Tuesday, February 7, 2012

so.cl മൈക്രോസോഫ്റ്റിന്റെ പുതിയ അവതാരം


so.cl എന്നെഴുതിയാല്‍ സോഷ്യല്‍ എന്നു വായിക്കണം. പേരു സൂചിപ്പിക്കുന്നതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റു തന്നെയാണ് ഇത്. കൂണുപോലെ മുളച്ചു പൊങ്ങുന്ന ഡൂക്കിരി സൗഹൃദ വെബ്‌സൈറ്റുകളുടെ കൂട്ടത്തില്‍ പെടുത്തരുത്. കാരണം മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ് (FUSE Lab) തയ്യാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതാണ് ഈ പുത്തന്‍ സൗഹൃദ വെബ്‌സൈറ്റ്.
   ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസ്സുമൊക്കെ മത്സരിച്ചു മുന്നേറുന്ന ലോകത്ത് പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തുടങ്ങുന്നു എന്നു കേട്ടാല്‍ ഇവരിലാരുടെ ശത്രുവായിരിക്കുമെന്നാണ് ആദ്യം തോന്നുക. രണ്ടുപേരുടേയും ശത്രുവല്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല, ഫെയ്‌സ്ബുക്കും ട്വിറ്ററുമായി സഹകരിച്ചാണ് തുടക്കമെന്നതും കൗതുകമാണ്.
  വിദ്യാര്‍ത്ഥികളുടെ ഗവേഷണ മേഖലയില്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാല്‍ തുടക്കത്തില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമേ so.cl ലഭ്യമാകൂ എന്നുമാണ് ഫ്യൂസ് ലാബ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പണ്ട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തുടങ്ങിയതാണ്, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്കും കോളേജുകളിലേക്കും പടര്‍ന്ന് ലോകം കീഴയക്കിയ കാര്യം ഇവിടെ ഓര്‍ക്കാം.
   ആശയങ്ങളും വെബ്‌സൈറ്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യത്തോടെയാണ് so.cl ആരംഭിച്ചത്. അതായത് നെറ്റുവഴി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള ഒരിടം.  bing.com ന്റെ സഹായത്തോടെ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം, കമ്മ്യൂണിറ്റികളുണ്ടാക്കി ആളെക്കൂട്ടാനും, വീഡിയോ ചാറ്റ് റൂമുകളുണ്ടാക്കാനുമുള്ള സംവിധാനങ്ങള്‍ എന്നിവയുണ്ട്. ഈ സേവനങ്ങളില്‍ ഗൂഗിള്‍ പ്രസ്സുമായി വിദൂരസാമ്യം കാണാം.
    പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം എന്നതുകൊണ്ടു തന്നെ തല്‍ക്കാലം പൊതുജനങ്ങള്‍ക്ക് വിലക്കുണ്ട്. ഫെയ്‌സ്ബുക്ക് ഐഡിയുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിടാം, സമയമാവുമ്പോള്‍ അവര്‍ ക്ഷണക്കത്തയക്കും. പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങട്ടേ, എന്നിട്ടു പറയാം so.cl വിപ്ലവം എങ്ങനെയായിരിക്കുമെന്ന്.

