Saturday, April 16, 2011

ഇനി വെബ്‌സൈറ്റുകളും സംഗീതം



രക്തത്തില്‍ സംഗീതമില്ലാത്തവരും ചില സന്ദര്‍ഭങ്ങളെ മെലോഡിയസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഇഷ്ടപ്പെട്ടവ എന്തായാലും സംഗീതമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടാകും. എന്തും സംഗീതമായി കേള്‍ക്കുക എന്നത് അല്പം വഴിവിട്ട ചിന്തയാണെങ്കിലും സൈബര്‍ ലോകത്ത് അതിനുമുണ്ട് ഉത്തരം. ഓരോ വെബ്‌സൈറ്റിനേയും സംഗീതമാക്കി മാറ്റുന്ന വളരെ ലളിതമായ മറ്റൊരു വെബ്‌സൈറ്റ്.

  കോഡ്ഓര്‍ഗണ്‍ (www.codeorgan.com)) എന്ന ഈ വെബ്‌സൈറ്റില്‍ നമുക്ക് ഇഷ്ടമുള്ള അഡ്രസ് രേഖപ്പെടുത്തി പ്ലേ ചെയ്താല്‍ മതി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ വെബ്‌സൈറ്റ് സംഗീതരൂപത്തില്‍ നമ്മുടെ വിരല്‍തുമ്പിലെത്തിയിരിക്കും. ഇനി പ്ലേ ബട്ടണില്‍ ക്ലിക്കു ചെയ്യുകയേ വേണ്ടൂ. ഓരോ വെബ് സൈറ്റും നമുക്ക് ആസ്വദിക്കാം. ഡ്രം ബീറ്റ്‌സിന്റെ താളത്തില്‍ കീബോര്‍ഡിന്റെ മധുരസ്വരത്തിന്റെ മെമ്പൊടിയോടെ.
   ലളിതമായ ഒരു ഫഌഷ് പ്രോഗ്രാമാണ് കോഡ് ഓര്‍ഗണിന്റെ കാതല്‍. നമ്മള്‍ നല്‍കുന്ന വെബ്‌സൈറ്റിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കണ്ടെത്തി അവയില്‍ മ്യൂസിക് സ്‌കെയിലിന് യോജിക്കാത്ത അക്ഷരങ്ങള്‍ ഒഴിവാക്കുകയാണ് ഈ പ്രോഗ്രാം ആദ്യം ചെയ്യുക. അനുയോജ്യമായവയെ അടുക്കിവച്ച് അപഗ്രഥിച്ച് ഡ്രം ബീറ്റുകളായി മൊഴിമാറ്റം ചെയ്യുകയാണ് അടുത്ത ജോലി. സംഗീതം റെഡിയായിക്കഴിഞ്ഞാല്‍ പ്ലേ ചെയ്യാനുള്ള ബട്ടന്‍ ആക്ടീവ് ആകും. ഇനി ഓരോ വെബ്‌സൈറ്റും മെലഡിയായി ആസ്വദിക്കാം.
  മാത്രമല്ല, ഫെയ്‌സ്ബുക്കോ ട്വിറ്ററോ മറ്റേതെങ്കിലും നെറ്റ്വര്‍ക്കിംഗ് സൈറ്റ് വഴിയോ വെബ്‌സൈറ്റും സംഗീതവും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാം.

No comments:

Post a Comment