Saturday, April 16, 2011

നെറ്റില്‍ ഇനി പടം വച്ച് സെര്‍ച്ചു ചെയ്യാം


ആകാശത്തിനു കീഴിലും മുകളിലുമുള്ള എല്ലാ കാര്യങ്ങളും നെറ്റില്‍തപ്പി കണ്ടെടുക്കാം. പേരറിയാത്ത ഒരാളുടെ ചിത്രമുപയോഗിച്ച് അയാളുടെ പേരും മറ്റു വിവരങ്ങളും കണ്ടെത്താനാകുമോ? മിക്കവാറുമെല്ലാ നെറ്റുജീവികളും ഒരിക്കലെങ്കിലും ചോദിച്ച ഈ ചോദ്യത്തിന് പരിഹാരവൂമായി ഒടുവില്‍ ഫെയ്‌സ്.കോം എന്ന വെബ്‌സൈറ്റ് എത്തിയിരിക്കുന്നു. ഒരുപാട് ഗുണങ്ങളും ചില്ലറ ചില തലവേദനകളും സൃഷ്ടിക്കാവുന്ന ഈ സോഫ്റ്റ് വേര്‍ പറഞ്ഞുവരുമ്പോള്‍ വലിയ സംഭവമാണ്.
    ചിത്രത്തിലെ ആളുടെ കണ്ണും മൂക്കും വായയും പിന്നെ ഇവ തമ്മിലുള്ള ദൂരവും മുഖത്തിന്റെ അടിസ്ഥാന സ്വഭാവവുമൊക്കെ അളന്ന് തിട്ടപ്പെടുത്തിയാണ് ആളെ തിരിച്ചറിയുന്നത്. ഫെയ്‌സ്ബുക്കും ഓര്‍ക്കുട്ടുമൊക്കെപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലോ ഫ്‌ലിക്കളിലോ യൂട്യൂബിലോ ദിനപത്രങ്ങളുടെ വെബ്‌സൈറ്റിലോ കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ തപ്പി ആളെ കണ്ടത്തുകയാണ് അടുത്ത പണി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്നവരെ വരെ കണ്ടുപിടിക്കുമെന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന തലവേദന. ഇതിന്റെ പേരില്‍ തന്നെ ലണ്ടനിലും മറ്റും ഇതിനെതിരെ പലരും രംഗത്തുവന്നെങ്കിലും നിയമപരമായി ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമായതോടെ എല്ലാവരും പിന്‍മാറുകയായിരുന്നു. 
   അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സുരക്ഷാ ഏജന്‍സികളുടെ അന്വേഷണത്തിലുമൊക്കെ ഈ സോഫ്‌റ്റ്വേര്‍ വന്‍ ഉപകാരിയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും അയ്യായിരം ഡവലപ്പര്‍മാരെ വച്ച് കുറേ നാളായി കമ്പനി തുടങ്ങിയ പരീക്ഷണം തൊണ്ണൂറുശതമാനവും വിജയമാണെന്നാണ് ഫെയ്‌സ് ഡോട്ട്‌കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഗില്‍ ഹിര്‍ച് പറഞ്ഞത്. തകര്‍പ്പന്‍ പേരിട്ട് ഈ പുതിയ സോഫ്റ്റ് വേര്‍ ഉടന്‍ നെറ്റിലെ പൊതു സ്വത്താകുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. 

No comments:

Post a Comment