യൂട്യൂബില്‍ വീഡിയോ എഡിറ്റു ചെയ്യാം


ബ്ലോഗിലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ എവിടെയായാലും എന്തെഴുതിയാലും അവിടെ വച്ചു തന്നെ എഡിറ്റു ചെയ്യാനുള്ള  സ്വാതന്ത്ര്യം തരുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. അതൊരു വല്ലാത്ത സ്വാതന്ത്ര്യവുമാണ്. എഴുത്തിനും ചിത്രങ്ങള്‍ക്കും അതു പറ്റും. എന്നാല്‍ വീഡിയോ ഷെയറിങ് വിപ്ലവമായ യൂട്യൂബില്‍ ഈയടുത്ത കാലം വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.  അപ്‌ലോഡ് ചെയ്ത വീഡിയോ എടുത്തു കളഞ്ഞ് വേറെ എഡിറ്റുചെയ്ത് പുനപ്രതിഷ്ഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
   യൂട്യൂബ് ആരാധകര്‍ പല തവണ ആഗ്രഹിച്ചതാണ് ഒരു ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിങ് സംവിധാനത്തെപറ്റി. നമ്മള്‍ മനസ്സില്‍ ആഗ്രഹിച്ചാല്‍ മാനത്തുകാണുന്നവരാണല്ലോ യൂട്യൂബിന്റെ സ്രഷ്ടാക്കളായ ഗൂഗിള്‍. ഒടുവില്‍ അവര്‍ അതും മാനത്തു കണ്ടു. നമ്മുടെ അക്കൗണ്ടിലുള്ള വീഡിയോകള്‍ ഇനി യൂട്യൂബില്‍ വച്ചു തന്നെ ഓണ്‍ലൈനായി എഡിറ്റു ചെയ്യാം. ശബ്ദമോ നിറമോ മാറ്റാം. നീളം കുറക്കാം. വേണമെങ്കില്‍ മറ്റു വീഡിയോകള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ട്രാന്‍സിഷനുകള്‍ ഉള്‍പ്പെടുത്താം. അഡ്രസ്സില്‍ ഒരുമാറ്റവും വരാതെ തന്നെ ഇവ വീണ്ടും പബ്ലിഷ് ചെയ്യാനാകും.
   യൂട്യൂബില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മൈ അക്കൗണ്ടില്‍ വീഡിയോ വിഭാഗത്തില്‍ ചെന്നാല്‍ മതി. മുകളില്‍ വീഡിയോ എഡിറ്റര്‍ എന്നൊരു ലിങ്ക് കാണാം. വെബ്ക്യാമറയിലോ മൊബൈലിലോ എടുത്ത വീഡിയോ ആണെങ്കില്‍ അത്യാവശ്യമാറ്റങ്ങളൊക്കെ വരുത്താന്‍ ഇവിടെ കഴിയും. ഒരു സാധാരണ വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറിലുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഇവിടെ ലഭിക്കും. വേണമെങ്കില്‍ മറ്റൊരു വീഡിയോ ആയി പബ്ലിഷ് ചെയ്യുകയുമാകാം.
   ചിത്രങ്ങളും ടെക്സ്റ്റുമൊക്കെ എഡിറ്റു ചെയ്യുന്നതുപോലെ വീഡിയോയും എഡിറ്റുചെയ്ത് വീണ്ടും യൂട്യൂബില്‍ പോസ്റ്റുചെയ്യാമെന്നു ചുരുക്കം.

