Saturday, April 16, 2011

നിട്രോ പി ഡി എഫ് റീഡര്‍ ലളിതം മനോഹരം..


പേരുപോലെ പോര്‍ട്ടബിള്‍ ആണ് പോര്‍ട്ടബിള്‍ ഡോക്യമെന്റ് ഫോര്‍മാറ്റ്. പിഡിഎഫ്. എന്നാണ് വിളിപ്പേര്. എന്നാല്‍ അഡോബിയുടെ ഡിസ്റ്റിലറിനെ കൂട്ടുപിടിച്ചുള്ള പി ഡി എഫ് ഫയല്‍ നിര്‍മ്മാണവും അക്രോബാറ്റ് റീഡറിലൂടെ തുറന്നു നോക്കുന്നതും സാധാരണ കംപ്യൂട്ടര്‍ ഉപയോക്താവിന് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അക്രോബാറ്റ് ബദല്‍ സോഫ്റ്റ് വേറുകള്‍ക്ക് ഈയിടെയായി പ്രചാരം കൂടിവരുന്നതും അതുകൊണ്ടാണ്. പി ഡി എഫിനെ നമുക്ക് മൈക്രോസോഫ്റ്റ് വേഡുപോലെ ലളിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ? നിട്രോ പി ഡി എഫ് റീഡര്‍(nitro reader) ഒരു വലിയ പ്രസ്ഥാനമായി മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്.
   ഒറ്റനോട്ടത്തില്‍ ഭാരംകുറഞ്ഞ ഒരു പിഡിഎഫ് റീഡറാണിത്. കാണാനും സുന്ദരം. ഇളം നീല പശ്ചാത്തലത്തില്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഇന്റര്‍ഫേസുകള്‍. ഗ്രാഫിക്‌സിന്റെ ആര്‍ഭാടമൊന്നും കാണില്ല. പേരില്‍ റീഡര്‍ മാത്രമേയുള്ളൂവെങ്കിലും നല്ല ഒരു പി ഡി എഫ് പ്രിന്റര്‍ കൂടിയാണ് അത്. ഒരു വെടിക്ക് രണ്ട് പക്ഷി.  
   എളുപ്പമാണ് നിട്രോ ഉപയോഗിക്കാന്‍. ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അധിക നേരം കാത്തിരിക്കേണ്ട ആവശ്യമില്ല. സൂം ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഫുള്‍സ്‌ക്രീനാക്കി മാറ്റാനും ആവശ്യമുള്ള ഭാഗങ്ങള്‍ നിറം മാറ്റി ഹൈലൈറ്റ് ചെയ്യാനും നമുക്ക് വേണ്ട കമന്റുകള്‍ പേജില്‍ കുറിച്ചുവെക്കാനുമൊക്കെ എളുപ്പം സാധിക്കും. ഒരു റീഡര്‍ എന്ന നിലയില്‍ നിട്രോയുടെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ഇവയൊക്കെയാണ്.
   നിട്രോ സൂപ്പര്‍ഹിറ്റായത് ലളിതമായ പി ഡി എഫ് നിര്‍മ്മാണ രീതി കൊണ്ടാണ്.  ഒരു വേഡ് ഫയല്‍ പിഡിഎഫ് ആക്കി മാറ്റണമെങ്കില്‍ പ്രിന്റര്‍ സെറ്റിംഗ്‌സില്‍ പോയി ഡിസ്റ്റിലറോ മറ്റേതെങ്കിലും പ്രിന്ററോ സെലക്ട് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യമില്ല. ഡെസ്‌ക് ടോപ്പിലെ ഐക്കണിലേക്ക് നമുക്ക് പി ഡി എഫ് ആക്കേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മാത്രം മതി. ഒരേസമയം നിരവധി ഫയലുകള്‍ പിഡിഎഫ് ആയി മാറ്റുകയും ചെയ്യാം. ഇമേജുകളും വെബ്ഫയലുകളുമടക്കം ഏതുഫയലും നമുക്ക് ഇങ്ങനെ പിഡിഎഫ് ആക്കി മാറ്റാനാകും.
   ഇനി പി ഡി എഫ് ഡോക്യുമെന്റ് പൊളിച്ച് ടെക്സ്റ്റ് വീണ്ടെടുക്കണമെങ്കില്‍ അതിനും ലളിതമായ വിദ്യയുണ്ട്. മുകളില്‍ എക്‌സ്ട്രാക്ട് ടെക്സ്റ്റ് ഇമേജ് കൊടുത്താല്‍ ടെക്സ്റ്റ് ഒരു നോട്ട്പാഡില്‍ ലഭിക്കും. ഇമേജും ഇങ്ങനെ പൊളിച്ചെടുക്കാം.ഇതൊക്കെ എടുത്തുപറയേണ്ട കാര്യങ്ങള്‍ മാത്രം. പി ഡി എഫ് നിര്‍മ്മിക്കുമ്പോള്‍ സ്വന്തമായി ഒരു 'സിഗ്നേച്ചര്‍' ഉപയോഗിക്കുന്നതടക്കം നിരവധി ഗുണഗണങ്ങള്‍ ഇനിയും കണ്ടെടുക്കാനാകും.
  നിട്രോ റീഡര്‍ അവരുടെ ഒദ്യോഗിക വെബ്‌സൈറ്റായ www.nitroreader.com ല്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.  

No comments:

Post a Comment