Saturday, July 23, 2011

സോഷ്യല്‍ ഹോളിവുഡ് - അഭിനയിക്കാം ഓണ്‍ലൈനായി


കഥയുടെ ചെറുനൂലിഴയില്‍ തുടങ്ങി, തിരക്കഥാകൃത്തിന്റെ ഭാവനയിലൂടെ വികസിച്ച്, സംവിധാനകന്റെ നൈപുണ്യത്തിന്റേയും നടീനടന്‍മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഭയുടെ ആകെത്തുകയാണ് സിനിമ. 'വിക്കി' പോലെ യൂസര്‍ ജെനറേറ്റഡ് കണ്ടന്റുകളുടെ അധിനിവേശ കാലത്ത് 'പൊതുജന'ത്തേക്കൂടി പങ്കെടുപ്പിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ എങ്ങിനെയിരിക്കും. ഇന്‍സൈഡ് എന്ന സിനിമ അത്തരമൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. സംവിധായകന്‍ ഡി.ജെ കാര്‍സുവോ ഈ പരീക്ഷണത്തെ 'സോഷ്യല്‍ ഹോളിവുഡ്' എന്ന് വിശേഷിപ്പിക്കുന്നു. പിന്നാലെ മറ്റു മാധ്യമങ്ങളും.
  തല്‍ക്കാലം ചെറിയ റോളില്‍ അഭിയനം മാത്രമാണ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത്. സിനിമയുടെ 'ത്രെഡ്' ഒരു മിനുട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലറായി ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും യൂട്യൂബിലൂടെയും  മറ്റ് സൗഹൃദസദസ്സുകളിലൂടെയും പുറത്തുവിട്ടുകഴിഞ്ഞു.
  പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ട് അടച്ചുപൂട്ടിയ ഇരുട്ടുമുറിയില്‍ നായിക ക്രിസ്റ്റീന (എമ്മി റോസം - ദ ഡേ ആഫ്റ്റര്‍ ടുമാറോ ഫെയിം) അകപ്പെട്ടിരിക്കുന്നു. പുറം ലോകവുമായുള്ള ഏക ബന്ധം ഒരു ലാപ്‌ടോപ്പും അനിയന്ത്രിതമായ ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ്. തോഷിബയുടെ ലാപ്‌ടോപ്പും ഇന്റലിന്റെ core i7 പ്രൊസസറുമെന്ന് അതിന് സാങ്കേതിക ഭാഷ്യം നല്‍കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടേയും മറ്റും സഹായത്തോടെ താനെവിടേയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നായിക.
  ഇനി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സുഹൃത്തുക്കളുടെ 'റോള്‍' ഇതാണ്. ജൂലൈ 25ന് തുടങ്ങുന്ന സിനിമയുടെ തിരക്കഥയില്‍ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മയിലെ ഒരു സുഹൃത്തിന്റെ റോള്‍. ധാരാളം സുഹൃത്തുക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്തെ 'സൂപ്പര്‍ താരത്തെ'യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യംഗ്യം. ചെയ്യേണ്ടതെന്നതൊക്കെയാണെന്നും സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളും www.theinsideexperience.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്മുടെ റോളെന്താണെന്ന് മനസ്സിലാക്കി സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഒരു വെബ്ക്യാമിനു മുന്നിലിരുന്ന് ക്രിസ്റ്റീനയുടെ സുഹൃത്തായി അഭിനയിക്കാം. അത് റെക്കോര്‍ഡു ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് യൂട്യൂബ് വീഡിയോയുടെ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്യാം. നല്ല അഭിനേതാവിനെ തിരഞ്ഞെടുത്താല്‍ സംവിധായകന്‍ നേരിട്ടറിയിക്കും.
   ഒരു പരീക്ഷണം മാത്രമാണ് ഈ പദ്ധതി എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ റോളുകളൊന്നുമില്ല. എന്നാല്‍ ആശയം മില്ല്യന്‍ ഡോളര്‍ വിലയുള്ളതാണുതാനും. സിനിമയുടെ പൂര്‍ണതക്ക് യഥാര്‍ത്ഥ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സുഹൃത്തുതന്നെ വേണമെന്ന വാശി ചിലപ്പോള്‍ സിനിമയുടെ പ്രമോഷനു വേണ്ടിയാകാം. തിരക്കഥയും നായികയും വരെ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താവുന്ന പുതിയ വിക്കി ഫോര്‍മുലയെ പ്രയോഗതലത്തിലെത്തിക്കാനാണ് സംവിധായകന്‍ കാര്‍സുവോ ലക്ഷ്യമിടുന്നത്. ഇത്തരം ആശയം മുമ്പ് പലരും മുന്നോട്ടു വന്നെങ്കിലും വിപുലമായ തലത്തില്‍ ഇതാദ്യമാണ്. വിവര സാങ്കേതിക മേഖലയിലെ വന്‍ തോക്കുകളായ ഇന്റലും തോഷിബയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഗൂഗിള്‍ ഫോണ്ടുകള്‍ 100% FREE


വെബ്ബിലായാലും പുറത്തായാലും ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ വേണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാം തികഞ്ഞ ഫോണ്ടുകള്‍ കണ്ടെത്തുമ്പോഴേക്കും വില്ലനായി കടന്നു വരിക കോപ്പിറൈറ്റ് പ്രശ്‌നമായിരിക്കും. ഈ തലവേദനയൊഴിവാക്കാന്‍ സാധാരണ ഫോണ്ടുകളില്‍ തൃപ്തിപ്പെടാറാണ് പതിവ്. ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തായാലും ഈ തലവേദനയില്ല.
   ചില്ലറയല്ല, 190 'കുടുംബം' നിറയെ ഫോണ്ടുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ഓപ്പണ്‍ ഫോണ്ട് ലൈസന്‍സുള്ളതിനാല്‍ ആര്‍ക്കും എങ്ങനേയും ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാനും വെബ്‌പേജുകളില്‍ ഉപയോഗിക്കാനുള്ള കോഡുകള്‍ ലഭ്യമാക്കിയും രണ്ടു തരം സേവനങ്ങളാണ് ഗൂഗിള്‍ നല്‍കുന്നത്.
   ഡൗണ്‍ലോഡു ചെയ്യേണ്ടവര്‍ക്ക് www.google.com/webfonts ല്‍ ചെന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ഇവിടെ ഓരോ ഫോണ്ടും പ്രദര്‍ശിപ്പിച്ചിരിക്കും. ആവശ്യമുള്ളവ add to collection ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യാം. പിന്നീട് അവ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യാം. എല്ലാ ഫോണ്ടുകളും ഡൗണ്‍ലോഡു ചെയ്താല്‍ ഏതാണ് ഒരു സി ഡി നിറയെ (700mb) കാണും. ഈ ട്രൂ ടൈപ്പ് ഫോണ്ടുകള്‍ (.ttf) പിന്നീട് C:\WINDOWS\Fonts ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെക്‌സ്റ്റ് എഡിറ്റര്‍ സോഫ്റ്റ്‌വേറിലും ഫോട്ടോഷോപ്പിലുമൊക്കെ ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആരും ചോദിക്കാന്‍ വരില്ല.
  ഇനി വെബ്‌പേജുകളിലുപയോഗിക്കാന്‍ ആവശ്യമുള്ള ഫോണ്ട് സെലക്ട് ചെയ്തു കഴിഞ്ഞാല്‍ ഗൂഗിള്‍ ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫോണ്ടുകളുടെ കോഡ് ലഭിക്കും. വേണ്ട ടൈപ്പും സ്റ്റൈലുമൊക്കെ നോക്കി ഇവ തിരഞ്ഞെടുക്കാം. കൂടുതലറിയാന്‍ ഗൂഗിളിന്റെ വെബ്‌ഫോണ്ട്‌സ്് പേജു സന്ദര്‍ശിച്ചു നോക്കൂ.