യൂട്യൂബ് സ്‌കൂള്‍സ് കുട്ടികള്‍ക്കു വേണ്ടി മാത്രം


സ്വന്തമായി ഒരു വൈ ഫൈ കണക്ഷന്‍. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് ഒപ്പം ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഒരു യൂസര്‍ ഐഡി. ഐ.ഐ.ടിയോ ഐ.ഐ.എമ്മോ സന്ദര്‍ശിക്കേണ്ട, നമുക്കു ചുറ്റുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിമുടി മാറിക്കഴിഞ്ഞു. എണ്‍പതുകളുടെ ആദ്യം ജനിച്ചവരെ പോലെ രണ്ടാമതു പോയി കമ്പ്യൂട്ടര്‍ പഠിക്കേണ്ടി വന്നവരല്ല, സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ പരിചയിച്ചവരാണ് പുതിയ തലമുറ. പക്ഷേ ഇന്റര്‍നെറ്റിനെ സംശയദൃഷ്ടിയോടെ നോക്കി കാണുന്നവരാണ് മുതിര്‍ന്നവര്‍. ഈ സാഹചര്യത്തില്‍ ഹൈടെക് ക്ലാസ്‌റൂമുകള്‍ക്കു വേണ്ടി യൂട്യൂബ് തുടങ്ങിയ പുതിയ വിഭാഗത്തേക്കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
   ക്ലാസ് റൂമില്‍ യൂട്യൂബ് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവര്‍ നിരവധിയുണ്ടാകും.. പ്രൈമറി തലം മുതല്‍ സ്‌കൂളില്‍ യൂട്യൂബ് അനുവദിക്കുക എന്നു പറഞ്ഞാല്‍ അംഗീകരിക്കാനും പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം യൂട്യൂബ് ഒരുക്കിയ പ്രത്യേക സംവിധാനത്തേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏത് കടുംപിടുത്തക്കാരന്റെ മനസ്സും ഒന്നലിയും.
   www.youtube.com/schools  നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതുപുത്തന്‍ വീഡിയോ ആല്‍ബങ്ങളോ മസാലകളോ പ്രലോഭിപ്പിക്കാത്ത ഒരു യൂട്യൂബ് പേജ്. യൂട്യൂബിലെ ഇതര മേഖലകളുടെ ലിങ്കുകളൊന്നുമില്ലാത്ത പ്രത്യേക വിഭാഗം. അതുകൊണ്ടു തന്നെ ഇവയൊഴികെ മറ്റെല്ലാ യൂട്യൂബ് വീഡിയോകളും അധികൃതര്‍ക്ക് ബ്ലോക്കു ചെയ്യാം. ഗൂഗിള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്.
  യൂട്യൂബിലെ ഈ ലിങ്കില്‍ ചെന്നാല്‍ പ്രൈമറി സ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, ഹൈ സ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനും സ്വന്തമായി ചാനലുണ്ടാക്കാം. വീഡിയോകളുടെ പ്ലേലിസ്റ്റുകള്‍ പോസ്റ്റു ചെയ്യാം. മറ്റു സ്ഥാപനങ്ങള്‍ അപ്‌ലോഡു ചെയ്ത വിദ്യാഭ്യാസ സംബന്ധിയായ വീഡിയോകള്‍ കാണാം. ചെലവില്ലാതെ സൗജന്യമായി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ തയ്യാറാക്കാം.
    പ്രൈമറി സ്ഥാപനങ്ങളാണെങ്കില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനും സാമാന്യം വലിയ ഒരു പ്രൊജക്ടറും (ടെലിവിഷനായാലും മതി) ഉണ്ടെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസുകള്‍ നമുക്കു മുന്നില്‍ റെഡി.
  യൂട്യൂബ് സ്‌കൂള്‍സുകൊണ്ടുള്ള ഗുണം വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൂടിയാണ്. വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അധ്യാപകരുടെ ക്ലാസുകള്‍. വിദഗ്ധരുടെ പ്രസന്റേഷനുകള്‍. അങ്ങനെ വേണ്ടതില്‍ കൂടുതലുണ്ട് യൂട്യൂബ് സ്‌കൂളില്‍. ഇനി എന്തൊക്കെ തിരഞ്ഞെടുക്കണമെന്നും കുട്ടികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കണമെന്നും നമ്മള്‍ തീരുമാനിച്ചാല്‍ മതി.

ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍ വഴി


കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്നതുപോലെ കനത്ത ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവ കേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ ഒരു വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു തന്ന ഒരു എളുപ്പവഴി.
   ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത്  യു എസ് ജിയോളജിക്കല്‍ സര്‍വെ (  usgs.gov)  എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവ കേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് അലേര്‍ട്ട് സോഫ്റ്റ് വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും, ആര്‍ എസ് എസ് ഫീഡ് വഴിയും, ഗൂഗിള്‍ എര്‍ത്തു വഴിയും വിവരങ്ങള്‍ ലഭിക്കും.
  ക്വെയ്ക് അലര്‍ട്ട് എന്ന സോഫ്റ്റ് വേര്‍  quakealert.codeplex.com  ല്‍ നിന്നു ഡൗണ്‍ലോഡു ചെയ്യാം.  ട്വിറ്റര്‍വഴി വിവരങ്ങള്‍ ലഭിക്കേണ്ടവര്‍ twitter.com/#!/USGSted ല്‍ പോയി രജിസ്റ്റര്‍ ചെയ്യണം. ആര്‍ എസ് എസ് ഫീഡ് വേണ്ടവര്‍ക്ക് usgs.gov/socialmedia/#earthquakes ഉം ഗൂഗിള്‍ എര്‍ത്തിന്റെ കെഎംഎല്‍ ഫയല്‍ വേണ്ടവര്‍ക്ക് earthquake.usgs.gov/learn/kml.php എന്നീ ലിങ്കുകള്‍ ഉപയോഗിക്കാം.
     എന്നാല്‍ നമുക്ക് ആവശ്യമുള്ള സ്ഥലത്തെ ഭൂചലനങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെങ്കില്‍ അവ അതാത് സമയങ്ങളില്‍ ഇമെയില്‍ വഴി അറിയിക്കാനുള്ള സൗകര്യവും ഉണ്ട്.  sslearthquake.usgs.gov/ens/ ല്‍ പോയി രജ്‌സറ്റര്‍ ചെയ്യണം. ശേഷം മാപ്പില്‍ നമുക്ക് വേണ്ട സ്ഥലം അടയാളപ്പെടുത്തുക. തുടര്‍ന്ന് പകലോ രാത്രിയോ, എത്ര തീവ്രതക്കു (മാഗ്നിറ്റിയൂഡ്) മുകളിലുള്ള വിവരങ്ങളാണ് നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ചാല്‍ വിവരങ്ങള്‍ ഇമെയിലിലെത്തിക്കൊള്ളും. അമേരിക്കകത്തുള്ളവര്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ വിവരം ലഭിക്കുമെങ്കില്‍ മറ്റിടങ്ങളിലുള്ളവര്‍ക്ക് ചിലപ്പോള്‍ ഇരുപതു മിനുട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം.

