Saturday, April 16, 2011

ബ്ലോഗെഴുത്തുകാരുടെ മാനസിക നിലയറിയാന്‍ സോഫ്റ്റ്‌വേര്‍


കൈയക്ഷരം നോക്കി ഒരാളുടെ സ്വഭാവം നിര്‍ണ്ണയിക്കാമെന്ന്് പൊതുവേ പറയാറുണ്ട്. എന്നാല്‍ കൈയെഴുത്തില്ലാത്ത വെബ് മീഡിയയില്‍ എഴുത്തു നോക്കി ഒരാളുടെ സ്വഭാവം എങ്ങനെ നിര്‍ണ്ണയിക്കാനാകും?  ഒടുവില്‍ അതിനും വഴി കണ്ടെത്തി. ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകളും നിറവും ഇമോട്ടിക്കുകളും പരിശോധിച്ച് ആളുടെ സ്വഭാവം കണ്ടെത്തുന്ന ഒരു സോഫ്റ്റ വെയര്‍.  ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ യൈര്‍ ന്യൂമാനാണ് വാക്കുകള്‍ തൂക്കി നോക്കി ആളെ മനസ്സിലാക്കുന്ന സോഫ്റ്റ് വെയറിന്റെ പിതാവ്. ഇങ്ങനെ ബ്ലോഗ് പോസ്റ്റുകള്‍ പരിശോധിച്ച് അയാള്‍ ഡിപ്രഷന്‍ അനുഭവിക്കുന്നയാളാണെന്നും, ആത്മഹത്യാപ്രേരണയുള്ളയാളാണെന്നും കണ്ടെത്താനാകുമെന്നാണ് ന്യൂമാന്‍ അവകാശപ്പെടുന്നത്.
   മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മൂന്നു ലക്ഷത്തോളം ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റുകളിലാണ് അദ്ദേഹം തന്റെ പരീക്ഷണം ആരംഭിച്ചത്. തന്റെ പ്രോഗ്രാം ഉപയോഗിച്ച് ഇവയില്‍ നിന്നും ഡിപ്രഷന്‍ ബാധിച്ചവരുടെ നൂറ് പോസ്റ്റുകളും തീരെ ഡിപ്രഷന്‍ ബാധിക്കാത്തവരുടെ നൂറ് പോസ്റ്റുകളും തിരഞ്ഞെടുത്തു. ഇവ പരിശോധിച്ച ക്ലിനിക്കള്‍ സൈക്കോളജിസ്റ്റുകളുടെ പാനല്‍ സോഫ്റ്റ്‌വേര്‍ കണ്ടെത്തിയതില്‍ 78 ശതമാനവും ശരിവെക്കുകയും ചെയ്തു. ഇതോടെ പരീക്ഷവുമായി ന്യൂമാന്‍ മുന്നോട്ടു പോകുകയായിരുന്നു.
   'ഡിപ്രഷന്‍' എന്നോ 'സൂയിസൈഡ്' എന്നോ നേരിട്ടുപയോഗിച്ചിട്ടില്ലെങ്കിലും വാക്കുകളുടെ സ്വഭാവവും അവയുടെ ചേരുവയും നോക്കി ആളുടെ മാനസിക നില കണ്ടെത്താനാകുമെന്നാണ് ന്യൂമാന്‍ അവകാശപ്പെടുന്നത്. സൈക്കോളജിസ്റ്റുകള്‍ക്ക് സാഹചര്യങ്ങള്‍ പഠിക്കുമ്പോഴുണ്ടാകുന്ന 'ഉള്‍വിളി' തന്നെയാണ് തന്റെ സോഫ്റ്റ്‌വേറിന്റയും അടിസ്ഥാനമെന്നാണ് ന്യൂമാന്റെ വാദം. അതായത് ഒരു തരം 'വെബ് ഇന്റലിജന്‍സ്'
  ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളില്‍ പലപ്പോഴും അവ തുടക്കത്തിലേ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്‌നം. ഈ സോഫ്‌റ്റ്വേറിലൂടെ ബ്ലോഗര്‍മാര്‍ക്കും മറ്റും തങ്ങളുടെ എഴുത്ത് അളന്നു നോക്കി തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ വേണമെങ്കില്‍ ചികിത്സയുമായി മുന്നോട്ടു പോകാം. ചികിത്സാരംഗത്ത് ഉപയോഗിക്കാമെന്നതിനു പുറമേ ഒരു സേവനമായും താന്‍ ഇതിനെ കണക്കാക്കുന്നുവെന്ന് ന്യൂമാന്‍ പറയുന്നു.

No comments:

Post a Comment