Saturday, April 16, 2011

ട്വിറ്റര്‍ വാര്‍ത്താപത്രങ്ങള്‍


ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ചെറു സന്ദേശങ്ങളാണ് നെറ്റിലെ എസ് എം എസ് സങ്കേതമായ ട്വിറ്ററിനെ ഇത്ര പെട്ടെന്ന് ജനകീയമാക്കിയത്. വ്യക്തികള്‍ക്കുപുറമേ ആകാശത്തിനു കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളും ട്വിറ്ററില്‍ സജീവമായതോടെ പ്രസക്തമായവ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടു തുടങ്ങിയെന്ന് ചിലരെങ്കിലും പരാതി പറഞ്ഞുതുടങ്ങി. നമ്മള്‍ പലപ്പോഴും വ്യക്തികളുടെ സന്ദേശങ്ങളൊഴികെ മറ്റൊന്നും പരിശോധിക്കാതെയായി. അതുകൊണ്ടുതന്നെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ട്വീറ്റുകള്‍ക്കിടയില്‍ നിന്ന് പ്രസക്തമായ സന്ദേശങ്ങള്‍ തിരഞ്ഞുപിടിച്ച് വെബ്‌സൈറ്റിലെന്നപോലെ അടുക്കിപ്പെറുക്കിവെച്ചു നല്‍കുന്ന ട്വിറ്റര്‍ടൈംസും, പേപ്പര്‍ ലിയുമൊക്കെ വന്‍ഹിറ്റുകളായി മാറാന്‍ അധികസമയമെടുത്തില്ല.
   ഒരു ന്യൂസ് വെബ്‌സൈറ്റിനോടു കിടപിടിക്കുന്നതാണ് ട്വിറ്റര്‍ടൈംസ് (www..twittertim.es) എന്നു പറയാം. വെബ്‌സൈറ്റ് ലിങ്കുകളും മറ്റും പ്രചരിക്കുന്ന റീട്വീറ്റുകള്‍ പരിശോധിച്ച് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്തി അവ മുന്‍ഗണനാക്രമത്തില്‍ നല്‍കുന്ന രീതിയാണ് ട്വിറ്റര്‍ടൈംസിന്റേത്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ളവയെ പ്രധാന തലക്കെട്ടിലും അല്ലാത്തവയെ തൊട്ടുപിന്നാലെയും ചിത്രം സഹിതം അടുക്കിപ്പെറുക്കി നല്‍കുന്നതുകൊണ്ടുതന്നെ കെട്ടിലും മട്ടിലും ഒരു വാര്‍ത്താ വെബ്‌സൈറ്റിന്റെ രൂപമാണ് ഇതിന്. ട്വിറ്റര്‍ അക്കൗണ്ടുള്ള ആര്‍ക്കും അതേ യൂസര്‍നെയിമും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ട്വിറ്റര്‍ ടൈംസ് ഉപയോഗിച്ചു തുടങ്ങാം. നിലവിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളിലെയും മറ്റും ട്വീറ്റുകളായി വരുന്ന ലിങ്കുകള്‍ കണ്ടുപിടിച്ച്് നല്‍കാനും നമ്മുടെ അഡ്രസ്സില്‍ മാത്രം വരുന്നവ തിരഞ്ഞുപിടിച്ചു നല്‍കാനുമൊക്കെയുള്ള സൗകര്യവും ഇതിലുണ്ട്.
   വാര്‍ത്തകള്‍, ബിസിനസ്, വിനോദം, സാങ്കേതികം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി ട്വീറ്റുകളെ ലിസ്റ്റ് ചെയ്യുന്ന സംവിധാനമാണ് പേപ്പര്‍ ലി (www.paper.li) എന്ന വെബ്‌സൈറ്റ്. ട്വിറ്ററില്‍ മാത്രമല്ല ഫെയ്‌സ്ബുക്കിലേയും മെസേജുകള്‍ അടിസ്ഥാനമാക്കി പേപ്പര്‍ ലിയില്‍ നമ്മുടേതായ വാര്‍ത്താപേജുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യവുമുണ്ട്.
   പ്രചാരത്തിന്റെ അടിസ്ഥാനത്തില്‍ ട്വീറ്റുകളെ തിരഞ്ഞെടുക്കുന്ന ട്വിറ്റര്‍വാര്‍ത്താപത്രങ്ങളില്‍ ട്വീറ്റുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് എത്രത്തോളം പ്രചരിക്കുന്നുണ്ട് എന്നത് അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ പ്രാധാന്യമുള്ളവയേക്കാള്‍ പ്രചാരത്തിലുള്ള ട്വീറ്റുകള്‍ക്കായിരിക്കും പ്രാധാന്യം. ഓരോരുത്തരും ഫോളോ ചെയ്യുന്നവരുടെ നിലവാരമനുസരിച്ച് അവരവരുടെ ട്വിറ്റര്‍ന്യൂസ്‌പേപ്പറുക്രമം മാറുകയും ചെയ്യും.

No comments:

Post a Comment