Saturday, April 16, 2011

ഡെക്‌സ്‌ടോപ്പിന് ക്ലിയറായ ഒരു ലോക്ക് !!!


 കുറച്ചു നേരത്തേക്ക് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു മാറിനില്‍ക്കുമ്പോള്‍ മറ്റൊരാളുടെ ക്ലിക്ക് ഡെസ്‌ക്ടോപ്പില്‍ വീഴാതിരിക്കാന്‍ നമ്മള്‍ എന്തു ചെയ്യും ?. ലോഗ് ഓഫ് ചെയ്യും എന്നായിരിക്കും എല്ലാവരും തരുന്ന ഉത്തരം. നമ്പര്‍ ലോക്കിട്ട് ബ്രീഫ് കെയ്‌സ് പൂട്ടിവെക്കുന്നതിനു തുല്യമാണ് പാസ്‌വേഡിട്ട് ലോഗ് ഓഫ് ചെയ്യുന്ന പരിപാടി. കാര്യമായി വല്ലതും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ കംപ്യൂട്ടറിനെ മറ്റെന്തെങ്കിലും ജോലി ഏല്‍പ്പിച്ചു മാറി നില്‍ക്കുമ്പോഴോ ഡെസ്‌ക് ടോപ്പ് കണ്ടു കൊണ്ടു തന്നെ നമുക്ക് കംപ്യൂട്ടറിനെ താല്‍ക്കാലികമായി പൂട്ടിയിടാന്‍ ഒരു വിദ്യയുണ്ട്. ക്ലിയര്‍ ലോക്ക് എന്ന വളരെ ലളിതമായ സോഫ്റ്റ് വേര്‍. പേരു പോലെ തന്നെ ഡൈസ്‌ക് ടോപ്പ് ക്ലിയറായി കണ്ടുകൊണ്ടു ലോക്കു ചെയ്യുന്ന പരിപാടിയാണിത്.
   www.snapfiles.com/get/clearlock.html എന്ന ലിങ്കില്‍ പോയാല്‍ കഷ്ടിച്ച് ഒരു എംബി മാത്രം വലിപ്പമുള്ള ക്ലിയര്‍ ലോക്ക് ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്ന ഉപയോഗിക്കുകയും ചെയ്യാം. ക്ലിയര്‍ ലോക്ക് എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പാസ്‌വേഡ് ചോദിക്കും. രണ്ടിടത്ത് പാസ്സ്അവേഡ് നല്‍കിയാല്‍ ഒരു കൂറ്റന്‍ ഇരുമ്പു വാതില്‍ അടക്കുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഡെസ്‌ക്ടോപ്പ്  അകത്തുള്ളതെല്ലാം കാണുന്ന ഒരു നേര്‍മ്മയുള്ള ആവരണം കൊണ്ടു മൂടും. ഒപ്പം പാസ്സ്‌വേഡുനല്‍കി ഡെസ്‌ക്ടോപ്പ് തുറക്കാനുള്ള ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓരോ തവണ ഡെസ്‌ക്ടോപ്പ് ലോക്ക് ചെയ്യേണ്ടപ്പോഴൊക്കെ ക്ലിയര്‍ലോക്കില്‍ ക്ലിക്കു ചെയ്താല്‍ മാത്രം മതി..
  പാസ്സ്‌വേഡു മറന്നാല്‍ നമ്മുടെ വിലപ്പെട്ട സമയത്തില്‍ അഞ്ചുമിനിട്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തെറ്റായ പാസ്സ്‌വേഡ് ടൈപ്പു ചെയ്താല്‍ മൂന്നുതവണ മാത്രമേ ക്ലിയര്‍ലോക്ക് ക്ഷമിക്കൂ. മൂന്നാമത്തെ തവണയും നല്‍കുന്ന പാസ്സ്വേഡ് തെറ്റാണെങ്കില്‍ ആള്‍ അഞ്ചു മിനിട്ടു നേരം പരിഭവിക്കും, അതിനു ശേഷമേ വീണ്ടും പാസ്സ്‌വേഡു നല്‍കാന്‍ സമ്മതിക്കൂ. ഇനി നിലവിലുള്ള പാസ്സ്‌വേഡ് മാറ്റണമെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നമ്മള്‍ പാസ്സ്‌വേഡ് സെറ്റു ചെയ്താല്‍ ക്ലിയര്‍ലോക്ക് ഐക്കണിനു സമീപം പ്രത്യക്ഷപ്പെടുന്ന ClearLock.ini ഫയല്‍ ഡിലീറ്റു ചെയ്തു കളഞ്ഞാല്‍ മതി. ക്ലിയര്‍ ലോക്ക് ഐക്കണെടുത്ത് ഡെസ്‌ക്‌ടോപ്പിലിട്ടാല്‍ നമുക്കെപ്പോഴും ഉപയോഗിക്കാനും സൗകര്യമായിരിക്കും.

No comments:

Post a Comment