Saturday, April 16, 2011

ഓഫീസ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കാം ഡോക്‌സ് ഡോട്ട്‌കോമില്‍


ഒടുവില്‍ ഗൂഗിള്‍ ഡോക്യുമെന്റ്‌സിന്റെ മൈക്രോസോഫ്റ്റ് രൂപം പുറത്തിറങ്ങി. ഇത്രയും കാലം സ്ലൈഡ് ഷെയറിലും ഗൂഗിള്‍ ഡോക്‌സിലും ഇമെയിലുകളിലുമായി ഔദ്യോഗിക - സ്വകാര്യ രേഖകള്‍ സൂക്ഷിച്ചുപോന്ന ഇ - ജീവികള്‍ക്കുവേണ്ടി പുതിയ സംവിധാനവുമായെത്തുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. ഡോക്‌സ് ഡോട്ട് കോം എന്ന സുന്ദരമായ പേരുതന്നെയാണ് ഇതിന് മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചത്.
  വേര്‍ഡ് ഡോക്യുമെന്റുകളും പവര്‍പോയിന്റ് പ്രസന്റേഷനുകളും എക്‌സല്‍ സ്‌പ്രെഡ്ഷീറ്റുകളും മാത്രമേ ഈ വെബ്‌സൈറ്റില്‍ സൂക്ഷിക്കാനാകൂ എന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ലക്ഷണമൊത്ത ഒരു ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റാണ് ഡോക്‌സ് ഡോട്ട് കോം. ബീറ്റയായി പുറത്തിറക്കിയ ഡോക്‌സില്‍ പക്ഷേ ഒരു അക്കൗണ്ട് ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.
 തീര്‍ത്തും സ്വകാര്യമായും പൊതുവായി ഷെയര്‍ചെയ്തും രണ്ടു രീതിയില്‍ ഇവിടെ ഫയലുകള്‍ സൂക്ഷിക്കാം. പൊതുവായി സൂക്ഷിക്കുന്ന ഫയലുകള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് വായിച്ച് കമന്റ് രേഖപ്പെടുത്താം, വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. ഒരു ഗ്രൂപ്പിനുവേണ്ടി ഷെയര്‍ചെയ്യുന്ന രീതിയിലും ഡോക്യുമെന്റുകള്‍ സൂക്ഷിക്കാം.
   ഓഫീസ് 2010 പുറത്തിറങ്ങുന്നതിനൊപ്പം ഓഫീസ് ഡോക്യുമെന്റുകള്‍ സൂക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം വരുന്നുവെന്ന് നേരത്തെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ആപ്പ്‌സിനെ കടത്തിവെട്ടാന്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഇതില്‍ കൊണ്ടുവരുമെന്ന കാര്യ കണ്ടറിയണം.

No comments:

Post a Comment