Thursday, August 25, 2011

പ്രീകര്‍സര്‍ ഏത് സ്‌ക്രീനും 'ടച്ച് സ്‌ക്രീന്‍'


പലപ്പോഴും പഞ്ചേന്ദ്രിയങ്ങള്‍ക്കും തലച്ചോറിനുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉപകരണമാണ് കമ്പ്യൂട്ടറെന്ന് ആരും സമ്മതിക്കും. പ്രണവ് മിസ്ട്രി എന്ന ഗുജറാത്തുകാരന്റെ 'സിക്‌സ്ത് സെന്‍സി'നേക്കുറിച്ച് അറിയാത്തവര്‍ പോലും. കമ്പ്യൂട്ടറിനോട് 'ആറാമിന്ദ്രിയ'ത്തിലൂടെ സംസാരിക്കാന്‍ പ്രണവ് നേരത്തേ കണ്ടുപിടിച്ച വിദ്യയാണ് സിക്‌സ്ത് സെന്‍സ്. നമ്മുടെ ആംഗ്യങ്ങളും ചലനങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന പാക്കേജാണിത്. പ്രണവിന്റെ പുതിയ 'പ്രീകര്‍സര്‍' എന്ന വെര്‍ച്വല്‍ ടച്‌സ്‌ക്രീന്‍ പ്രോഗ്രാം ഐ ടി മേഖലയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
   സാധാരണ മോണിട്ടറിനെ ടച്ച് സ്‌ക്രീനാക്കാനുള്ള, കേട്ടാല്‍ വളരെ ലളിതമെന്നു തോന്നുന്ന, വിദ്യയാണ് പ്രീകര്‍സര്‍. മൗസിനു പകരം അതേ പ്രവര്‍ത്തനങ്ങളെ രണ്ട് ക്യാമറകളുപയോഗിച്ച് നിയന്ത്രിച്ച് സാധാരണ മോണിറ്ററിന് ടച്ച് സ്‌ക്രീന്‍ പദവി നല്‍കുകയാണ് ഈ പ്രോഗ്രാം. സാധാരണ രണ്ട് തലത്തിലാണ് മൗസ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേത് കര്‍സറിനെ സ്‌ക്രീനിലെ യഥാസ്ഥാനത്തെത്തിക്കുകയും രണ്ടാമത്തേത് ക്ലിക്കു ചെയ്യുകയും. ഇതേ വിദ്യയെ രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകളിലൂടെ ആവിഷ്‌കരിക്കുകയാണ് പ്രീകര്‍സര്‍.
  രണ്ടു ഭാഗത്തും സ്ഥാപിച്ച ഇന്‍ഫ്രാറെഡ് ക്യാമറകളില്‍ നിന്നും വരുന്ന രശ്മികള്‍ സ്‌ക്രീനിനു മുന്നില്‍ അദൃശ്യമായ മറ്റൊരു സ്‌ക്രീന്‍ തീര്‍ക്കും. നമ്മള്‍ കൈവിരലുകോണ്ട് സ്‌ക്രീനിനു മുന്നില്‍ ചലിപ്പിക്കുമ്പോള്‍ അതിനെ അനുബന്ധ പ്രോഗ്രാം കര്‍സറിന്റെ ചലനമായും സ്‌ക്രീനിനു മുകളില്‍ തൊടുമ്പോള്‍ അതിനെ ക്ലിക്കായും പരിഭാഷപ്പെടുത്തും. ഇതോടെ ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ നമുക്ക് ഏത് മോണിട്ടറും ഉപയോഗിക്കാം. വലിയ സ്‌ക്രീനില്‍ പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷനുകള്‍ നടത്തുമ്പോഴൊക്കെ ഇത്തരം വെര്‍ച്വല്‍ ടച് സ്‌ക്രീനുകള്‍ ഉപകാരിയായേക്കും. അതു തന്നെയാണ് പ്രണവിന്റെ കണ്ടുപിടിത്തത്തിന് പ്രധാന്യം നല്‍കുന്നതും.
  മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഗവേഷകനാണ് പ്രണവ് മിസ്ട്രി. മീഡിയ ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എം.ഐ.ടിയില്‍ നിന്നു തന്നെ മാസ്റ്റര്‍ ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ഡിസൈനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ പ്രണവ് മൈക്രോസോഫ്റ്റില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment