Thursday, July 7, 2011

ഫെയ്‌സ്ബുക്ക് ഓര്‍മ്മപ്പുസ്തകം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദിനചര്യയുടെ ഭാഗമായതോടെ പലരുടേയും ജീവിതം തുറന്ന പുസ്തകമാണ്. ഫെയ്‌സ്ബുക്കുള്‍പ്പെടെയുള്ള സൗഹൃദ സദസ്സുകള്‍ മൊബൈല്‍ ഫോണ്‍ എഡിഷനുകള്‍ കൂടി തുടങ്ങിയതോടെ രാവിലെ ഗുഡ് മോണിങ് പറയുന്നതുമുതല്‍ യാത്രക്കിടയിലും, ഇരിക്കുമ്പോഴും, ഉറക്കത്തിന് തൊട്ടുമുമ്പുവരെ നമ്മള്‍ നൂറുകണക്കിന് സുഹൃത്തുക്കളുമായി സംവദിക്കുന്നു. എഴുതിയിടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ കാലാകാലം നിധിപോലെ അവ കാത്തുസൂക്ഷിച്ചുകൊള്ളും. ഒരു പുസ്തക രൂപത്തിലാക്കിയിറക്കിയാല്‍ ഒരു നല്ല ആത്മകഥയായേക്കും പലരുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജീവിതം.
  ഒരു സ്വപ്‌നമല്ല, അതും യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഫെയ്‌സ്ബുക്കില്‍. മുഴുവന്‍ ചരിത്രവും നല്‍കാന്‍ കഴിയില്ലെങ്കിലും ഫെയ്‌സ്ബുക്കിലെ ഇടപെടലുകളുടെ സംക്ഷിപ്തരൂപം നല്‍കുന്ന 'സോഷ്യല്‍ മെമ്മറീസ്' വന്‍ ഹിറ്റായത് അങ്ങനെയാണ്.
   നമ്മള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലെ ഫെയ്‌സ്ബുക്ക് ജീവിതം ഭംഗിയായി ലേ ഔട്ട് ചെയ്ത് പുസ്‌ക രൂപത്തില്‍ തരുന്ന ആപ്ലിക്കേഷനാണ് സോഷ്യല്‍ മെമ്മറീസ്.   apps.facebook.com/mysocialmemories ല്‍ ചെന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും പുസ്തകം സൗജന്യമായുണ്ടാക്കാം.
   2009 ജൂണ്‍ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിലെ ഫെയ്‌സ്ബുക്ക് അനുഭവങ്ങള്‍ മാത്രമേ പുസ്തകത്തില്‍ വിഷയമാകുകയുള്ളൂ. ഫെയ്‌സ്ബുക്ക് യൂസര്‍നേമും പാസ്‌വേഡും കൊടുത്ത് അകത്ത് കടന്ന് സമയക്രമവും സെറ്റുചെയ്താല്‍ ഒന്നോ രണ്ടോ മിനുട്ടുകള്‍ക്കുള്ളില്‍ പുസ്തകം തയ്യാര്‍. അതിന്റെ പുറം ചട്ടയില്‍ The Social Memories of എന്നതിനൊപ്പം നമ്മുടെ പേരും വലിയ അക്ഷരത്തില്‍ ഭംഗിയായി എഴുതിയിരിക്കും.
  ആദ്യവും അവസാനവും നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടുത്തിയതാണ് അകം ചട്ട. പിന്നെ സൂചിക, നമ്മളെക്കുറിച്ചുള്ള വിവരങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നമ്മുടെ ചിത്രങ്ങള്‍, ഏറ്റവും കൂടുതല്‍ ടാഗ് ചെയ്ത സുഹൃത്തിനേക്കുറിച്ചും നമ്മള്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷെയര്‍ ചെയത സുഹൃത്തിനേക്കുറിച്ചുമുള്ള പ്രത്യേക പേജുകള്‍, നമ്മളുമായി കൂടുതല്‍ ഇടപെട്ടവര്‍, പ്രശസ്തമായ സ്റ്റാറ്റസ്, ഏറ്റവും പ്രശസ്തമായ ചിത്രം....അങ്ങനെ വിവിധ അധ്യായങ്ങളായാണ് പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. ഇവയൊക്കെ നമുക്ക് പിന്നീട് എഡിറ്റു ചെയ്യുകയുമാകാം.
  പുസ്തകത്തിന്റെ ഫഌഷ് പതിപ്പ് മാത്രമാണ് സൗജന്യമായി ലഭിക്കുക. പേജുകള്‍ നമ്മുടെ ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യുകയുമാകാം. അല്ല അതൊരു പുസ്തക രൂപത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 32 ഡോളര്‍ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

1 comment:

  1. Good bog Keep it up...
    If possible please add this in chinta blog aggregator. I think mallus are not that much interested in knowledge. Dont worry you will get good traffic in future because at the end Knowledge matters.

    ReplyDelete