ഫെയ്‌സ്ബുക്ക് - സ്വകാര്യതയേ പറ്റി ഒരക്ഷരം മിണ്ടരുത്


 ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും വേണ്ടപോലെ ഉപയോഗിക്കാന്‍ അറിയാമെങ്കില്‍ ലോകത്തെവിടെയായാലും ഒരാളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വേണമെങ്കില്‍ അയാളുടെ കാല്‍പാടുകള്‍ പോലും പിന്തുടരാം. സ്വകാര്യത എന്നത് അഹങ്കാരത്തോടെ നമ്മള്‍ പറയുന്ന വെറുമൊരു വാക്കു മാത്രമാണ്. ഏറെ കാലമായി സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സ്വകാര്യതയെ പറ്റി തര്‍ക്കമുണ്ടെങ്കില്‍ www.takethislollipop.com എന്ന വെബ്‌സൈറ്റിലൊന്നു കയറി നോക്കൂ.
   നമ്മളഭിനയിക്കുന്ന ഹ്രസ്വചിത്രത്തിലേക്കുള്ള വഴിയാണ് ഈ വെബ്‌സൈറ്റിന്റെ ഹോം പേജ്. എണ്‍പതു കോടി ജനസംഖ്യയുള്ള ഫെയ്‌സ്ബുക്കിലെ ഏത് പൗരനും ഈ സിനിമയില്‍ അഭിനയിക്കാം. നായകന്‍ നമ്മളും കഥാപാത്രങ്ങള്‍ നമ്മുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായിരിക്കും.  ഇനി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫെയ്‌സ്ബുക്കിനകത്തു കയറാം.

സീന്‍ ഒന്ന്.
ഹോളിവുഡ് സിനിമയിലെ ഭയാനക രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുണ്ട ഒരു കെട്ടിടത്തിന്റെ ഉള്‍ഭാഗം. ഇടനാഴി കടന്ന് മറ്റൊരു ഇരുണ്ട മുറിയിലേക്ക് നമ്മളെത്തുന്നു. ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ പഴയ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഇന്റര്‍നെറ്റില്‍ എന്തൊക്കെയോ പരതുന്ന ഒരാള്‍.
കീബോഡില്‍ വേഗത്തില്‍ ടൈപ്പു ചെയ്യുന്നുണ്ട്. മോണിട്ടറില്‍ ഫെയ്‌സ്ബുക്ക് ഹോം പേജ്. യൂസര്‍ നേയ്മും പാസ്‌വേഡും നല്‍കിയ ശേഷം അതില്‍ നമ്മുടെ ഹോം പേജ് തെളിഞ്ഞു വരുന്നു. സെറ്റിങ്‌സില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം കാണാം. അതോടെ നമ്മുടെ അക്കൗണ്ട് അയാള്‍ ഹാക്ക് ചെയ്തിരിക്കുന്നു എന്നു മനസ്സിലാകും.
അടുത്ത ഷോട്ടില്‍ അയാളുടെ കുഴി വീണ മുഖം കാണുന്നതോടെ കഥയിലെ വില്ലന്‍ ഇയാളാണെന്ന് ഉറപ്പിക്കാം. സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളും ചിത്രങ്ങളുമൊക്കെ പരിശോധിക്കുന്നതിനിടെ അയാള്‍ കോപം കൊണ്ടു വിറക്കുന്നു.
ഉടന്‍ 'ഗൂഗിള്‍ മാപ്‌സ്' തുറന്ന് നമ്മള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി കണ്ടെത്തുന്നു. കോപാകുലനായ അയാളുടെ മുഖത്തിന്റെ ക്ലോസ് അപ്പ്. മുഖത്ത് ഒരു ദുഷ്ട ചിരി.

