Saturday, April 16, 2011

സ്പാം മെയില്‍ ഭീമനെ കാണ്മാനില്ല


കളിപ്പാട്ടം മുതല്‍ വയാഗ്രവരെ കാക്കത്തൊള്ളായിരം വാഗ്ദാനങ്ങളുമായി ഇന്‍ ബോക്‌സ് നിറക്കുന്ന ശല്യക്കാരന്‍ ഇ മെയിലുകള്‍ (spam) നമുക്കും ഇമെയില്‍ ദാതാക്കള്‍ക്കും ഒരു പോലെ തലവേദനയാണ്. ബോട്ട്‌നെറ്റ് എന്നറിയപ്പെടുന്ന സ്പാം സന്ദേശ ശൃംഘലകളെ കണ്ടുപിടിക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയത് ഈയിടെയാണ്. നീണ്ട അഞ്ചുവര്‍ഷങ്ങളായി പിടിതരാതെ ഇന്റര്‍നെറ്റിലാകെ പടര്‍ന്നുകയറിയ  റസ്റ്റോക്ക് (Rustock) എന്ന സ്പാം മെയില്‍ ശൃംഘല ഈയിടെ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തി. മൊത്തം സ്പാമുകളുടെ ഏതാണ്ട് അറുപതു ശതമാനം, അതായത് പ്രതിദിനം ഏതാണ്ട്് മൂവായിരം കോടി സ്പാം സന്ദേശങ്ങള്‍ പുറത്തുവിടുന്ന ശൃംഘലയായ റസ്റ്റോക്കിനെ തകര്‍ക്കാനുള്ള നീക്കം ഫലം കണ്ടു തുടങ്ങിയതോടെയാണ് ഈ പിന്‍വലിയല്‍.
    'ട്രോജന്‍ കുതിരകളേ' യും മാല്‍വേറുകളും ഉപയോഗിച്ച് കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ചു കയറിയാണ് ഇത്തരം ബോട്ട്‌നെറ്റുകള്‍ പ്രവര്‍ത്തിക്കുക. മാല്‍വേറുകള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചു കഴിഞ്ഞ് ഉപയോക്താക്കളേയും ആന്റി മാല്‍വേര്‍ സോഫ്റ്റ്‌വേറുകളേയും കബളിപ്പിക്കാന്‍ ദിവസങ്ങളോളം പതുങ്ങിയിരുന്ന ശേഷമാണ് ഇവ സ്പാം മെയിലുകള്‍ അയക്കാന്‍ തുടങ്ങുക. ഇന്റര്‍നെറ്റുവഴി കേന്ദ്രസ്ഥാനത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറക്ക് നിരവധി സന്ദേശങ്ങള്‍ ഒരേ സമയം അയക്കാന്‍ തുടങ്ങും. വാണിജ്യ താത്പര്യങ്ങള്‍ മുതല്‍ കമ്പ്യൂട്ടറുകളേയും നെറ്റ്‌വര്‍ക്കുകളേയും തകരാറിലാക്കുന്ന അതിക്രമങ്ങള്‍ വരെ ഇത്തരം ബോട്ട്‌നെറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്.
  2006 ആദ്യം മുതലാണ് റസ്റ്റോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം 24 ലക്ഷത്തോളം കമ്പ്യൂട്ടറുകളെ റസ്റ്റോക്ക് തങ്ങളുടെ 'അടിമകളാ' ക്കിയതായാണ് റിപ്പോര്‍ട്ട്. റസ്‌റ്റോക്ക് നെറ്റിലെ ഏറ്റവും വലിയ ബോട്ട്‌നെറ്റാണെന്ന് പറയാനാകില്ല, എങ്കിലും കഴിഞ്ഞ വര്‍ഷം പകുതിയോടെ മൊത്തം സ്പാമുകളുടെ ഭൂരിഭാഗവും ഈ ശൃംഘലവഴിയാണ് പുറത്തുവിടുന്നതെന്ന് കണ്ടെത്തി.
  ഈ കണ്ടെത്തലോടെയാണ് റസ്‌റ്റോക്കിനെ ലക്ഷ്യംവെച്ച് ആക്രമണം നടത്താന്‍ മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നെറ്റ് പോലീസ് തീരുമാനമെടുത്തത്. ഈ ദൗത്യത്തിന് ഓപ്പറേഷന്‍ ബി 107 എന്ന് പേരുമിട്ടു. അമേരിക്കയിലും പുറത്തുമായി മാല്‍വേറുകളെ നിയന്ത്രിക്കുന്ന എട്ടോളം സെര്‍വറുകള്‍ ഇവര്‍ കണ്ടുപിടിച്ച് അവയുമായുള്ള ബന്ധം തകര്‍ത്തു. ഇതോടെ റസ്‌റ്റോക്കിന്റെ പ്രവര്‍ത്തനം താറുമാറായി. അപകടം മണത്തതിനേത്തുടര്‍ന്നാണ് റസ്റ്റോക്ക് പ്രവര്‍ത്തനം അവസാനിച്ച് പിന്‍വാങ്ങിയതെന്നാണ് നിഗമനം.
  ഇന്റര്‍നെറ്റില്‍ ഇത്രയും വലിയ തലവേദനയുണ്ടാക്കിയ സ്പാം ശൃംഘലയെ നിയന്ത്രിച്ചിരുന്നത് രണ്ടോ മൂന്നോ ചെറുപ്പക്കാരാണെന്നാണ് ഒടുവില്‍ പുറത്തുവന്നവിവരം. ഇവര്‍ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തത്് മൈക്രോസോഫ്്റ്റിന്റെ ഹോട്ട്‌മെയിലിനേയും.

No comments:

Post a Comment