Saturday, April 16, 2011

നിറങ്ങളില്‍ സുന്ദരി നീല


പ്രകൃതിയില്‍ ഏറ്റവും ഇഷ്ടമുള്ള നിറമേതാണെന്നു ചോദിച്ചാല്‍ ആളുടെ സ്വഭാവവും വീക്ഷണവുമനുസരിച്ച് പലതാവും ഉത്തരം.  ടെലിവിഷന്റേയും അച്ചടി പ്രസിദ്ധീകരണങ്ങളുടേയുമെന്ന പോലെ ഇന്റര്‍നെറ്റിലും ചില നിറങ്ങളോടാണ് ഉപയോക്താക്കള്‍ക്ക് താത്പര്യം കൂടുതല്‍. മാധ്യമങ്ങളില്‍ ഇവയേതാണെന്നറിയാന്‍ പരസ്യങ്ങളിലും ജനപ്രിയ പരിപാടികളിലുമൊന്ന് കണ്ണോടിച്ചാല്‍ മതി. ഇതര മാധ്യമങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇന്റര്‍നെറ്റ്. അതിന്  കാരണവുമുണ്ട്.
   ടെലിവിഷനേക്കാള്‍ കുറച്ചുകൂടി അടുത്തു കാണുന്ന മാധ്യമമാണ് കംപ്യൂട്ടര്‍ പത്രങ്ങള്‍ പോലെ. ടെലിവിഷന്‍ പോലെ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മാധ്യമവുമാണ്. ചില നിറങ്ങള്‍ ഹിറ്റായതിനു പിന്നില്‍ ഈ പ്രത്യേകതകളൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ട്. അച്ചടി മാധ്യമങ്ങളിലെ ഹിറ്റ് നിറങ്ങള്‍ ചുവപ്പ്, മഞ്ഞ, കറുപ്പ്, വെള്ള, എന്നിവയും അവയുടെ വകഭേദങ്ങളുമാണ് എന്നാണ് വിദഗ്ധാഭിപ്രായം. ടെലിവിഷനില്‍ ചുവപ്പും നീലയുമാണ്. സ്ഥലകാലവ്യത്യാസങ്ങളനുസരിച്ച് ചില്ലറ ചില മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഇന്റര്‍നെറ്റില്‍ നീലയാണ് സൂപ്പര്‍ ഹിറ്റ്. തൊട്ടുപിന്നാലെ ചുവപ്പും. ഈയിടെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന നൂറ് വെബ്‌സൈറ്റുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലെത്തിയത്.
  മറ്റു നിറങ്ങളേക്കാള്‍ അറുപത്തിയഞ്ചു ശതമാനം കൂടുതല്‍ നേരം നീലനിറം നമ്മളുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുമെന്നാണ് കണ്ടെത്തല്‍. പ്രകൃതിയിലെ പച്ച നിറത്തേപ്പോലെ കംപ്യൂട്ടര്‍ സ്‌ക്രീനിലെ നീലനിറം നമ്മുടെ തലച്ചോറിന് തണുപ്പേകുന്നു. വിന്‍ഡോസിന്റെ അടിസ്ഥാന നിറം മുതല്‍ ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റേയുമൊക്കെ ലോഗോയും പശ്ചാത്തലവും ശ്രദ്ധിച്ചാല്‍ നീലയുടെ ഗാംഭീര്യം അറിയാം.
   ഇന്റര്‍നെറ്റിലെ പരസ്യനിര്‍മ്മാതാക്കളും ഡിസൈനര്‍മാരും നിറം തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരെക്കൂടി (colour blindness) കണക്കിലെടുത്തായിരിക്കും അത്. ചുവപ്പും പച്ചയും നീലയും മാത്രമായോ അവ കൂട്ടിച്ചേര്‍ത്തോ ഉപയോഗിച്ചാല്‍ ഇവര്‍ക്ക് കാണാന്‍ ബുദ്ധിമുട്ടു നേരിടും. ഇവര്‍ ഒരു വെബ്‌സൈറ്റിനെ എങ്ങിനെ കാണുന്നു എന്നറിയാന്‍ colorfilter.wickline.org എന്ന വെബ്‌സൈറ്റ് സഹായിക്കും.
  ഫലപ്രദമായി നിറങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ colorblender.com, colorcomos.com തുടങ്ങിയ വെബ് സൈറ്റുകളുണ്ട്. degraeve.com/color-palette, www.krazydad.com/colrpickr ... നിറങ്ങളില്‍ പരീക്ഷണം നടത്താന്‍ ഇതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമാണ്.
  അമ്പതുകോടി പേര്‍ സന്ദര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് എത്ര തവണ പരിഷ്‌കരിച്ചാലും നീലനിറത്തെ ഉപേക്ഷിക്കാത്തതിന്റെ രഹസ്യം ഈയിടെ 'ന്യൂയോര്‍ക്കര്‍' ആണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് പച്ച, ചുവപ്പ് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലത്രേ. അതുകൊണ്ടുതന്നെ തനിക്കേറ്റവും ഇഷ്ടം നീലയോടാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സൂക്കന്‍ബര്‍ഗിന്റെ ഇഷ്ടം ലോകത്തിന്റെ ഇഷ്ടമായി എന്നത് ചരിത്രം.

No comments:

Post a Comment