സീന്‍ രണ്ട്
ഒരു കാറിന്റെ മുന്‍വശം. സ്റ്റിയറിങില്‍ കൈയുറപ്പിച്ച് വേഗത്തില്‍ വണ്ടിയോടിക്കുന്ന അയാളുടെ മുഖം. കോപം ജ്വലിക്കുന്ന കണ്ണുകള്‍. കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തി പുറത്തിറങ്ങുന്നു. അപ്പോള്‍ ഡാഷ്‌ബോഡില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ക്ലിപ്പു ചെയ്തു വച്ചതു കാണാം. ഡോര്‍ അടച്ച് എന്തോ ലക്ഷ്യമാക്കി അയാള്‍ നീങ്ങുന്നു.
  ഫെയ്‌സ്ബുക്കില്‍ സ്വകാര്യ വിവരങ്ങളെല്ലാം നല്‍കിയാല്‍ നമ്മുടെ കാല്‍പാടുകള്‍ പോലും പിന്തുടര്‍ന്ന് നമ്മളെ കണ്ടു പിടിക്കാമെന്ന് പറഞ്ഞത് വെറുതെയല്ല എന്ന് ഒരു മിനുട്ടുള്ള ഈ ഹ്രസ്വ ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും. തിരക്കഥയും വില്ലനേയും നേരത്തേ തയ്യാറാക്കി വെച്ചതാണെങ്കിലും സംഭവം നടക്കുന്നത് നമ്മുടെ ഫെയ്‌സ്ബുക്കിലെ ഏറ്റവും പുതിയ പേജിലാണ് എന്നതാണ് കൗതുകം. സുഹൃത്തുക്കള്‍ അവസാനമിട്ട ഫോട്ടോയും അപ്‌ഡേറ്റുകളും വരെ ഇവിടെ കാണാം.
   ഈ വെബ്‌സൈറ്റ് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. സൈറ്റില്‍ നിഗൂഢമായ ഒന്നുമില്ല, ബോധവല്‍ക്കരണം ലക്ഷ്യമിട്ട് താനാണ് ഇതുണ്ടാക്കിയതെന്ന് ലോസ് ആഞ്ജലിസിലുള്ള ടെലിവിഷന്‍ മ്യൂസിക് ഡയറക്ടര്‍ ജാസണ്‍ സാദ പിന്നീട് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ഒരു ക്യാമറാമാനും ഒരു നടനും ഒരു പ്രോഗ്രാം ഡെവലപ്പറും മാത്രമാണ് അണിയറപ്രവര്‍ത്തകര്‍. വെറുമൊരു തമാശയായി തുടങ്ങിയ ഈ ഫഌഷ് പ്രോഗ്രാം ഇന്ന് സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റാണ്.

