Thursday, August 25, 2011

fb - ഇനി ടാഗിങ് ഒരു ശല്യമേയല്ല!!


ഫെയ്‌സ്ബുക്ക് ഒരു രാജ്യമാണെങ്കില്‍ അവിടെ ഏറ്റവും ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്‌നം ടാഗിങ് ആയിരിക്കും. നമ്മള്‍ സുഹൃത്താക്കിയ ആര്‍ക്കും നമ്മുടെ പോലും അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ നമ്മുടെ ചുമരില്‍ (wall) ഒട്ടിച്ചുവെക്കാവുന്ന വിദ്യയാണിത്, അനുവാദമില്ലാതെ നമ്മുടെ വീട്ടില്‍ ആര്‍ക്കും കയറി എന്തും എഴുതിവെക്കാവുന്നതുപോലെ. ഫെയ്‌സ്ബുക്കിലെ അനധികൃത കച്ചവടക്കാര്‍ മുതല്‍ പൂവാലന്മാര്‍ വരെ ടാഗ്ങ് പരിപാടി വേണ്ടപോലെ ഉപയോഗിച്ചു. പോരാത്തതിന് സ്പാം മെസേജുകളും വൈറസുകള്‍ വരെ ഈ വഴി പടര്‍ന്നു. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ വീഴ്ച!. ക്രമേണ മിക്കവരും ടാഗിങിനെ വെറുത്തുതുടങ്ങി.
   ഏറെ നാള്‍ നീണ്ട ചര്‍ച്ചയില്‍ പലരും പല ചൊട്ടുവിദ്യകളും കണ്ടെത്തിയെങ്കിലും ഒന്നും പൂര്‍ണമായും വിജയിച്ചില്ല. ഒടുവില്‍ ടാഗിങിനെ വെറുക്കുന്നവരെ സഹായിക്കാന്‍ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരിക്കുന്നു. എഫ്ബി പുതുതായി രംഗത്തിറക്കുന്ന 'പ്രൈവസി സെറ്റിങ്‌സി' ലെ മുഖ്യ ആകര്‍ഷകവും ഇതാണ്.
   ടാഗ് ചെയ്യുന്നതുമാത്രമല്ല ചുമരില്‍ ആര്‍ക്ക് പോസ്റ്റിടണമെങ്കിലും ഇനി നമ്മുടെ അനുവാദം വേണ്ടിവരും. ഇതിനു പുറമേ പ്രൊഫൈലിലെ ജന്മസ്ഥലം, ജോലി സ്ഥലം തുടങ്ങിയവ ഓരോന്നും പ്രത്യേകമായി ആരൊക്കെ കാണണമെന്നും നമുക്ക് നിശ്ചയിക്കാം. അതായത് പബ്ലിക്, ഫ്രണ്ട്‌സ്, കസ്റ്റം തുടങ്ങി നിലവില്‍ പല സെറ്റിങ്‌സിലും ഉള്ളതുപോലെ തന്നെ. പ്രൊഫൈല്‍ എഡിറ്റുചെയ്യുന്ന പേജില്‍ ചെന്നാല്‍ ഓരോ ഓപ്ഷനു നേരെയും ഈ സംവിധാനങ്ങളടങ്ങിയ ഡ്രോപ് ഡൗണ്‍ മെനു കാണാം. അങ്ങനെ പുതിയ 'പ്രൊഫൈല്‍ കണ്‍ട്രോളി'ല്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്.
  അനധികൃത ടാഗിങിനെ തടയാനുള്ള മാര്‍ഗ്ഗം ഹോംപേജില്‍ വലത്ത് മുകളിലുള്ള പ്രൈവസ് സെറ്റിങ്‌സില്‍ നിന്നു ലഭിക്കും. പ്രൊഫൈല്‍ റിവ്യൂഎന്ന സംവിധാനം ഓണ്‍ ചെയ്താല്‍ നമ്മുടെ 'വാളില്‍' മറ്റുള്ളവരുടെ ഓരോ പോസ്റ്റിനും നമുക്ക് അനുമതി അനുമതി കൊടുക്കാനുള്ള സൗകര്യം ലഭിക്കും. ഹോംപേജില്‍ വാള്‍ എന്ന ലിങ്കിനു താഴെ പെന്റിംഗ് പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അനുമതി കാത്തു കിടക്കുന്ന പോസ്റ്റുകള്‍ കാണാം. ഇവ പോസ്റ്റു ചെയ്യാന്‍ അനുവദിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇനി അനുമതി കൊടുത്താലും നമ്മുടെ ചുമരില്‍ ചെന്ന് അവ ഡിലീറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. കൂടുതല്‍ www.facebook.com/about/control ല്‍ ലഭിക്കും.

No comments:

Post a Comment