Saturday, April 16, 2011

ഹവാരിയ - ദുരന്തങ്ങള്‍ക്കുവേണ്ടി തത്സമയം


മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രീന്‍ലാന്‍ഡ് ദ്വീപിലോ ആരും ചെന്നെത്താത്ത ആമസോണ്‍ വനങ്ങളിലോ ഇങ്ങ് മഹാരാഷ്ട്രയിലോ എവിടെ എന്ത് ദുരന്തമുണ്ടായാലും ഉടന്‍ നമുക്കു മുന്നിലെത്തിക്കുന്ന ഒരു വെബ്‌സൈറ്റുണ്ട്. ഉപഗ്രഹചിത്രത്തിനു മുകളില്‍ ഭൂകമ്പമാണോ പകര്‍ച്ചാവ്യാധിയാണോ പ്രളയമാണോ എന്താണുണ്ടായതെന്നു അടയാളപ്പെടുത്തി കൃത്യമായി പറഞ്ഞു തരുന്ന ഒരു കിടിലന്‍ വെബ്‌സൈറ്റ്. RSOE ഹവാരിയ എന്നറിയപ്പെടുന്ന ഈ സംവിധാനം www.hisz.rsoe.hu എന്ന അഡ്രസ്സില്‍ ലഭിക്കും.  ഓര്‍ത്തിരിക്കാന്‍ ഒരു പത്തു തവണയെങ്കിലും ചൊല്ലിപ്പഠിക്കേണ്ടിവരുമെങ്കിലും ആള്‍ വലിയ ഉപകാരിയാണ്.
   ലോകത്തിലെ എല്ലായിടത്തുമുള്ള ദുരന്തങ്ങളറിയണോ അതോ യൂറോപ്പിലേയോ ഏഷ്യയിലേയോ ഓസ്‌ട്രേലിയയിലേയോ മാത്രം മതിയോ എന്നു നമുക്ക് ഹോംപേജില്‍ നിന്നു തീരുമാനിക്കാം. മാപ്പിനു മേലെ അടയാളപ്പെടുത്തിയ വിവിധ നിറങ്ങളിലുള്ള ചിഹ്നങ്ങളില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതി, എവിടെ എപ്പോള്‍ എന്ത് ദുരന്തമാണുണ്ടായതെന്ന് ഉടന്‍ തെളിഞ്ഞു വരും. ഇനി കൂടുതലറിയണമെങ്കില്‍ 'details' ലേക്കു പോയാല്‍ മതി. സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും, സംഭവസ്ഥലത്തുനിന്നുള്ള പുതിയ വിവരങ്ങളും, ചിത്രങ്ങളും, വീഡിയോ റിപ്പോര്‍ട്ടുകളും, രാജ്യത്തേക്കുറിച്ചും ജനതയേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും റെഡി. വേണമെങ്കില്‍ ദുരന്തം എവിടെയാണെന്ന് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി കാണിച്ചു തരുകയും ചെയ്യും. ഒരു സാധാരണക്കാരന് ഇത്രയും പോരെ?. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കാര്യങ്ങള്‍ കൃത്യമായി സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ കൊണ്ടെത്തിക്കാനും, ഇ മെയില്‍ അലേര്‍ട്ടും, ആര്‍ എസ് എസ് ഫീഡുമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വേറെയുമുണ്ട്.
   ഹംഗറിയാണ് ഹവാരിയയുടെ ജന്മദേശം. ഹംഗേറിയന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് റേഡിയോ ഡിസ്ട്രസ്സ് സിഗ്നലിങ് ആന്റ് ഇന്‍ഫോ കമ്മ്യൂണിക്കേഷന്റെ (RSOE) പല സേവനങ്ങളില്‍ ഒന്നു മാത്രമാണിത്. അതിനു കീഴിലുള്ള എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് (EDIS ) ഹവാരിയ തയ്യാറാക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റ്് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമ
ുഖ സന്നദ്ധ സംഘടനയാണ് RSOE. പ്രകൃതിയേയും മനുഷ്യനേയും കാലാവസ്ഥയേയും ബാധിക്കുന്ന ദുരന്തങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് ഹംഗേറിയന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗമുള്‍പ്പെടേയുള്ള ദേശീയ അന്തര്‍ദേശീയ സംവിധാനങ്ങളേയും പൊതു ജനങ്ങളേയും അറിയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ എഴുനൂറോളം വാര്‍ത്താ വിതരണ സംവിധാനങ്ങളും ജി പി എസ് പോലുള്ള സേവനങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡികളൊന്നും വാങ്ങാതെ ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിന്റെ പരിശ്രമമാണ് ഇത്തരമൊരു സംവിധാനത്തിനു പിന്നില്‍.
ഓഫ് ടോക്ക് : ഇങ്ങ് കേരളത്തില്‍ ശബരിമല ദുരന്തത്തിനു പിന്നാലെ  ഈ പ്രദേശത്തിന്റെ ഒന്നാം തരം ത്രിമാന സാറ്റലൈറ്റ് ചിത്രം നല്‍കാമെന്നും പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാമെന്നും ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ സര്‍ക്കാരിന് വാഗ്ദാനം നല്‍കി. - ആരും കമാന്ന് മിണ്ടിയില്ല

No comments:

Post a Comment