Saturday, July 23, 2011

സോഷ്യല്‍ ഹോളിവുഡ് - അഭിനയിക്കാം ഓണ്‍ലൈനായി


കഥയുടെ ചെറുനൂലിഴയില്‍ തുടങ്ങി, തിരക്കഥാകൃത്തിന്റെ ഭാവനയിലൂടെ വികസിച്ച്, സംവിധാനകന്റെ നൈപുണ്യത്തിന്റേയും നടീനടന്‍മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഭയുടെ ആകെത്തുകയാണ് സിനിമ. 'വിക്കി' പോലെ യൂസര്‍ ജെനറേറ്റഡ് കണ്ടന്റുകളുടെ അധിനിവേശ കാലത്ത് 'പൊതുജന'ത്തേക്കൂടി പങ്കെടുപ്പിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ എങ്ങിനെയിരിക്കും. ഇന്‍സൈഡ് എന്ന സിനിമ അത്തരമൊരു ആശയമാണ് മുന്നോട്ടുവെക്കുന്നത്. സംവിധായകന്‍ ഡി.ജെ കാര്‍സുവോ ഈ പരീക്ഷണത്തെ 'സോഷ്യല്‍ ഹോളിവുഡ്' എന്ന് വിശേഷിപ്പിക്കുന്നു. പിന്നാലെ മറ്റു മാധ്യമങ്ങളും.
  തല്‍ക്കാലം ചെറിയ റോളില്‍ അഭിയനം മാത്രമാണ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത്. സിനിമയുടെ 'ത്രെഡ്' ഒരു മിനുട്ട് നീണ്ടു നില്‍ക്കുന്ന ട്രെയിലറായി ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും യൂട്യൂബിലൂടെയും  മറ്റ് സൗഹൃദസദസ്സുകളിലൂടെയും പുറത്തുവിട്ടുകഴിഞ്ഞു.
  പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ട് അടച്ചുപൂട്ടിയ ഇരുട്ടുമുറിയില്‍ നായിക ക്രിസ്റ്റീന (എമ്മി റോസം - ദ ഡേ ആഫ്റ്റര്‍ ടുമാറോ ഫെയിം) അകപ്പെട്ടിരിക്കുന്നു. പുറം ലോകവുമായുള്ള ഏക ബന്ധം ഒരു ലാപ്‌ടോപ്പും അനിയന്ത്രിതമായ ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ്. തോഷിബയുടെ ലാപ്‌ടോപ്പും ഇന്റലിന്റെ core i7 പ്രൊസസറുമെന്ന് അതിന് സാങ്കേതിക ഭാഷ്യം നല്‍കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടേയും മറ്റും സഹായത്തോടെ താനെവിടേയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നായിക.
  ഇനി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സുഹൃത്തുക്കളുടെ 'റോള്‍' ഇതാണ്. ജൂലൈ 25ന് തുടങ്ങുന്ന സിനിമയുടെ തിരക്കഥയില്‍ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മയിലെ ഒരു സുഹൃത്തിന്റെ റോള്‍. ധാരാളം സുഹൃത്തുക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്തെ 'സൂപ്പര്‍ താരത്തെ'യാണ് ഉദ്ദേശിക്കുന്നതെന്ന് വ്യംഗ്യം. ചെയ്യേണ്ടതെന്നതൊക്കെയാണെന്നും സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളും www.theinsideexperience.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നമ്മുടെ റോളെന്താണെന്ന് മനസ്സിലാക്കി സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഒരു വെബ്ക്യാമിനു മുന്നിലിരുന്ന് ക്രിസ്റ്റീനയുടെ സുഹൃത്തായി അഭിനയിക്കാം. അത് റെക്കോര്‍ഡു ചെയ്ത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് യൂട്യൂബ് വീഡിയോയുടെ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്യാം. നല്ല അഭിനേതാവിനെ തിരഞ്ഞെടുത്താല്‍ സംവിധായകന്‍ നേരിട്ടറിയിക്കും.
   ഒരു പരീക്ഷണം മാത്രമാണ് ഈ പദ്ധതി എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ റോളുകളൊന്നുമില്ല. എന്നാല്‍ ആശയം മില്ല്യന്‍ ഡോളര്‍ വിലയുള്ളതാണുതാനും. സിനിമയുടെ പൂര്‍ണതക്ക് യഥാര്‍ത്ഥ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സുഹൃത്തുതന്നെ വേണമെന്ന വാശി ചിലപ്പോള്‍ സിനിമയുടെ പ്രമോഷനു വേണ്ടിയാകാം. തിരക്കഥയും നായികയും വരെ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താവുന്ന പുതിയ വിക്കി ഫോര്‍മുലയെ പ്രയോഗതലത്തിലെത്തിക്കാനാണ് സംവിധായകന്‍ കാര്‍സുവോ ലക്ഷ്യമിടുന്നത്. ഇത്തരം ആശയം മുമ്പ് പലരും മുന്നോട്ടു വന്നെങ്കിലും വിപുലമായ തലത്തില്‍ ഇതാദ്യമാണ്. വിവര സാങ്കേതിക മേഖലയിലെ വന്‍ തോക്കുകളായ ഇന്റലും തോഷിബയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

No comments:

Post a Comment