Saturday, April 16, 2011

യൂട്യൂബ് കീബോഡിലും നിയന്ത്രിക്കാം


വീഡിയോ ആല്‍ബങ്ങളും സിനിമാഗാനങ്ങളുമൊക്കെ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കംപ്യൂട്ടറില്‍ കോപ്പി ചെയ്ത് സൂക്ഷിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞു. ഇപ്പോള്‍ പാട്ടോ സിനിമാ രംഗങ്ങളോ ഇനിയിപ്പോ സിനിമ തന്നെയോ യൂട്യൂബില്‍ സുലഭം. കാലം മാറിയെങ്കിലും യൂട്യൂബ് വീഡിയോയുടെ കോലം മാറിക്കൊണ്ടിരിക്കുന്നേയുള്ളൂ. വിന്‍ഡോസ് മീഡിയാ പ്ലെയറിലോ പവര്‍ ഡി വി ഡി യിലോ, വി എല്‍ സി പ്ലെയറേിലോ ഒക്കെ നമുക്കിഷ്ടം പോലെ വേഗത കുറച്ചും കൂട്ടിയുമൊക്കെ വീഡിയോ കണ്ടിരുന്ന സുഖം യൂട്യൂബ് തന്നിരുന്നില്ല. എന്നാലും ഓസിനു കിട്ടുന്നതല്ലേ എന്നു കരുതി നമ്മളങ്ങു ക്ഷമിച്ചു. ആ ക്ഷമയുടെ അതിരുവിടുന്നതിനു മുമ്പേ ഗൂഗിള്‍ ചില സവിശേഷതകള്‍ ഉള്‍പ്പെടുത്തി യൂട്യൂബ് ഒന്നുകൂടി പരിഷ്‌കരിച്ചു. 
   യൂട്യൂബ് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തുടങ്ങിയ സ്ഥലത്തെത്തണമെങ്കില്‍ മൗസുപയോഗിച്ച് സീക്കിംഗ് ബാര്‍ പിടിച്ചു വലിക്കേണ്ടിയിരുന്നു. അഹങ്കാരിയായ ബ്രൗസറാണെങ്കില്‍ കാത്തിരുന്നു മുഷിഞ്ഞതു തന്നെ. എന്നാല്‍ ഇപ്പോള്‍ കീബോഡില്‍ '0' അമര്‍ത്തിയാല്‍ തുടങ്ങിയ സ്ഥലത്തെത്താം. ഇനിയിപ്പോള്‍ വീഡിയോയുടെ പത്തുശതമാനത്തിനു ശേഷം കണ്ടാല്‍ മതിയെങ്കില്‍ '1' അമര്‍ത്തിയാല്‍ മതി. '2' ന് ഇരുപതു ശതമാനം, '3' ന് മുപ്പതു ശതമാനം, '4' ന് നാല്‍പ്പത് എന്നിങ്ങനെ കീബോഡ് ഷോട്ട് കട്ടുകള്‍ ഉപയോഗിക്കുകയുമാകാം. കൂടാതെ ഇടത്, വലത് 'ആരോ' കീകള്‍ ഉപയോഗിച്ച് വീഡിയോ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും കഴിയും.
   വീഡിയോ 2x, 1.5x, .1/2x, 1/4x  എന്നിങ്ങനെ വേഗത്തിലോ 'സ്ലോ മോഷനിലോ' കാണണമെങ്കില്‍ അതിന് പുതിയ ഇന്റര്‍ഫെയ്‌സ് തയ്യാറാക്കിയിട്ടുണ്ട്. യൂട്യൂബ് പ്ലെയറിന്റെ താഴെ വലതുഭാഗത്ത് ക്ലിക്കുചെയ്ത് ഈ സംവിധാനം ഉപയോഗിക്കാം. എല്ലാ വീഡിയോകള്‍ക്കും ഇല്ലെന്നു മാത്രം. 

No comments:

Post a Comment