ഫെയ്‌സ്ബുക്ക് ടൈംലൈന്‍: പൊഴിഞ്ഞുപോയ സുഹൃത്തുക്കളെ കണ്ടെത്താം


ഇത്രയേറെ ജനപ്രിയമായിട്ടും ഫെയ്‌സ്ബുക്ക് ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി പരിഹരിക്കാത്തതില്‍ നമുക്കെല്ലാം പരിഭവമുണ്ടായിരുന്നു. ഗൂഗിളിനെ പോലും പലതവണ അടിയറവു പറയിപ്പിച്ച ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങിലെ അരാജകത്വവും ചാറ്റ് വിന്‍ഡോയുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാലം കുറേയെടുത്തു. പ്രൈവസി സെറ്റിങ്‌സില്‍ തുടങ്ങിയ മിനുക്കല്‍ ജോലികള്‍ കൂടുതല്‍ സജീവമായത് ഈയിടെയാണ്.
    നിത്യജീവിതത്തിലെന്നതു പോലെ വെര്‍ച്വല്‍ ലോകത്തും ആരെയൊക്കെ നമ്മള്‍ സുഹൃത്തുക്കളാക്കിയെന്നതുപോലെ ആരൊക്കെ നമ്മുടെ സൗഹൃദം മുറിച്ചു കളഞ്ഞുവെന്നതും പ്രധാനമാണ്. ഫെയ്‌സ്ബുക്കിലെന്നു മാത്രമല്ല മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലും ഇതൊന്നുമറിയാന്‍ കഴിഞ്ഞിരുന്നില്ല. അയച്ച ഫ്രണ്ട് റിക്വസ്റ്റു പോലും നമമുടെ അക്കൗണ്ടില്‍ കണ്ടെന്നു വരില്ല. എന്നാല്‍ സുക്കര്‍ബര്‍ഗ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ 'ടൈംലൈന്‍' സംവിധാനം രംഗത്തെത്തുമ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമൊപ്പം ആരുമറിയാതെ ഇടക്കുവെച്ചു പൊഴിഞ്ഞുപോയ സൗഹൃദങ്ങളും കണ്ടെത്താനാകും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന എഫ് 8 ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒരു പുതിയ ഫെയ്‌സ്ബുക്ക് തന്നെയാണ് മാര്‍ക് സുക്കര്‍ബെര്‍ഗ് അവതരിപ്പിച്ചത്.
    ഓരോ കാലത്തു നമ്മള്‍ നടത്തിയ സംഭാഷണങ്ങള്‍ പങ്കുവെച്ച വീഡിയോകള്‍, സംഗീതം, ചിത്രങ്ങള്‍ എല്ലാം ക്രമത്തില്‍ അടുക്കിവെച്ച 'നിത്യജീവിതത്തിന്റെ തിരുശേഷിപ്പാണ്' ടൈംലൈന്‍. ഫെയ്‌സ്ബുക്ക് ജനിക്കുന്നതിനു മുമ്പുള്ള നമ്മുടെ ചരിത്രവും ഇവിടെ ചേര്‍ക്കാം. ടൈംലൈന്‍ നമ്മുടെ നിയന്ത്രണത്തിലാണെന്നു ചുരുക്കം. ഓരോ പേജിലും ഒരു കവര്‍ഫോട്ടോ, പരമ്പരാഗത ശൈലിയില്‍ നിന്നു മാറിയ ലേ ഔട്ട് എല്ലാം പുതുമയാണ്. വലതുഭാഗത്തുള്ള 'സമയക്രമത്തില്‍' ക്ലിക്കു ചെയ്ത് അതാതുകാലത്തെ പോസ്റ്റുകളിലേക്കു പോകാം. മൊത്തത്തില്‍ ഒരു മാഗസിന്‍ ലുക്ക്. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിയെന്നു വിമര്‍ശിക്കുന്നവരുമുണ്ട്. എന്തൊക്കെയായാലും ഫെയ്‌സ്ബുക്കിലെ പുതുമകള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം.

ഗൂഗിള്‍ പ്ലസ്സില്‍ ഇനി സ്വന്തമായി പേജുണ്ടാക്കാം


സൗഹൃദത്തെ പറിച്ചു നട്ട് പുതിയ ലോകം സൃഷ്ടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം മുതല്‍ കച്ചവടം വരെ നയാപൈസ ചെലവില്ലാതെ സാധ്യമാകുന്ന സമാന്തര ലോകമാണ് ഫെയ്‌സ്ബുക്ക്. അധികമാരും ശ്രദ്ധിക്കാതെ അമേരിക്കക്കാരന്റെ മാത്രം കുത്തകയായിരുന്ന ഫെയ്‌സ്ബുക്ക് മുല്ലപ്പൂ വിപ്ലവത്തിനു പിന്നിലെ പ്രമുഖ കണ്ണികളിലൊന്നായി പരിണമിക്കുന്നതും നമ്മള്‍ കണ്ടു. നാം ജീവിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫെയ്‌സ്ബുക്കിനെ എങ്ങനെ അതിജീവിക്കും എന്നതാണ് ഗൂഗിളിന്റെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. ദൈന്യംദിന നെറ്റുജീവിതത്തിന്റെ ഭാഗമാണ് ഗൂഗിളെങ്കിലും എങ്കിലും ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് സമാനസംരംഭമായ ഗൂഗിള്‍ പഌസിനു പിന്നാലെ പോകാന്‍ അധികമാരും തയ്യാറായിട്ടില്ല. ഫെയ്‌സ്ബുക്കിനോടൊപ്പമെത്താനുള്ള  ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പ്ലസ്സില്‍ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യവുമായി അവര്‍ ംഗത്തെത്തിയിരിക്കുന്നത്.
   ഒരു വ്യക്തിയുടെ പ്രൊഫൈല്‍ എന്ന പോലെ സ്ഥാപനത്തിന്റെ പേരിലോ ആശയത്തിന്റെ പേരിലോ വേണമെങ്കില്‍ ഒരാളുടെ പേരിലോ തന്നെ സ്വന്തമായി പേജ് തുടങ്ങാനുള്ള സൗകര്യം ഫെയ്‌സ്ബുക്കിലുണ്ട്. പിന്തുടര്‍ച്ചക്കാരുമായി സംവദിക്കാനും അവര്‍ക്ക് ഒത്തു ചേരാന്‍ അവസരം നല്‍കിയും മാര്‍ക്കറ്റിങ് സാധ്യതകള്‍ കണ്ടെത്താന്‍ ഇവ സൗകര്യമൊരുക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്ത് വന്‍ ഹിറ്റായ അതേ സൗകര്യമാണ് ഗൂഗിള്‍ പ്ലസ്സിലുമവതരിച്ചത്. ഇനിമുതല്‍ തീര്‍ത്തും സൗജന്യമായി ഏത് സംരംഭത്തിനും, ആര്‍ക്കും ഇവിടെ സ്വന്തമായി പേജു തുടങ്ങാം. ഇങ്ങനെ ആരാധകരുടെയും പിന്തുടര്‍ച്ചക്കാരുടേയും വന്‍ സമ്മേളനങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കുപോലെ തങ്ങളും നയാപെസ വാങ്ങില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
   സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് രംഗത്ത് പുതിയ ബ്രാന്റ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ ഗൂഗിള്‍ ബസ്സ് വന്‍ പരാജയമായിരുന്നുവെന്ന സമ്മതിച്ച് പിന്‍വലിച്ചത് ഈയിടേയാണ്. എന്നാല്‍ അതേ വഴിയില്‍ രംഗത്തിറക്കിയ ഗൂഗിള്‍ പ്ലസ് ക്ലച്ചുപിടിച്ചതോടെ ജി മെയിലില്‍ നിന്ന് സ്വന്തന്ത്രമായി ഉടന്‍ സ്വന്തമായ മേല്‍വിലാസത്തിലേക്ക് ഗൂഗിള്‍ പ്ലസ്സ് എത്തും.  സൂപ്പര്‍ഹിറ്റായ ജിമെയിലിന്റെയും ഗൂഗിള്‍ പ്ലസ്സിന്റേയും സാധ്യതകളുപയോഗിച്ച് മാര്‍ക്കറ്റിങ് രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ഗൂഗിള്‍. മറ്റു വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ഒരു 'പ്ലസ് ലിങ്ക് ' നല്‍കി ഗൂഗിള്‍ പ്ലസ്സിലെ പേജിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഇതുവഴി മാര്‍ക്കറ്റിങ് മാത്രമല്ല തങ്ങളുടെ കാമ്പയിനിനോട് എത്രപേര്‍ എങ്ങനെയൊക്കെ പ്രതികരിക്കുന്നുവെന്ന വിശകലനവും നടത്താനാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
   ലോകത്താകമാനം നാനൂറു ലക്ഷം പേര്‍ക്കുമാത്രമേ ഗൂഗിള്‍ പ്ലസ്സിനെ അറിയുകയുള്ളൂ. ഫെയ്‌സ്ബുക്കാണെങ്കില്‍ ഇതിനേക്കാള്‍ പത്തിരട്ടി ജനസംഖ്യയുള്ള മറ്റൊരു ലോകമാണ്. ഫെയ്‌സ്ബുക്കിന്റെ അത്രവൈവിധ്യമൊന്നും ഗൂഗിള്‍ പ്ലസ്സിനു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ ഗൂഗിളിന് ജനപ്രിയതയും വിവിധ ഗൂഗിള്‍ സേവനങ്ങളുമടക്കം 'പ്ലസ്സ്' ആയി ഒരു പാടുകാര്യങ്ങളുമുണ്ട്. പുതിയ സാധ്യതകള്‍ ലോകം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയാം.

