Saturday, April 16, 2011

രക്ഷാപ്രവര്‍ത്തനത്തിന് ഒരു റോബോട്ട് powerd by microsofr XBOX 360


ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ ജീവികളെ മുതല്‍ വിവിധയിനം റോബോട്ടുകളെ വരെ ഉപയോഗിക്കാമെന്നത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചതും അത്തരമൊരു റോബോട്ടാണ്. ചില 'കുട്ടിക്കളി'കളാണ് ഈ റോബോട്ടിന് അടിസ്ഥാനം എന്നാല്‍ അതൊരു കുട്ടിക്കളിയല്ല താനും.
   ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോബോട്ടുകള്‍ക്ക് വേണ്ടി പണം വാരിക്കോരി ചിലവാക്കേണ്ടിയിരുന്നു മുമ്പ്. എന്നാല്‍ പുതിയ റോബോട്ട് പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റിന്റെ സൂപ്പര്‍ ഹിറ്റ് വീഡിയോ ഗെയിമായ എക്‌സ്‌ബോക്‌സിനു വേണ്ടി തയ്യാറാക്കിയ കൈനെക്ട് എന്ന അനുബന്ധ ഉപകരണമുപയോഗിച്ചാണ്. എക്‌സ്‌ബോക്‌സ് 360 യെ നിയന്ത്രിക്കുന്ന വെബ്ക്യാം പോലുള്ള ഉപകരണമാണ് എക്‌സ്‌ബോക്‌സ് കൈനെക്ട് (KINECT).
   ആര്‍ ജി ബി ക്യാമറയും, ഡെപ്ത് സെന്‍സറും, ത്രീഡി സ്്കാനറും മൈക്രോഫോണുമൊക്കെയുള്ള കൈനെക്ട് ഉപയോഗിച്ചാണ് ബ്രിട്ടണിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റോബോട്ടിനെ നിര്‍മ്മിച്ചത്. വാര്‍വിക് മൊബൈല്‍ റോബോട്ടിക്‌സ് (WMR) എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. ഡബ്ല്യു എം ആര്‍ റെസ്‌ക്യു റോബോട്ട് എന്നാണ് ഈ കൊച്ചു റോബോട്ട് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ റോബോകപ്പ് റെസ്‌ക്യു ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു ഈ
റെസ്‌ക്യു റോബോട്ട്.
   റോബോട്ടിനെ ഇറക്കിവിട്ട് ആളുകളുടെ സ്ഥാനം മനസ്സിലാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാം. റോബോട്ട് അയക്കുന്ന ത്രീഡി ചിത്രങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടുമൊരു അപകട സാധ്യത ഇല്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നാണ്  ഡബ്ല്യു എം ആര്‍ പദ്ധതിയുടെ എന്‍ജിനീയര്‍ പീറ്റര്‍ ക്രുക്ക് അഭിപ്രായപ്പെട്ടത്. കൈനക്ട് ഉപയോഗിച്ച് റോബോട്ടിനെ നിര്‍മ്മിക്കുമ്പോള്‍ സമാനമായ മറ്റ് റോബോട്ടുകളേക്കാള്‍ രണ്ടായിരം പൗണ്ട് ലാഭിക്കാമെന്നാണ് കണക്ക്.
  എക്‌സ്‌ബോക്‌സ് കണ്‍സോളിലല്ലാതെ കൈനെക്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. കമ്പ്യൂട്ടറുകളിലും അനുബന്ധ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ അതിനു വേണ്ടി പ്രത്യേക ഡ്രൈവര്‍ തന്നെ തയ്യാറാക്കിയാണ് ഗവേഷകര്‍ ഈ പ്രശ്‌നം പരിഹരിച്ചത്. വ്യാവസായിക തലത്തില്‍ ഇവ പുറത്തിറക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈയില്‍ നിന്നും അനുമതി വാങ്ങേണ്ടതുമുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഈ റോബോട്ടിനെ വിപണിയിലെത്തിക്കാന്‍ ഇനി കുറച്ചു നാള്‍ കൂടി കാത്തിരുന്നാല്‍ മതിയാകുമെന്നാണ് ക്രൂക്ക് പറയുന്നത്.

No comments:

Post a Comment