ങിയയുടന്‍ ആരാധകരിലൊരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നു transmiti യെ കണ്ടപ്പോള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്റെ പിന്തുണയോടുകൂടി ഇന്റര്‍നെറ്റിലോ പുറത്തോ ഉള്ള മൊഴിമാറ്റങ്ങള്‍ക്ക് സഹായിക്കുന്ന കുഞ്ഞു സോഫ്റ്റവേറാണ് ഇത്. കാശുവേണ്ട, ഗൂഗിളിന്റെ പാത പിന്‍തുടര്‍ന്ന പൂര്‍ണമായും സൗജന്യമായ ഒന്ന്.
   www.transmiti.org ല്‍ ചെന്നാല്‍ മുക്കാല്‍ മെഗാബൈറ്റ് മാത്രമുള്ള ട്രാന്‍സ്മിറ്റി ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. ഡബിള്‍ക്ലിക്ക് ചെയ്താല്‍ താഴെ സിസ്റ്റം ട്രേയില്‍ വന്നു കിടന്നുകൊള്ളും, തലമുടി രണ്ടായി പകുത്ത് പിങ്കു നിറത്തിലുള്ള റിബണ്‍ കെട്ടിയ സുന്ദരിക്കുട്ടിയുടെ രൂപത്തില്‍. ഈ ഐക്കണില്‍ ക്ലിക്കുചെയ്ത് സെറ്റിങ്‌സില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.
  കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ സെലക്ടുചെയ്യാന്‍ കഴിയുന്ന എല്ലായിടത്തും ട്രാന്‍സ്മിറ്റിയുടെ സേവനം ലഭ്യമാണ്. വേഡിലോ എക്‌സലിലോ നോട്പാഡിലോ ടൈപ്പിറ്റിലോ എവിടെയായാലും മൊഴിമാറ്റം വരുത്തേണ്ട ഭാഗം സെലക്ട് ചെയ്ത ശേഷം കീബോഡില്‍ വിന്‍ഡോസ് കീ അമര്‍ത്തിയാല്‍ ഒരു ചെറിയ വിന്‍ഡോയില്‍ മൊഴിമാറ്റിയ ഭാഗം പ്രത്യക്ഷപ്പെടും. വിന്‍ഡോസ് കീക്കു പകരം F1 മുതല്‍ F12 വരെയോ മെനു കീയോ സെറ്റിങ്‌സില്‍ ചെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
  ഇംഗ്ലീഷിലേക്കു മാത്രമല്ല ഹിന്ദിയിലോ ജര്‍മ്മന്‍ ഫ്രഞ്ച്... ഗൂഗിള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടക്കും, തിരിച്ചും. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഈയിടെ ഉള്‍പ്പെടുത്തിയ തമിഴും തെലുങ്കും ബംഗാളിയുമടക്കുമുള്ള ഭാഷകളൊന്നും തല്‍ക്കാലം ട്രാന്‍സ്മിറ്റയില്‍ ലഭിക്കില്ല. പുതിയ പതിപ്പു വരുന്നതു വരെ അതിന് കാത്തിരിക്കേണ്ടിവരും. ട്രാന്‍സ്മിറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സേവനം സജ്ജമാക്കിവെക്കാന്‍ മറക്കരുത്.

No comments:

Post a Comment