Saturday, April 16, 2011

സോഹോ വ്യൂവര്‍ - docx നെ അത്രക്ക് വെറുക്കണോ?


ലോകം കമ്പ്യൂട്ടറില്‍ വാക്കുകളെഴുതി ശീലിച്ചത് മൈക്രോസോഫ്റ്റിന്റെ വേഡിലൂടെയാണ്. എം എസ് വേഡ് മൈക്രോസോഫ്റ്റിന്റെ കുത്തകയാണെങ്കിലും പൈറസി എന്ന ജനകീയപ്രസ്ഥാനത്തിലൂടെ വേഡ് ഡോക്യുമെന്റുകള്‍ പൊതു സ്വത്തായി മാറി എന്ന് ചരിത്രം. വേഡ് പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ docx എന്ന നാലക്ഷരം ഒരു വില്ലനായി കടന്നുവന്നു. പഴയ ജനപ്രിയ പതിപ്പുകളില്‍ തുറക്കാനാകാത്ത .docx ഡോക്യുമെന്റുകളെ നമ്മളെന്തുചെയ്യും.
   ഡോക്‌സ് കണ്‍വേര്‍ട്ടറുകളുടെ കുത്തൊഴുക്കില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നുണ്ട്. സോഹോ വ്യൂവര്‍ എന്നാണ് പേര്. www.viewer.zoho.com എന്ന വെബ്‌സൈറ്റില്‍ പോയാല്‍ സൗജന്യമായി .docx ഫയലുകള്‍ വായിക്കാനും സാധാരണ .doc ഫയലുകളോ .rtf ഫയലുകളോ ടെക്‌സ്റ്റ് ഫയലുകളോ ഒക്കെയായി മാറ്റാനും കഴിയും. സേവനം തീര്‍ത്തും സൗജന്യം.
   ഡോക്‌സ് ഫയലുകള്‍ മാത്രമല്ല .pdf, .csv തുടങ്ങിയ നിരവധി ഫയലുകള്‍ അതാത് സോഫ്റ്റ് വേറുകള്‍ കൈയിലില്ലെങ്കില്‍ സോഹോ വ്യൂവറുപയോഗിച്ച് ഓണ്‍ലൈനായി വായിക്കാം. ഇനി ഈ ഫയലുകള്‍ വെബ്‌പേജിലാണുള്ളതെങ്കില്‍ ആ അഡ്രസ് രേഖപ്പെടുത്തി ഫയലുകള്‍ വായിക്കാനും സൗകര്യമുണ്ട്. സൗജന്യമായി സോഹോയില്‍ (www.zoho.com) ഒരു അക്കൗണ്ടെടുത്താല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതും കൈമാറുന്നതും ഉള്‍പ്പടെ ഔദ്യോഗികാവശ്യങ്ങള്‍ക്കും അനൗദ്യോഗികാവശ്യങ്ങള്‍ക്കും സഹായകമായ നിരവധി സേവനങ്ങള്‍ ലഭിക്കും.
   പഴയ ജനപ്രിയ പതിപ്പുകളില്‍ നമ്മള്‍ ഡോക്യുമെന്റുകള്‍ സേവ് ചെയ്തിരുന്നത് മിക്കവാറും .doc എന്ന വിഭാഗം ഫയലുകളായിട്ടായിരുന്നു. ഇവ പുതിയ പതിപ്പുകളിലും സാധാരണ വേഡ് വ്യൂവറുകളിലൂം വായിക്കാം. എന്നാല്‍ എം എസ് 2007 മുതലിങ്ങോട്ടുള്ള പതിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മറ്റൊന്നും ആവശ്യപ്പെട്ടില്ലെങ്കില്‍ .docx  ഫയലുകളായാണ് അവ സേവ് ആവുക. നമ്മുടെ കൈയില്‍ വേഡിന്റെ പഴയ ജനകീയ പതിപ്പാണുള്ളതെങ്കില്‍ .docx ഫയലുകള്‍ നോക്കിയിരിക്കാനേ കഴിയൂ. സാധാരണ ഉപയോക്താവിന് കടുകട്ടിയാണെങ്കിലും മൈക്രോസോഫ്റ്റിനെ ശപിച്ചു കൊണ്ട് പുത്തന്‍ പതിപ്പ് പലരും ഉപയോഗിച്ചു തുടങ്ങിയത് അങ്ങിനെയാണ്. ഒരു പാട് പുതിയ സൗകര്യങ്ങളുള്ള പുതിയ വേഡിനെ കണ്ണും ചിമ്മി ഒഴിവാക്കാനുമാകില്ല. docx ഡോക്യുമെന്റുകള്‍ നിലവില്‍ ഗൂഗിള്‍ ഡോക്യുമെന്റില്‍ അപ് ലോഡ് ചെയ്തു വായിക്കാമെന്നതടക്കം നിരവധി കുറുക്കുവഴികള്‍ ഉപയോക്താക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്.

No comments:

Post a Comment