Saturday, April 16, 2011

ഗുഗിള്‍ ഡോക്‌സ് ഇനി വിരല്‍തുമ്പില്‍


ആപ്പിള്‍ ഐപാഡിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വേറുകളുപയോഗിക്കുന്ന ഫോണുകളിലേക്കും ടാബ് ലറ്റ് പി സി കളിലേക്കും ഗൂഗിള്‍ ഡോക്‌സ് എത്തുന്നു. ആപ്പിളിന്റെ ലോകത്തേക്ക് ഇന്റര്‍നെറ്റുവഴിയുള്ള ഗൂഗിളിന്റെ യാത്രയെന്നു മാത്രം വിശേഷിപ്പിച്ചാല്‍ അല്പം കുറഞ്ഞുപോകും. ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ ഡോക്‌സിന്റെ പുതിയ പതിപ്പ് നെറ്റിലെത്തുമെന്നാണ് ഗൂഗിള്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റ് ഡേവ് ഗിര്‍വോഡ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന്ത്. യൂറോപ്പില്‍ ഈയിടെ നടന്ന ക്ലൗഡ് കംപ്യൂട്ടിഗ് ഇവന്റില്‍ ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ പതിപ്പ് രംഗത്തെത്തുന്നതോടെ വേഡിലും സ്‌പ്രെഡ്ഷീറ്റിലുമൊക്കെ തയ്യാറാക്കുന്ന ഡോക്യുമെന്റുകള്‍ പാംടോപ്പ് ഗാഡ്ജറ്റുകളില്‍ തയ്യാറാക്കാമെന്നതുകൊണ്ടുതന്നെ ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നതാവും.
  മൈക്രോസോഫ്റ്റ് തുടങ്ങിവെച്ച ഓഫീസ് സംസ്‌കാരത്തെ നെറ്റിലേക്ക് പറിച്ചു നടുകയും ഏറെക്കുറേ പൊതു സ്വത്താക്കുകയും ചെയ്ത ഗൂഗിളിന്റെ പുതിയ കാല്‍വെയ്പിന് പലകാരണങ്ങള്‍ കൊണ്ടും പ്രാധാന്യമുണ്ട്.  ഐപാഡ് ഉപയോക്താക്കള്‍ ഏറെ നാള്‍ കാത്തിരുന്ന സ്വപ്‌നമായിരുന്നു ഇതെങ്കില്‍ ആപ്പിളിന് പുതുതായി രംഗത്തുവന്ന സാംസങ് ഗ്യാലക്‌സിയെ ചെറുക്കാനുള്ള മുഖ്യ ആയുധമാണിത്. ആപ്പിളില്‍ ഗൂഗിളിന് അല്പം മേധാവിത്വം കിട്ടുമെന്നതും ഒപ്പം തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന് കൂടുതല്‍ മൈലേജും ലഭിക്കും.
    തീര്‍ന്നില്ല കൈവെള്ളയിലൊതുങ്ങുന്ന സുപ്രധാന ബ്രാന്റുകളിലേക്ക് ഡോക്‌സ് എത്തുന്നതോടെ .doc, .rtf തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ കൂടുതല്‍ ജനകീയമാകുകയും ചെയ്യും. ഒരിക്കല്‍ ആഗോളഭീമന്റെ കുത്തകസ്വത്തായിരുന്നവക്ക് കിട്ടിയ തീര്‍ത്തും ജനാധിപത്യപരമായ അംഗീകാരം.

No comments:

Post a Comment