Saturday, April 16, 2011

അഞ്ചു ജി ബി വേണോ !!! തുറക്കൂ ആമസോണ്‍ ക്ലൗഡ് ഡ്രൈവ് ...


ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ...  ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജി ബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങും ഡൗണ്‍ലോഡിങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം ഫോട്ടോകളും ഇരുപതു മിനുട്ട് ഹൈഡെഫനിഷന്‍ വീഡിയോയും സൂക്ഷിക്കാനുള്ള സ്ഥലമാണ് ആമസോണ്‍ നല്‍കുന്നത്.
   ആമസോണ്‍ ക്ലൗഡ് ഡ്രൈവ്, വെബിനു വേണ്ടിയും ആന്‍ഡ്രോയ്ഡിനു വേണ്ടിയുമുള്ള ക്ലൗഡ് പ്ലെയറുകള്‍ എന്നിങ്ങനെ മൂന്നു കുഞ്ഞുങ്ങളെയാണ് ഈയിടെ ആമസോണ്‍ പുറത്തിറക്കിയത്.  ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ മ്യൂസിക് ഫയലുകള്‍ സൂക്ഷിക്കുകയും അവ ഓണ്‍ലൈനായി തന്നെ ആസ്വദിക്കുകയും ചെയ്യാവുന്ന ക്ലൗഡ് പ്ലെയര്‍ തല്‍ക്കാലം അമേരിക്കയില്‍ മാത്രമേ ലഭിക്കു. ആരെങ്കിലും ആമസോണ്‍ വഴി സൗജന്യമായി ഒരു എം പി ത്രീ ആല്‍ബം വാങ്ങിയാല്‍ ഇരുപതു ജി ബി ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇരുപതു ജി ബി കാശുകൊടുത്തു വാങ്ങുകയാണെങ്കില്‍ വര്‍ഷത്തേക്ക് ഇരുപതു ഡോളര്‍ കൊടുക്കണം. ആയിരം ജി ബിക്ക് ആയിരം ഡോളറാണ് ഈടാക്കുന്നത്. 50, 100,200,500 ജിബിയായും ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ നിന്നു സ്ഥലം ലഭിക്കും.
  www.amazon.com/clouddrive ല്‍ ചെന്ന് ലളിതമായ രജിസ്‌ട്രേഷനിലൂടെ ക്ലൗഡ് ഡ്രൈവ് ഉപയോഗിച്ചു തുടങ്ങാം. കംപ്യൂട്ടറിലെ മൈഡോക്യുമെന്റ്‌സിന് സമാനമായി മ്യൂസിക്, പിക്‌ചേഴ്‌സ്, വീഡിയോസ് തുടങ്ങിയ ഫോള്‍ഡറുകളില്‍ നമുക്കു വേണ്ട ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. വേണമെങ്കില്‍ സ്വന്തമായി ഫോള്‍ഡറുകളുണ്ടാക്കുകയുമാവാം.
  രണ്ട് ജി ബി (2048mb) വരെ വലിപ്പമുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെന്നതാണ് ആമസോണ്‍ ക്ലൗഡ് ഡ്രൈവിന്റെ പ്രത്യേകത. ഗൂഗിള്‍ ഡോകില്‍ സൗജന്യമായി കാല്‍ ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ പറ്റൂ. ഫോര്‍ഷെയേഡില്‍ (www.4shared.com) രണ്ട് ജി ബി വരെയുള്ള ഫയലുകള്‍ അപലോഡ് ചെയ്യാമെങ്കിലും കാത്തിരുന്നു കണ്ണു കഴക്കണം. പോരാത്തതിന് ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ രണ്ടു മൂന്നു വിന്‍ഡോകള്‍ തുറന്ന് അവരുടെ സൗകര്യത്തിന് 'കൗണ്‍ഡൗണ്‍' നോക്കിയിരിക്കുകയും വേണം. ആമസോണ്‍ ക്ലൗഡ് ഡ്രൈവില്‍ ഒറ്റ ക്ലിക്കിന് ഫയലുകള്‍ കമ്പ്യൂട്ടറിന്റെ 'മേശപ്പുറത്തെ' ത്തും. പോരെ...

1 comment:

  1. ടെക്ചില്ലീസ് ... മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

    ReplyDelete