ഫെയ്‌സ്ബുക്കിലേക്ക് സ്‌കൈപ്പിന്റെ വീഡിയോ ചാറ്റ്


ഫെയ്‌സ്ബുക്കും സൂപ്പര്‍ഹിറ്റ് വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പും കൈകോര്‍ത്തുപിടിച്ചിട്ട് കുറച്ചു നാളായി. സ്‌കൈപ്പിന്റെ പുതിയ പതിപ്പില്‍ ഫെയ്‌സ്ബുക്കു കൂടി ഉള്‍പ്പെടുത്തിയതോടെ ലോകം കീഴ്‌മേല്‍ മറിയുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ ഫെയ്‌സ്ബുക്കിന്റെ ലാളിത്യം കാത്തുസൂക്ഷിക്കാന്‍ സ്‌കൈപ്പിനായില്ല എന്നു മാത്രമല്ല ടെക്സ്റ്റ് ചാറ്റ് വന്‍ ഫ്‌ളോപ്പുമായി. എങ്കിലും അധികമാരും സ്‌കൈപ്പ് ഉപയോഗിക്കാതിരുന്നില്ല. അതിന് കാരണമുണ്ട്.
  കഴിഞ്ഞ ജൂലൈ മുതല്‍ അംഗങ്ങള്‍ക്ക് പരസ്പരം കണ്ടു സംസാരിക്കാന്‍ ഫെയ്‌സ്ബുക്ക് വീഡിയോ ചാറ്റ് സംവിധാനം തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്കിനെ സ്‌കൈപ്പില്‍ കുടിയിരുത്തിയതോടെ അവരുടെ ഫോണ്‍നമ്പറിലേക്ക് വിളിക്കാനും സൗകര്യമായി. പക്ഷേ വീഡിയോ ചാറ്റിന്റെ കാര്യത്തില്‍ മാത്രം ഫെയ്‌സ്ബുക്ക് വഴങ്ങിയിരുന്നില്ല.
   കൈപ്പിന്റെ 17 കോടി അംഗങ്ങളും ഫെയ്‌സ്ബുക്കിന്റെ എണ്‍പതുകോടി അംഗങ്ങളും തമ്മില്‍ നേരിട്ട് കണ്ടു സംസാരിക്കാന്‍ ഒടുവില്‍ വഴിയൊരുങ്ങി. ഈയിടെ പുറത്തിറങ്ങിയ സ്‌കൈപ്പ് 5.7 വിന്‍ഡോസ് പതിപ്പിലും സ്‌കൈപ്പ് 5.4 മാക് പതിപ്പിലും സ്‌കൈപ്പ് അംഗങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് അംഗങ്ങളെ നേരില്‍ കണ്ട് സംസാരിക്കാനുള്ള സൗകര്യമുള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ വീഡിയോ ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍  സ്‌കൈപ്പില്‍ നിന്ന് പരസ്പരം വീഡിയോ കോളിങ് നടത്താം. അപ്പുറത്തുള്ളയാള്‍ക്ക് സ്‌കൈപ്പ് അംഗത്വം വേണമെന്നില്ല ഫെയ്‌സ്ബുക്കില്‍ വച്ചു തന്നെ വീഡിയോ കോളിങ് സ്വീകരിക്കുകയുമാകാം.
  പുതിയ കരാര്‍ ആര്‍ക്കായിരിക്കും ഗുണം ചെയ്യുക എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നുണ്ട്. യൂറോയും ഡോളറും റിയാലുമൊക്കെ വരുന്ന നമ്മുടെ വിദേശമലയാളി വീടുകളില്‍ ഫെയ്‌സ്ബുക്ക് എന്താണെന്നറിയില്ലെങ്കില്‍ പോലും കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ സ്‌കൈപ്പ് ഐക്കണ്‍ തേടിപ്പിടിച്ചു ക്ലിക്കു ചെയ്ത് അതുവഴി വീഡിയോ ചാറ്റു ചെയ്യാനറിയാം. അപ്പുറത്തിരിക്കുന്നയാള്‍ക്ക്  സ്‌കൈപ്പ് തുറന്നിട്ടില്ലെങ്കിലും വീഡിയോ കോള്‍ സ്വീകരിക്കാമല്ലോ. ലോകത്തെല്ലാവര്‍ക്കും ഇത് ബാധകമാണ്. എന്തൊക്കെയായാലും ഗുണം സ്‌കൈപ്പിനു തന്നെ.