
ഫെയ്‌സ്ബുക്കിലെ മിക്ക സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൈപ്പ് 5.5 പതിപ്പ് പുറത്തുവന്നത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സ്‌കൈപ്പിലെ ഫെയ്‌സ്ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പൂട്ടു തുറന്ന്് അകത്തുകയറിയാല്‍ നമ്മുടെ ഹോംപേജിലെത്താം. ഫെയ്‌സ്ബുക്കിലെ അതേ ഹോംപേജാണെന്നു ധരിക്കരുത,് ഫെയ്‌സ്ബുക്ക് ഫീഡുകള്‍ക്കായി സ്‌കൈപ്പുണ്ടാക്കിയ പ്രത്യേക പേജ്. അതില്‍ ഓരോ അപ്‌ഡേറ്റുകളും വിന്‍ഡോയുടെ വലിപ്പത്തിനനുസരിച്ച് നിരകളായി പ്രത്യക്ഷപ്പെടും. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ വായിക്കാം എന്നതുമാത്രമല്ല അവരോട് ഫെയ്‌സ്ബുക്കിലോ ഇനി സ്‌കൈപ്പ് അക്കൗണ്ടുണ്ടെങ്കില്‍ അതിലൂടെയോ സംസാരിക്കുകയും ചെയ്യാം.
ഫെയ്‌സ്ബുക്കില്‍ നമ്മള്‍ നല്‍കിയ ഫോണ്‍നമ്പര്‍ ഓരോരുത്തരുടെ പേരിനു മുകളിലുമുണ്ടാകും. സുഹൃത്തിന് സ്‌കൈപ്പ് ഐഡിയുണ്ടെങ്കില്‍ അതും. വേണട്ത് സെലക്ട് ചെയ്ത് സ്‌കൈപ്പുപയോഗിച്ച് ഫോണ്‍ ചെയ്യാം, അതും ചെറിയ തുകക്ക്. സ്‌കൈപ്പ് ഐഡിയിലൂടെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലേക്ക് (ചിലപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ) നയാ പൈസമുടക്കാതെ സംസാരിക്കുകയുമാകാം.
അപ്‌ഡേറ്റുകളിലെ ചിത്രങ്ങള്‍ ആദ്യ നോട്ടത്തില്‍ ഫെയ്‌സ്ബുക്കിലേക്കാള്‍ വലിയ വലിപ്പത്തില്‍ കാണാന്‍ കഴിയുമെങ്കിലും ഫെയ്‌സ്ബുക്ക് ആല്‍ബത്തിലെ മിഴിവു ലഭിക്കില്ല, കമന്റിടാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഫെയ്‌സ്ബുക്ക് ഹോംപേജുമായി തട്ടിച്ചു നോക്കൂമ്പോള്‍ ഒരു പാട് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാകും. എങ്കിലും കുറച്ചു നേരം മാത്രം ഫെയ്‌സ്ബുക്കില്‍ കയറിയിറങ്ങുന്നവര്‍ക്ക് സ്‌കൈപ്പ് ഉപകാരിയാണ്. സ്‌കൈപ്പ് അക്കൗണ്ടിനൊപ്പം മറ്റൊരു ബട്ടണമര്‍ത്തിയാല്‍ ചാറ്റില്‍ ഓണ്‍ലൈനായ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളേ നേരിട്ട് കണ്ടെത്താം. അതില്‍ ക്ലിക്കു ചെയ്ത് അവരോട് ഫോണിലോ സ്‌കൈപ്പിലോ ചാറ്റിലോ മിണ്ടിയും പറഞ്ഞുമിരിക്കാം.
വിന്‍ഡോ ക്ലോസ് ചെയ്താല്‍ അത് സ്ക്രീനിനു താഴെ വലതുഭാഗത്ത് സിസ്റ്റം ട്രേയില്‍ പോയി കിടന്നോളും, സ്‌കൈപ്പ് മെസഞ്ചറായി. വീണ്ടും അതില്‍ ക്ലിക്ക് ചെയ്ത് ഫെയ്‌സ്ബുക്കോ സ്‌കൈപ്പോ ഏതാണെന്നു വെച്ചാല്‍ ഉുപയോഗിക്കാം. മെസഞ്ചര്‍ മിനിമൈസ് ചെയ്തിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കിലും ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്നവരേക്കുറിച്ച് അപ്പപ്പോള്‍ ഒരു പോപ്പ് അപ്പ് വിന്‍ഡോയിലൂടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഈ സൗകര്യം തല്‍ക്കാലം ഫെയ്‌സ്ബുക്ക് ചാറ്റിലില്ല.
എന്തായാലും സ്‌കൈപ്പും ഫെയ്‌സ്ബുക്കും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് സ്‌കൈപ്പിന്റെ പുതിയ പതിപ്പ് വലിയ അനുഗ്രഹമാണ്. മക്കളും മരുമക്കളും വിദേശത്തുള്ള, അത്യാവശ്യം കമ്പ്യൂട്ടറും പിന്നെ സ്‌കൈപ്പും ഉപയോഗിക്കാനറിയാവുന്ന മലയാളികളുടെ ജീവിതത്തിലേക്ക് ഇനി ഫെയ്‌സ്ബുക്ക് കൂടി കടന്നു വരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
No comments:
Post a Comment