Saturday, April 16, 2011

കൊതുകിനെ കളി പഠിപ്പിക്കാന്‍ സോഫ്‌റ്റ്വെയര്‍ !!!


കാണ്ടാമൃഗത്തിന്റെയും കരടിയുടേയുമൊക്കെ രക്തത്തിന്റെ ഗന്ധം കൃത്രിമമായി സൃഷ്ടിച്ച് കൊതുകിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തിയവരുടെ തലയില്‍ ഹൈടെക് ബുദ്ധിയുദിച്ചാല്‍ എങ്ങിനെയിരിക്കും? 'മിമിക്രി' യിലൂടെ കൊതുകിനെ വഴിതിരിച്ചുവിടുന്ന സോഫ്‌റ്റ്വെയര്‍ രൂപമെടുത്തത് അങ്ങിനെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തായ്‌ലന്റുകാരന്റെ തലയിലുദിച്ച ഈ ആശയത്തിന് ഐഫോണിന്റെ കാലത്ത് നിരവധി വഭേദങ്ങളുണ്ടായി എന്നത് സ്വാഭാവികം. ആന്റിമോസ്, ആന്റിമോസ്‌ക്വിറ്റോ പ്ലസ്, ഇന്‍സെക്ട് റിപ്പെല്ലര്‍, തുടങ്ങി കമ്പ്യൂട്ടറിലും സെല്‍ഫോണിലുമൊക്കെ ഉപയോഗിക്കാവുന്ന നിരവധി സോഫ്‌റ്റ്വെയറുകള്‍ സൗജന്യമായും തുഛമായ വിലക്കും ഇന്ന് നെറ്റില്‍ ലഭ്യമാണ്.
  കൊതുകുസോഫ്‌റ്റ്വെയറിന്റെ ചരിത്രമന്വേഷിച്ചുപോയാല്‍ ചെന്നത്തുക സരന്യു പുന്യരഡനബുന്‍ബു എന്നൊരു വിരുതനായ തായ്‌ലന്റുകാരന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ 'വീരസാഹസിക' കഥകളിലായിരിക്കും. അദ്ദേഹം സൃഷ്ടിച്ച ആന്റിമോസ്(antimos) എന്ന സോഫ്‌റ്റ്വെയറാണ് ഈ ശ്രേണിയില്‍ ആദ്യത്തേതെന്നാണ് പറയപ്പെടുന്നത്. ചോരദാഹിയായ പെണ്‍കൊതുകുകളെ ആണ്‍കൊതുകുകളുടെ ശബ്ദം അനുകരിച്ച് വഴിതിരിച്ചുവിടുകയാണ് ഈ സോഫ്‌റ്റ്വെയര്‍ ചെയ്യുന്നത് എന്നാണ് ഇന്റര്‍നെറ്റിലെ ചില പൊതു ഇടങ്ങളില്‍ കണ്ടത്. വിശന്നുപൊരിയുമ്പോള്‍ പച്ചക്കറിക്കാരനായ ആണ്‍കൊതുകിരിക്കുന്ന പുല്‍ചെടിയിലോ മറ്റോ മനുഷ്യരക്തം കിട്ടില്ലെന്ന് മനസ്സിലാക്കിയ പെണ്‍കൊതുക് വേറെ വഴി നോക്കിപ്പോകുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 16സവ്വ നും 20സവ്വ നും ഇടയില്‍ തരംഗദൈര്‍ഖ്യമുള്ള ശബ്ദമാണ് ഇത്തരം സോഫ്‌റ്റ്വെയറുകള്‍ പുറത്തുവിടുന്നത്. ഇത് സാധാരണ മനുഷ്യന് കേള്‍്ക്കാനാവില്ലെങ്കിലും ചില കുഞ്ഞുങ്ങള്‍ക്ക് കേള്‍ക്കാമത്രേ. സൗത്ത് കൊറിയയിലെ എസ് കെ ടെലികോം കമ്പനി നേരത്തെ മൊബൈല്‍ ഫോണ്‍ കൊതുകുസോഫ്റ്റ്‌വെയറിന് പ്രചാരം നല്‍കിത്തുടങ്ങിയിരുന്നു. ഈ തരംഗദൈര്‍ഖ്യമുള്ള ശബ്ദം എല്ലാ സെല്‍ഫോണുകളുടെയും കമ്പ്യൂട്ടറുകളുടേയും സ്പീക്കറുകള്‍ക്ക് താങ്ങാനാവില്ല എന്നൊരു മറുവാദവും നിലനില്‍ക്കുന്നുണ്ട്. കാര്യമെന്തൊക്കെയായാലും ഇന്റര്‍നെറ്റില്‍ ഇവ സൂപ്പര്‍ ഹിറ്റാണെന്ന കാര്യം ഉറപ്പാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്പ്യൂട്ടറില്‍ മാത്രമുപയോഗിക്കാവുന്ന 'ആന്റിമോസ്' തായ്ഭാഷയിലുള്ള ഏതോ വെബ്‌സൈറ്റ് തിരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു എങ്കില്‍ ഡൗണ്‍ലോഡ് .കോം പോലുള്ള വെബ്‌സൈറ്റുകളില്‍ പുതുതലമുറ കൊതുകുസോഫ്‌റ്റ്വെയറുകള്‍ സുലഭമാണ്.
 പഴയ തായ്‌ലണ്ടുകാരന്റെ മിമിക്രിവിദ്യക്കപ്പുറം പുതുതലമുറ സോഫ്‌റ്റ്വെയറുകളില്‍ ചിലത് കൊതുകുകള്‍ക്കും സമാനമായ കീടങ്ങള്‍ക്കും വേദന സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പുറപ്പെടുവിക്കു കടുംപിടുത്തക്കാരനാണെന്നും അവകാശപ്പെടുന്നു. സ്ലീപ്പ് മോഡും, പവര്‍സേവിംഗ് മോഡും സഹിതം കമ്പ്യൂട്ടറോ മൊബൈലോ ഏത് മാധ്യമമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചുള്ള ഫീച്ചറുകളാണ് പുതുതായി രംഗത്തിറങ്ങുന്ന സോഫ്‌റ്റ്വെയറുകളുടെ പരസ്യവാചകങ്ങളുടെ കാതല്‍.

No comments:

Post a Comment