Thursday, July 7, 2011

ഫെയ്‌സ്ബുക്ക് ഓര്‍മ്മപ്പുസ്തകം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദിനചര്യയുടെ ഭാഗമായതോടെ പലരുടേയും ജീവിതം തുറന്ന പുസ്തകമാണ്. ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള സൗഹൃദ സദസ്സുകള്‍ മൊബൈല്‍ ഫോണ്‍ എഡിഷനുകള്‍ കൂടി തുടങ്ങിയതോടെ രാവിലെ ഗുഡ് മോണിങ് പറയുന്നതുമുതല്‍ യാത്രക്കിടയിലും, ഇരിക്കുമ്പോഴും, ഉറക്കത്തിന് തൊട്ടുമുമ്പുവരെ നമ്മള്‍ നൂറുകണക്കിന് സുഹൃത്തുക്കളുമായി സംവദിക്കുന്നു. എഴുതിയിടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ കാലാകാലം നിധിപോലെ അവ കാത്തുസൂക്ഷിച്ചുകൊള്ളും. ഒരു പുസ്തക രൂപത്തിലാക്കിയിറക്കിയാല്‍ ഒരു നല്ല ആത്മകഥയായേക്കും പലരുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജീവിതം.
  ഒരു സ്വപ്‌നമല്ല, അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഫെയ്‌സ്ബുക്കില്‍. മുഴുവന്‍ ചരിത്രവും നല്‍കാന്‍ കഴിയില്ലെങ്കിലും ഫെയ്‌സ്ബുക്കിലെ ഇടപെടലുകളുടെ സംക്ഷിപ്തരൂപം നല്‍കുന്ന 'സോഷ്യല്‍ മെമ്മറീസ്' വന്‍ ഹിറ്റായത് അങ്ങനെയാണ്.
   നമ്മള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലെ ഫെയ്‌സ്ബുക്ക് ജീവിതം ഭംഗിയായി ലേ ഔട്ട് ചെയ്ത് പുസ്‌ക രൂപത്തില്‍ തരുന്ന ആപ്ലിക്കേഷനാണ് സോഷ്യല്‍ മെമ്മറീസ്.   apps.facebook.com/mysocialmemories ല്‍ ചെന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും പുസ്തകം സൗജന്യമായുണ്ടാക്കാം.
   2009 ജൂണ്‍ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലെ ഫെയ്‌സ്ബുക്ക് അനുഭവങ്ങള്‍ മാത്രമേ പുസ്തകത്തില്‍ വിഷയമാകുകയുള്ളൂ. ഫെയ്‌സ്ബുക്ക് യൂസര്‍നേമും പാസ്‌വേഡും കൊടുത്ത് അകത്ത് കടന്ന് സമയക്രമവും സെറ്റുചെയ്താല്‍ ഒന്നോ രണ്ടോ മിനുട്ടുകള്‍ക്കുള്ളില്‍ പുസ്തകം തയ്യാര്‍. അതിന്റെ പുറം ചട്ടയില്‍ The Social Memories of എന്നതിനൊപ്പം നമ്മുടെ പേരും വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിയിരിക്കും.
  ആദ്യവും അവസാനവും നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടുത്തിയതാണ് അകം ചട്ട. പിന്നെ സൂചിക, നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നമ്മുടെ ചിത്രങ്ങള്‍, ഏറ്റവും കൂടുതല്‍ ടാഗ് ചെയ്ത സുഹൃത്തിനേക്കുറിച്ചും നമ്മള്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷെയര്‍ ചെയത സുഹൃത്തിനേക്കുറിച്ചുമുള്ള പ്രത്യേക പേജുകള്‍, നമ്മളുമായി കൂടുതല്‍ ഇടപെട്ടവര്‍, പ്രശസ്തമായ സ്റ്റാറ്റസ്, ഏറ്റവും പ്രശസ്തമായ ചിത്രം....അങ്ങനെ വിവിധ അധ്യായങ്ങളായാണ് പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. ഇവയൊക്കെ നമുക്ക് പിന്നീട് എഡിറ്റു ചെയ്യുകയുമാകാം.
  പുസ്തകത്തിന്റെ ഫഌഷ് പതിപ്പ് മാത്രമാണ് സൗജന്യമായി ലഭിക്കുക. പേജുകള്‍ നമ്മുടെ ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യുകയുമാകാം. അല്ല അതൊരു പുസ്തക രൂപത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 32 ഡോളര്‍ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

