Saturday, April 16, 2011

ജിമെയില്‍ നിറഞ്ഞോ? വഴിയുണ്ട്...


സാധാരണ ഇ മെയില്‍ ഒരു ജിബി പോലും സ്ഥലം തരാതിരുന്ന കാലത്ത് ജിമെയില്‍ എന്തിനാണ് ഇത്രയും സ്‌റ്റോറേജ് നല്‍കുന്നതെന്ന് ചോദിച്ചവരുണ്ട്. ഡയല്‍ അപില്‍ നിന്ന് ബ്രോഡ്ബാന്റിലേക്കും ത്രീജിയിലേക്കുമുള്ള യാത്രക്കിടെ പഴയ ഇമെയില്‍ കാലം മറന്നവരും നിരവധി. ആറുകൊല്ലം മുമ്പ് ജിമെയില്‍ ബീറ്റാ പതിപ്പുവന്നപ്പോള്‍ ആരുടെയൊക്കെയോ കൈയും കാലും പിടിച്ച് ഒരു റിക്വസ്റ്റ് അയപ്പിച്ച് ജി മെയില്‍ അക്കൗണ്ട് നേടിയെടുത്ത് ഞെളിഞ്ഞു നടന്നവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശനം സ്റ്റോറേജ് സ്‌പേസ് തന്നെയാണ്. ജിമെയില്‍ വാരികോരി തന്നെ ഏഴര ജി ബി യോളം വരുന്ന സ്‌പേസ് തീര്‍ന്നവരും തീരാറായവരും ഇന്ന് മിനക്കെട്ടിരുന്ന് ഫോര്‍വേഡ് മെസേജുകളെല്ലാം ഡിലീ്‌റ് ചെയ്തു കൊണ്ടിരിക്കുകയാണ്. പലരും മെയില്‍ തിരിച്ചടിക്കുമ്പോഴാണ് സ്ഥലം തീര്‍ന്ന കാര്യം അറിയുന്നതുതന്നെ.
   മിനക്കെട്ടിരുന്ന്് ഡിലീറ്റ് ചെയ്യുന്നതവര്‍ക്ക് ഒരു സഹായി രംഗത്തെത്തിയിട്ടുണ്ട്. ഫൈന്റ് ബഗ് മെയില്‍ എന്നാണ് പേര്. www.findbigmail.com
എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ ജിമെയില്‍ ക്ലീന്‍ ചെയ്യാന്‍ സഹായം ലഭിക്കും. പുറത്തിറങ്ങി കുറഞ്ഞകാലം കൊണ്ടു തന്നെ സൂപ്പര്‍ ഹിറ്റാണ് ഈ സംവിധാനം.
  സേവനം തീര്‍ത്തും സൗജന്യമാണ്. എന്നുവെച്ച് രണ്ടോ മൂന്നോ ഡോളര്‍ സംഭാവന ഇമെയില്‍ വഴി ആവശ്യപ്പെട്ടാല്‍ കൊടുക്കേണ്ടെന്നല്ല. വെബ്‌സൈറ്റില്‍ പ്രത്യേകം അക്കൊണ്ട് എടുക്കേണ്ട ആവശ്യമില്ല.
  ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ സഹായിക്കുമെന്ന വാഗ്ദാനത്തിനു തൊട്ടുതാഴെ ജിമെയില്‍ അക്കൗണ്ട് രേഖപ്പെടുത്തുക. തൊട്ടടുത്ത ബട്ടണില്‍ ക്ലിക് ചെയ്താല്‍ ഉടനെ ഫൈന്റ് ബിഗ് മെയിലിനെ വിശ്വാസമുണ്ടെങ്കില്‍ സ്വീകരിക്കാമെന്ന ഗൂഗിളിന്റെ അറിയിപ്പു തെളിഞ്ഞുവരും. അതിനിടെ ജിമെയില്‍ സൈന്‍ ഇന്‍ അല്ലെങ്കില്‍ ആ പണി കൂടി ചെയ്യേണ്ടിവരും. ഇനി നമുക്ക് സ്വന്തം റിസ്‌കില്‍ grand accsse നല്‍കാം(വിശ്വാസമുണ്ടെങ്കില്‍ മാത്രം എന്നു കൂടി ചേര്‍ത്തു വായിക്കുക). അടുത്ത ഘ
ട്ടത്തില്‍ തന്നെ പുള്ളി പണി തുടങ്ങിക്കോളും. ഇന്‍ബോക്‌സിന്റെ വലിപ്പത്തിനനുസരിച്ച് ഒരു മണിക്കൂര്‍ വരെയാണ് സമയം പറയുന്നത്. ഉടന്‍ തന്നെ ഇന്‍ബോക്‌സില്‍ അറിയിപ്പും ലഭിക്കും.
  ഇന്‍ബോക്‌സിലെയും സെന്റ് ഐറ്റംസിലേയുമൊക്കെ ഇ മെയിലുകളെ വലിപ്പത്തിനനുസരിച്ച് നാലു ഫോള്‍ഡറുകളിലായി അടുക്കിപ്പെറുക്കിത്തരുകയാണ് ഫൈന്റ് ബിഗ് മെയില്‍ ചെയ്യുന്നത്. ഏറ്റവും വലിയ മെയിലുകള്‍ 20 എണ്ണമായിരിക്കും ആദ്യത്തെ ഫോള്‍ഡറില്‍. 2എംബി, 500കെബി, 100കെബി എന്നിങ്ങനെ തരംതിരിച്ച് മറ്റുള്ള ഫോള്‍ഡറില്‍ നിറക്കും. ഇവ കൃത്യമായി 'ലേബല്‍' ആയി കാണിക്കുകയും ചെയ്യും.
  ഇനി വേണ്ടവ മാത്രം നിര്‍ത്തി ബാക്കിയുള്ളവ ഡിലീറ്റ് ചെയ്യാം. പാവം കുഞ്ഞു കുഞ്ഞുമെയിലുകളെ ജീവിക്കാനനുവദിച്ച് ഭീകരമെയിലുകളെ എളുപ്പം തട്ടിക്കളയാനുള്ള സൗകര്യമാണ് ഫൈന്റ് ബിഗ്മെയില്‍ നല്‍കുന്നത്. ഒരു കാര്യം കൂടി. തല്‍ക്കാലം ജിമെയിലിനുമാത്രമേ ഈ സൗകര്യം ലഭിക്കൂകയുള്ളൂ

No comments:

Post a Comment