Saturday, April 16, 2011

സൈറ്റില്‍ വരികള്‍ അടയാളപ്പെടുത്താം ഇങ്ങനെ...


ഭൂമിയും ആകാശവും വരെ സൃഷ്ടിച്ച വെര്‍ച്വല്‍ ലോകത്ത് ഒരു പാട് വൈകിയെത്തിയ ഒരു ചെറിയ ഉപകരണമുണ്ട്.  ലളിതമായ ഒരു ഹൈലൈറ്റര്‍ പേന. ടെക്‌സ്റ്റ് ബുക്കുകളിലും മറ്റും ഫഌറസന്റ് നിറത്തില്‍ വരികള്‍ അടയാളപ്പെടുത്തിവെക്കാനുപയോഗിക്കുന്ന അതേ പേനയുടെ ഇന്റര്‍നെറ്റ് രൂപം. www.awesomehighlighter.com എന്ന വെബ്‌സൈറ്റാണ് ഈ സംവിധാനമൊരുക്കുന്നത്. ഇവിടെയെത്തിയാല്‍ വെബ്‌പേജില്‍ വരികള്‍ highlight ചെയ്യാനും വേണമെങ്കില്‍ മാര്‍ജിനിലോ വരിക്കിടയിലോ കുറിപ്പുകളെഴുതാനും കഴിയും. മാത്രമല്ല ഇവ സുഹൃത്തുക്കള്‍ക്ക് Email ചെയ്യുകയോ facebook,  twitter തുടങ്ങിയ കൂട്ടായ്മകളില്‍പബ്ലിഷ് ചെയ്യുകയുമാവാം. ലിങ്കുകള്‍ നമുക്കു തന്നെ സൂക്ഷിച്ചുവെക്കുകയുമാകാം.
   ഓവ്‌സംഹൈലൈറ്ററില്‍ നമുക്ക് വേണ്ട വെബ്‌സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്തു കൊടുത്ത് highlight page എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ബ്രൗസറില്‍ സാധാരണ പോലെ  വെബ്‌സൈറ്റ് തുറന്നു വരും. മുകളില്‍ കൂടുതലായി ഒരു ടൂള്‍ബാര്‍ ഉണ്ടാകുമെന്നു മാത്രം. കര്‍സറിനു പകരം മഞ്ഞ നിറത്തിലുള്ള മാര്‍ക്കര്‍ പേനയായിരിക്കുമുണ്ടാകുക. ഇതുപയോഗിച്ച് വേണ്ട ഭാഗം സെലക്ടുചെയ്താല്‍ ഈ ഭാഗം ഫഌറസന്റ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തു കാണാം. ചിത്രവും വീഡിയോയുമൊക്കെ ഇങ്ങനെ ഹൈലൈറ്റ് ചെയ്യാം. നാലു നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
   മുകളില്‍ വലതുഭാഗത്തായി കാണുന്ന add note എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ കുറിപ്പുകളെഴുതാം. done എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്റെ ലിങ്കും ഇമെയില്‍ ചെയ്യാനും സൗഹൃദക്കൂട്ടായ്മകളില്‍ പബ്ലിഷ് ചെയ്യാനുമൊക്കെയുള്ള സൗകര്യവും ലഭിക്കും.
   webKlipper (www . webklipper.com),  BounceApp (www . bounceapp.com) എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും സമാനമായ സേവനം ലഭ്യമാണ്.

No comments:

Post a Comment