Saturday, July 2, 2011

ഫെയ്‌സ്ബുക്കും സ്‌കൈപ്പും ഒരു കുടക്കീഴില്‍


ഫെയ്‌സ്ബുക്ക് ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായതിനു പിന്നിലെ കാരണങ്ങള്‍ തിരക്കി തലപുകക്കേണ്ട! എല്ലാം ഒരേ ചുമരില്‍ കുറിച്ചിട്ട ലളിതമായ ഹോംപേജിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. യാഹൂമെസഞ്ചറും ജിടോക്കുമൊക്കെ അരങ്ങുവാഴുമ്പോഴും സ്‌കൈപ്പ് സൂപ്പര്‍ ഹിറ്റായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അത്ര എളുപ്പത്തില്‍ ഉത്തരം കിട്ടിയെന്നു വരില്ല. എന്നാല്‍ ഭാവിയില്‍ സ്‌കൈപ്പ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുകയാണെങ്കില്‍ അതിന് ഒരേ ഒരു ഉത്തരമേയുണ്ടാകൂ. അത് ഫെയ്‌സ്ബുക്ക് എന്ന ഒറ്റ വാക്കുള്ള ഉത്തരമായിരിക്കും.
  ഫെയ്‌സ്ബുക്കിലെ മിക്ക സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൈപ്പ് 5.5  പതിപ്പ് പുറത്തുവന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സ്‌കൈപ്പിലെ ഫെയ്‌സ്ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പൂട്ടു തുറന്ന്് അകത്തുകയറിയാല്‍ നമ്മുടെ ഹോംപേജിലെത്താം. ഫെയ്‌സ്ബുക്കിലെ അതേ ഹോംപേജാണെന്നു ധരിക്കരുത,് ഫെയ്‌സ്ബുക്ക് ഫീഡുകള്‍ക്കായി സ്‌കൈപ്പുണ്ടാക്കിയ പ്രത്യേക പേജ്. അതില്‍ ഓരോ അപ്‌ഡേറ്റുകളും വിന്‍ഡോയുടെ വലിപ്പത്തിനനുസരിച്ച് നിരകളായി പ്രത്യക്ഷപ്പെടും. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ വായിക്കാം എന്നതുമാത്രമല്ല അവരോട് ഫെയ്‌സ്ബുക്കിലോ ഇനി സ്‌കൈപ്പ് അക്കൗണ്ടുണ്ടെങ്കില്‍ അതിലൂടെയോ സംസാരിക്കുകയും ചെയ്യാം.
  ഫെയ്‌സ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഓരോരുത്തരുടെ പേരിനു മുകളിലുമുണ്ടാകും. സുഹൃത്തിന് സ്‌കൈപ്പ് ഐഡിയുണ്ടെങ്കില്‍ അതും. വേണട്ത് സെലക്ട് ചെയ്ത് സ്‌കൈപ്പുപയോഗിച്ച് ഫോണ്‍ ചെയ്യാം, അതും ചെറിയ തുകക്ക്. സ്‌കൈപ്പ് ഐഡിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലേക്ക് (ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ) നയാ പൈസമുടക്കാതെ സംസാരിക്കുകയുമാകാം.
 അപ്‌ഡേറ്റുകളിലെ ചിത്രങ്ങള്‍ ആദ്യ നോട്ടത്തില്‍ ഫെയ്‌സ്ബുക്കിലേക്കാള്‍ വലിയ വലിപ്പത്തില്‍ കാണാന്‍ കഴിയുമെങ്കിലും ഫെയ്‌സ്ബുക്ക് ആല്‍ബത്തിലെ മിഴിവു ലഭിക്കില്ല, കമന്റിടാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഫെയ്‌സ്ബുക്ക് ഹോംപേജുമായി തട്ടിച്ചു നോക്കൂമ്പോള്‍ ഒരു പാട് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാകും. എങ്കിലും കുറച്ചു നേരം മാത്രം ഫെയ്‌സ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ക്ക് സ്‌കൈപ്പ് ഉപകാരിയാണ്. സ്‌കൈപ്പ് അക്കൗണ്ടിനൊപ്പം മറ്റൊരു ബട്ടണമര്‍ത്തിയാല്‍ ചാറ്റില്‍ ഓണ്‍ലൈനായ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളേ നേരിട്ട് കണ്ടെത്താം. അതില്‍ ക്ലിക്കു ചെയ്ത് അവരോട് ഫോണിലോ സ്‌കൈപ്പിലോ ചാറ്റിലോ മിണ്ടിയും പറഞ്ഞുമിരിക്കാം.
  വിന്‍ഡോ ക്ലോസ് ചെയ്താല്‍ അത് സ്ക്രീനിനു താഴെ വലതുഭാഗത്ത് സിസ്റ്റം ട്രേയില്‍ പോയി കിടന്നോളും, സ്‌കൈപ്പ് മെസഞ്ചറായി. വീണ്ടും അതില്‍ ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്കോ സ്‌കൈപ്പോ ഏതാണെന്നു വെച്ചാല്‍ ഉുപയോഗിക്കാം. മെസഞ്ചര്‍ മിനിമൈസ് ചെയ്തിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നവരേക്കുറിച്ച് അപ്പപ്പോള്‍ ഒരു പോപ്പ് അപ്പ് വിന്‍ഡോയിലൂടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ സൗകര്യം തല്‍ക്കാലം ഫെയ്‌സ്ബുക്ക് ചാറ്റിലില്ല.
  എന്തായാലും സ്‌കൈപ്പും ഫെയ്‌സ്ബുക്കും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് വലിയ അനുഗ്രഹമാണ്. മക്കളും മരുമക്കളും വിദേശത്തുള്ള, അത്യാവശ്യം കമ്പ്യൂട്ടറും പിന്നെ സ്‌കൈപ്പും ഉപയോഗിക്കാനറിയാവുന്ന മലയാളികളുടെ ജീവിതത്തിലേക്ക് ഇനി ഫെയ്‌സ്ബുക്ക് കൂടി കടന്നു വരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.